ടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ക്രൈസ്തവർ കേരളത്തിലുണ്ട്. അത് നിങ്ങളുടെ മേന്മ കൊണ്ടല്ല; കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കൊള്ളരുതായ്മകളും രാഷ്ട്രീയ തിന്മകളും കൊണ്ടു മടുത്തിട്ടാണ് എന്നു കൂടി താങ്കൾ അറിയണം. ഒരു കാര്യം കൂടി നിങ്ങൾക്ക് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന ഈ ക്രൈസ്തവർ മെത്രാന്റെയോ പട്ടക്കാരന്റെയോ നിർദ്ദേശ പ്രകാരം വോട്ടു ചെയ്യുന്നവരല്ല.

നിങ്ങൾക്ക് ഇതു വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ യഥാർത്ഥ ക്രൈസ്തവ സമൂഹത്തെ കുറച്ചു കാണുന്നു എന്നാണ് അർത്ഥം. കമ്മ്യൂണിസ്റ്റുകാരൻ എന്നു കേട്ടാൽ ആളുകൾ വേട്ടയാടുന്ന ആ പഴയ കാലത്ത് പള്ളിയുടെയും പട്ടക്കാരന്റെയും കൽപ്പനകൾ ലംഘിച്ച് കമ്മ്യൂണിസ്റ്റായിട്ടുള്ള ഒരു പാടു ക്രൈസ്തവർ ഇവിടെ ഉണ്ടായിരുന്നു എന്ന് നിങ്ങൾ ഓർമ്മിക്കണം. കെ. സി. ജോർജ്, റ്റി. വി. തോമസ്, പി. റ്റി. പുന്നൂസ്, റോസമ്മ പുന്നൂസ്. കെ. വി. പത്രോസ് തുടങ്ങി നേതൃ നിരയിൽ തന്നെ ധാരാളം പേരുണ്ട്. ഒരു പക്ഷെ ജന സംഖ്യാ അനുപാതം നോക്കിയാൽ മറ്റു സമുദായങ്ങളെക്കാൾ മുന്നിലായേക്കാം ഈ കണക്ക്. ഏറ്റവും യഥാ സ്ഥിതികൾ എന്നു പൊതുവെ കരുതപ്പെടുന്നവരാണല്ലോ ക്രൈസ്തവർ.

പിന്നീട് ആദ്യം കോൺഗ്രസ്സും തുടർന്ന് (1960 കൾ മുതൽ) സിപിഎമ്മും ന്യൂനപക്ഷ പ്രീണനം തുടങ്ങി. രണ്ടു കൂട്ടരും ക്രൈസ്തവ മാനേജുമെന്റുകൾക്ക് സ്‌കൂളും കോളേജും വാരിക്കോരിക്കൊടുത്തു. ന്യൂനപക്ഷ സമുദായത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും അതിലധികവും ഈ മെത്രാന്മാർ കൈപ്പറ്റി. സാധാരണ വിശ്വാസികൾക്ക് കിട്ടേണ്ടതെല്ലാം പട്ടക്കാരും, മെത്രാന്മാരും സ്വന്തമായി അനുഭവിച്ച് തടിച്ചു കൊഴുത്തിരിക്കുന്നു. ഇപ്പോൾ കേരളത്തിലെ ഗവൺമെന്റുകളെ വരെ ഭീഷണിപ്പെടുത്താൻ മാത്രം ശക്തരായിരിക്കുന്നു ഇവർ. ഇടുക്കി, താമരശേരി രൂപതകളുടെ മേൽപ്പട്ടക്കാരന്മാർ (മെത്രാന്മാർ) രാജ്യ ദ്രോഹപരമായ കാര്യങ്ങൾ പോലും വിളിച്ചു പറഞ്ഞിട്ടുള്ളത് നിങ്ങൾ മറന്നു പോയോ?

മെത്രാന്മാരെയും പട്ടക്കാരെയും അരമനകളിൽ ചെന്നു കണ്ട് പ്രീണിപ്പിക്കുന്നത് ശരിയല്ല. സിപിഐ(എം) രഹസ്യമായി ചെയ്ത കാര്യം നിങ്ങൾ പരസ്യമായി ചെയ്യുന്നു.

പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനത്തിന് സഭകളുടെ സഹകരണം തേടിയ നിങ്ങളോട് അവർ പറഞ്ഞതെന്താണ്? പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടികൾ അവിടുത്തെ താമസാക്കാരുടെ വിശ്വാസം നേടിയാകണം എന്നല്ലേ? പശ്ചിമ ഘട്ടത്തിലെ വിവാദ പ്രദേശങ്ങളിലെ മിക്ക കുടിയേറ്റക്കാരും ഇടപാടുകാരുമൊക്കെ സഭാദ്ധ്യക്ഷന്മാരുടെ വേണ്ടപ്പെട്ടവർ ആണ്. വൻകിട കൈയേറ്റക്കാരും ക്വാറി ഉടമകളും തൊണ്ണൂറു ശതമാനവും കേരള കോൺഗ്രസ്സും മെത്രാന്മാരും തമ്മിലുള്ള അധാർമ്മികമായ കൂട്ടു കെട്ടുകളുടെ സന്തതികളാണ് എന്ന് ആർക്കാണ് അറിയാത്തത്.

ഏറ്റവും കൂടുതൽ ആരോപണ വിധേയനായ കാഞ്ഞിരപ്പള്ളി മെത്രാനെപ്പോലും താങ്കൾ സന്ദർശിച്ചു എന്നു കേട്ടപ്പോൾ കത്തോലിക്കാ സഭയിലെ സാധാരണക്കാരയ നല്ലയാളുകളെല്ലാം അൽപ്പം നിരാശയിലാണെന്ന കാര്യവും നിങ്ങൾ തിരിച്ചറിയണം. പട്ടാക്കാരും മേൽപ്പട്ടക്കാരും പറയുന്നത് കേട്ട് വോട്ടു ചെയ്യുന്ന ക്രൈസ്തവർ കുറഞ്ഞു വരുകയാണെന്നറിയുക.

സാധാരണക്കാരായ ക്രൈസ്തവ സമുദയാംഗങ്ങളെ എന്തു കൊണ്ട് നേരിട്ട് അഭിസംബോധന ചെയ്തു കൂടാ? ആർക്കും കീഴ് വണങ്ങാത്ത ആദർശബോധമുള്ള അനേകം ക്രൈസ്തവ വിശ്വാസികളുണ്ട് അറിയപ്പെടുന്നവരും അല്ലാത്തവരുമായി മെത്രാൻ പറയുന്നതിനേക്കാൾ ഇവർ പറയുന്നത് പരിഗണിക്കുന്ന ധാരാളം ആളുകൾ വേറെയുമുണ്ട്.

6 - 7 പതിറ്റാണ്ടായി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും എൽഡിഎഫും, യുഡിഎഫും കേരളത്തിലെ ജനങ്ങളോടു ചെയ്ത നീതി കേടിന്റെ പ്രതികാരമായി ആരും പ്രതീക്ഷിക്കാത്ത വോട്ടുകൾ പോലും നിങ്ങൾക്ക് കിട്ടിയേക്കാം. നിങ്ങൽ കുറച്ചൊക്കെ വളഞ്ഞ വഴികൾ സ്വീകരിച്ചാൽ പോലും ജനങ്ങൾ നിങ്ങളോടു ക്ഷമിച്ചേക്കും.

എങ്കിലും മേൽപ്പട്ടക്കാരെ പ്രീണിപ്പിക്കുന്നത് സൂക്ഷിച്ചു വേണം. മുസ്ലിം ലീഗുകാരെ ക്കാൾ വലിയ വില പേശൽ വിദഗ്ദ്ധരാണവർ. തമോഗർത്തം പോലെ ശക്തിമാന്മാരായ വിഴുങ്ങികളാണവർ. നിങ്ങളുടെ ആത്മാവും തടിയും നഷ്ടമാകാതെ സൂക്ഷിച്ചു കൊള്ളുക. കേരള കോൺഗ്രസ്സിന്റെ പകരക്കാരാകാതെ സ്വയം സംരക്ഷിക്കുക.