മൂന്നു ബിജെപി മന്ത്രിമാരെ (വസുന്ധര രാജെ, ശിവരാജ് ചൗഹാൻ, സുഷമ സ്വരാജ്) പുറത്താക്കിയിട്ടെ ചർച്ചക്ക് പോലും തയ്യാറുള്ളൂ എന്ന ആവശ്യവുമായി തുടർച്ചയായി പാർലമെന്റ് സ്തംഭിച്ച 25 കോൺഗ്രസ്സ് സാമാജികരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണല്ലോ. അതിൽ നമ്മുടെ കേരളത്തിൽ നിന്നുള്ള 4 എംപിമാരും ഉൾപ്പെടും.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഭിക്ഷമായി ജീവിക്കുന്ന ഇവർ വർഷത്തിൽ കുറച്ചു ദിവസം മാത്രം പാർലമെന്റ് സമ്മേളിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന ചർച്ചകളൊന്നും നടത്താതെ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത ഒരാവശ്യത്തിന് വേണ്ടി (ഈ 44 പേര് ഒച്ചയിട്ടാൽ ബിജെപിയുടെ രണ്ട് മുഖ്യമന്ത്രിയും ഒരു കേന്ദ്ര മന്ത്രിയും നിന്നനിൽപ്പിൽ രാജിവക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കേരള നിയമസഭയിൽ 70 പേര് കൂക്കി വിളിച്ചിട്ടും മാണി സാറിന്റെ ഒരു രോമത്തിൽ തൊടാൻ കഴിഞ്ഞില്ല പിന്നെയാ..) പാർലമെന്റിന് മുന്നിൽ കുത്തിയിരിക്കുമ്പോൾ അതിന് നമ്മൾ ഓരോരുത്തർക്കും ഉണ്ടാക്കുന്ന ചിലവും അറിയണ്ടേ? അതേക്കുറിച്ചാണ് ഈ ലേഖനം.

മാസാമാസം എണ്ണി വാങ്ങുന്ന ശമ്പളം: 1,30,000 രൂപ

പാർലമെന്റിൽ ഇരുന്ന് ഉറങ്ങിയാലും കൂക്കി വിളിച്ചാലും ഇവറ്റകൾ മാസാമാസം 50,000 രൂപ അടിസ്ഥാന ശമ്പളമായും 45,000 രൂപ അലവൻസായും 30,000 രൂപ സ്വകാര്യ സ്റ്റാഫ് അലവൻസായും, ഇനിയൊരു 15,000 രൂപ സ്റ്റെഷണറി അലവൻസായും കൈപ്പറ്റുന്നു! തീർന്നില്ല, എല്ലാദിവസവും പാർലമെന്റിൽ വന്ന് വെറുതേ ഹാജർ വയ്ക്കുന്നതിന് 2000 രൂപ വീതം ദിവസവുംഎഴുതി വാങ്ങുന്നു; ഇനി അഞ്ചു വർഷത്തിനു ശേഷം റിട്ടയർ ആയാലോ, മാസം 20,000 രൂപ പെൻഷനുമുണ്ട്. അഞ്ചു വർഷത്തിൽ കൂടുതൽ നമ്മെ 'സേവിച്ചാൽ' അധികം 'സേവിച്ച' ഓരോ വർഷത്തിനും 1,500 രൂപാ വച്ച് പെൻഷൻ കൂടുകയും ചെയ്യും കേട്ടോ.

അതായത് ഒരു സാമാജികന് വേണ്ടി ശരാശരി ഒരു ദിവസം ചെലവാകുന്നത് 12,500 രൂപയാണ്(150 ദിവസം പാർലമെന്റ് പ്രവർത്തിച്ചാൽ). യാത്ര ചെലവ്, താമസം, ഭക്ഷണം, മറ്റ് ബത്തകൾ ഇവ കൂട്ടാതെയുള്ള കണക്കാണിത്. അവ വഴിയെ വിസ്തരിക്കാം.

ജനസേവകന്റെ താമസം: കൊട്ടാര സദൃശം..!!

പല എംപിമാരും വിരമിച്ച ശേഷം ബംഗ്ലാവുകൾ വിട്ടു കൊടുക്കാത്ത വാർത്തകൾ നാം കേൾക്കാറുണ്ട്. കേരളത്തിന്റെ സ്വന്തം 'കാറ്റിൽ ക്ലാസ്' എംപി തരൂർ സാർ ലക്ഷക്കണക്കിന് വിലയുള്ള ഹോട്ടലിൽ തങ്ങി ബില്ല് പാർലമെന്റിന് അയച്ചു കൊടുത്തതും വിവാദമായതും ഒർക്കുന്നുണ്ടാകുമല്ലോ. ലോധി എസ്റ്റേറ്റ്, ഔറംഗസേബ് റോഡ്, തുഗ്ലക് ലൈൻ, അക്‌ബർ റോഡ്, ഫിറോസ്ഷാ റോഡ് തുടങ്ങി തലസ്ഥാനത്തെ ഏറ്റവും പൊർഷ് ആയിട്ടുള്ള സ്ഥലങ്ങളിൽ ആണ് എംപി മാരുടെ ബംഗ്ലാവ് ഒരുക്കുന്നത്. ഇനി അവിടെ ബംഗ്ലാവുകൾ ഒഴിവില്ലെങ്കിൽ അശോക ഹോട്ടൽ പോലെയുള്ള  മുന്തിയ ഹോട്ടലുകളിൽ താമസം ഒരുക്കും. മാസവാടകയുടെ 20% മാത്രം ചാർജ്ജ് ഈടാക്കി താമസം തരപ്പെടുത്തണമെന്നാണ് വ്യവസ്ഥ; പക്ഷേ നമ്മുടെ ജനസേവകർ മുഴുവൻ തുകക്കും ബില്ലെഴുതി ബാക്കി തുക കീശയിൽ ആക്കുകയാണ് പതിവ്.

എല്ലാം സൗജന്യം..!!

രാപ്പകൽ അദ്ധ്വാനിക്കുന്ന നമ്മുടെയൊക്കെ നക്കാപ്പിച്ച ശമ്പളത്തിൽ നിന്നും സർക്കാർ ടാക്‌സ് പിടിക്കാറുണ്ട്. എന്നാൽ എംപി മാരുടെ ശമ്പളം ടാക്‌സ് ഫ്രീ ആണ്..!! അതു കൂടാതെ പെട്രോൾ, ടെലഫോൺ ബില്ല് ഇവക്കൊന്നും കാശും കൊടുക്കണ്ട. എന്തിനു പറയുന്നു, എംപി മാർ താമസിക്കുന്ന വീട്ടിലെ കറണ്ട് ബില്ല്, വെള്ളക്കരം, തുണി അലക്കാൻ കൊടുത്താൽ അതിന്റെ ലൗണ്ട്രി ബില്ല് വരെ അടക്കുന്നത് നമ്മളാണ്.

ഓഫീസ് ആവശ്യത്തിന് വേണ്ടി യാത്ര ചെയ്താൽ (അങ്ങിനയേ യാത്ര ചെയ്യാറുള്ളൂ) ബിസിനസ് ക്ലാസ് എയർ ടിക്കറ്റ് ഫ്രീയാണ്. രാജ്യത്തിന്റെ എവിടേക്കും ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റിൽ ഫ്രീയായി യാത്രചെയ്യാം. അതു പോരാഞ്ഞ് കൂടെ അനുഗമിക്കുന്നവർക്ക് വർഷം 34 ഫ്രീ എയർ ടിക്കറ്റും ലഭിക്കും.

ഓരോ എംപി ക്കും മൂന്ന് ടെലഫോൺ ലൈനുകൾ അനുവദിച്ചിട്ടുണ്ട്; ഡൽഹിയിലും സ്വന്തം നിയോജക മണ്ഡലത്തിലുമായി. 3 ജി  സർവീസുള്ള രണ്ട് ഫ്രീ മൊബൈൽ കണക്ഷനും (1,50,000 ഫ്രീ കോളുകൾ) ഇതിനു പുറമേയുണ്ട്. ഓരോ എംപി ക്കും 4,00,000 രൂപയുടെ പലിശ രഹിത വായ്പയും 75,000 രൂപ ഫർണിച്ചർ അലവൻസും പുറമേ ലഭിക്കുന്നു.

നമ്മളുടെ പ്രാദേശിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ജയിപ്പിച്ചു വിടുന്ന ഈ തമ്പ്രാക്കൾ പാർലമെന്റിൽ ഇരുന്ന് ഉറക്കം തൂങ്ങുകയും കൂക്കി വിളിക്കുകയും ചെയ്യുമ്പോൾ ചിന്തിച്ചോളൂ ഇവിടെ തോൽക്കുന്നത് നികുതി കൊടുക്കുന്ന നാം സാധാരണക്കാർ മാത്രം!