- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണവും കേരളവും
അമേരിക്കൻ പ്രവാസിയും സാഹിത്യകാരനുമായ ശ്രീ ജോർജ് മണ്ണിക്കരോട്ട് ''ഓണം, അന്നും ഇന്നും'' എന്ന ശീർഷകത്തിലെഴുതിയ ലേഖനത്തിലെ ചില പരാമർശങ്ങളെപ്പറ്റിയുള്ളതാണീ കുറിപ്പ്. ശ്രീ മണ്ണിക്കരോട്ടിന്റെ ലേഖനത്തിൽ നിന്നുള്ള ചില വാചകങ്ങൾ: '...അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല; പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം. ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന ഓർമ്മകളുടെ ഒരേടു മാത്രം...'' അര നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടത്തെയായിരിക്കാം 'കുട്ടിക്കാലം' എന്ന പദം കൊണ്ടു ശ്രീ ജോർജ് മണ്ണിക്കരോട്ടു വിവക്ഷിച്ചിരിക്കുന്നത്. കേരളചരിത്രത്തിൽ പുറകോട്ടു പോകുന്തോറും, ജാതിമതവിവേചനവും ഉച്ചനീചത്വങ്ങളും കേരളത്തിൽ കൂടുതൽ രൂക്ഷമായിരുന്നെന്നതിനു തെളിവുകളേറെ. പ്രത്യേകിച്ച് സ്വാതന്ത്ര്യപൂർവചരിത്രത്തിൽ. സ്വാതന്ത്ര്യലബ്ധിക്കു കേവലം പതിനൊന്നു കൊല്ലം മുമ്പു മാത്രമാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും കിട്ടിയത്. അക്കാലത്തു ജാതിമതചിന
അമേരിക്കൻ പ്രവാസിയും സാഹിത്യകാരനുമായ ശ്രീ ജോർജ് മണ്ണിക്കരോട്ട് ''ഓണം, അന്നും ഇന്നും'' എന്ന ശീർഷകത്തിലെഴുതിയ ലേഖനത്തിലെ ചില പരാമർശങ്ങളെപ്പറ്റിയുള്ളതാണീ കുറിപ്പ്.
ശ്രീ മണ്ണിക്കരോട്ടിന്റെ ലേഖനത്തിൽ നിന്നുള്ള ചില വാചകങ്ങൾ:
'...അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല; പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം. ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന ഓർമ്മകളുടെ ഒരേടു മാത്രം...''
അര നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടത്തെയായിരിക്കാം 'കുട്ടിക്കാലം' എന്ന പദം കൊണ്ടു ശ്രീ ജോർജ് മണ്ണിക്കരോട്ടു വിവക്ഷിച്ചിരിക്കുന്നത്. കേരളചരിത്രത്തിൽ പുറകോട്ടു പോകുന്തോറും, ജാതിമതവിവേചനവും ഉച്ചനീചത്വങ്ങളും കേരളത്തിൽ കൂടുതൽ രൂക്ഷമായിരുന്നെന്നതിനു തെളിവുകളേറെ. പ്രത്യേകിച്ച് സ്വാതന്ത്ര്യപൂർവചരിത്രത്തിൽ. സ്വാതന്ത്ര്യലബ്ധിക്കു കേവലം പതിനൊന്നു കൊല്ലം മുമ്പു മാത്രമാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും കിട്ടിയത്. അക്കാലത്തു ജാതിമതചിന്തകൾ സമൂഹത്തിന്മേൽ നീരാളിപ്പിടിത്തമിട്ടിരുന്നു. അതിന്റെ അവശിഷ്ടങ്ങളിന്നുമുണ്ടെങ്കിലും, ആ പിടിത്തത്തിനിന്ന് കുറേയേറെ അയവു വന്നിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പഴങ്കഥയായിരിക്കുന്നതു തന്നെ വലിയൊരു തെളിവ്.
''...മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം...'' - ശ്രീ മണ്ണിക്കരോട്ട്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണു വോട്ടവകാശം കേരളത്തിലെ പ്രായപൂർത്തിയായ എല്ലാ പൗരന്മാരുടേയും മൗലികാവകാശമായത്. അതിനു മുമ്പ്, ഒരു നിശ്ചിതതുകയിൽ കുറയാത്ത വസ്തുനികുതിയടയ്ക്കുന്ന ഭൂവുടമകൾക്കും മറ്റും മാത്രമാണു വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിഭാഗം ജനതയ്ക്കും വോട്ടവകാശമില്ലാതിരുന്ന അക്കാലത്തിവിടെ സമത്വമില്ലായിരുന്നു. 1969ൽ കേരള ഭൂപരിഷ്‌കരണനിയമം പ്രാബല്യത്തിൽ വന്നു. അതിനു മുമ്പിവിടെ ജന്മി-കുടിയാൻ വ്യവസ്ഥയാണു നിലനിന്നിരുന്നത്. പൊതുവിൽ കുടിയാന്മാർക്കു പ്രതികൂലവും ജന്മിമാർക്ക് അനുകൂലവുമായിരുന്ന ആ വ്യവസ്ഥ നിലനിന്നിരുന്നപ്പോൾ ജന്മി-കുടിയാൻ തുല്യതയുണ്ടായിരുന്നില്ല. ഭൂപരിഷ്‌കരണനിയമം നടപ്പിലായതിനു ശേഷമാണു സമത്വം നിലവിൽ വരാൻ തുടങ്ങിയത്. ജന്മി-കുടിയാൻ വിവേചനം ഇന്നു കേരളത്തിലില്ല. ഇന്നു സാമ്പത്തികാന്തരങ്ങളുണ്ടെങ്കിലും അവസരസമത്വമുണ്ട്.
അക്കാലത്തു മുതലാളി-തൊഴിലാളി വ്യത്യാസമുണ്ടായിരുന്നില്ല എന്ന പ്രസ്താവനയും ശരിയല്ല. നേരേ മറിച്ച്, അക്കാലത്തായിരുന്നു മുതലാളി-തൊഴിലാളി വ്യത്യാസം കൂടുതൽ. കേരളത്തിൽ കശുവണ്ടി വ്യവസായം തുടങ്ങിയിട്ടു നാലു നൂറ്റാണ്ടിലേറെക്കാലമായി. അന്നു മുതലിവിടെ കശുവണ്ടിമുതലാളിമാരും കശുവണ്ടിത്തൊഴിലാളികളുമുണ്ട്; അതുപോലെ തന്നെ, കയർവ്യവസായമുതലാളിമാരും കയർനിർമ്മാണത്തൊഴിലാളികളും, മില്ലുടമകളും മിൽത്തൊഴിലാളികളും. പഴയ കാലങ്ങളിൽ തൊഴിലാളികൾ പൊതുവിൽ മുതലാളിമാരുടെ കാൽച്ചുവട്ടിലായിരുന്നു. മുതലാളിമാരും തൊഴിലാളികളും തമ്മിൽ തുല്യതയുണ്ടായിരുന്നില്ല.
വ്യാവസായികസംരംഭങ്ങൾ എവിടെയുണ്ടോ, അവിടെയെല്ലാം മുതലാളിമാരും തൊഴിലാളികളുമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇന്നും വ്യാവസായികസംരംഭങ്ങളുണ്ട്. അതുകൊണ്ട് ഇന്നും മുതലാളിമാരും തൊഴിലാളികളുമുണ്ട്. ഇക്കാര്യത്തിൽ അന്നും ഇന്നും തമ്മിലുള്ള കാതലായ വ്യത്യാസം, അന്നു തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇന്നവ അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ്. തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതു പണ്ടു പതിവായിരുന്നെങ്കിൽ, ഇന്നു ചൂഷണം ഇങ്ങോട്ടു മാത്രമല്ല, അങ്ങോട്ടുമുണ്ട്: ഉദാഹരണം, നോക്കുകൂലി. മുതലാളി-തൊഴിലാളിബന്ധങ്ങളിൽ ഏകദേശമൊരു സമതുലിതാവസ്ഥ ഇന്നു നിലനിൽക്കുന്നുണ്ട്; അതു പണ്ടുണ്ടായിരുന്നില്ല.
''...ജാതിയും മതവും കവർന്നെടുത്ത നാട്ടിൽ സാഹോദര്യവും സ്‌നേഹവും ഐക്യവും ചില്ലുകൊട്ടാരം പോലെ പൊട്ടിത്തകർന്നു...''
സമകാലിക കേരളത്തിന്റെ യഥാതഥചിത്രമല്ല മുകളിലുദ്ധരിച്ചിരിക്കുന്ന വാചകങ്ങളിൽ കാണുന്നത്. 2001ലെ കാനേഷുമാരിയനുസരിച്ച് കേരളത്തിൽ 19 ശതമാനം ക്രിസ്ത്യാനികളും 24 ശതമാനം മുസ്ലീങ്ങളും 56 ശതമാനം ഹിന്ദുക്കളുമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിഭിന്ന മതാനുയായികൾ തമ്മിലുണ്ടാകാറുള്ള സംഘർഷങ്ങൾ കേരളത്തിലില്ല. 'മാറാട്' മറന്നുകൊണ്ടല്ല, ഇതെഴുതുന്നത്. സാമുദായികസംഘർഷങ്ങൾ മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടായപ്പോഴും കേരളത്തിലവയുണ്ടായിട്ടില്ല. കേരളം ഒരിക്കലും കലാപബാധിതപ്രദേശമായിരുന്നിട്ടില്ല. വിഭിന്നമതസ്ഥർ തമ്മിൽ സാമൂഹികതലത്തിലുള്ള സഹകരണം ഇന്നിവിടെ മുമ്പത്തേക്കാളേറെയുണ്ട്. മതസൗഹാർദ്ദത്തിന്റെ കാര്യത്തിൽ കേരളം മറ്റു പല സംസ്ഥാനങ്ങൾക്കു മാത്രമല്ല, രാഷ്ട്രങ്ങൾക്കും മാതൃകയാണ്.
''രാഷ്ട്രം രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളിൽ അമർന്നു...''
''കരാളഹസ്തങ്ങളിൽ'' എന്ന വാക്കിനു പകരം ''സുദൃഢഹസ്തങ്ങളിൽ'' എന്നു തിരുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനത രാഷ്ട്രീയപ്രബുദ്ധരാണ്. കേരളത്തിലേതാണു ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മാതൃകകളിലൊന്ന്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ ആധിപത്യം കേരളത്തിൽ നടപ്പില്ല. ഇവിടെ പരമാധികാരം ജനതയ്ക്കു തന്നെ. അഞ്ചുകൊല്ലം കൂടുമ്പോഴെല്ലാം ജനത അടുത്ത ഭരണം ആരു നയിക്കണമെന്ന വിധിപ്രസ്താവം മുഖം നോക്കാതെ തന്നെ നടത്താറുമുണ്ട്. ഒരു സർക്കാരിൽ പ്രീതരല്ലെങ്കിൽ, ആ സർക്കാരിനെ ജനത നീക്കം ചെയ്യുന്നു: യഥാർത്ഥ ജനാധിപത്യം. പല രാജ്യങ്ങളിലേയും ജനതകൾക്കു രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാനുള്ള സ്വാതന്ത്ര്യമില്ല. ആ സ്വാതന്ത്ര്യമില്ലാത്തൊരു കാലം ഇവിടേയുമുണ്ടായിരുന്നു. എന്നാലിന്ന്, ആ സ്വാതന്ത്ര്യം ഇവിടത്തെ ജനതയ്ക്കുണ്ട്.
''...വെട്ടും കുത്തും വെടിയും ബോംബും ബന്തും എല്ലാമായി നാടിന്റെ നട്ടെല്ലു തകർന്നു...''
ഹർത്താൽ, പൊതുപണിമുടക്ക് എന്നിങ്ങനെ പല പേരുകളിൽ, ഇടയ്ക്കിടെ, അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന ബന്ത് ജനതയെ വലയ്ക്കുന്ന ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷം മാത്രമല്ല, ഭരണകക്ഷിപോലും ഹർത്താലിന് ആഹ്വാനം ചെയ്യുന്നതു കേരളത്തിന് അപരിചിതമല്ല. പക്ഷേ, വെടിയും ബോംബും ഇടയ്ക്കിടെ പൊട്ടുന്ന ഇടങ്ങൾ വടക്കൻ കേരളത്തിലെ ചുരുക്കം ചില ഇടങ്ങളിലൊഴികെ, കേരളത്തിലില്ലെന്നു തന്നെ പറയണം. വെട്ടും കുത്തും അങ്ങനെ തന്നെ. പണ്ടു കേരളത്തിൽ വെടി, അടി, വെട്ട്, കുത്ത് എന്നിവ ഇന്നത്തേക്കാളേറെയുണ്ടായിരുന്നു; അതൊക്കെ ചെയ്തിരുന്നവർ സ്വാധീനശക്തിയുപയോഗിച്ചു രക്ഷപ്പെട്ടു പോയിരുന്നു. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന ആ പഴയ നില ഇന്നിവിടെയില്ല. ക്രിമിനൽ കുറ്റം ചെയ്യുന്നവർ, ഉന്നതരുൾപ്പെടെ, ഇന്നു പൊതുവിൽ ശിക്ഷിക്കപ്പെടുന്നുണ്ട്.
പല വടക്കേ ഇന്ത്യൻ, പൂർവേന്ത്യൻ സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിലുള്ളതു സമാധാനാന്തരീക്ഷമാണെന്നാണു കേന്ദ്രസർക്കാരിന്റെ പോലും വീക്ഷണം. ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന എട്ടാമത്തെ സംസ്ഥാനവുമാണ് ഈ കൊച്ചുകേരളം. കേരളാപൊലീസിന്റെ കണക്കുകളനുസരിച്ച് കേരളത്തിൽ 2014ൽ 367 കൊലപാതകങ്ങൾ നടന്നിരുന്നു. 2015ൽ അതു 318 ആയി കുറഞ്ഞു. ലക്ഷം പേർക്ക് 0.97 പേർ വീതം. അമേരിക്കയിലെ കൊലപാതകനിരക്ക് (2013ലേത്) 3.9 ആണ്: കേരളത്തിന്റേതിന്റെ നാലിരട്ടി!
നാല്പതു ലക്ഷത്തോളം അന്യസംസ്ഥാനത്തൊഴിലാളികൾ കേരളത്തിലുണ്ടെന്നു കണക്കുകൾ കാണിക്കുന്നു. അവരിൽ ഭൂരിഭാഗവും സമ്പന്നരല്ല. അവർക്കിടയിൽ ഊരും പേരുമില്ലാത്തവരുമുണ്ട്. ഇവിടെ വേരുകളില്ലാത്ത ഇത്തരക്കാരുടെ സംഖ്യ ഉയരുമ്പോൾ കുറ്റകൃത്യങ്ങൾ കൂടുന്നതു സ്വാഭാവികമാണ്. മൂന്നേകാൽക്കോടി നാട്ടുകാരും നാല്പതു ലക്ഷം മറുനാട്ടുകാരുമടങ്ങിയ സമൂഹത്തിൽ കൊലപാതകങ്ങൾ മുൻകൂട്ടിത്തടയാൻ മതിയായതല്ല, കേരളാപ്പൊലീസിന് ഇന്നുള്ള അമ്പത്തയ്യായിരം പൊലീസുകാർ. പൊലീസ് സേനയുടെ ശക്തി കൂട്ടാനുള്ള സാമ്പത്തികം കേരളസർക്കാനിരില്ല താനും.
''...ജനങ്ങളുടെ ഗതിമുട്ടി, അവരുടെ ജീവിതം വഴിമുട്ടി...''
ഈ നിരീക്ഷണം കേരളത്തിലുള്ള മൂന്നരലക്ഷം പട്ടികവർഗക്കാരെ (അവരിൽ ഭൂരിഭാഗവും ആദിവാസികൾ) സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ കേരളത്തിനിന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, അവരൊഴികെയുള്ള മൂന്നേകാൽക്കോടി ജനത്തിന്റെ സ്ഥിതി അമ്പതു വർഷം മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട.
പണ്ട് ഇടവപ്പാതി മുതൽ ചിങ്ങം പിറക്കുന്നതു വരെയുള്ള മൂന്നു മാസക്കാലം കേരളത്തിലെ വലിയൊരു വിഭാഗം ജനതയ്ക്ക് കഷ്ടപ്പാടുകളുടെ കാലമായിരുന്നു. 'കർക്കടകവറുതി' എന്ന പദപ്രയോഗം അതിനുള്ള തെളിവാണ്. ഇന്നിപ്പോൾ, അങ്ങനെയൊരു വറുതി കർക്കടകത്തിലോ കാലവർഷത്തിന്റെ മറ്റേതെങ്കിലും മാസങ്ങളിലോ ഇല്ല. കോരിച്ചൊരിയുന്ന ജൂൺ-ജുലായ് മാസങ്ങളിൽപ്പോലും തൊഴിൽ ലഭ്യം. ആ മാസങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതു കാണാം. പണ്ടു കാലവർഷക്കാലത്തു മുല്ലപ്പെരിയാറിന്റെ ഷട്ടർ അല്പമൊന്നുയർന്നാൽ പെരിയാറിന്റെ തീരത്തുള്ള വീടുകളുടെ മുറ്റവും ചവിട്ടും ചിലപ്പോഴൊക്കെ മുറിക്കകവും വെള്ളത്തിനടിയിലാകുമായിരുന്നു. നദികളിലുയർന്നിരിക്കുന്ന അണക്കെട്ടുകളെ പലരും വിമർശിക്കുന്നുണ്ടെങ്കിലും, അവ മൂലം കാലവർഷക്കാലം ദുരിതപൂർണമല്ലാതായി. കർക്കടകവും ചിങ്ങവും തമ്മിൽ ആഹ്ലാദതലങ്ങളിലുണ്ടായിരുന്ന വ്യത്യാസവുമില്ലാതായി.
''...റേഷനായി കിട്ടുന്നതു തന്നെ ക്ഷുദ്രജീവികൾ ആസ്വദിച്ചാനന്ദിച്ചുപേക്ഷിച്ച അരിയുടെ അവശിഷ്ടങ്ങൾ. അതു കഴിച്ചാൽ വയറ്റിളക്കം കൊണ്ടു വാടി വീഴുന്ന കുട്ടികൾ ഫലം.''
ഈ ലേഖകൻ റേഷൻസാധനങ്ങൾ വാങ്ങുന്ന റേഷൻ കടയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ പൊതുവിൽ നിലവാരമുള്ളതാണെന്ന് അവിടന്നുള്ള റേഷൻ സാധനങ്ങൾ പല പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നയാളെന്ന നിലയ്ക്ക് എനിക്കുറപ്പിച്ചു പറയാൻ കഴിയും. ഇത് ഒരുദാഹരണമായെടുത്താൽ, ഉപയോഗയോഗ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന ധാരാളം റേഷൻ കടകൾ കേരളത്തിലിപ്പോഴുണ്ട് എന്നാണെന്റെ വിശ്വാസം. റേഷൻ കടക്കാരൻ 'തിരിമറി' നടത്തുന്നില്ലെങ്കിൽ, ചുറ്റുമുള്ള ജനത പ്രബുദ്ധരെങ്കിൽ, റേഷൻ ഇനങ്ങൾ പൊതുവിൽ ഉപയോഗയോഗ്യമായിരിക്കും.
''...ഇന്ന് എവിടെയാണ് യഥാർത്ഥ ഓണം? ഓണം സ്വീകരണമുറിയിലെ ദൂരദർശിനികളിലും ഹോട്ടലുകളിൽ നിന്നു ലഭിക്കുന്ന പ്ലാസ്റ്റിക്ക് ഇലയിലെ സദ്യയിലും ഒതുങ്ങി...''
മുകളിലുദ്ധരിച്ച നിരീക്ഷണത്തിന് ഈ ലേഖകന്റെ പരിസരത്തിൽ ആധികാരികതയില്ല. നാനാജാതിമതസ്ഥരുമുള്ള, അതിസമ്പന്നരും അതിദരിദ്രരുമില്ലാത്ത ഒരു നാട്ടിൻ പുറമാണു ഞങ്ങളുടേത്. ഓണമുണ്ണാത്ത വീടുകൾ ഇവിടെയില്ലെന്നു തന്നെ പറയാം. വ്യക്തിപരമായ കാരണങ്ങളാൽ ചില വീടുകളിൽ ആഘോഷമുണ്ടാകാറില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മരണമുണ്ടായിട്ടുള്ള വീടുകൾ അക്കൂട്ടത്തിൽ പെടുന്നു. ഓണമാഘോഷിക്കുന്ന വീടുകളിലെല്ലാം തന്നെ, ഉച്ചയൂണ് വാഴയിലയിലായിരിക്കും. ഒന്നു രണ്ടു വാഴകളെങ്കിലും മിക്ക പുരയിടങ്ങളിലുമുണ്ടാകും. വാഴയില്ലാത്തവർക്കത് അയൽപക്കങ്ങളിൽ നിന്നു കിട്ടുന്നു. പട്ടണങ്ങളിൽ വാഴകൃഷിയില്ലെങ്കിലും, വാഴയിലക്ഷാമമുണ്ടാകാറില്ല.
വാഴയിലയിൽ വിളമ്പിയ ഊണിനുള്ള രുചിയൊന്നു വേറെ തന്നെ. എങ്കിലും, ഓണസദ്യയ്ക്കു പ്ലാസ്റ്റിക് ഇല ഉപയോഗിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ഓണത്തിൻ നാൾ വാഴയിലയിലായാലും പ്ലാസ്റ്റിക് ഇലയിലായാലും പ്ലേറ്റിലായാലും ജനത്തിനു വയറു നിറയെ ഊണു കഴിക്കാനാകണം, ആഹ്ലാദിക്കാനാകണം. ജനതയ്ക്കു സമൃദ്ധിയും സുഭിക്ഷതയും സന്തുഷ്ടിയുമുണ്ടാകണം എന്നതാണ് ഓണത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ആശയം. ഭരണകർത്താക്കളുടെ വലിയൊരു പരീക്ഷയാണ് ഓണം. മഹാബലിയുടെ കാലത്തുണ്ടായിരുന്ന സമൃദ്ധിയും സന്തുഷ്ടിയും ജനങ്ങൾക്കിന്നുണ്ടോ എന്നതാണ് ഓണക്കാലത്തുയരുന്ന കാതലായ ചോദ്യം. ജനങ്ങൾക്കു സമൃദ്ധിയും സന്തുഷ്ടിയുമില്ലെങ്കിൽ ഇന്നത്തെ ഭരണം മോശം എന്നർത്ഥം. അമ്പതു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ സുഭിക്ഷതയും സമൃദ്ധിയും ഇന്നു തീർച്ചയായുമുണ്ട്. ശ്രീ ജോർജ് മണ്ണിക്കരോട്ടിനെപ്പോലുള്ള പ്രവാസിമലയാളികളുടെ അദ്ധ്വാനഫലം കൂടിയാണതെന്നു പറയാൻ സന്തോഷമുണ്ട്.
ഒന്നൊന്നരപ്പതിറ്റാണ്ടായി സന്തോഷകരമായൊരു പ്രതിഭാസം ഇവിടെ നിലവിൽ വന്നിട്ടുണ്ട്. നാട്ടിൻപുറത്തെ കുടുംബങ്ങളിൽ പലതും രണ്ടും മൂന്നും ചെറു സംഘങ്ങളിലോ സംഘടനകളിലോ അംഗങ്ങളാണ്. അവയിൽപ്പലതും ഓണം പ്രമാണിച്ച് അംഗങ്ങൾക്ക് അരിയും വെളിച്ചെണ്ണയും സൗജന്യമായി നൽകുന്നു. പത്തുകിലോ അരി, ഒരു ലിറ്റർ വെളിച്ചെണ്ണ: ഇതാണു പലയിടങ്ങളിലും പതിവ്. അതുകൊണ്ട്, ഓണംനാൾ ഊണു സുഭിക്ഷം. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിലും ആഹാരത്തിനു പഞ്ഞമില്ല.
ഓണപ്പരിപാടികളില്ലാത്ത ഗ്രാമങ്ങളില്ല. ഓരോ ഗ്രാമത്തിലും അവരുടേതായ പരിപാടികളുണ്ടാകും. നാട്ടിൻപുറങ്ങളിലുമുണ്ട്, റെസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു പല സംഘടനകളും. അവരെല്ലാം പലവിധ പരിപാടികളോടെ ഓണമാഘോഷിക്കുന്നു. ചിലയിടങ്ങളിലെ ഓണപ്പരിപാടികൾ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നു. ഓണപ്പൂക്കളമിട്ടിട്ടുള്ള ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നിരവധിയുണ്ടാകും. പലയിടങ്ങളിലും അത്തം മുതൽ പൂക്കളമിട്ടിരിക്കുന്നതു കാണാം. ഓഫീസുകളിലും ഫാക്ടറികളിലുമെല്ലാം ഓണസ്സദ്യ പതിവാണ്. ഓണദിവസം അവധിദിനമായതിനാൽ, ഓണത്തിനു മുമ്പുള്ളൊരു ദിവസമായിരിക്കും ആഘോഷം. ഓണസ്സദ്യയിലെ ചിലയിനങ്ങൾ ഓർഡർ ചെയ്തു വരുത്തിയതായിരിക്കാം. അവരവരുടെ വീടുകളിലുണ്ടാക്കിക്കൊണ്ടു വന്നു പങ്കു വെയ്ക്കുന്നതും സാധാരണയാണ്. വിഭവസമൃദ്ധമായ ഓണസ്സദ്യയൊരുക്കൽ കൂട്ടുകുടുംബങ്ങളിൽ അനായാസമായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളിലതു പലപ്പോഴും സാദ്ധ്യമായെന്നു വരില്ല.
നഗരങ്ങളിൽ ഓണാഘോഷം അല്പം ശബ്ദകോലാഹലത്തോടെയാകാറുണ്ട്. അതു കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. നാട്ടിൻപുറങ്ങളിലെ ആഘോഷങ്ങൾ താരതമ്യേന ശാന്തമായിരിക്കും. പൊതുവിൽ ഓണക്കാലം കേരളമാകെ ശബ്ദായമാനമാണ്. ഇതിനിടയിൽ ടീവിപ്പരിപാടികൾ കാണാനും ആളുണ്ടാകാതിരിക്കില്ല. വീട്ടിൽത്തന്നെ ഇരിക്കുന്നവർ, ഇരിയ്‌ക്കേണ്ടി വരുന്നവർ ടീവിപ്പരിപാടികൾ കണ്ടാഹ്ലാദിക്കുന്നു. ഓണാഘോഷങ്ങൾ ടീവിയിൽ കണ്ടാഹ്ലാദിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ജനം ആഹ്ലാദിക്കണം എന്നതാണു ലക്ഷ്യം. എന്നാൽ, ഓണാഘോഷം ടീവിക്കു മുമ്പിൽ മാത്രമായൊതുങ്ങിയെന്നു പറയാനാവില്ല. കേരളത്തിലങ്ങോളമിങ്ങോളം സോല്ലാസം, സഹർഷം നടന്നു വരുന്ന ഓണാഘോഷങ്ങളെ അവഗണിക്കലാകും അത്. കേരളത്തിൽ ഓണാഘോഷം സജീവമായിത്തന്നെ നടക്കുന്നുണ്ട്.
പക്ഷേ, പാലടപ്രഥമനിലൊരു കല്ല് എന്ന പോലെ, ഓണാഘോഷത്തെപ്പറ്റി അപ്രീതികരമായൊരു കാര്യം ഇവിടെ സൂചിപ്പിക്കാതെ വയ്യ: വിദേശമദ്യവില്പനയിൽ കേരളസർക്കാരിന്റെ ബെവരെജസ് കോർപ്പ് റെക്കോഡുകൾ ഭേദിക്കുന്ന അവസരം കൂടിയാണ് ഓണം. ഓണത്തിനു ജനം ആഹ്ലാദിക്കണമെന്നതു ശരി. പക്ഷേ, ആഹ്ലാദിക്കാൻ മദ്യപാനത്തെ ആശ്രയിക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം. കേരളജനത കഴിഞ്ഞ വർഷം കുടിച്ചുകൂട്ടിയ മദ്യത്തിന്റെ വില പതിനായിരം കോടി കവിഞ്ഞെന്നു വാർത്ത. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ മലയാളികളേയും ആശങ്കാകുലരാക്കേണ്ട വാർത്തയാണത്. കേരളീയരുടെ വർദ്ധിച്ചുവരുന്ന മദ്യപാനത്തിനെതിരെ നിശിതമായ വിമർശനം ശ്രീ ജോർജ് മണ്ണിക്കരോട്ടിന്റെ ലേഖനത്തിലും ഉണ്ടായിരുന്നെങ്കിൽ നന്നായേനേ.
''നാടിന്റെ നട്ടെല്ലു തകർന്നു...''
ഭരിക്കുന്നത് ഏതു മുന്നണിയായാലും, കേരളസർക്കാർ സമ്പന്നമാകാറില്ല. മാത്രമല്ല, കേരളസർക്കാർ ജീവിച്ചുപോകാൻ കണ്ടെത്തുന്ന പല വഴികളിൽച്ചിലത് മദ്യം, ലോട്ടറി, ഭക്തി എന്നിവയുടെ വില്പനയുമാണ്. പ്രതിവർഷം ആയിരത്തിരുനൂറു കോടി രൂപയോളം വരുമാനം സർക്കാരിനു നേടിക്കൊടുക്കുന്ന ഭക്തിപ്രസ്ഥാനത്തെ കേരളസർക്കാരിന്റെ ഒരു വ്യവസായമായിത്തന്നെ കാണണം. പ്രവാസികൾ കേരളത്തിലേയ്ക്കയയ്ക്കുന്ന പണം നാട്ടിലുണ്ടാക്കുന്ന വികസനത്തിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനമാണു സർക്കാരിന്റെ മുഖ്യസ്രോതസ്സുകളിലൊന്ന്. ടൂറിസം മറ്റൊന്ന്.
സംസ്ഥാനത്തു പുതിയ വൈദ്യുതോല്പാദനപദ്ധതികളും വ്യവസായങ്ങളും സ്ഥാപിച്ചു വരുമാനം വർദ്ധിപ്പിക്കാൻ സർക്കാരിനാകുന്നില്ലെങ്കിലും, സർക്കാർ ഗുരുതരമായ സാമ്പത്തികപ്രതിസന്ധികളിൽ അകപ്പെട്ടിട്ടില്ല. കേരളസർക്കാർ ശമ്പളവും പെൻഷനും ഇതുവരെ മുടക്കിയിട്ടില്ല. ശമ്പളവും പെൻഷനും മുടങ്ങുമോ എന്ന സന്ദിഗ്ദ്ധാവസ്ഥയിൽ ഇതുവരെ എത്തിയിട്ടുമില്ല. അമേരിക്കയിലാകട്ടെ, 2013 ഒക്‌റ്റോബർ 1 മുതൽ 16 വരെയുള്ള പതിനാറു ദിവസം അനേകം സർക്കാർ ജീവനക്കാർക്കും സർക്കാർ പെൻഷൻകാർക്കും ശമ്പളം/പെൻഷൻ കിട്ടാതിരുന്നു. അത്തരമൊരു പ്രതിസന്ധി നമ്മുടെ കൊച്ചുകേരളത്തിലുണ്ടായിട്ടില്ല. കേരളം കടമെടുക്കുന്നുണ്ടെങ്കിലും, അതു നിലവിലുള്ള പരിധികൾക്കുള്ളിലാണ്. 'നാടിന്റെ നട്ടെല്ലു' തകർന്നിട്ടില്ലെന്നർത്ഥം.
കേരളസർക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടാത്തതിൽ അതിശയമില്ല. സർക്കാരുടമസ്ഥതയിലുള്ള കെ എസ് ആർ ടി സി ബസ്സുകളുടെ കാര്യമെടുക്കാം: അവയിലെ മിനിമം ചാർജ് ആറു രൂപ മാത്രം. അമേരിക്കയിലിത് ഒന്നേമുക്കാൽ ഡോളറാണെന്നു കാണുന്നു; ഇന്നത്തെ വിനിമയനിരക്കനുസരിച്ച് നൂറു രൂപയിലേറെ. അമേരിക്കയിലെ നിരക്കിന്റെ പതിനേഴിലൊന്നു മാത്രമേ നമ്മുടെ കെ എസ് ആർ ടി സി ഈടാക്കുന്നുള്ളൂ. കെ എസ് ആർ ടി സിയുടെ നിരക്ക് ഒരുദാഹരണമായിപ്പറഞ്ഞെന്നേയുള്ളൂ. വീട്ടുകരവും വസ്തുനികുതിയുമെല്ലാം ഇവിടെ അമേരിക്കയിലേതിനേക്കാൾ കുറവായിരിക്കണം. ആഫ്രിക്കൻ വൻകരയിലാകെയുള്ളതിനേക്കാളേറെ ദരിദ്രർ ഇന്ത്യയിലുള്ളതുകൊണ്ട്, ലോകത്തു മറ്റൊരു രാജ്യത്തിനുമില്ലാത്ത സാമ്പത്തികബാദ്ധ്യതകൾ കേരളമുൾപ്പെടെയുള്ള സംസ്ഥാനസർക്കാരുകൾക്കുണ്ട്. എന്നിട്ടും നമ്മുടെ സർക്കാരുകളുടെ നികുതിനിരക്കുകൾ താരതമ്യേന മൃദുവാണ്, അതുകൊണ്ടു ജനസൗഹൃദവുമാണ്. സബ്‌സിഡികളുൾപ്പെടെയുള്ള പലവിധ ധനസഹായങ്ങൾക്കും ഇളവുകൾക്കും വേണ്ടിയുള്ള മുറവിളി ഇവിടെ കൂടുതലാണ്. ''നിലത്തൊന്നു നിൽക്കാനായിട്ടു വേണ്ടേ, അടവെടുക്കാൻ'' എന്നു പറഞ്ഞതു പോലെയാണു കേരളസർക്കാരിന്റെ സ്ഥിതി.
''നട്ടുവളർത്തി വിളവുണ്ടാക്കാൻ നാട്ടിൽ ആളുകളില്ല. എല്ലാം അയൽ രാജ്യങ്ങളിൽ നിന്നു വരുന്ന വിഷം വിതച്ച വിളവുകൾ.''
കൃഷി ചെയ്യാൻ കേരളത്തിൽ ആളുകളില്ലെന്ന സൂചന ശരിയാണെന്നു തോന്നുന്നില്ല. കൃഷി ചെയ്യാൻ കേരളത്തിൽ ആളുകളുണ്ട്. കൃഷി നടക്കുന്നുമുണ്ട്. പക്ഷേ, രണ്ടു പ്രശ്‌നങ്ങൾ കേരളത്തിലുണ്ട്. കേരളത്തിലെ ജനപ്പെരുപ്പമാണൊന്ന്. ജനപ്പെരുപ്പത്തിന്നനുസൃതമായ വർദ്ധന കൃഷിഭൂമിയിലില്ലെന്നതു മറ്റൊന്ന്.
കേരളസർക്കാരിന്റെ കണക്കുകളനുസരിച്ച്, 1955-56ൽ കേരളത്തിൽ 22.1 ലക്ഷം ഹെക്റ്റർ കൃഷിയിടങ്ങളാണുണ്ടായിരുന്നത്. 2014-15ൽ അത് 26.2 ലക്ഷം ഹെക്റ്ററായി ഉയർന്നു; 18 ശതമാനം വർദ്ധന. ഞങ്ങളുടെ പ്രദേശത്തുള്ള കൃഷിയിടങ്ങളെ ഉദാഹരണങ്ങളായെടുത്താൽ, കേരളത്തിൽ കൃഷി നടക്കുന്നുണ്ട് എന്നു തന്നെ കരുതണം. കൃഷി നടക്കാത്ത കൃഷിയിടങ്ങൾ വിരളമായിരിക്കണം. കാർഷികോല്പാദനത്തിൽ പണ്ടത്തേക്കാൾ വർദ്ധനവുമുണ്ടായിട്ടുണ്ട്. പക്ഷേ, ജനപ്പെരുപ്പം!
1951ൽ കേരളത്തിലെ ജനസംഖ്യ 1.35 കോടി മാത്രമായിരുന്നു. അറുപതു വർഷം കൊണ്ടത് 3.34 കോടിയായി: വർദ്ധന 147 ശതമാനം! ജനസംഖ്യ 147 ശതമാനം വർദ്ധിച്ചപ്പോൾ കൃഷിയിടം 18 ശതമാനം മാത്രമേ വർദ്ധിച്ചുള്ളൂ. കൃഷിയിടം വർദ്ധിക്കാതിരുന്നതിനും കാരണമുണ്ട്. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായിത്തീർന്നപ്പോൾ വീടുകളുടെ എണ്ണം വർദ്ധിച്ചു. 1951ൽ 24 ലക്ഷം മാത്രമുണ്ടായിരുന്ന വീടുകൾ 2011ലെ സെൻസസ് അനുസരിച്ച് 112 ലക്ഷമായി വർദ്ധിച്ചു: വർദ്ധന 366 ശതമാനം. വീടുകളുടെ എണ്ണത്തിലുണ്ടായ നാലിരട്ടിയോളമുള്ള വർദ്ധന കൃഷിയിടത്തിന്റെ വർദ്ധനയ്ക്കു തടസ്സമായിക്കാണണം.
സർക്കാരിനു നിയന്ത്രിക്കാനാകാത്ത ഒന്നാണു ജനസംഖ്യാവർദ്ധന. എങ്കിലും, കേരളജനത ഇക്കാര്യത്തിൽ ബോധവാന്മാരാണെന്നു തീർച്ച; കാരണം, കഴിഞ്ഞ ദശാബ്ദത്തിനിടയിൽ കേരളത്തിലെ ജനസംഖ്യാവർദ്ധന അര ശതമാനത്തിൽ താഴെ മാത്രമായിരുന്നു. ഇതേ കാലയളവിനുള്ളിലെ ദേശീയനിരക്കാകട്ടെ, 1.76 ശതമാനവും. ഒന്നു രണ്ടു പതിറ്റാണ്ടു കൂടിക്കഴിഞ്ഞാൽ കേരളത്തിലെ സദാ ഉയർന്നു കൊണ്ടിരുന്ന ജനപ്പെരുപ്പനിരക്ക് ചരിത്രത്തിലാദ്യമായി താഴാൻ തുടങ്ങുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു.
കൃഷിയിൽ യന്ത്രങ്ങളിന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവിടത്തെ കൃഷിസ്ഥലങ്ങളുടെ വലിപ്പക്കുറവാണു ഉല്പാദനവർദ്ധനവിനുള്ള മുഖ്യ പ്രതിബന്ധം. അമേരിക്കൻ നെല്പാടങ്ങൾക്ക് ആയിരം ഏക്കറിലേറെ ശരാശരി വലിപ്പമുണ്ടെന്നു കാണുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കർഷകരുടേയും കൃഷിഭൂമി അഞ്ചേക്കറിൽത്താഴെയാണ്. അതിലും താഴെയായിരിക്കും, കേരളത്തിലെ കർഷകരുടേത്.
കേരളത്തിലുള്ള കൃഷിഭൂമികൊണ്ടു കേരളജനതയെ മുഴുവൻ തീറ്റിപ്പോറ്റുക അസാദ്ധ്യം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷികോല്പന്നങ്ങൾ ഉപയോഗിക്കാതെ നിവൃത്തിയില്ല. കീടനാശിനികളുടെ ഉപയോഗം അയൽസംസ്ഥാനങ്ങളിൽ മാത്രമല്ല, അമേരിക്കയിലുമുണ്ട്. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കീടനാശിനികളുടെ 22% അമേരിക്കയിലാണുപയോഗിക്കുന്നത്; ഇതു 100 കോടി ടണ്ണോളം വരുന്നു. കേരളത്തിൽപ്പോലും കീടനാശിനികളുപയോഗിക്കുന്നുണ്ട്. ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്ന ജൈവപച്ചക്കറിയിലും കീടനാശിനിയുള്ളതായി വാർത്ത. കീടനാശിനി ഉപയോഗിക്കുന്നതല്ല, അമിതമായി ഉപയോഗിക്കുന്നതാണു കുഴപ്പം. ഉപയോഗം അനുവദനീയമായ അളവിലും കവിയുന്നില്ല എന്നുറപ്പു വരുത്താൻ കേരളത്തിലേയും അയൽസംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഉണർന്നു പ്രവർത്തിയ്‌ക്കേണ്ടതുണ്ട്. പക്ഷേ, അതിനാവശ്യമുള്ള മാനവശേഷിയും ധനശേഷിയും വിഭവശേഷിയും അവർക്കുണ്ടോയെന്ന ചോദ്യം മിക്കപ്പോഴും സംസ്ഥാനസർക്കാരുകളുടെ പ്രതിവർഷ ബഡ്ജറ്റിൽച്ചെന്നു വഴിമുട്ടി നിൽക്കുമെന്നതാണു ദുഃഖസത്യം.
ലേഖനത്തിനു ചുവട്ടിൽ ശ്രീ ജോർജ് മണ്ണിക്കരോട്ട് സ്വന്തം ഈമെയിൽ ഐഡി കൊടുത്തിരിക്കുന്നതു പ്രശംസയർഹിക്കുന്നു. അനുകരണീയമായ മാതൃകയാണത്. ധൈര്യസമേതം സ്വന്തം ഈമെയിൽ ഐഡി പ്രദർശിപ്പിക്കുന്ന ലേഖകർ വിരളം.