വാർത്ത മുക്കുന്നെങ്കിൽ ഇങ്ങനെ മുക്കണം. പൊടി പോലും കണ്ടു പിടിക്കാൻ പറ്റരുത്. വാർത്ത മുക്കുന്നതിൽ നമ്മുടെ മാദ്ധ്യമങ്ങൾ കൈവരിച്ച അസാധാരണ വൈഭവത്തെ വ്യക്തമായി തുറന്നു കാണിക്കുന്ന ഒരു എപ്പിസോഡാണ് ഈ ആഴ്ച നമുക്ക് മുന്നിലൂടെ കടന്നു പോയത്. ബോബി ചെമ്മണ്ണൂരിനെതിരെ സഖാവ് വി എസ് ഉന്നയിച്ച വൻ അഴിമതി ആരോപണമാണ് കേരള മാദ്ധ്യമങ്ങളുടെ മുക്കൽ പരമ്പരയിലെ ഏറ്റവും ലേറ്റസ്റ്റ് എൻട്രി. വെറുതേ പറഞ്ഞു പോയ ഒരാരോപണമല്ല, പ്രതിപക്ഷ നേതാവ് എഴുതിക്കൊണ്ട് വന്ന് പത്രസമ്മേളനത്തിൽ പരസ്യമായി ഉന്നയിക്കുകയും അതിന് ശേഷം രേഖകളോടെ കോപ്പികൾ പത്ര പ്രവർത്തകർക്ക് നല്കുകയും ചെയ്ത ആരോപണം. രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഈ സ്വർണ വ്യവസായി നടത്തിയിട്ടുണ്ട് എന്നാണ് വി എസ് പറഞ്ഞത്.

ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി തെളിവ് സഹിതം ആഭ്യന്തര വകുപ്പിന് ഒരു വ്യക്തി പരാതി നല്കുകയും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതാണ്. എന്നാൽ സർക്കാരിൽ സ്വാധീനം ചെലുത്തി ആ കേസ് ചെമ്മണ്ണൂർ മുക്കിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ ആ കേസിന്റെ ഫയൽ പോലും കാണാനില്ല എന്ന മറുപടിയാണത്രേ ലഭിച്ചത്. രണ്ടായിരം കോടി രൂപയുടെതെന്ന് ആരോപിക്കപ്പെടുന്ന ഈ അഴിമതി വാർത്ത എല്ലാ മാദ്ധ്യമ സിംഹങ്ങളും ഒന്നിച്ച് ചേർന്നാണ് മുക്കിയത്. അഴിമതിക്കെതിരെ അലമുറയിട്ട് ബ്രേക്കിങ് ന്യൂസുകളും എക്‌സ്‌ക്ലൂസീവുകളും തയ്യാറാക്കാറുള്ള ഒരു ചാനലുകാരനും ഈ വാർത്ത കൊടുത്തില്ല. വി എസ്സിന്റെ പത്രസമ്മേളനം ലൈവായികാണിച്ചുകൊണ്ടിരുന്ന മാദ്ധ്യമങ്ങൾ വിഷയം ചെമ്മണ്ണൂരിലേക്ക് എത്തിയപ്പോൾ ലൈവ് കവറേജ് കട്ട് ചെയ്തു കളഞ്ഞു.

നോക്കൂ നിങ്ങൾ.. നാല് കാശിന്റെ പരസ്യം തരുന്നവന്റെ ചെരുപ്പ് നക്കുന്ന മാദ്ധ്യമ ധാർമികത. ഇവരൊക്കെത്തന്നെയാണ് രാത്രി ഒമ്പത് മണിക്ക് ന്യൂസ് റൂമിൽ ടയ്യും കെട്ടി അഴിമതിക്കെതിരെ കാറുകയും കുരയ്ക്കുകയും ചെയ്യാറുള്ളത്. സ്വന്തം പാർട്ടി നേതാവ് ഉന്നയിച്ച ആരോപണത്തെ കൈരളിയും ദേശാഭിമാനിയും പോലും എങ്ങിനെ മുക്കിയെന്നറിയുമ്പോഴാണ് കോടികളുടെ പ്രാഞ്ചിപ്പരസ്യങ്ങൾ നമ്മുടെ മാദ്ധ്യമങ്ങളെ വിലക്കെടുക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന രസതന്ത്രം ബോധ്യമാവുക. അഞ്ചാം പേജിൽ ആരുടേയും ശ്രദ്ധ പതിയാത്ത രൂപത്തിൽ മറ്റൊരു വാർത്തയുടെ കൂടെ ഒരു വഴിപാട് റിപ്പോർട്ട് കൊടുത്താണ് ദേശാഭിമാനി പ്രാഞ്ചിയേട്ടനോട് ഐക്യപ്പെട്ടത്.

കൈരളി അങ്ങനെയൊരു വാർത്ത കണ്ടതായിപ്പോലും നടിച്ചില്ല. 'സ്റ്റാന്റ് എലോൺ' എന്ന് അവകാശപ്പെടാറുള്ള ചാനൽ പുലികളും ചെമ്മണ്ണൂരിന്റെ പരസ്യത്തിന് മുന്നിൽ തല ചൊറിഞ്ഞു നിന്നു സല്യൂട്ട് ചെയ്തു. മറുനാടൻ മലയാളി, ന്യൂസ് മൊമന്റ്‌സ് തുടങ്ങിയ ഏതാനും വെബ് പോർട്ടലുകൾ മാത്രമാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലെങ്കിലും പുറത്ത് വിട്ടത്. അവർ കൂടി ഇല്ലായിരുന്നുവെങ്കിൽ ഇത്തരമൊരു വൻ ആരോപണം പുറം ലോകം അറിയുമായിരുന്നില്ല. സാമൂഹ്യ മാദ്ധ്യമങ്ങളുടെ പ്രസക്തി പേർത്തും പേർത്തും ബോധ്യമാകുന്നത് ഇത്തരം അവസരങ്ങളിലൂടെ കടന്ന് പോകുമ്പോൾ കൂടിയാണ് എന്ന് നാം ഓർക്കണം.

ഈ ആരോപണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്കറിയില്ല. അന്വേഷണം നടന്നാലേ കാര്യങ്ങൾ വ്യക്തമാകൂ.. വായ്പാ സ്ഥാപനങ്ങളുടെ മറവിൽ റിസർവ് ബാങ്കിന്റെയും സെബിയുടെയും നിയമങ്ങളെ മറികടന്ന് കൊണ്ട് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുണ്ട് എന്നാണ് ആരോപണം. വളരെ ഉത്തരവാദിത്വ ബോധത്തോടെ ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് രേഖാമൂലം ഉന്നയിച്ച ആരോപണം ഒരു വാർത്തയാണ്. ആരോപണം തെറ്റോ ശരിയോ ആവട്ടെ, ആ വാർത്ത സംപ്രേഷണം ചെയ്യേണ്ട ഉത്തരവാദിത്വം മാദ്ധ്യമങ്ങൾക്കുണ്ട്. ആരോപണ വാർത്ത കൊടുക്കുന്നതോടൊപ്പം തന്നെ ആരോപിതനായ വ്യക്തിക്ക് പറയാനുള്ളതും കൊടുക്കണം. അതാണ് മാദ്ധ്യമ ധർമം. എന്നാൽ അഴിമതി വാർത്ത പാടെ മുക്കിയ മാദ്ധ്യമങ്ങൾ ചെമ്മണ്ണൂർ മുതലാളിയുടെ വിശദീകരണ പ്രസ്താവന മാത്രം പ്രസിദ്ധീകരിച്ചു എന്നതാണ് ഈ എപ്പിസോഡിലെ ഏറ്റവും വലിയ തമാശ. മുതലാളി പറഞ്ഞാൽ എന്തും കൊടുക്കും, മുതലാളിക്കെതിരെ ഒന്നും കൊടുക്കില്ല എന്ന നിലപാട്.. ഇതിനെ നാം ഫോർത്ത് എസ്റ്റേറ്റ് എന്നാണോ അതോ ഊമ്പൻ എസ്റ്റേറ്റ് എന്നാണോ വിളിക്കേണ്ടത്.

ചെമ്മണ്ണൂർ സ്ഥാപനങ്ങൾക്കെതിരെ ആദ്യമായല്ല ഇത്തരം ആരോപണങ്ങൾ വരുന്നത്. അമിതപ്പലിശ ഈടാക്കിയതിന്റെ പേരിൽ ഓപറേഷൻ കുബേരയിലും ചെമ്മണ്ണൂർ സ്ഥാപനങ്ങൾക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പന്ത്രണ്ടര സെന്റ് ഭൂമി പണയം നല്കി കോഴിക്കോട്ടെ ചെമ്മണ്ണൂർ സ്ഥാപനത്തിൽ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയ വ്യക്തിയാണ് അന്ന് കേസ് കൊടുത്തത്. രണ്ടായിരത്തി അഞ്ഞൂറ് രൂപ മാസപലിശപ്രകാരം മൂന്നര ലക്ഷത്തോളം രൂപ തിരിച്ചടച്ച വ്യക്തിയിൽ നിന്നും ആധാരം തിരികെ ലഭിക്കാൻ വീണ്ടും മുക്കാൽ ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി ജ്യോതീന്ദ്രൻ എന്ന വ്യക്തി കേസ് കൊടുത്തതെന്നാണ് അന്ന് വന്നിരുന്ന റിപ്പോർട്ടുകൾ.. ആ കേസിന്റെ അവസ്ഥ എന്തായി എന്നറിയില്ല.ഏതെങ്കിലും മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ ഫോളോ അപ്പ് നടത്തിയിട്ടുണ്ടോ എന്നുമറിയില്ല.

ബോബി ചെമ്മണ്ണൂർ ഒരു കൂട്ടയോട്ടം നടത്തിയപ്പോൾ ഒ ബി വാനുകളുമായി അതിന്റെ പിറകേയോടി ജൂവലറി മുതലാളിയുടെ ഇമേജുയർത്താൻ ലൈവ് കവറേജുകൾ കൊണ്ട് വാർത്താ സ്ലോട്ടുകൾ കുത്തിനിറച്ച മാദ്ധ്യമങ്ങളാണ് നമ്മുടേത്. വാങ്ങുന്ന കാശിന് വാലാട്ടുന്നതിന്റെ ഭാഗമാണ് ആ റിപ്പോർട്ടുകളെന്ന് മനസ്സിലാക്കാം. എന്നാൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരാരോപണം വാർത്തയാക്കുന്നതിൽ വാലാട്ടൽ കാണിക്കേണ്ടതിന്റെ ആവശ്യമെന്ത്?. മുതലാളി ചെമ്മണ്ണൂരോ മലബാർ ഗോൾഡോ ആരുമാകട്ടെ, വാർത്ത വാർത്തയായും പരസ്യം പരസ്യമായും മുന്നോട്ട് പോകുമെന്ന് പറയാനുള്ള ആർജ്ജവമുണ്ടാകുമ്പോഴാണ് മാദ്ധ്യമങ്ങളുടെ നേരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുക.

പരസ്യം തരുന്നവരോട് അല്പം ബഹുമാനവും കടപ്പാടും സ്വാഭാവികമാണ്. പക്ഷേ ആ കടപ്പാടിനും ബഹുമാനത്തിനും ഒരു ലക്ഷ്മണ രേഖയുണ്ടാകണം. സമൂഹത്തിന് അറിയാനുള്ള അവകാശമുള്ള ഒരു സുപ്രധാന വാർത്തയെ പാടേ തിരസ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ ബഹുമാനവും കടപ്പാടും മാറുമ്പോൾ മാദ്ധ്യമ ധർമത്തിന്റെ അടിവേരുകളിലാണ് കത്തി വീഴുന്നത് എന്നോർക്കണം.