വിമാനജോലിക്കാർ സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നേരത്ത് അതിലാഘവത്തോടെ കാബിൻ ബാഗേജുകളും ലാപ്‌ടോപും തിരയുന്ന മലയാളിസ്വഭാവം ചർച്ചയായ പശ്ചാത്തലത്തിൽ, അഞ്ചുവർഷങ്ങൾക്ക് മുമ്പ് ബഷീർ വള്ളിക്കുന്ന് എഴുതിയ ലേഖനം പുനർവായിക്കപ്പെടുകയാണ്. നൗഷാദ് കുന്നിയിൽ ആണ് ഈ ലേഖനത്തിന്റെ വർത്തമാനകാല പ്രസക്തി ചൂണ്ടിക്കാട്ടിയത് - എഡിറ്റർ

ഞാനൊരു മലയാളിയാണ്. മലയാളികളെക്കുറിച്ച് എനിക്ക് തികഞ്ഞ അഭിമാനവുമാണ്. (ഇതാദ്യമേ പറഞ്ഞില്ലെങ്കിൽ ഇനി എഴുതാൻ പോകുന്നത് വായിക്കുമ്പോൾ ചിലർക്കെങ്കിലും ചൊറിച്ചിൽ ഉണ്ടാവാനിടയുണ്ട്). പല ദേശക്കാർക്കിടയിൽ ജോലി ചെയ്യുന്നതിനാൽ കേരളം, മലയാളീ എന്നൊക്കെ കേട്ടാൽ ഞാൻ കാത് കൂർപ്പിക്കും. കേരളത്തെക്കുറിച്ച് വല്ലതും മോശമായി ആരേലും പറഞ്ഞാൽ എന്റെ രക്തം തിളയ്ക്കും. പിന്നെ ഞാനെന്തൊക്കെ ചെയ്യുമെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല. അത്രമാത്രം വികാരപരമാണ് മലയാളിയെക്കുറിച്ചുള്ള എന്റെ പൊതുബോധം. മുൻകൂർ ജാമ്യം ലഭിക്കാൻ തത്ക്കാലം ഇത്രയും മതി. ഇനി ചൊറിച്ചിൽ ഉണ്ടാക്കുന്ന കാര്യം വളച്ചു കെട്ടാതെ പറയാം.

വിമാന യാത്രയിൽ ഒട്ടും മാനേർസ് കാണിക്കാത്തവരാണ് പല മലയാളികളും. പ്രത്യേകിച്ച് ഗൾഫ് മലയാളികൾ. കത്തിയൂരരുത്!. ഒരുദാഹരണം പറയാനുള്ള സമയം തരണം. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര. വിമാനം ഏതാണ്ട് കേരള അതിർത്തിയിലേക്ക് കടക്കുന്നു. പത്തോ ഇരുപതോ മിനുട്ടിനുള്ളിൽ കരിപ്പൂരിൽ ഇറങ്ങിയേക്കും. സീറ്റ് ബെൽറ്റ് ബട്ടൺ കത്തിക്കൊണ്ട് നിൽക്കുന്നുണ്ട്. എന്റെ തൊട്ടടുത്ത് വിൻഡോ സീറ്റിൽ ഇരുന്ന കുതിരവട്ടംകാരൻ റഫീഖിന് (സ്ഥലപ്പേരു എന്റെ വകയാണ്. പേര് റഫീഖ് തന്നെ. അയാളുടെ എമിഗ്രേഷൻ ഫോം ഞാനാണ് പൂരിപ്പിച്ചത്) ആകെക്കൂടി ഒരിളക്കം. എഴുന്നേൽക്കാനുള്ള പരിപാടിയാണ്. ഞാൻ പറഞ്ഞു.'സമയം ആയിട്ടില്ല റഫീഖ്. വിമാനം ഒന്ന് ലാൻഡ് ചെയ്‌തോട്ടെ.. എന്നിട്ട് ഇറങ്ങാം. സീറ്റ് ബെൽറ്റ് ഇടൂ'. എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി റഫീഖ് .

ഇത് വരെ കണ്ട റഫീഖ് ആയിരുന്നില്ല അപ്പോൾ. ജിദ്ദയിൽ നിന്ന് കേറുമ്പോൾ ഒരു എലിയെപ്പോലെ പങ്ങിയിരുന്നിരുന്ന കക്ഷിയാണെന്ന് കണ്ടാൽ തോന്നില്ല. കോഴിക്കോട് എത്താനായതോട് കൂടി അയാളുടെ മട്ടും ഭാവവും ആകെ മാറിയിരിക്കുന്നു. ഇപ്പോൾ ഏതാണ്ട് ഒരു അരപ്പുലിയുടെ മട്ടുണ്ട്. (വിമാനം ഇറങ്ങിയാൽ ഫുൾ പുലി ആവുമായിരിക്കും) പുള്ളി എഴുന്നേറ്റു. തലയ്ക്കു മുകളിലെ ലഗ്ഗേജ് കാബിൻ തുറക്കാനുള്ള പരിപാടിയാണ്. ഇത് കണ്ട എയർ ഹോസ്റ്റസ് ഓടി വന്നു. 'പ്ലീസ് സിറ്റ്. ഡോണ്ട് ഓപ്പൺ നൗ'. എന്നെ നോക്കിയ പോലെ റഫീഖ് ആ 'അമ്മച്ചി'യേയും (എയർ ഇന്ത്യയാണ് ഫ്‌ലൈറ്റ്) ഒന്ന് നോക്കി. ആ നോട്ടം കണ്ടതോടെ എയർ പോയ ബലൂൺ പോലെയായി നമ്മുടെ എയർ അമ്മച്ചി. റഫീഖ് കാബിൻ തുറന്നു, പെട്ടി ഇറക്കി (കേബിൻ ബാഗ്ഗേജിന്റെ പരമാവധി തൂക്കം ഏഴ് കിലോ ആണ്. റഫീഖിന്റെ പെട്ടി പതിനഞ്ച് കിലോയിൽ കൂടില്ല.. ഇതിന് പുറമേ നാല്പതു കിലോ വീതമുള്ള രണ്ടു പെട്ടികൾ വേറെയും ഉണ്ടത്രേ. ഒരു നൂറ് കിലോ എങ്കിലും കയ്യിലില്ലാതെ എന്തോന്ന് യാത്ര.. അല്ലേ റഫീഖേ).

നിമിഷങ്ങൾക്കകം പല സീറ്റുകളിൽ നിന്നും റഫീഖുമാർ എഴുനേൽക്കാൻ തുടങ്ങി. എയർ ഹോസ്റ്റസ്സുമാർ തലങ്ങും വിലങ്ങും ഓടി നടന്നു പറയുന്നു. 'പ്ലീസ് ഡോണ്ട് ഓപ്പൺ.. പ്ലീസ് സിറ്റ്. സിറ്റ്. സിറ്റ്.' ((ദോഷം പറയരുതല്ലോ, ഒരു എയർ ഹോസ്റ്റസ് പറഞ്ഞത് 'ഷിറ്റ്' 'ഷിറ്റ്' എന്നാണ്)). ആര് കേൾക്കാൻ. എന്റെ തൊട്ടു മുന്നിലെ സീറ്റിൽ ഇരുന്ന വേറൊരു റഫീഖ് തടിച്ച പെട്ടി വലിച്ചിറക്കുന്നതിനിടയിൽ വിമാനം ഒന്ന് വെട്ടി. ദാണ്ടേ കിടക്കുന്നു അയാളുടെ പെട്ടി നിലത്ത്. അൽപമൊന്ന് തെറ്റിയിരുന്നെങ്കിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന കൊച്ചു പെൺകുട്ടിയുടെ തല പൊളിഞ്ഞു പോയേനെ.. വിമാനം ആകാശത്തു കറങ്ങുക തന്നെയാണ്. എഴുപത്തിയഞ്ചു ശതമാനം റഫീഖുമാരും പെട്ടിയും പിടിച്ചു റെഡിയായിക്കഴിഞ്ഞു. 'കാലാവസ്ഥ ശരിയല്ല, വിസിബിലിറ്റി പ്രോബ്ലം ഉണ്ട്' എന്ന ക്യാപ്റ്റന്റെ അനൗൺസ്‌മെന്റ് വന്നു. ഒരു റഫീഖിനും കുലക്കമില്ല. വിസിബിലിറ്റി പ്രശ്‌നമില്ല, ഞങ്ങൾ താഴേക്ക് ചാടാൻ റെഡിയാണ് എന്ന മട്ടിലാണ് എല്ലാവരുടെയും നിൽപ്പ്. എന്റെ പിറകിലെ സീറ്റിൽ ഇരുന്ന രണ്ടു വിദേശികൾ ഇതൊക്കെക്കണ്ട് അന്തം വിട്ടു ഇരിക്കുകയാണ്. ടേക്ക് ഓഫും ലാന്റിങ്ങും ഏറ്റവും അപകടം പിടിച്ച സമയമാണെന്നും സീറ്റ് നേരെയാക്കി ബെൽറ്റ് ഇട്ടു ഇരിക്കണമെന്നും അറിയാവുന്നതിനാൽ അതെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട് പാവങ്ങൾ..

തച്ചോളി ഒതേനനെപ്പോലെ എന്തിനും തയ്യാറായി നിൽക്കുകയാണ് നമ്മുടെ കുതിരവട്ടം വിൻഡോ അല്പമൊന്ന് തുറന്ന് കിട്ടിയാൽ പുള്ളി താഴോട്ട് ചാടുമെന്ന് ഉറപ്പാണ്. ആ ഒരു നിറുത്തമാണ് നിൽക്കുന്നത്!. ഹോളിവുഡ് സിനിമയിലെ നായകനെ കാണുന്ന പോലെ ഞാൻ റഫീഖിനെ കണ്ണെടുക്കാതെ നോക്കുന്നതിനിടയിൽ പുള്ളി മൊബൈൽ എടുത്തു!. തിരക്കിട്ട് ഡയൽ ചെയ്യുകയാണ്. വിമാനത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പല പ്രാവശ്യം അനൗൺസ്‌മെന്റ് വന്നിട്ടുണ്ട്. കണ്ട്രോൾ ടവറുകളിൽ നിന്നും ക്യാപ്റ്റന് ലഭിക്കേണ്ട സന്ദേശങ്ങൾക്ക് അത് തടസ്സം സൃഷ്ടിക്കാൻ ഇടയുണ്ട്. 'ഹല്ലോ, ഹലോ, .. ജമീലാ, ഇത് ഞാനാ റഫീഖ്.. വിമാനം കൊയിക്കോട്ട് എത്തീട്ടാ.. ദാ ഇപ്പൊ എറങ്ങും..'

മൊബൈൽ ഇല്ലെങ്കിലും കുതിരവട്ടത്ത് കേൾക്കുന്ന ഉച്ചത്തിലാണ് റഫീഖിന്റെ മൈക്രോഫോൺ പ്രവർത്തിക്കുന്നത്. 'ജമീലാ നീ റെഡിയായിരുന്നോ, ഞാനിതാ എത്തി.'. റഫീഖ് നല്ല ഫോമിൽ തന്നെയാണ്. വിമാനത്തിൽവച്ച് ഇതാണ് സ്ഥിതിയെങ്കിൽ ജമീലയെ നേരിൽക്കണ്ടാലുള്ള റഫീഖിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാൻ ആലോചിച്ചത്. ഞാൻ ചുറ്റുപാടും നോക്കി. വിമാനത്തിനുള്ളിലെ എല്ലാ റഫീഖുമാരും അവരുടെ ജമീലമാരുമായി തകർത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു!. വിമാനം ഗതികിട്ടാതെ കറങ്ങുക തന്നെയാണ്!

ഇത് ഒരുദാഹരണം മാത്രമാണ്. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തിൽ എൺപതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്. കേരളത്തിലേക്ക് വരുന്ന ഫ്‌ലൈറ്റുകളിൽ മാത്രമാണ് ഞാൻ ഇത്രയധികം റഫീഖുമാരെ കണ്ടിട്ടുള്ളത്. എല്ലായിടത്തും ഇടിച്ചു കയറുക, ഒരിടത്തും ക്യൂ പാലിക്കാതിരിക്കുക, പ്രായമായവരെയും കുട്ടികളെയും പരിഗണിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വിമാന ജോലിക്കാർ പറയുന്നത് കേൾക്കാതിരിക്കുക തുടങ്ങി റഫീഖുമാരുടെ ഗുണങ്ങൾ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. എന്താണ് നമ്മുടെ അസുഖം എന്നത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന് എന്ത് മരുന്നാണ് നമ്മൾ കഴിക്കേണ്ടത് എന്നും അറിയില്ല. ഗൾഫ് നാടുകളിൽ എത്തിയാൽ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാർ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാർ ആയി മാറുന്നത് എന്തുകൊണ്ടാണ് ?. ആർക്കെങ്കിലും ഇതിന്റെ ഗുട്ടൻസ് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണം. വിമാനയാത്ര നടത്തുന്ന എല്ലാ റഫീഖുമാരോടുമായി ഒരഭ്യർത്ഥന. ജസ്റ്റ് വൺ റിക്വസ്റ്റ്.. നാറ്റിക്കരുത്.

മ്യാവൂ: ഒന്ന് പോടേ.. ഒരു ഗാന്ധിജി വന്നിരിക്കുന്നു. മലയാളികളെ സംസ്‌കാരം പഠിപ്പിക്കാൻ താൻ ഏതു കോപ്പിലെ സായിപ്പാ?.. ബ്ലോഗറാണത്രെ ഫൂ.. മേലാൽ ഇതുപോലെ വേണ്ടാതീനം വല്ലതും എഴുതിയാൽ വായിൽ പല്ല് കാണില്ല. പറഞ്ഞില്ലാന്നു വേണ്ട.