റാവുത്തർ സാറാണ് ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട മുസ്ലിം. ഞാൻ അന്ന് എന്റെ ഗ്രാമമായ തുവയൂരിലെ സർക്കാർ ലോവേർ പ്രൈമറി സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്. റാവുത്തർ സാർ ഒരു പഴയ ഹെർകുലീസ് സൈക്കളിൽ ആണ് സ്‌കൂളിൽ വന്നത്. റാവുത്തർ സാർ അല്പം ഇരുണ്ടു കഴണ്ടികയറി, അത്യാവശ്യം തടിയും കുടവയറും ഉയരുവും ഉള്ള ഒത്ത ഒരാളായിരുന്നു. മിക്കപോഴും ജൂബ്ബയും ഒറ്റമുണ്ടുംമാണ് വേഷം. സാർ ഞങ്ങളുടെ ഹെഡ് മാസ്റ്റെർ ആയിരുന്നു.

അദ്ദേഹം ഞങ്ങളുടെ സ്‌കൂളിൽ നിന്നും അഞ്ചാറു മയിൽ അകലയുള്ള മണ്ണടിയിൽ നിന്നുമാണ് വരുന്നത് എന്ന് ലോക്കൽ എക്‌സേപേർറ്റ് ആയുള്ള കൂട്ടുകാർ പറഞ്ഞു. ഞാൻ അവിടെ പുതിയ ആൾ ആയിരിന്നു. കാരണം അതുവരെ ഞാൻ പഠിച്ചത് എന്റെ അമ്മ വീടായ ഇലവുംതിട്ട എന്ന സ്ഥലത്താണ്. അത് കഴിഞ്ഞു കുറെ നാൾ ബോംബെ വാസവും കഴിഞ്ഞാണ് ഞാൻ റാവുത്തർ സാർ ഹെഡ് മാഷായ സ്‌കൂളിൽ ചേർന്നത്. പുതിയ കൂട്ടുകാർ. അവർക്കവിടുത്തെ 'ലോക്കൽ ഡൊമൈൻ നോലെട്ജു ' നാവിൻ തുമ്പത്താണ്. അങ്ങനെ 'ബോംബെ' കാരനായ എനിക്ക് അവർ ഒരു ആമുഖ കോഴ്‌സ് തന്നു. മിക്ക സാറുംമാരെ കുറിച്ചും അവിടുത്തെ കേഡി ലിസ്റ്റിലെ ഉള്ള പിള്ളേരെ കുറച്ചും, പിന്നെ ലോക്കൽ മാടൻ, കാവുകളിലെ പല മരങ്ങളിൽ വസിക്കുന്ന ഏക്ഷികൾ, എല്ലാവരുടെയും പേടി സ്വപ്നമായ അഞ്ചു ബാറ്ററി ടോർച്ചുമായി നടക്കുന്ന ഞങ്ങളുടെ ലോക്കൽ കള്ള്ഷാപ്പ് മുതലാളി കാര്യാടി പ്രഭാകരൻ എന്നിവരെ കുറച്ചുള്ള സ്ടടി ക്ലാസ്സുകൾ അവര് തന്നു.

അങ്ങനെയാണ് അവർ 'റാവുത്തർ സാർ മേത്തൻ ആണെന്ന് പറഞ്ഞേത്. ഞാൻ വിചാരിച്ചത് അതു സാറിന്റെ വീട്ടിൽ വിളിക്കുന്ന പേരാണെന്ന്. കാരണ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇലവുംതിട്ട ചന്തയിൽ ഇറച്ചി മേടിക്കുവാൻ എന്റെ കസിനുമായി പോയപ്പോൾ ആണ് ആ പേര് ആദ്യം കേട്ടത് ' എടാ നമ്മുടെ ഇറച്ചികടക്കാരൻ മേത്തെന്റെ കടയിൽ പോയി രണ്ടു കിലോ കാള ഇറച്ചി ' കൊണ്ട് വാ എന്ന് പറഞ്ഞു കേട്ടപ്പോൾ ഞാൻ വിചാരിച്ചു അയാളുടെ പേര് മേത്തൻ എന്നായിരിക്കും എന്ന്. അത് കഴിഞ്ഞു ഇപ്പോഴാണ് ആ വാക്ക് രണ്ടാമത് കേൾക്കുന്നത്. അപ്പോൾ ഞാൻ അവരോടു ചോദിച്ചു ' അപ്പോൾ റാവുത്തർ സാറിന്റെ ശരിക്കുള്ള പേര് മേത്തൻ എന്നാണോ എന്ന് '. എന്റെ കൂട്ടുകാർ പറഞ്ഞു ' എടാ പൊട്ടാ, മേത്തൻ എന്ന് പറഞ്ഞാൽ മുസ്ലിം ആണെനെന്നു '. അപ്പോൾ ഞാൻ ചോദിച്ചു ' ഈ മുസ്ലിം ' എന്ന് പറഞ്ഞാൽ എന്താണ് ? 'അതൊന്നും ഞങ്ങൾക്കറിയില്ല. എന്റെ അച്ഛനാ പറഞ്ഞെ മേത്തന്മാരും മുസ്ലിങ്ങളും ഒന്ന് തന്നെയാണെന്ന്.

എനിക്ക് ആകാംഷ കൂടി. കാരണം ഞങ്ങളുടെ നാട്ടിൽ മുസ്ലിങ്ങളെ ഇല്ലായിരുന്നു.അത് മാത്രമല്ലെ അന്ന് എല്ലാവരെയും ജാതി പേര് കൂട്ടിയാ വിളിച്ചിരുന്നത്.എന്റെ വീടിന്റെ താഴെ വീട്ടിലെ അമ്മ എന്നെയും എന്റെ പ്രായമുള്ള അവരുടെ മക്കളുടെ കൂടെ ഓണ സദ്യക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു ' മോനെ നിങ്ങൾ മാപ്ലമാരുടെ വീട്ടിൽ ഉള്ളത് പോലെ മീനും ഇറച്ചിയും ഒന്നുമില്ല'. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ തിരിച്ചു ചെന്ന് എന്റെ വല്യമ്മച്ചിയോട് കാര്യം തിരക്കി. അപ്പോഴാണ് നസ്രാണി ക്രിസ്ത്യനികളെ 'മാപ്പളമാർ' എന്നാണ് മറ്റുള്ളവർ വിളിക്കുന്നത് എന്നറിഞ്ഞത്. എന്നിട്ട് എന്റെ വല്യമ്മച്ചി എന്നോട് പറഞ്ഞു ' അവർ നായരാ '. ഇതെല്ലം എനിക്ക് പുതിയ അറിവുകൾ ആയിരുന്നു. ' കിഷ്ണൻ ചോവനും ' 'പ്ലാത്തി പറയനും, അയ്യപ്പൻ കുറവനും, ചാത്തൻ പുലയൻ എന്നല്ലാം എല്ലാവരും പറയുന്ന കാലം. അങ്ങനെയാണ് ഒമ്പതാം വയസ്സിൽ കേരളത്തിലെ ജാതി മത വേർപാടുകളെയും മുൻ വിധികളെയും ഞാൻ അറിഞ്ഞു തുടങ്ങിയത്. അങ്ങനെ നമ്മൾ പോലുമറിയാതെ ജാതി മത ചിന്തകളും മുൻ വിധികളും കുട്ടിക്കാലം മുതൽക്കേ വാക്കുകളിലൂടെയും നോക്കുകളിൽ കൂടെയും സഹവാസത്തിൽ കൂടെയും ഉള്ളിലേക്ക് കയറി കുടി ഉറപ്പിക്കും.

അപ്പോഴും എനിക്ക് മുസ്ലിം എന്താണെന്ന് ഒരു ധാരണയും ഇല്ല.. ഞങ്ങളുടെ നാട്ടിൽ കോളേജിൽ ഒക്കെ പോയി പഠിച്ച ഒരു ചേട്ടനോട് ചോദിച്ചു

' ചേട്ടാ ഈ മുസ്ലിം എന്ന് പറഞ്ഞാൽ എന്താണ് '. അദ്ദേഹം അയാളുടെ വിവരങ്ങൾ കൈമാറി. ഇത് 'പേർഷ്യ' ( അന്ന് ഗൽഫിനു പറയുന്നത് ) യിൽ ന്നിന്നു വന്ന ഒരു മതമാണ്. അവരുടെ ആണുങ്ങളുടെ സാധനത്തിന്റെ അറ്റം ചെത്തികളയും. പിന്നെ ആണുങ്ങൾക്ക് ഇഷ്ട്ടം പോലെ കല്യാണം കഴിക്കാം. ചിലരെല്ലാം മുട്ട അടിച്ചു താടി വളർത്തും'.

അങ്ങേർക്കു ഇസ്ലാമോഫോബിയയോ ഒരു കുന്തവും ഇല്ല. അയാൾ എങ്ങോ കണ്ടതും കേട്ടതും എനിക്ക് വിളമ്പി. അങ്ങനെ ഒരു ധാരണ പതിയെ മനസ്സിൽ കയറാൻ തുടങ്ങും. ഇങ്ങനെയാണ് കുട്ടിക്കാലത്ത് തന്നെ പലരുടെയും മനസ്സിൽ ജാതി മത വാർപ്പ് മാതൃകൾ കുടിയേറൂന്നത്. അന്ന് കോളേജിൽ പോകുന്ന ഒരു ചേച്ചിയെ ഉപദേശിക്കുന്നത് കേട്ടതു ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്.

'കോളേജിൽ പോല്കുന്നത് ഒക്കെ നല്ലതാ. പക്ഷെ പ്രേമത്തിൽ ഒന്നും പോയി ചാടരുത്. മേത്തന്മാര് പിള്ളേരൊക്കെ കുറെ ഉണ്ടവിടെ.അവിടെങ്ങും കൊണ്ട് തല കൊടുക്കല്ലേ '.

ഇത് 1970കളിൽ ഞാൻ കേട്ടതാണ്. ഇത് ഞാൻ മാത്രമായിരിക്കില്ല കേട്ടത്. അന്ന് 'ഇസ്ലാമോഫോബിയ' ചക്കയാണോ, മാങ്ങായണന്നോ അറിയാത്ത കാലം. വെളിയിൽ കംമ്യുനിസവും ഗാന്ധിസവും ഒക്കെ പറയുമെങ്കിലും വീടിനുള്ളിൽ പച്ചക്ക് ജാതിയും മതവും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ കൂടുതൽ സഹവാസം നായർ സമുദായത്തിൽ ഉള്ള കൂട്ട്കാരുമായിരുന്നു. കാരണം എന്റെ അയൽവാസികളിൽ കൂടുതലും അവരയായിരുന്നു. അന്നും ഇന്നും എന്റെ ഏറ്റവും അടുത്ത കൂട്ടുകാർ നായർ സമുദായത്തിൽ നിന്നായത് ഒരു പക്ഷെ ന്റെ പ്രൈമറി ആൻഡ് ഇന്ടിമേറ്റ് സോഷ്യലൈസെഷൻ കൊണ്ടായിരിക്കണം.

അന്ന് ഞാൻ സ്‌കൂളിലെ 'പ്രധാന മന്ത്രി' യാണ്. അങ്ങനെയായിരുന്നു ആ സ്‌കൂളിൽ ലീഡരെ വിളിച്ചിരുന്നത്. എല്ലാ ദിവസവും സ്‌കൂൾ അസംബ്ലിയിൽ 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു ' എന്നുള്ള സത്യ പ്രതിജ്ഞ പറഞ്ഞു കൊടുക്കുക എന്നതും പിന്നെ വാർഷികത്തിന് 'റൊട്ടി കടി', 'കസേര കളി', കുട്ടീം കൊന്തു കളി', 'മുട്ടായി പറക്കൽ ', മുതലായ കലാ പരിപാടികളും സന്ഘടിപ്പിന്നതിൽ സാറന്മാരെ സഹായിക്കുക എന്നതൊക്കെയായിരുന്നു 'പ്രധാന മന്ത്രിയുടെ തൊഴിൽ'. ആദ്യമൊക്കെ റാവുത്തർ സാറിനു എന്നോട് കാര്യമായിരുന്നു. പക്ഷെ താമസിയാതെ ഞങ്ങൾഉടക്കി.

ഈ ഉടക്കിനു കാരണം പതിവ് പോലെ അമേരിക്ക തന്നെ. കാരണം ഞങ്ങളുടെ സ്‌കൂളിലെ ഒരു പ്രധാന പരിപാടി ഉച്ചയ്ക്ക് വട്ട ഇലകളിൽ എല്ലാവര്ക്കും വിളമ്പിയിരുന്ന അമേരിക്കൻ ഗോതമ്പാണ്. കാര്യം അമേരിക്കൻ ഗോതമ്പ് ആണെങ്കിലും നാടൻ രീതിയിൽ കരിയാപ്പിലെ ഒക്കെയിട്ട് കടുവറത്തു നല്ല രുചിയുള്ള ഉപ്പുമാവാണ് വിളമ്പി ഇരുന്നത്. അന്നും ഇന്നും കരിയാപ്പിലെ ഒക്കെ ഇട്ടു കടു വറക്കുന്ന മണം കേട്ടാൽ എന്റെ വായിൽ കൊതിയുടെ കപ്പലോടും. അതുകൊണ്ട് തന്നെ 'ഈ അമേരിക്കൻ സാമ്രാജ്യത്തെ പ്രതിരോധിക്കുവാനുള്ള ശക്തി അന്നേ ചോർന്നു പോയി. അങ്ങെനെ ഞാൻ എന്റെ സെറ്റ് കൂട്ടുകരമായി വട്ടയിലികളിലൂടെ ആണ് അമേരിക്കൻ ഗോതമ്പിന്റെയും സാമ്രാജ്യത്തിന്റെയും രുചി അറിയുന്നത്.

പക്ഷെ റാവുത്തര്‌സാറിന് ഇത് അത്ര പിടിച്ചില്ല.

സാർ എന്നെ വിളിച്ചു പറഞ്ഞു ' എടാ നീ ഒരു നല്ല വീട്ടിൽ നിന്നാ വരുന്നത്. നിന്റെ വീട്ടിൽ കഴിക്കാൻ ഇഷ്ടം പോലുണ്ടല്ലോ, പിന്നെ എന്തിനാ ഈ 'പന്ന' പിള്ളേരുടെ കൂടെ ഇരുന്നു അമേരിക്കൻ ഉപ്പുമാവ് തിന്നുന്നത് ' ഞാൻ തിരിച്ചടിച്ചു ' സാർ ഇത് ഞാൻ തിന്നെരുതെന്നു വല്ല നിയമോം ഉണ്ടോ ?' അന്ന് തൊട്ടു തർക്കുത്തരം പറയുന്ന ഒരു തോന്ന്യവാസി ആയിരുന്നു ഞാൻ.

പിന്നെ ഞാൻ മനസ്സിലാക്കി റാവുത്തർ സർ പറഞ്ഞ എന്റെ 'പന്ന' ലോക്കൽ കൂട്ടൂകാർ കൂടുതലും ദളിത് സമുദായങ്ങളിൽ ജനിച്ചവർ ആയിരുന്നു എന്ന്. ഞാൻ റാവുത്തർ സാറിനെ അനുസരിച്ചില്ല. പൂർവാധികം ഭംഗിയായി കൂട്ടുകാരുമായി അമേരിക്കൻ ഉപ്പുമാവു ശാപ്പിട്ടു. അവസാനം എന്റെ ജീവിതത്തിൽ ആദ്യമായി എന്നെ പാരവച്ചതും ഈ റാവുത്തർ സാറാണ്. കാരണം അയാൾ എന്റെ അപ്പന്റെ ചേട്ടനോട് പറഞ്ഞു ' നിങ്ങടെ പയ്യന്റെ കൂട്ട് കേട്ടല്ലാം പന്ന പിള്ളാരുമായാണ്. അവൻ സ്ഥിരം അവരുമായാണ് ഉപ്പുമാവ് തിന്നുത്. അവൻ പറഞ്ഞാൽ അനുസരിക്കാത്ത ഒരു തോന്നിവാസിയായി, തന്തോന്നിയുമായി വളർന്നാൽ പിന്നെ വിഷമിച്ചിട്ടു കാര്യമില്ല '

ഈ കാര്യം പറഞ്ഞു ഞാൻ സ്‌കൂളിലും വീട്ടിലും ഉടക്കി. കാരണം ജാതി പറഞ്ഞു മനുഷ്യരെ 'നല്ലതും ''പന്നത് ' എന്നും വിവേചിക്കുന്നത് തെറ്റാണെന്ന് അന്നെ എന്റെ ബാലമനസ്സിനു തോന്നി. അങ്ങനെയാണ് വിവേചനം തെറ്റ് ആണെന്ന മനുഷ്യാവകാശത്തിന്റെ ബാലപാഠം ഞാൻ മനസ്സിൽ കുറിച്ചത്. എനിക്ക് റാവുത്തർ സാറിനോട് ഇഷ്ട്ടമില്ലാതെയായി. പക്ഷെ അപ്പോൾ എന്റെ കൂട്ടുകാർ എന്നിൽ വിതച്ച മുസ്ലിംങ്ങളെ കുറച്ചുള്ള വാർപ്പ് മാതൃക അതിലും വലിയ വിവേചനം ആണെന്ന് തിരിച്ചറിയുവാൻ തുടങ്ങിയത് ഏതാണ്ട് പത്തു വര്ഷം കഴിഞ്ഞാണ്. അവർ പറഞ്ഞു ', റാവുത്തർ സാർ ആള് ശരിയല്ല. അല്ലേലും അയാൾ മേത്തനല്ലിയോ. ഈ മെത്തന്മരോന്നും ശരിയല്ല ' ഞാൻ ചോദിച്ചു അത് നിങ്ങൾക്കെങ്ങനെ അറിയാം. 'അത് വീട്ടിൽ അച്ഛൻ പറഞ്ഞേത് കേട്ടതാണ്.'

അങ്ങനെ പത്തു വയസ്സിനുള്ളിൽ തന്നെ എന്റെ ഉള്ളിൽ 'മേത്ത പേടി'യുടെ മുൻവിധികൾ വളരുകയായിരുന്നു. ജീവിതത്തിൽ അതുവരെ ഒരേയൊരു മുസ്ലീമിനെ മാത്രം കണ്ടിട്ടുള്ള എന്റെ മനസ്സിൽ ആ സമുദായത്തെ കുറിച്ച് മൊത്തത്തിൽ ഉള്ള മുൻവിധി കയറി ഇരുപ്പുറപ്പിച്ചു.

ഇത് എന്റെ മാത്രം കഥയല്ല, ഒരുപാടു പേരുടെ പ്രാഥമിക സാമൂഹ്യവൽക്കരണത്തിന്റെയും പ്രാഥമിക പാഠ ങ്ങളുടെയും സാഹചര്യങ്ങളാണ്. ഇങ്ങനെ തന്നെയാണ് 'നല്ലത് ' പന്നത്' ' 'ശരി' ' ശരിയല്ല'. ശരിദൂരം ' മുതലായ ജാതി മത മുൻവിധികളും സാമൂഹിക വാർപ്പ്മാതൃകകളും മനസ്സിൽ രൂഡമൂലമായി നമ്മൾ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും, സമ്പത്തിന്റെ ഒക്കെ പേരിൽ വിവേചിക്കുവാൻ പഠിപ്പിക്കപെടുന്നത്. എനിക്ക് ഇതിൽ നിന്ന് മോചനം നേടുവാൻ പതിനഞ്ചു വർഷങ്ങൾ എടുത്തു. ഞാൻ ചെറുപ്പത്തിൽ കേട്ടതും പറഞ്ഞറിഞ്ഞതും, കേട്ട് ശീലിച്ചതെല്ലാം അപകടകരമായ മുൻ വിധികളും, മേൽക്കോയ്മ വിചാരങ്ങളും ആണെന്ന് തിർച്ചറിയാൻ എനിക്ക് ഒരുപാടു നേരിട്ടുള്ള അനുഭവങ്ങളും ചിന്തയും വായനയും ലോക പരിചയും വേണ്ടി വന്നു.

ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ പലരും കേരളത്തിലും, ഇന്ത്യയിലും ലോകത്ത് പല രാജ്യങ്ങളിലും ഉള്ള മുസ്ലിം സഹോദരങ്ങളാണ്. അവരിൽ ആണുങ്ങളും, പെണ്ണുങ്ങളും ഉണ്ട്. അവരിൽ പലരും വലിയ കഴിവും ആഴത്തിലുള്ള വായനയും ഒരുപാടു സ്‌നേഹവും ഉള്ള നല്ല മനുഷ്യരാണ്. ഇനിയും എങ്ങനെയാണ് എന്റെ മുൻവിധികളെ തൂത്ത് കളഞ്ഞെതു എന്ന് അടുത്ത ഭാഗത്തിൽ വിവരിക്കാം.

(ഐക്യ രാഷ്ട്ര സഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജെ എസ് അടൂർ ഇപ്പോൾ ഒരു ഇന്റർനാഷണൽ ഓർഗനൈസെഷന്റെ സീ ഈ ഒയും ഏഷ്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും സ്ഥിരം എഴുത്തുകാരനും ആണ്.)

(ലേഖനത്തിന്റെ രണ്ടാം ഭാഗം തുടരും...)