- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4000 പേർ റോഡിൽ മരിക്കുന്നു... 1500 പേർ മുങ്ങി മരിക്കുന്നു... 1200 പേർ വീണു മരിക്കുന്നു... 300 പേർ ഷോക്കടിച്ച് മരിക്കുന്നു... 30 പേരെ ആനകുത്തി കൊല്ലുന്നു: യുദ്ധഭൂമിയിലെ മരണ സാധ്യതയെ കടത്തിവെട്ടിയ നമ്മൾ മരിക്കാതിരിക്കാൻ ഈ പത്ത് കാര്യങ്ങൾ ചെയ്യുക: മുരളി തുമ്മാരുകുടി എഴുതുന്നു
പ്രതിദിനം ശരാശരി പതിനൊന്നു പേരാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നത്. എന്നിട്ടുപോലും കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വരാപ്പുഴയും കാസർകോടും ഉണ്ടായ അപകടങ്ങളിൽ നാലാൾ വീതം മരിച്ചത് നമ്മെ വീണ്ടും നടുക്കുകയാണ്. മറ്റുള്ള അപകടങ്ങൾ ഒന്നോ രണ്ടോ പേരെയാണ് കൊല്ലുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികവർത്തകൾക്കപ്പുറം അത് പോകുന്നില്ല. എന്നാൽ അപകടത്തിൽ ഒരാൾ മരിച്ചാലും പത്തു പേർ മരിച്ചാലും ഒരാളെങ്കിലും മരിക്കുന്ന കുടുംബങ്ങൾക്കെല്ലാം ആഘാതം ഒരുപോലെയും, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതുമാണ്. മരിക്കുന്നതിലും എത്രയോ അധികം പേർ പരിക്ക് പറ്റി സ്വയവും കുടുംബത്തെയും ദുരിതത്തിൽ ആഴ്‌ത്തുന്നു. റോഡിൽ മാത്രമല്ല, മലയാളികൾ അപകടത്തിൽ മരിക്കുന്നത്. ആയിരത്തിയഞ്ഞൂറോളം പേർ മുങ്ങിമരിക്കുന്നു, എഴുന്നൂറോളം പേർ ഫ്‌ലാറ്റുപണിക്കിടയിലും മറ്റുമായി ഉയരത്തിൽ നിന്നും വീണുമരിക്കുന്നു, അഞ്ഞൂറോളം പേർ ട്രെയിനിൽ നിന്നു വീണും റെയിൽവേട്രാക്കിലുമൊക്കെയായി മരിക്കുന്നു. മുന്നൂറിൽ താഴെ ആളുകൾ ഷോക്കടിച്ചുമരിക്കുന്നു, മുപ്പതോളം പേർ ആനകുത്തി മരിക്കുന്നു. ഒരുവർഷം അ
പ്രതിദിനം ശരാശരി പതിനൊന്നു പേരാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നത്. എന്നിട്ടുപോലും കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വരാപ്പുഴയും കാസർകോടും ഉണ്ടായ അപകടങ്ങളിൽ നാലാൾ വീതം മരിച്ചത് നമ്മെ വീണ്ടും നടുക്കുകയാണ്. മറ്റുള്ള അപകടങ്ങൾ ഒന്നോ രണ്ടോ പേരെയാണ് കൊല്ലുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികവർത്തകൾക്കപ്പുറം അത് പോകുന്നില്ല. എന്നാൽ അപകടത്തിൽ ഒരാൾ മരിച്ചാലും പത്തു പേർ മരിച്ചാലും ഒരാളെങ്കിലും മരിക്കുന്ന കുടുംബങ്ങൾക്കെല്ലാം ആഘാതം ഒരുപോലെയും, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതുമാണ്. മരിക്കുന്നതിലും എത്രയോ അധികം പേർ പരിക്ക് പറ്റി സ്വയവും കുടുംബത്തെയും ദുരിതത്തിൽ ആഴ്‌ത്തുന്നു.
റോഡിൽ മാത്രമല്ല, മലയാളികൾ അപകടത്തിൽ മരിക്കുന്നത്. ആയിരത്തിയഞ്ഞൂറോളം പേർ മുങ്ങിമരിക്കുന്നു, എഴുന്നൂറോളം പേർ ഫ്‌ലാറ്റുപണിക്കിടയിലും മറ്റുമായി ഉയരത്തിൽ നിന്നും വീണുമരിക്കുന്നു, അഞ്ഞൂറോളം പേർ ട്രെയിനിൽ നിന്നു വീണും റെയിൽവേട്രാക്കിലുമൊക്കെയായി മരിക്കുന്നു. മുന്നൂറിൽ താഴെ ആളുകൾ ഷോക്കടിച്ചുമരിക്കുന്നു, മുപ്പതോളം പേർ ആനകുത്തി മരിക്കുന്നു. ഒരുവർഷം അപകടത്തിൽ മരിക്കാനുള്ള സാധ്യത മലയാളിക്ക് ഇപ്പോൾ മൂവായിരത്തിൽ ഒന്നിലും താഴെ ആണ്. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഒരുമിച്ച് യുദ്ധം നടത്തിയിരുന്ന 2003-2011 കാലഘട്ടത്തിൽ ഒരു അമേരിക്കൻ സൈനികൻ അപകടത്തിൽ മരിക്കാനുള്ള ശരാശരി സാധ്യത നാലായിരത്തിൽ ഒന്നിലും മുകളിൽ ആയിരുന്നു എന്ന് കൂടി നാം കൂട്ടി വായിക്കണം. സൈന്യത്തിൽ ചേരുന്ന അമേരിക്കക്കാരനെക്കാരൻ യുദ്ധത്തിൽ മരിക്കാനുള്ള സാധ്യതയേക്കാൾ കൂടുതലാണ് ചുമ്മാ ജീവിച്ചു പോകുന്ന ഒരു ശരാശരി മലയാളിയുടെ അപകടത്തിൽ മരിക്കാനുള്ള സാധ്യത എന്നത് നമ്മെ നടുക്കെണ്ടതാണ്.
ഇപ്പോൾ ലോകത്തിൽ ലഭ്യമായ അറിവുകളും അനുഭവങ്ങളും വച്ച് അതിലെ നല്ല പാഠങ്ങൾ കേരളത്തിൽ നടപ്പിലാക്കിയാൽ തന്നെ മരണ നിരക്ക് അടുത്ത അഞ്ചു വർഷത്തിനകം ഇപ്പോഴത്തേതിന്റെ പകുതി ആക്കാം. അതായത് അടുത്ത അഞ്ചു വർഷത്തിനകം ഇരുപതിനായിരം ജീവൻ നമുക്ക് രക്ഷിച്ചെടുക്കാം. സുരക്ഷാശാസ്ത്രത്തിലെ ആധുനികചിന്തകൾക്കനുസരിച്ച പുതിയ നിയമങ്ങൾ, അത് നടപ്പിലാക്കാൻ വ്യാപകമായ അധികാരങ്ങളോടുകൂടിയ ഒരു വകുപ്പ്, അതിൽ സുരക്ഷാവിഷയങ്ങളെപ്പറ്റി ശാസ്ത്രീയമായി അറിയുന്ന വിദഗ്ദ്ധന്മാർ, നഴ്‌സറിസ്‌കൂൾ തലം തൊട്ട് തുടങ്ങുന്ന സുരക്ഷാബോധവൽക്കരണം, എല്ലാ തൊഴിൽപരിശീലനത്തിന്റെയും ഭാഗമായ സുരക്ഷാപരിശീലനം, ഓരോ അപകടമുണ്ടാകുന്‌പോഴും അതിന്റെ മൂലകാരണം കണ്ടുപിടിക്കാനുദ്ദേശിച്ചുള്ള ഇൻസിഡന്റ് ഇൻവസ്റ്റിഗേഷൻ, ഒരപകടമുണ്ടായാൽ എങ്ങനെ പ്രഥമശുശ്രൂഷ നൽകും എന്ന കാര്യത്തിൽ വ്യാപകമായ പരിശീലനം, അപകടത്തിൽപ്പെട്ടവരെ ഏറ്റവും വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട ആംബുലൻസ് സംവിധാനം ഇതൊക്കെയുണ്ടെങ്കിൽ ഈ കൂട്ടക്കുരുതിക്ക് നമുക്ക് അന്ത്യം കുറക്കാം.
പക്ഷെ, തൽക്കാലം ഇതൊന്നും നടക്കുന്ന മട്ടില്ല. ആയിരത്തി തോള്ളാരയിരത്തി എഴുപത്തി ഒന്നിൽ കേരളത്തിലെ ജനസംഘ്യ ഇരുന്നൂറ്റി പതിമൂന്നു ലക്ഷം ആയിരുന്ന സമയത്ത് ഒരു വർഷത്തിൽ റോഡപകടത്തിൽ മരണം അറുന്നൂറ്റി മുപ്പത്തി ആറും എല്ലാ അപകടത്തിലും കൂടി ഉള്ള മരണം ആയിരത്തി എഴുന്നൂറ്റി അറുപത്തി അഞ്ചും ആയിരുന്നു. രണ്ടായിരത്തി പതിനൊന്നായപ്പോൾ റോഡപകടത്തിൽ മരണം നാലായിരം കടന്നു, മൊത്തം അപകട സംഖ്യ എണ്ണായിരത്തിന് അടുത്തെത്തി. കേരളത്തിലെ ജന സംഖ്യ ആകട്ടെ വെറും അമ്പതു ശതമാനം വർദ്ധിച്ച് മുന്നൂറ്റി മുപ്പത്തി രണ്ടു ലക്ഷം ആയി. അതായത് ജനസംഖ്യ വർധനയുടെ പത്തിരട്ടി വേഗത്തിൽ ആണ് റോഡപകടങ്ങളിലെ മരണങ്ങളുടെ വളർച്ച. വേഗമേറിയ കാറുകളും, ഉയരത്തിലുള്ള കെട്ടിടങ്ങളും, നീന്തല് പഠിക്കാത്ത പുതുതലമുറയും, സുരക്ഷാബോധമില്ലാത്ത സമൂഹവുമെല്ലാം നമ്മുടെ അപകടസാധ്യതൾ പ്രതിദിനം കൂട്ടുകയാണ്. രണ്ടായിരത്തി പതിനഞ്ചിൽ റോഡപകടങ്ങളിലെ നാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ആറ് മരണം ഉൾപ്പടെ എണ്ണായിരത്തി അറുന്നൂറ്റി മുപ്പത്തി അഞ്ചു പേരാണ് കേരളത്തിൽ പൂർണ്ണമായും ഒഴിവാക്കാവുന്ന അപകടങ്ങളിൽപ്പെട്ട് മരിച്ചത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതൊരു വിഷയം പോലും ആയിരുന്നില്ല. ഇതിനെതിരെ സമഗ്രമായ ഒരു പദ്ധതിയും ഇല്ല. ഈ സമൂഹത്തിന് ഇതിൽപ്പരം എങ്ങനെ ഷോക്ക് തെറാപ്പി കൊടുക്കാൻ പറ്റും?
തൽക്കാലം എങ്കിലും തനിക്കു താനും പുരക്ക് തൂണും എന്ന സ്ഥിതിയാണ് സുരക്ഷ കാര്യങ്ങളിൽ കേരളത്തിന്റേത്. അടിസ്ഥാനസുരക്ഷാ സംവിധാനങ്ങളും ബോധവും ഇല്ലാത്ത ഈ സമൂഹത്തിലും ചില നിസാര മുൻകരുതലുകൾ കൊണ്ട് ഓരോ വ്യക്തിക്കും അവരവരുടെ അപകടസാധ്യത കുറക്കാൻ പറ്റും. അതിനായി ആദ്യം ചെയ്യേണ്ടത് അപകടം എന്നത് മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നുറച്ചു വിശ്വസിക്കുകയാണ്. നാളത്തെ മരണവാർത്ത നിങ്ങളുടേതാകാം. അതിനുള്ള സാധ്യത കുറക്കാൻ ഇനി പറയുന്ന പത്തു കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അങ്ങു ചെയ്യുക. സുരക്ഷിതരായിരിക്കുക.
- ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര അരുത് !
- കാറിൽ കയറിയാലുടൻ മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും സീറ്റ് ബെൽറ്റിടുക. കുട്ടികൾക്ക് ഒരു ഇൻഫന്റ്‌സീറ്റ് വാങ്ങി ഉപയോഗിക്കുക.
- ഡ്രൈവർ (അത് സ്വന്തം ഭർത്താവാണെങ്കിൽ പോലും) മദ്യപിച്ചിട്ടുണ്ടെന്ന് ഒരു സൂചന കിട്ടിയാൽപ്പിന്നെ ആ വാഹനത്തിൽ യാത്ര ചെയ്യാതിരിക്കുക.
- രാത്രി പത്തിനും രാവിലെ നാലിനുമിടയിൽ റോഡ് യാത്ര ഒഴിവാക്കുക.
- ജലസുരക്ഷയെപ്പറ്റി നല്ല ബോധമുള്ള ആരെങ്കിലും കൂടെയില്ലെങ്കിൽ വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ പോകാതിരിക്കുക.
- ഒരുകാരണവശാലും ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ അതിൽ നിന്നും ചാടിയിറങ്ങുകയോ ചെയ്യാതിരിക്കുക.
- നമ്മൾ പരിചയിച്ചിട്ടില്ലാത്ത പണികൾ (ഇലക്ട്രിക് റിപ്പയറിങ്, കിണർ വൃത്തിയാക്കൽ തുടങ്ങിയവ) ചെയ്യാൻ ശ്രമിക്കാതിരിക്കുക.
- ഔദ്യോഗിക ജോലികളിൽ ഏർപ്പെടുന്നവർ നിർദ്ദേശിച്ചിട്ടുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ മടി കൂടാതെ ഉപയോഗിക്കുക.
- ഒരപകട സാഹചര്യം വന്നാൽ സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കാതിരിക്കുക.
- നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമുക്കപകടം ഉണ്ടാകാമെന്നതിനാൽ ഉടൻ തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസും, അപകട ഇൻഷുറൻസും, ലൈഫ് ഇൻഷുറൻസും എടുത്തുവെക്കുക.