- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില വേനൽക്കാല ചിന്തകൾ
അന്നൊക്കെ വേനൽക്കാലത്തെ ഒരുപാടിഷ്ടമായിരുന്നു. കൊല്ലപ്പരീക്ഷയുടെ ചൂടിറക്കിവയ്ക്കാൻ അമ്പലക്കുളത്തിലേക്കും ആറ്റിലേക്കും ഊളിയിടുമ്പോൾ ആരംഭിക്കുന്ന വേനൽക്കാലം. മുറ്റത്തെ മൂവാണ്ടന്മാവിന്റെ കൊമ്പിൽ ഊഞ്ഞാലാടിയും, വൈക്കോൽത്തുറുവിൽ പർവ്വതാരോഹണം നടത്തിയും ആഘോഷിക്കുന്ന വേനൽക്കാലം. ''ചെനച്ച മൂവാണ്ടന്മാങ്ങ ചെത്തി കഷ്ണങ്ങളാക്കി ഉപ്പും മുളകുപൊടിയും ചേർത്ത് ഒരു പിടിപിടിക്കണം. ചന്ദ്രക്കാരനാണെങ്കിൽ, ഞെട്ടു മാത്രം മുറിച്ചുമാറ്റി ഈമ്പിക്കുടിക്കണം. മാമ്പഴച്ചാർ കൈയില്ലൊടൊലിച്ചിറങ്ങുമ്പോൾ അത് നക്കി കുടിക്കണം.'' പറമ്പ് കിളക്കാനെത്തുന്ന തേവൻ പകർന്നു തന്ന നാട്ടറിവുകൾ. വീട് ഉച്ചയുറക്കത്തിലാഴുമ്പോൾ, മെല്ലെ പുറത്തിറങ്ങും. വടക്കൻ കാറ്റിൽ ആടിയുലഞ്ഞു വീഴുന്ന മാമ്പഴം ശേഖരിച്ചു കൂട്ടുവാൻ. ''ഒരു കുഴിയെടുത്ത് കിട്ടുന്ന മാമ്പഴം മുഴുവനും അതിലിട്ട് കരിയിലകൾ കൊണ്ട് മൂടിവയ്ക്കണം. അപ്പോൾ ഒന്നുകൂടി പഴുക്കും മധുരം കൂടുകയും ചെയ്യും.'' ചെറിയമ്മാവന്റെ ഉപദേശം സ്വീകരിച്ച് കുഴിയിൽ സൂക്ഷിച്ച മാമ്പഴം പെറുക്കാൻ രാവിലെ പോയപ്പോൾ കുഴി കാലി. കു
അന്നൊക്കെ വേനൽക്കാലത്തെ ഒരുപാടിഷ്ടമായിരുന്നു. കൊല്ലപ്പരീക്ഷയുടെ ചൂടിറക്കിവയ്ക്കാൻ അമ്പലക്കുളത്തിലേക്കും ആറ്റിലേക്കും ഊളിയിടുമ്പോൾ ആരംഭിക്കുന്ന വേനൽക്കാലം. മുറ്റത്തെ മൂവാണ്ടന്മാവിന്റെ കൊമ്പിൽ ഊഞ്ഞാലാടിയും, വൈക്കോൽത്തുറുവിൽ പർവ്വതാരോഹണം നടത്തിയും ആഘോഷിക്കുന്ന വേനൽക്കാലം.
''ചെനച്ച മൂവാണ്ടന്മാങ്ങ ചെത്തി കഷ്ണങ്ങളാക്കി ഉപ്പും മുളകുപൊടിയും ചേർത്ത് ഒരു പിടിപിടിക്കണം. ചന്ദ്രക്കാരനാണെങ്കിൽ, ഞെട്ടു മാത്രം മുറിച്ചുമാറ്റി ഈമ്പിക്കുടിക്കണം. മാമ്പഴച്ചാർ കൈയില്ലൊടൊലിച്ചിറങ്ങുമ്പോൾ അത് നക്കി കുടിക്കണം.'' പറമ്പ് കിളക്കാനെത്തുന്ന തേവൻ പകർന്നു തന്ന നാട്ടറിവുകൾ. വീട് ഉച്ചയുറക്കത്തിലാഴുമ്പോൾ, മെല്ലെ പുറത്തിറങ്ങും. വടക്കൻ കാറ്റിൽ ആടിയുലഞ്ഞു വീഴുന്ന മാമ്പഴം ശേഖരിച്ചു കൂട്ടുവാൻ.
''ഒരു കുഴിയെടുത്ത് കിട്ടുന്ന മാമ്പഴം മുഴുവനും അതിലിട്ട് കരിയിലകൾ കൊണ്ട് മൂടിവയ്ക്കണം. അപ്പോൾ ഒന്നുകൂടി പഴുക്കും മധുരം കൂടുകയും ചെയ്യും.'' ചെറിയമ്മാവന്റെ ഉപദേശം സ്വീകരിച്ച് കുഴിയിൽ സൂക്ഷിച്ച മാമ്പഴം പെറുക്കാൻ രാവിലെ പോയപ്പോൾ കുഴി കാലി. കുറച്ചപ്പുറത്തായി മാമ്പഴച്ചാറ് ഊറ്റിക്കുടിച്ചുകൊണ്ട് കിന്നാരം പറയുന്ന ചെറിയമ്മാവനും കൂട്ടുകാരും.
കണിക്കൊന്നകൾ പൂക്കുവാൻ തുടങ്ങും. വടക്കിനിക്കോലായ്ക്ക് പുറത്തുള്ള ഓവുചാലിനരികെ എത്തി ചെമ്പോത്ത് വിളിച്ചുകൂവും. ''കള്ളൻ ചക്കേട്ടു....'' ഒരപ്പുരയുടെ വാതിൽ തുറക്കും. കൈക്കൊട്ടും തൂമ്പായുമെല്ലാം പുറത്തിറക്കും, ഒപ്പം നെൽവിത്തുകളും. വടക്കേപ്പുഴയിലൂടെ യാത്രതിരിക്കും വല്ല്യമ്മാവനും പണിക്കാരും, പടിഞ്ഞാറേക്കരക്കടുത്തുള്ള പാടത്തിലേക്ക്.
''വിത്തും കൈക്കോട്ടും....
പാരിൻ സന്തോഷം
പാടാം ചങ്ങാതി....'' മനസ്സിനെ തൊട്ടുണർത്തുന്ന ഈണവുമായി ഓടിയെത്തും വിഷുപക്ഷി. ഒപ്പം അകലങ്ങളിലെ ബന്ധുക്കൾ ഓരോരുത്തരായി കൂടണയും, വീണ്ടുമൊരു കൂടിച്ചേരലിനായി.
തെക്കേച്ചേരുവാരത്തിന്റെ പടക്കപ്പുരയിലുണ്ടാക്കിയ ഓലപ്പടക്കത്തോടൊപ്പം ശിവകാശി പടക്കങ്ങളുമെത്തും. വിഷുപ്പുലരിയെ വരവേൽക്കാൻ. ബ്രാഹ്മമുഹൂർത്തത്തിൽ അമ്മയെത്തി ഉറക്കമുണർത്തും. പിന്നെ കണ്ണുകൾ പൊത്തിപ്പിടിച്ച് കിഴക്കേത്തളത്തിലെ കണിവിളക്കിനു മുന്നിൽ കൊണ്ടുപോയി നിർത്തും. കണികണ്ടാലുടനെ അച്ഛന്റെ വകയാണ് ആദ്യ വിഷുക്കൈനീട്ടം.
മദ്ധ്യവേനലവധിക്കെത്തുന്ന അമ്മാവന്മാരും മറ്റും വിഷുക്കൈനീട്ടം നൽകും. അടുത്ത ഒരു വർഷത്തേക്കുള്ള പോക്കറ്റ് മണിയാണ് വിഷുക്കൈനീട്ടം, കളർ പെൻസിൽ വാങ്ങാനും, സ്‌കൂളിനു മുന്നിലെ അമ്മൂമ്മയുടെ പെട്ടിക്കടയിൽ നിന്നും കടലവാങ്ങാനുമൊക്കെ. മനസ്സിൽ പ്രണയസങ്കല്പങ്ങൾ പൊട്ടിവിരിയുന്ന കാലം കൂടിയാണ് വേനൽക്കാലം.
''ബോംബേന്ന് രാജനും വത്സലേക് കുട്ടികളും നാളത്തെകഴിഞ്ഞാൽ എത്തും.'' അത്താഴം കഴിഞ്ഞ് കിഴക്കേകോലായിലിരിക്കുമ്പോൾ അമ്മ ആരംഭിക്കും. ''ഡാ... ഇന്ദൂം വരുണ്ണ്ട്. നെന്റെ മുറപ്പെണ്ണാ...'' ചെറിയമ്മയുടെ കളിയാക്കലിലാണ് സ്വപ്നങ്ങൾ മുളക്കാൻ തുടങ്ങുക. ഒട്ടുമാവിന്റെ ചാഞ്ഞകൊമ്പിൽ വലിഞ്ഞുകയറി പറിച്ചെടുത്ത മാമ്പഴവും അമ്പലക്കുളത്തിലെ കുഞ്ഞു താമരയുമൊക്കെയായി പ്രണയസമ്മാനങ്ങളേകുവാൻ ആവേശമാണ്. പിന്നെ, മുറ്റത്ത് ഓലമെടഞ്ഞൊരു കൊച്ചുവീടുകെട്ടി അതിൽ കഞ്ഞിയും കറിയും വച്ചുകളിക്കുവാനും.
കുട്ടിയും കോലുമായി ആൺപട പടിഞ്ഞാറെ മുറ്റത്തെത്തുമ്പോൾ, കൊത്താംകല്ലുമായി പെൺപട കിഴക്കെമുറ്റത്ത് ആർത്തുല്ലസിക്കും. മുറ്റത്തെ നാലുമണിപ്പൂവുകൾ കണ്ണുതുറക്കുമ്പോഴേക്കും അകത്തുനിന്നും അമ്മയുടെ വിളി ഉയരും.
''എല്ലാരും വാ... ചായ റെഡി...'' അതുകഴിഞ്ഞാൽ, കുളത്തിൽ നിന്നും വെള്ളമെടുത്ത് പറമ്പിലെ ചെടികൾക്കൊഴിക്കണം. വല്ല്യമാവന്റെ പച്ചക്കറികൃഷിയാണ്. ചെടികൾക്ക് വെള്ളമൊഴിച്ചുകഴിഞ്ഞ് കുളിയും കഴിഞ്ഞെത്തിയാൽ പിന്നെ വല്ല്യമ്മാവന്റെ കൂടെ യാത്രയാണ്, ഭാസ്‌കരേട്ടന്റെ ചായക്കടയിലേക്ക്.
''ഭാസ്‌കരാ... പിള്ളേർക്ക് എന്താന്ന്ച്ചാൽ കൊടുക്ക്.'' ഓർഡറുകൊടുത്ത് പുറത്തേക്കിറങ്ങി, ചായക്കടയുടെ വരാന്തയിലിട്ട ബഞ്ചിലിരുന്ന് വല്ല്യമ്മാവൻ തെറുപ്പുബീഡി വലിക്കാൻ തുടങ്ങും. കൂടെ സൂര്യനുകീഴിലുള്ള സകലവിഷയങ്ങളെക്കുറിച്ചും കൂലംകുഷമായി ചർച്ചചെയ്യുവാൻ കുറേയാളുകളും. വല്ല്യമ്മാവന്റെ പഞ്ചായത്ത് പൊടിപൊടിക്കുമ്പോഴേക്കും ഞങ്ങളുടെ മുന്നിലെ പ്ലെയിറ്റിൽ നിന്നും സുഖിയനും പരിപ്പുവടയും പഴംപൊരിയുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കും.
''പണ്ട് പണ്ട്, കിഴക്കന്മലയിൽ.....'' നീട്ടിവെച്ച കാലിൽ കുഴമ്പുതേച്ച് തിരുമ്മി മുത്തശ്ശി, കഥകളുടെ ഭാണ്ഡക്കെട്ടുകളിക്കുമ്പോഴേക്കും പലരും ഉറക്കത്തിലേക്ക് കൂപ്പുകുത്തിക്കാണും, ഒരു പകലിന്റെ കഠിനാദ്ധ്വാനം സമ്മാനിച്ച ക്ഷീണവുമായി.
വേനലിന്റെ അവസാന പകുതി എന്നും ഒരു നോവുന്ന ഓർമ്മയാണ്. വിടപറയലുകളുടെ കാലമാണ്. ചെറിയൊരു ഇടവേളയിലെ കൂടിച്ചേരലുകൾക്ക് ശേഷം കർമ്മഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നവരുടെ തേങ്ങലുകൾ തറവാട്ടിലെ അന്തരീക്ഷത്തിന് കനം കൂട്ടും. വേർപാടിന്റെ വേദനക്കൊപ്പം, കഴിഞ്ഞുപോയ കുറേദിവസങ്ങളിലെ നല്ല ഓർമ്മകളുമായി അമ്മയും ചെറിയമ്മയുമൊക്കെ തിരക്കിലാകും. കടുമാങ്ങാക്കറിയും, ചക്കവരട്ടിയും കൊണ്ടാട്ടമുളകുമൊക്കെ തയ്യാറാക്കി കൊടുത്തയക്കുവാൻ. വീടുവിട്ടകലുന്ന ദേശാടന പക്ഷിക്കൾക്ക് ഗൃഹാതുരതയുണർത്തുവാൻ അന്ന് അതൊക്കെയെ ഉണ്ടായിരുന്നുള്ളു.
ഒരു പ്രഭാതത്തിൽ ശിവരാമന്റെയോ കൃഷ്ണൻ നായരുടേയോ ടാക്‌സിയെത്തും തറവാട്ട് മുറ്റത്ത്. അന്ന് ആരോ യാത്രയാകുന്ന ദിവസമായിരിക്കും. ആർക്കും ഒന്നും മിണ്ടുവാനില്ലാത്ത കുറേ നിമിഷങ്ങൾ. പരസ്പരം കണ്ണിൽ നോക്കി, മനസ്സുകൊണ്ട് യാത്രചോദിക്കും, അടുത്തവേനലിൽ വീണ്ടും കാണുവാനായി. ഉരുണ്ടുകൂടുന്ന കണ്ണുനീർ കാഴ്‌ച്ചമറക്കുമ്പോഴൊക്കെ മെല്ലെ പുറകോട്ട് തിരിഞ്ഞ് ആരും കാണാതെ തുടച്ചുമാറ്റും.
ഓരോരുത്തരായി യാത്രപറഞ്ഞു പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ ഉത്സവം കൊടിയിറങ്ങിയ അമ്പലപ്പറമ്പാകും തറവാട്ട് മുറ്റം. ഉമ്മറപ്പടിയിൽ ചുമ്മാകുത്തിയിരിക്കും ഇന്നലെകളെക്കുറിച്ചോർത്ത്. രണ്ടുമൂന്നുനാൾ കഴിഞ്ഞ് വീണ്ടും ഉത്സവത്തിന് തയ്യാറെടുക്കുമ്പോഴേക്കും ആകാശത്തിന്റെ നിര്യതികോണിൽ കൃഷ്ണമേഘങ്ങൾ ഉരുണ്ട്കൂടുവാൻ തുടങ്ങും.
വേനലറുതി വിളിച്ചറിയിച്ചുകൊണ്ട് പടിഞ്ഞാറേക്കരക്കപ്പുറമുള്ള ആകാശത്തുനിന്ന് ഇരമ്പിക്കൊണ്ടെത്തും, കാലവർഷത്തിന്റെ ആദ്യമഴ. തുറന്നിട്ട ജനലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിൽ നിന്നും രക്ഷനേടാൻ പുതപ്പ് ഒന്നുകൂടി വലിച്ച് തലമൂടാൻ തുടങ്ങുമ്പോഴേക്കും അമ്മ വന്ന് പുതപ്പ് വലിച്ചുമാറ്റും.
''ഇന്ന് സ്‌കൂള് തുറക്ക്വാ... വേഗം എഴുന്നേറ്റ് വന്നേ...'' ചാടിയെഴുന്നേറ്റ് തയ്യാറായി, പുത്തനുടുപ്പും കുടയും, സ്റ്റീൽപെട്ടിയിൽ ഭദ്രമായി വച്ച പുസ്തകങ്ങളുമായി, വഴിയരുകിലെ വെള്ളം ചെപ്പിത്തെറുപ്പിച്ച് ഒരു ഓട്ടമാണ്. ഒഴിവുകാലത്തെ വീരസ്യങ്ങൾ, പൊടിപ്പും തൊങ്ങലും വച്ച് കൂട്ടുകാർക്ക് മുന്നിൽ വിളമ്പാൻ.