റെ സങ്കടത്തോടെയാണ് നീറ്റ് പരീക്ഷാർത്ഥികളുടെ എല്ലാ സ്വകാര്യതയെയും കടന്നാക്രമിച്ചു കൊണ്ടുള്ള ദേഹപരിശോധനയെക്കുറിച്ച് വായിച്ചത്. ഒരു പരീക്ഷാർത്ഥിക്ക് പരീക്ഷയ്ക്ക് പോകും മുൻപ് പരീക്ഷാ സമയത്തുള്ള പെരുമാറ്റചട്ടങ്ങളും, പരീക്ഷയുടെ സുഗമവും ഫലപ്രദവുമായ നടത്തിപ്പിന് അനുയോജ്യമായ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകാം. അത് നിയമാനുസൃതമാണ്. അതിനെ മാനിക്കാത്തവരെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയുമാകാം. അത് ഒരു വശം. എന്നാൽ ഈ ചിട്ടവട്ടം ആർക്കും മറ്റൊരാളുടെ സ്വകാര്യതയുടെ മടിക്കുത്തിൽ കടന്നു പിടിക്കാനുള്ള അധികാരം നൽകുന്നില്ല.

എന്നാൽ ഇന്നലെ കണ്ണൂരിൽ നടന്നത് ഭരണഘടന ഒരു പൗരന് അനുവദിച്ചിട്ടുള്ള സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിൻ മേലുള്ള കടന്നു കയറ്റമാണ്. ഇവിടെ ആ കുട്ടികൾ ആക്രമിക്കപ്പെടുകയായിരുന്നു. ഇത് ചെയ്യാൻ മുതിർന്ന 'അധികാര വർഗ്ഗം' ഒരിക്കലെങ്കിലും ഓർത്തോ അവർ ചെയ്യുന്ന ക്രിമിനൽ കുറ്റത്തെക്കുറിച്ച്? ഈ വിഷയത്തിൽ ഉള്ള മനുഷ്യാവകാശ കമ്മീഷൻന്റെ നടപടി പ്രശംസനീയമാണ്. ഇന്നലെ നടന്നത് കടുത്ത മനുഷ്യാവകാശലംഘനവും മാനസിക പീഡനവുമാണ്

ഇവിടെ ഏറ്റവും മുഖ്യമായ വസ്തുത ആ വ്യക്തികൾ അതിനു ശേഷം അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില മണിക്കൂറുകളിലൂടെയാണ് കടന്നു പോകേണ്ടിയിരുന്നത് എന്നതാണ്. ആ മണിക്കൂറുകളിൽ, ആ പരീക്ഷാഹാളിൽ എത്തിപ്പെടാൻ, ആ പരീക്ഷയെ അഭിമുഖീകരിക്കാൻ അവരൊക്കെ മാസങ്ങളോളം പ്രയത്‌നിച്ചിട്ടുണ്ട്.

ഒരു വിദ്യാർത്ഥിയുടെ മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമാകേണ്ട സമയമാണ് അവൻ പരീക്ഷ എഴുതുന്ന സമയവും അതിനു തൊട്ടു മുൻപുള്ള സമയവും. മറ്റു രാജ്യങ്ങളിലൊക്കെ ഓരോ പരീക്ഷയ്ക്ക് മുൻപും പരീക്ഷാ ഹാളിൽ നിൽക്കുന്ന ഉദോഗസ്ഥർക്കു മണിക്കൂറുകൾ നീളുന്ന പരിശീലനം നൽകും. അവിടെ അവർ ആവർത്തിച്ചു പറയുന്ന ഒരു കാര്യം ഒരു നോട്ടം കൊണ്ട് പോലും നമ്മൾ പരീക്ഷ എഴുതുന്ന കുട്ടിക്ക് ഒരു സ്‌ട്രെസ് കൊടുക്കരുത് എന്നാണ്. അവരുടെ മാനസികമായ സന്തുലനത്തിനു വിഘാതമാകുന്ന ഒരു കാര്യം പോലും പരീക്ഷാനടത്തിപ്പുകാരുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്ന് അവർ നിർബന്ധം പിടിക്കുന്നു. പരീക്ഷ എഴുതുന്ന ഒരാൾ ഇനി പരീക്ഷയുടെ ഇടയിൽ എന്തെങ്കിലും നടപടി വിരുദ്ധമായി പ്രവർത്തിച്ചാലോ, എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത പ്രകടിപ്പിച്ചാലോ അതിന് എന്തൊക്കെ ചെയ്യണമെന്ന് നമുക്ക് പറഞ്ഞു തരാൻ ഒരുപാട് മാർഗ്ഗനിർദ്ദേശങ്ങൾ അവർ നൽകും.

എന്നാൽ ഇവിടെയോ ആ രണ്ടോ മൂന്നോ മണിക്കൂറുകൾ പല വിദ്യാർത്ഥികളും കഴിച്ചു കൂട്ടുന്നത് തങ്ങൾ ഏതോ condemned cell ഇൽ കഴിച്ചു കൂട്ടുന്ന തടവ് പുള്ളിയാണ് താനെന്നും തനിക്ക് കാവലിരിക്കുന്ന ജയിലറാണ് പരീക്ഷ നടത്തിപ്പുകാർ എന്ന മട്ടിലുമാണ്. എല്ലാ പരീക്ഷാഹാളുകളുടെയും കാര്യമിങ്ങനെയല്ല എന്ന് വാദിക്കാമെങ്കിലും അങ്ങനെയൊരു പരീക്ഷാ അന്തരീക്ഷമാണ് പൊതുവിൽ നമുക്കുള്ളതെന്ന് ഒരുപാടു അനുഭവസാക്ഷ്യങ്ങൾ പറയുന്നു.

അത്തരം കീഴ്‌വഴക്കങ്ങൾ നില നിൽക്കുന്ന ഒരു സമൂഹത്തിലേക്കാണ് പെൺകുട്ടികളുടെ അഭിമാനവും ആത്മവിശ്വാസവും തകർക്കുന്ന വസ്ത്രമഴിച്ചുള്ള ഇത്തരം പരിശോധനകൾ.

ആ കുട്ടികൾക്ക് നഷ്ടപ്പെട്ടത് കേവലം ഒരു ചുരിദാറിന്റെ കൈമാത്രമല്ല, മറിച്ച് അവരുടെ ഭാവിയിൽ ഏറ്റവും ആഴത്തിൽ പതിയുന്ന ഒരു മുറിവാണ്. അവരിൽ പലർക്കും ഇനി ഒരു പരീഷയെന്ന ഓർമ്മപോലും പേടിസ്വപ്‌നമാകാം. അവരുടെ ഭാവിക്ക് ആര് മറുപടി പറയും?
അവരിൽ പലരുടെയും വീട്ടിൽ അവരുടെ പഠനത്തിന് പണം കണ്ടെത്തിയത് ഏറെ ത്യാഗങ്ങൾ സഹിച്ചാകാം, ഈ ഓരോ വിദ്യാർത്ഥിയെയും കുറിച്ച് ഒരു പാട് പ്രതീക്ഷവെയ്ക്കുന്ന അവരുടെ മാതാപിതാക്കൾ അടക്കമുള്ള ഒരു പൊതുസമൂഹമുണ്ട്. ഇന്നലെ തെറ്റ് ചെയ്തവർ അവരോടു കൂടിയാണ് തെറ്റ് ചെയ്തത്.

ഇനിയെങ്കിലും ഇത്തരം മനുഷ്യത്വരഹിതമായ, മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന നടപടികൾ ഉണ്ടാകാതെയിരിക്കാൻ ബന്ധപ്പെട്ടവർ ഫലപ്രദമായ നടപടികളെടുക്കണം. ഒപ്പം ഇന്നലെ അക്രമത്തിനു ഇരയായ കുട്ടികൾക്ക് കൗൺസലിംഗും ഏർപ്പെടുത്തണം. അതാണ് അടിയന്തിരമായി ചെയ്യേണ്ടത്.