- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മാണി തുറക്കുന്ന വാതിലുകൾ; മാണിക്കുവേണ്ടിയും
അടുത്തിടെ കേരള രാഷ്ട്രീയത്തിൽ ഏറെ വാർത്താപ്രാധാന്യം സൃഷ്ട്ടിച്ചു, കേരളാകോൺഗ്രസ് മാണി വിഭാഗം ചരൽക്കുന്നിൽ നടത്തിയ ദ്വിദിനക്യാമ്പ് ഇന്നലെ പൂർത്തിയായി. ഏവരും പ്രതീക്ഷിച്ചതുപോലെ, ജോസ് കെ മാണി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയമനുസരിച്ചു കേരളാ കോൺഗ്രസ് മാണി വിഭാഗം ഇനിമുതൽ നിയമസഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ആയി നിലകൊള്ളും. 'സമദൂര'മെന്ന ഭാഷ്യമാണ് കെ എം മാണി എന്ന അതീവ തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ ഈ നിലപാടിന് നല്കുന്നതെങ്കിലും മറ്റു സമദൂരസിദ്ധാന്തങ്ങൾ പോലെയാകുമോ ഇതെന്നും കാത്തിരുന്ന് കാണേണ്ടി വരും. ഭരണമാറ്റം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും, മൂന്നു ദശകങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ രാഷ്ട്രീയനീക്കമാണ് മാണിഗ്രൂപ്പ് നടത്തിയത് എന്നതിൽ സംശയമില്ല. കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പ്, ആർഎസ്‌പി, എസ്‌ജെഡി, ജെഎസ്എസ് പോലുള്ള ചെറുകക്ഷികളുടെ മുന്നണിമാറ്റം പോലെ, ഇത് അവഗണിക്കാവുന്നതല്ല. മധ്യ കേരളത്തിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ കൂടുതൽ ദൂരവ്യാപകഫലങ്ങളുണ്ടാക്കുവാൻ മാണിഗ്രൂപ്പിനു കഴിയുമെന്
അടുത്തിടെ കേരള രാഷ്ട്രീയത്തിൽ ഏറെ വാർത്താപ്രാധാന്യം സൃഷ്ട്ടിച്ചു, കേരളാകോൺഗ്രസ് മാണി വിഭാഗം ചരൽക്കുന്നിൽ നടത്തിയ ദ്വിദിനക്യാമ്പ് ഇന്നലെ പൂർത്തിയായി. ഏവരും പ്രതീക്ഷിച്ചതുപോലെ, ജോസ് കെ മാണി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയമനുസരിച്ചു കേരളാ കോൺഗ്രസ് മാണി വിഭാഗം ഇനിമുതൽ നിയമസഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ആയി നിലകൊള്ളും. 'സമദൂര'മെന്ന ഭാഷ്യമാണ് കെ എം മാണി എന്ന അതീവ തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ ഈ നിലപാടിന് നല്കുന്നതെങ്കിലും മറ്റു സമദൂരസിദ്ധാന്തങ്ങൾ പോലെയാകുമോ ഇതെന്നും കാത്തിരുന്ന് കാണേണ്ടി വരും. ഭരണമാറ്റം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും, മൂന്നു ദശകങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ രാഷ്ട്രീയനീക്കമാണ് മാണിഗ്രൂപ്പ് നടത്തിയത് എന്നതിൽ സംശയമില്ല. കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പ്, ആർഎസ്‌പി, എസ്‌ജെഡി, ജെഎസ്എസ് പോലുള്ള ചെറുകക്ഷികളുടെ മുന്നണിമാറ്റം പോലെ, ഇത് അവഗണിക്കാവുന്നതല്ല. മധ്യ കേരളത്തിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ കൂടുതൽ ദൂരവ്യാപകഫലങ്ങളുണ്ടാക്കുവാൻ മാണിഗ്രൂപ്പിനു കഴിയുമെന്നതുതന്നെ കാരണം.
പലപ്പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും നിലനില്പും വിജയപരാജയങ്ങളും നിർണയിക്കുന്നത് അവർക്കു മുന്പിലെത്തുന്ന സാധ്യതകളും സാഹചര്യങ്ങളുമാണ്. കേരളാ കോൺഗ്രസ് മാണിഗ്രൂപിന്റെ മുന്നണി വിടാനുള്ള തീരുമാനം, മാണിഗ്രൂപ്പിനു മാത്രമല്ല മൂന്നു മുന്നണികൾക്കും നിരവധി സാധ്യതകളുള്ള ഒരു രാഷ്ട്രീയ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. സാധ്യതകളും സാഹചര്യങ്ങളും ആപേക്ഷികമാണ് എന്ന സാമാന്യതത്വം മുന്നിൽവച്ചുവേണം ഈ പുത്തൻ സംഭവവികാസത്തെ ഏറെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ശരാശരി മലയാളി മനസിലാക്കാൻ എന്നുമാത്രം.
കേരളാ കോൺഗ്രസ് മാണിവിഭാഗം ഇനിയെങ്ങോട്ട്?
ഏറ്റവും കൗശലം നിറഞ്ഞ ഒരു രാഷ്ട്രീയ തീരുമാനമാണ് മാണി വിഭാഗം എടുത്തിരിക്കുന്നത്. ഇനി പന്ത് മുന്നണികളുടെ കോർട്ടിലാണ്. അവരാണ് അടുത്ത നീക്കങ്ങൾ തുടങ്ങേണ്ടത്. എല്ലാത്തരത്തിലും നേട്ടങ്ങൾ മാത്രം കിട്ടുന്ന ഒരു കാഴ്ചക്കാരന്റെ റോളിലേക്ക് പാർട്ടിക്ക് കുറച്ചുനാളത്തേക്കെങ്കിലും മാറുകയുമാവാം.
മികച്ചരീതിയിലുള്ള ഗൃഹപാഠമാണ് മാണിഗ്രൂപ്പ് ചെയ്തത്. ആദ്യം തന്നെ ചരൽക്കുന്നു ക്യാംപിനു ആവശ്യത്തിലധികം മാദ്ധ്യമശ്രദ്ധ നേടിയെടുക്കുവാൻ മാണിയുടെയും മറ്റു നേതാക്കന്മാരുടെയും പ്രസ്താവനകൾക്ക് കഴിഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികളില്‌നിന്നും വിഭിന്നമായി താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായശേഖരണം നടത്തി. മുന്നണി വിടുന്നത് സംബന്ധിച്ച കാരണങ്ങൾ പാർട്ടി പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതിലും ഏറെക്കുറെ വിജയിച്ചു. യുഡിഎഫ് മുന്നണിയിൽ കോൺഗ്രസ്, പ്രത്യേകിച്ച് രമേശ് ചെന്നിത്തല ചതിച്ചു എന്ന ആരോപണതുല്യമായ വിലാപം പൊതുസമൂഹവും മുഖവിലയ്ക്കെടുത്തേക്കാം. (മാണിസാർ പൊതുജനങ്ങളെയും ഭരണഘടനയെയും ചതിച്ചോ എന്ന ചോദ്യം തൽക്കാലത്തേക്ക് മാറിനിന്നേക്കാം). കേരളാകോൺഗ്രസിലെ കുട്ടിനേതാക്കളുടെയും പ്രവർത്തകരുടെയും കഴിഞ്ഞ ഒരു മാസമായുള്ള സോഷ്യൽ മീഡിയയിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾ ഇത് ശരി വയ്ക്കുന്നതാണ് . കോൺഗ്രസ്സിലെയും യുഡിഎഫിലേയും ഒരു വിഭാഗം, സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ടാക്രമിച്ചപ്പോൾ കേരളാകോൺഗ്രസ് സൈബർ പോരാളികൾ (ഗുണ്ടകൾ എന്നും പറയാം) നടത്തിയ കടുത്ത പ്രത്യാക്രമണവും ഈയൊരു നിരീക്ഷണത്തിനു ഉപോൽബലകമാവുന്നു. പാർട്ടിയിലെ മറ്റുമുതിർന്ന നേതാക്കളെയും കൂടെ നിർത്തുന്നതിൽ മാണി ഏറെ വിജയിച്ചു. യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായേക്കാവുന്ന അവസാനനിമിഷ അനുരഞ്ജനചർച്ചകൾ ഫലമാണിയാതിരിക്കാൻ മാണിസാർ വളരെ വിദഗ്ദമായി ധ്യാനത്തിനു പോയി, ഒരുപറ്റം കുഞ്ഞാടുകളുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്തു.
ഏതൊരു രാഷ്ട്രീയ നേതാവും തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനദശയിൽ ആഗ്രഹിക്കുക തന്റെ പ്രസ്ഥാനവും തനിക്കു പ്രിയമുള്ളവരും സുരക്ഷിതമായ ഒരു രാഷ്ട്രീയ പരിസ്ഥിതിയിൽ എത്തുക എന്നതാണ് . ഒരു പക്ഷെ ഇവിടെ പ്രസ്ഥാനത്തേക്കാളും പ്രിയപ്പെട്ട ഏകമകന്റെ രാഷ്ട്രീയഭാവിയെക്കുറിച്ചും മാണിസാറിനുള്ള കരുതൽ ഈ നിർണായക തീരുമാനത്തിനു കരണമായില്ലേ എന്ന് സാമാന്യബോധമുള്ള ആർക്കും ചിന്തിക്കാവുന്നതാണ്. ഈ ആഗ്രഹങ്ങൾ പൂവണിയുക മുന്നണികൾ തുറക്കുന്ന അവസരങ്ങളും അവ ഉപയോഗിക്കാനുള്ള മാണിയുടെയും കൂട്ടരുടെയും കഴിവുമനുസരിച്ചാണ്. റബ്ബർ പോലെ വലിയുന്ന അധ്വാനവർഗ സിദ്ധാന്തം കൈമുതലായുള്ള ഒരു രാഷ്ട്രീയപാർട്ടിക്ക് അതിനൊക്കെ കഴിയുമെന്നുതന്നെ കരുതണം. ഇനി ഇലക്ഷന് മൂന്നു വർഷങ്ങൾ കൂടിയുണ്ട് . ദേശീയതലത്തിലെ കോൺഗ്രസിന്റെയും ബിജെപിയുടെയും സാദ്ധ്യതകൾ, 2017 -ൽ നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് ഇലക്ഷനുകളോടെ വ്യക്തവുമാകും. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങൾ കണ്ടെത്തി നടപ്പിലാക്കാം. ചുരുക്കിപ്പറഞ്ഞാൽ നഷ്ടപ്പെടുവാൻ ഒന്നുമില്ല, നേടുവാനേറെയും.
എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ സാദ്ധ്യതകൾ
എൽഡിഎഫിൽ ചേർക്കുന്നത് സംബന്ധിച്ച് പന്ന്യൻ രവീന്ദ്രൻ സിപിഐയുടെ എതിർപ്പ് തുറന്നു പറഞ്ഞെങ്കിലും സിപിഐ (എം) തുറന്ന സമീപനമാണ് കാണിക്കുന്നത്. മാണി വിഭാഗം ബിജെപിയിൽ ചേരുന്നത് ആത്മഹത്യാപരമായിരിക്കും എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനതന്നെ ഇത് വ്യക്തമാക്കുന്നു. മാണി ഗ്രൂപ്പ് വന്നാൽ എൽഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിനും പലതുണ്ട് നേട്ടങ്ങൾ. അഞ്ചുവർഷം കഴിയുമ്പോൾ മധ്യകേരളത്തിൽ മേൽക്കൈ നേടി ഒരു പക്ഷെ ഭരണത്തുടർച്ചയെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം. നിരവധി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ എൽഡിഎഫിന് ഭരണം പിടിക്കാം. അടുത്ത ലോക്‌സഭാ ഇലക്ഷനിൽ കൂടുതൽ സീറ്റുകൾ പിടിച്ചു ദേശീയപാർട്ടിസ്ഥാനം നിലനിർത്താം. വേണ്ടിവന്നാൽ എൽഡിഎഫ് മുന്നണിയിൽ സിപിഐയെ ഒതുക്കുകയുമാവാം.
മാണിയെ സംബന്ധിച്ചിടത്തോളം, സാവധാനം എൽഡിഎഫിൽ ചേർന്ന് വേണമെങ്കിൽ മന്ത്രിയുമാകാം. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോട്ടയം മണ്ഡലത്തിന് പുറമെ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളും ന്യായമായും ആവശ്യപ്പെടാം. ഈ മണ്ഡലങ്ങളിലൊന്നിലും ഇപ്പോഴത്തെ എൽഡിഎഫ് സംവിധാനത്തിന് വിജയസാധ്യത ഇല്ലാത്തതിനാൽ സിപിഐ(എം) വഴങ്ങുകയും ചെയ്‌തേക്കാം. ചുരുക്കം പറഞ്ഞാൽ 2 - 3 എംപിമാരെ വേണമെങ്കിൽ ജയിപ്പിക്കാം. തിരിച്ചു സിപിഎമ്മിന് ചാലക്കുടി, എറണാകുളം (പരിധിയുണ്ടെങ്കിലും), മാവേലിക്കര മണ്ഡലങ്ങളിലും, വടക്കുള്ള ചില കുടിയേറ്റ മേഖലകൾ ഉൾപ്പെടുന്ന വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിലും വിജയിക്കാം. ഇങ്ങനെ ശക്തി തെളിയിച്ചു, വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് കൂടി ഉറപ്പിക്കാനും വലിയ ബുദ്ധിമുട്ടു വരില്ല . 2020 ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മധ്യകേരളം പിടിക്കാം. പിന്നെ സ്വാഭാവികമായും 2021 - ലെ നിയമസഭാതിരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകളിൽ മൽസരിച്ചു വിജയിക്കാം. ഒപ്പം പൊങ്ങിവരുന്ന ബാർകോഴക്കേസിൽ എൽഡിഎഫ് ഗവൺമെന്റ് രക്ഷിക്കുകയും ചെയ്യും.
ഇവിടെ രണ്ടു പ്രധാനപ്രശ്‌നങ്ങളാണ് ഉയരുന്നത് . അതായത് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം മാണിഗ്രൂപ്പിന്റെ വിശ്വാസ്യതയും, മാണിയെ സംബന്ധിച്ചിടത്തോളം ജോസ് കെ മാണിയെ സംസ്ഥാനരാഷ്ട്രീയത്തിൽ വിജയകരമായി പരീക്ഷിക്കുന്നതിനുള്ള സന്ദേഹവും.
ബിജെപി- എൻഡിഎ തുറക്കുന്ന വഴികൾ
ബിജെഡിഎസുമായി ചേർന്ന് അത്ര വിജയിക്കാത്ത രാഷ്ട്രീയ സഖ്യമുണ്ടാക്കിയ ബിജെപി യെ സംബന്ധിച്ചിടത്തോളം മാണിഗ്രൂപ്പുമായുള്ള സഖ്യം വലിയ തിരഞ്ഞെടുപ്പുനേട്ടങ്ങൾ നൽകിയേക്കാം. നിരവധി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒറ്റയടിക്ക് എൻഡിഎ ഭരണത്തിലാകും. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും നാലു സീറ്റുകൾ വരെ കൈപ്പിടിയിലൊതുക്കാം. അതായതു തിരുവനന്തപുരത്തു ഒറ്റയ്ക്ക് ജയിക്കാം. കോട്ടയത്തും ഇടുക്കിയിലും മാണിഗ്രൂപ്പ് സ്ഥാനാർത്ഥികളെ നിർത്തി 2004 ലെ മുവാറ്റുപുഴ മോഡൽ അട്ടിമറി നടത്താം . പിന്നെ അൽഫോൻസ് കണ്ണന്താനത്തെ പത്തനംതിട്ടയിലും ഒന്നുത്സാഹിച്ചാൽ ജയിപ്പിച്ചെടുക്കാം. തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി, കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി കേരളത്തിൽ രാഷ്ട്രീയവേരോട്ടം ശക്തമാക്കാം.
പക്ഷെ ഇവിടെ വെല്ലുവിളികൾ ഏറെയാണ്. ജോസ് കെ മാണിക്ക് കേന്ദ്രസഹമന്ത്രിപദം ലഭിക്കുമെങ്കിലും പി സി തോമസിനെപ്പോലെ (അന്ന് 2004 -ൽ) ജനപിന്തുണയുള്ള നേതാവായി മാറാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന സംശയം, അതുപോലെ പരമ്പരാഗത വോട്ട് ബാങ്കായ ക്രിസ്ത്യാനികളുടെ എതിർപ്പ്, ഇവയെല്ലാം കണ്ടു പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നേക്കാവുന്ന വിമത നീക്കങ്ങൾ, അങ്ങനെ പലതും. എന്നിരുന്നാലും, ജോസ് കെ മാണിയിലൂടെ തങ്ങൾക്കു ഒരു കേന്ദ്ര മന്ത്രിയെ സ്വപ്നം കാണുന്ന ക്രിസ്ത്യാനികളും ക്രിസ്തീയസഭാനേതാക്കളും ഉണ്ടെന്നതും ഒരു നഗ്‌നസത്യം തന്നെയാണ് . ബിജെപിയെ സംബന്ധിച്ചിടത്തോളം കള്ളനെന്നു ഒരുനാൾ തങ്ങൾ തന്നെ വിളിച്ച മാണിയെ കൂടാരത്തിൽ കയറ്റി സൽക്കരിക്കേണ്ടിവരുന്ന ജാള്യതയുണ്ടാകാം. പക്ഷേ അതൊന്നും സ്ഥിരശത്രുക്കളും മിത്രങ്ങളുമില്ലാത്ത നമ്മുടെ രാഷ്ട്രീയഭൂമികയിൽ ഒരു പ്രശ്‌നമാകാനിടയില്ല.
യുഡിഎഫിന് മുമ്പിലെ വെല്ലുവിളികൾ
കോൺഗ്രസിലെ ചില ഞാഞ്ഞൂൽ ടൈപ്പ് നേതാക്കളും ജനപിന്തുണയില്ലാത്ത സ്ഥിരം മത്സരാർത്ഥികളും എന്നും നിരാശരാകാൻ വിധിക്കപ്പെട്ട സ്ഥാനാർത്ഥിമോഹികളും 'മാണി പോയാലും പുല്ലാണ് ' എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ മാണിയുടെ തീരുമാനം യുഡിഎഫിന് ഒരേസമയം വെല്ലുവിളിയും നേട്ടവുമാണ്. ഡിഐസി രൂപീകരിച്ചു കരുണാകരൻ കോൺഗ്രസ് വിട്ടുപോയതിലുമുള്ള പ്രതിസന്ധിയാണ് ഇന്ന് കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ നേരിടുന്നത്. കരുണാകരന്റെ സ്വാധീനം ശക്തമെങ്കിലും കേരളത്തിലെമ്പാടും പലസ്ഥലങ്ങളിലായി ചിതറിയനിലയിലായിരുന്നു. എന്നാൽ കേരളാകോൺഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനം മദ്ധ്യകേരളത്തിൽ വളരെ കേന്ദ്രീകൃതമാണ്. മാണിയില്ലാത്ത യുഡിഎഫ്, വരുന്ന തിരഞ്ഞെടുപ്പുകളിൽ മധ്യകേരളത്തിലെ ഉറച്ച പാർലമെന്റ്-നിയമസഭാ സീറ്റുകൾ നഷ്ടപ്പെട്ട് കനത്ത തിരിച്ചടി നേരിട്ടേക്കാം. എല്ലാവരും ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരുമല്ലല്ലോ . നിരവധി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഭരണവും നഷ്ടപ്പെടാം. ഇത് മനസ്സിലാക്കി മുതിർന്ന കോൺഗ്രസ്- മുസ്ലിം ലീഗ് നേതാക്കൾ വളരെ സൂക്ഷ്മതയോടെ മാണിയെ വ്യക്തിഗതമായി വെറുപ്പിക്കാതെയാണ് പ്രതികരിച്ചത്.
പക്ഷെ മാണി പോകുന്നതുവഴി, മധ്യകേരളത്തിൽ മുരടിച്ചുപോയ ചില കോൺഗ്രസ് നേതാക്കൾക്ക് വലിയ അവസരങ്ങൾ കിട്ടിയേക്കാം. പക്ഷെ അവരുടെ വിജയ സാധ്യതയും മാണി ഗ്രൂപ്പിന്റെ രാഷ്ട്രീയ നിലപാടുകളെ ആശ്രയിച്ചായിരിക്കും. മാണി എൽഡിഎഫിൽ ചേർന്നാൽ ധാരാളം സീറ്റുകൾ കോൺഗ്രെസ്സുകാർക്കു യുഡിഎഫ് ബാനറിൽ മത്സരിക്കാൻ കിട്ടുമെന്നല്ലാതെ വിജയിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ മദ്ധ്യകേരളത്തിലെ കോൺഗ്രസുകാർ, മാണിവിഭാഗം പൂർണമായും യു ഡി എഫ് വിടുകയാണെങ്കിൽ ബിജെപിക്കൊപ്പം ചേരണമേ എന്ന് പ്രാർത്ഥിക്കുന്നവരാണ്.
മറ്റൊന്ന് മാണിവിഭാഗം യുഡിഎഫുമായി അനുരഞ്ജനപ്പെടുവാനുള്ള സാധ്യതയാണ്. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിഗ്രൂപ്പിനെ മയപ്പെടുത്തി കൂടെകൂട്ടുവാൻ പരമാവധി ശ്രമിക്കുമെന്നും തീർച്ച. ഒരു പക്ഷെ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടലുമുണ്ടാകാം. അധികാരമില്ലാതെ കോൺഗ്രസിനും മുസ്ലിം ലീഗിനും (ആർക്കും) കേരളരാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ വയ്യ എന്ന യാത്ഥാർഥ്യവും അനുരഞ്ജനശ്രമങ്ങൾക്കു ആക്കം കൂട്ടാം. പക്ഷേ മാണി കൂടുതൽ ശക്തമായ ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ്, യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ മാറ്റുന്നത് അങ്ങനെ പലതും. അവയ്ക്കൊക്കെ വഴങ്ങുന്നതു കോൺഗ്രസിനെ ദുർബലപ്പെടുത്തുകയേയുള്ളൂ എന്നതും തീർച്ച.
മറ്റൊന്ന് ഈ സംഭവവികാസങ്ങൾ കോൺഗ്രസ്സിലെയും യുഡിഎഫിലെയും പ്രതിസന്ധികളിലേക്കും വെളിച്ചം വീശുന്നുണ്ട്. മുസ്ലിം ലീഗും രമേശ് ചെന്നിത്തലയും തമ്മിലുള്ള രസതന്ത്രബന്ധം അത്ര ദൃഢതരമല്ല എന്നതും എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ മുസ്ലിംലീഗും വളരെ തന്ത്രപരമായ ഒരു രാഷ്ട്രീയ നിശബ്ദത പാലിക്കുന്നില്ലേ എന്നും സംശയിക്കുന്നതിൽ തെറ്റില്ല. ഇത്തരം ഘടകങ്ങൾ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രിപദസ്വപ്നങ്ങൾ പൂവണിയിച്ചേക്കില്ല. ഗ്രൂപ്പുകളി മൂലവും അല്ലാതെയും കോൺഗ്രസ് തകർന്നില്ലെങ്കിൽ വി എം സുധീരൻ, കെ മുരളീധരൻ, വിഡി സതീശൻ എന്നവർക്കാർക്കെങ്കിലുമൊക്കെ ഭാവിയിൽ മുഖ്യമന്ത്രി ആകാൻ അവസരം ലഭിച്ചേക്കാം. അല്ലെങ്കിൽ രാഹുൽ ഗാന്ധി കൊണ്ടുവരുന്ന തലമുറമാറ്റത്തിൽ രമേഷ്ജിയും മറ്റുള്ളവരും അപ്രസക്തരാകാം.
ചുരുക്കത്തിൽ ഇപ്പോഴത്തെ പ്രതിസന്ധി കലങ്ങിത്തെളിയണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷമെങ്കിലും എടുക്കുമെന്ന് സാരം. എന്നാൽ അവസരങ്ങളുടെയും സാധ്യതകളുടെയും രാഷ്ട്രീയം കേരളത്തിലെ എല്ലാ മുന്നണികൾക്കുമായി തുറക്കുകയാണ്. മുന്നോട്ടുള്ള ഇതിന്റെ ഗതിവിഗതികൾ സാമാന്യം രാഷ്ട്രീയബോധമുള്ള ഏതൊരു മലയാളിക്കും കൂടുതൽ രസകരവുമാകുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം രാഷ്ട്രീയവാർത്തകൾ വിനോദോപാധികളായി രൂപാന്തരപ്പെടുന്നതും.
വാൽക്കഷണം: ലോക ഫ്രണ്ട്ഷിപ്ദിനത്തിൽ കെഎം മാണി യുഡിഎഫിനെ അൺഫ്രണ്ട് ചെയ്തതു ശരിയായില്ല എന്ന അഭിപ്രായമാണ്, ഒത്തിരി അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും അഭിപ്രായ ഐക്യത്തോടെ സോഷ്യൽ മീഡിയയിൽ പ്രതിധ്വനിക്കുന്നത്.
(ലേഖകൻ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.)