ഴിഞ്ഞ ദിവസം ഒരു ടി വി ചാനൽ ചർച്ച ചെയ്തത് നവാസ് ഷെരീഫിന്റെ അമേരിക്കൻ സന്ദർശനവും അവിടെവച്ച് പാക് പ്രധാനമന്ത്രി ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങളും ആണ്. ഞാനും ആ ടിവി ചർച്ചയിൽ സംബന്ധിച്ചിരുന്നു. അമേരിക്ക പാക്കിസ്ഥാനോട് അടുക്കുകയാണ് എന്നും അത് ഇന്ത്യക്ക് ദോഷമാണ് എന്നുമൊക്കെയുള്ള സൂചനകൾ അന്ന് വാർത്താമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നരേന്ദ്ര മോദിയും ബരാക് ഒബാമയും വളരെയടുത്ത് ഇടപെടുന്നുവെന്നുള്ള സൂചനകൾ ലോകമെന്പാടും പ്രചരിക്കുന്നതിനിടയിൽ ഇതൊക്കെ സംഭവിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ ചില പത്രങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു.

എന്നാൽ വളരെ കരുതലോടെയാണ് അമേരിക്ക ഇപ്പോൾ ഇസ്ലാമാബാദിനെ കൈകാര്യം ചെയ്യുന്നത് എന്നത് ഇതിനകം ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. അവിടെനടന്ന ചർച്ചകളുടെയും അതുണ്ടാക്കിയ ഫലങ്ങളുടെയും ചിത്രം ഇപ്പോഴാണ് ഏറെക്കുറെ വെളിച്ചത്തുവന്നത്. ഇന്ത്യയെ കൂടെ നിരത്തിക്കൊണ്ട് പാക്കിസ്ഥാനെ നിലക്ക് നിർത്തുക എന്നതാണ് വാഷിങ്ങ്ടന്റെ ഉദ്ദേശമെന്നും തീർച്ചയായിരിക്കുന്നു.

ഇന്ത്യക്കെതിരെ വലിയൊരു കടന്നാക്രമണ മാണ് നവാസ് ഷെരീഫ് അമേരിക്കയിൽ വച്ചുനടത്തിയത്. പാക്കിസ്ഥാനിൽ ഇന്ത്യ ഇടപെടുന്നുവെന്നും അവിടെനടക്കുന്ന ആഭ്യന്തര കലാപങ്ങൾക്കു പിന്നിൽ ഡൽഹിയാണ് എന്നും മറ്റുമാണ് അദ്ദേഹം പറഞ്ഞത്. അതിനു തടയിടാൻ അമേരിക്കയുടെ സഹായം തേടുകയും ചെയ്തു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ തയ്യാറാവുന്നില്ല എന്നതും അദ്ദേഹത്തിന്റെ പരാതിയിൽ പെടും. ദാവൂദ് ഇബ്രാഹിം മുതൽ അനവധി പേരുടെ വിവരങ്ങൾ അടുത്തിടെ ഇന്ത്യ പാക്കിസ്ഥാന് നൽകിയതാണ്. അതൊക്കെ ഡൽഹി അമേരിക്കയുടെ കയ്യിലും കൊടുത്തിട്ടുണ്ട്. അക്കാര്യങ്ങൾ അമേരിക്ക മനസിലാക്കിയിരിക്കുന്നു എന്നറിയുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ നിരാശയിൽ നിന്ന് ഉടലെടുത്തതാണു പ്രതിഷേധവും.

യഥാർഥത്തിൽ പാക് ഭരണകൂടത്തോട് ആ രാജ്യത്ത് വല്ലാത്തൊരു വിദ്വേഷം വളർന്നിട്ടുണ്ട്. അത് മുമ്പ് നാമൊക്കെ ചർച്ചചെയ്തതാണ്. പാക് അധീന കാശ്മീരിലും ബലോചിസ്ഥാനിലും മറ്റും ഷെരീഫ് വിരുദ്ധ പ്രകടനങ്ങൾ മാത്രമല്ല ഇന്ത്യ അനുകൂല പോസ്ടറു കളും റാലികളും മറ്റും നടക്കുന്നു. ഷെരീഫിന്റെ ഇപ്പോഴത്തെ അമേരിക്കൻ സന്ദർശനവേളയിലും അത്തരം പ്രതിഷേധങ്ങൾ അരങ്ങേറുകയുണ്ടായി. ഇന്ത്യ ലോക സമ്പദ് രംഗത്ത് മുന്നേറുന്നതും ജമ്മു കാശ്മീരിലും മറ്റും നടക്കുന്ന വികസന പ്രവർത്തനങ്ങളും അതിർത്തിക്ക് അപ്പുറത്തുള്ളവർ കാണുന്നുണ്ടല്ലോ. അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിച്ചവർക്കു ഇന്ത്യ സർക്കാരിൽ സഹായം ലഭിച്ചതും അതെ സമയം പി ഓ കെയിലെ ജനങ്ങൾ കഷ്ടപ്പാടിൽ മുങ്ങിയമർന്നതും കാണുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിലെ പ്രളയ ദുരിതബാധിതർക്കൊപ്പം കഴിഞ്ഞ ദീപാവലി ചെലവിട്ടതും പിഒകെയിലുള്ളവർ തിരിച്ചറിഞ്ഞു. കുറെ കാലമായി പിഒകെയിലെ ജനങ്ങളെ ഇന്ത്യ വിരുദ്ധ പ്രചാരണത്തിനും ഭീകര പ്രവർത്തനത്തിനുമാണ് പാക്കിസ്ഥാൻ ഉപയോഗിച്ചത്. അവിടം ഭീകരരുടെ ഹബ് ആയി മാറിയതും നാമൊക്കെ കണ്ടു. യുവാക്കൾക്ക് ജോലിയില്ല, അവിടെ വികസനമില്ല, വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല. ഇതിനെല്ലാമിടയിൽ കഷ്ടതയിൽ അമർന്നത് അവർ ഓർത്തില്ല. ഇന്നിപ്പോൾ തങ്ങൾക്കു സംഭവിച്ച പാളിച്ച അവരെല്ലാം തിരിച്ചറിയുന്നു. അതുണ്ടാക്കിയ വിഷമമാണ് പാക്കിസ്ഥാന് ഇന്നുള്ളത്. അത് മറയ്ക്കാൻ നാടുമുഴുവാൻ നടന്നു ഇന്ത്യയെ കുറ്റപ്പെടുത്താൻ ഷെരീഫും മറ്റും തയ്യാറാവുന്നു.

കാശ്മീരിൽ പ്രളയക്കെടുതി ഉണ്ടായപ്പോൾ അതിർത്തിക്കപ്പുറത്തുള്ളവർ നമ്മുടെ തന്നെ സഹോദരങ്ങളാണ് എന്നും അവരെ സഹായിക്കണമെന്നുമാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അത് അവരെല്ലാം കേട്ടിട്ടുണ്ട്. അതേ സമയം ഇസ്ലാമാബാദിൽ നിന്ന് ഒന്നും കിട്ടാത്ത അവസ്ഥയും. അക്കാലത്ത് പിഒകെയിൽ എത്തിയ നവാസ് ഷെരീഫിനു നേരെ വമ്പൻ പ്രതിഷേധം ഉയർന്നതും അതിനൊക്കെയോപ്പം വായിക്കണം. എന്തിനേറെ പറയുന്നു, ഇനി തങ്ങൾക്കു സ്വയം തീരുമാനിക്കാനുള്ള ഒരു അവസരം കിട്ടിയാൽ ഇന്ത്യയിൽ ചേരാൻ ആലോചിക്കും എന്ന് പരസ്യമായി പറയാൻ അന്നാട്ടിലെ യുവാക്കളും സ്ത്രീകളുമൊക്കെ തയ്യാറാവുന്നു. ഇതൊക്കെ കാലങ്ങളായി ഉണ്ടാക്കിത്തീർത്ത മാറ്റമാണ് എന്നത് ശരിയാണ്. എന്നാൽ മോദി സർക്കാർ ഇന്ത്യയിൽ അധികാരത്തിലേറിയശേഷമുണ്ടായ പ്രത്യക്ഷമായ ഒരു മാറ്റം
കാണാതെ പോകാനാവില്ല; ആ വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ല.

പിന്നെ പാക്കിസ്ഥാന് ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ച് പരാതിപ്പെടാൻ എന്താണ് അവകാശം. പിഒകെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണ് എന്നതിൽ സംശയമില്ല എന്നതാണല്ലോ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. അതുകൊണ്ട് അവിടത്തെ ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഇന്ത്യ തയ്യാറായാൽ എന്താണ് കുഴപ്പം. എന്നാൽ ഇന്ത്യ അങ്ങിനെ ചെയ്യുന്നു എന്നല്ല അതിനർഥം. പാക്കിസ്ഥാൻ എന്നും കാശ്മീരിലെ ഇന്ത്യ വിരുദ്ധ ശക്തികളെ താലോലിചിട്ടില്ലേ ?. ഇന്നും അവരല്ലേ ഹുറിയത്ത് നേതാക്കളെ കാശുകൊടുത്ത് വളർത്തുന്നത്. ഔദ്യോഗികമായി ഹുറിയത്ത് നേതാക്കളുമായി അവർ ചർച്ചകൾ നടത്തുകയും ചെയ്യുന്നു. പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിലെത്തുമ്പോൾ ഹുറിയത്ത് പോലുള്ള വിഘടനവാദി നേതാക്കളെ കാണുന്നതിൽ ഇന്ത്യ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ ആണല്ലോ ചർച്ചതന്നെ മുടക്കിയത്.

അതൊക്കെ അവർക്കാവാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കായിക്കൂടാ. എനിക്ക് തോന്നുന്നത് ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്നത് പാക്കിസ്ഥാന് അതെ നാണയത്തിൽ മറുപടി നൽകാനുള്ള നീക്കം തന്നെയാവണം. എന്നാൽ അത് ഒരുപക്ഷെ പരസ്യമായി വേണ്ട എന്നതാവാം ചിന്താഗതി.
സ്വാഭാവികമായും അതൊക്കെ നവാസ് ഷെരീഫിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അത് എവിടെ പറയും എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. എല്ലാ വർഷവും ഇതൊക്കെ അവർ യു എന്നിൽ പറയാറുണ്ട്. വെറുതെ ആവർത്തിക്കുന്നു എന്നർഥം. എന്നാൽ ആരും കാര്യമായെടുക്കുന്നില്ല. അമേരിക്കയും പഴയപോലെ പാക്കിസ്ഥാന് വേണ്ടി എന്ത് ചെയ്യാനും തയാറാവുന്നില്ല. പിന്നെ അവരുടെ പുതിയ കൂട്ടാളിയായ ചൈന. തല്ക്കാലം ചൈന കുറച്ചൊക്കെ സഹായിക്കുമെങ്കിലും എത്രമാത്രം വിശ്വസിക്കാം എന്നതിൽ വലിയ സംശയമുണ്ട് ഇസ്ലാമാബാദിന്. അതൊക്കെ കണ്ടുകൊണ്ടാണ് വീണ്ടും വാഷിങ്ങ്ടണിൽ എത്തിയത്. പതിവ് ധന സഹായം കിട്ടാനുള്ള സാഹചര്യം ഒരുക്കലാണ് ലക്ഷ്യമെന്നു എല്ലാവർക്കുമറിയാം.

ഇത്തവണ അമേരിക്ക ഇത്തവണ പരസ്യമായി ഇസ്ലാമാബാദിന്റെ പക്ഷത്തു അണിനിരന്നുവെന്നും അത് അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല എന്നും അതൊക്കെ നരേന്ദ്ര മോദി സർക്കാരിന്റെ വിദേശകാര്യ നയത്തിന്റെ പരാജയമാണ് എന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്. അത് അക്ഷരാർഥത്തിൽ തെറ്റായിരുന്നു. അമേരിക്ക ഇത്തവണയും ആവശ്യപ്പെട്ടത് ലെഷ്‌കറിനെ പോലുള്ള ഭീകരരെ നിരോധിക്കണം അല്ലെങ്കിൽ അതിന്റെ പ്രവർത്തനം തടയണം എന്നതാണ്. അത് ഇന്ത്യ ആവശ്യപ്പെടുന്നതും ഒബാമ ഇത്തവണത്തെ ചർച്ചക്കിടയിൽ എടുത്തുപറഞ്ഞതുമാണ് . അതുമാത്രമല്ല, പാക്കിസ്ഥാനിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് അമേരിക്ക ചില ഉറപ്പുകൾ ഷെരീഫിൽ നിന്ന് വാങ്ങുകയും ചെയ്തു. അവയുടെ നിരീക്ഷണത്തിൽ അമേരിക്കകൂടി പങ്കാളിയാവും എന്നതാണ് സൂചനകൾ. ഒരു പക്ഷെ അത്തരമൊരു സംവിധാനം ഇപ്പോഴേ ഉണ്ടാകാം എന്നും കേൾക്കുന്നു. ഇതൊക്കെ ഇന്ത്യയുടെ നയത്തിന്റെ വീഴ്ചയോ പരാജയമോ ആവുന്നതെങ്ങിനെ?.

അതുമാത്രമല്ല അമേരിക്ക ഷെരീഫിനു നല്കിയ നിർദ്ദേശം. അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ താല്പര്യം സംരക്ഷിക്കാനുള്ള ചുമതലയും അവർ ഷെരീഫ് ഭരണകൂടത്തെ ഏൽപ്പിച്ചു എന്ന് വരുത്തിയിരിക്കുന്നു.താലിബാനുമായി ചേർന്ന് കള്ളക്കളികൾ നടത്താൻ പാക് ഭരണകൂടം ശ്രമിക്കുന്നതിനിടയിലാണ് അതെന്നത് ഓർക്കുക. യഥാർഥത്തിൽ ഒരു നേട്ടവും അവർക്കവിടെ ഉണ്ടായിട്ടില്ല. ഒരു പക്ഷെ കുറച്ചു എഫ് 16 യുദ്ധവിമാനങ്ങൾ കിട്ടിയിരിക്കാം.അത് അമേരിക്കയുടെ വാണിജ്യ താല്പര്യമാണ്. നിരാശയുമായാണ് നവാസ് ഷെരീഫ് അമേരിക്ക വിട്ടത് എന്ന് പറയാം എന്നതിൽ ഒരു സംശയവുമില്ല.