കേരളത്തിൽ ചൈനയിൽ നിന്നും വ്യാജമുട്ട എത്തിയെന്ന വാർത്ത കുറച്ചു ദിവസങ്ങളായി കിടന്നു കറങ്ങുന്നു. ഇന്ന് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു എന്നും കേട്ടു. ചൈനയിലെ വ്യാജമുട്ടയുടെ വാർത്ത ചൈനയിൽ തന്നെ പുറത്തു വന്നിട്ട് ഏതാണ്ട് പത്തു വർഷം കഴിഞ്ഞു. പിന്നെ അത് ഹോങ്കോങ്ങിൽ എത്തി, സിംഗപ്പൂരിൽ എത്തി, ഇന്തോനേഷ്യയിലും ഫിലിപ്പൈൻസിലും എത്തി. പത്തു കൊല്ലം വൈകിയിട്ടാണെങ്കിലും ഇപ്പോൾ ഇതാ കേരളത്തിലും.

നല്ല സ്റ്റോറിയാണ്. വലിയ ഒരു ഫാക്ടറി, അവിടെ മൈദയും, രാസവസ്തുക്കളും. കാൽസ്യം കാർബണേറ്റും ഒക്കെക്കൂടി മിക്‌സ് ചെയ്ത് ചൈനക്കാർ നൂറായിരം മുട്ട ഉണ്ടാക്കുന്നു. എന്നിട്ടത് ലോകം മുഴുവൻ കയറ്റി അയക്കുന്നു. അത് കഴിക്കുന്നവർക്ക് തല വേദനിക്കുന്നു, വയറിളകുന്നു, കുഴഞ്ഞു വീഴുന്നു, മരിക്കുന്നു,

ഈ കഥക്ക് ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. ഈ പറഞ്ഞ രാജ്യത്തൊന്നും ഒരാളും ഇതേ വരെ ഈ വ്യാജ മുട്ട കണ്ടിട്ടില്ല. പക്ഷെ അത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞവരെപ്പറ്റി പലരും കേട്ടിട്ടുണ്ട്. (അതോ നമുക്കും പരമാർത്ഥമിപ്പോൾ - അതല്ല ചോദിച്ചതറിഞ്ഞിതോ താൻ ?) കടിച്ച പാന്പിനെ തിരിച്ചു വിളിച്ചു വിഷമിറക്കുന്ന നാട്ടിലെ വിഷഹാരികളുടെ കഥ പോലെ തന്നെയാണിത്.

ഇതിൽ അതിശയം വിചാരിക്കേണ്ട കാര്യമില്ല. മുട്ട എന്നത് അത്ര വലിയ ലാഭമുള്ള ഒരു വസ്തുവല്ല. ഒരു മുട്ടക്കിപ്പോൾ അഞ്ചു രൂപ വില വരും. അത് വിൽക്കുന്ന കച്ചവടക്കാരന് അത് നാലു രൂപയ്ക്കു കിട്ടുന്നുണ്ടാവണം. അപ്പോൾ അതിലും വളരെ താഴ്ന്ന വിലക്ക് കൃത്രിമ മുട്ട കിട്ടിയാലേ കച്ചവടക്കാരൻ അത് വിൽക്കാൻ തയ്യാറാകൂ. കാരണം മായം ചേർത്തതിന് പിടിച്ചാൽ ജയിലിലും നാട്ടുകാരറിഞ്ഞാൽ അടിയും ഉറപ്പാണ്. ആ റിസ്‌ക്ക് എടുക്കുന്നതിന് ഒരു രൂപ എങ്കിലും പ്രീമിയം കിട്ടണം. അപ്പോൾ വ്യാജ മുട്ട നാട്ടിൽ മൂന്നു രൂപക്ക് എത്തിക്കണം. അത് തന്നെ നമ്മുടെ തുറമുഖത്തെ കസ്റ്റംസിന്റെയും പിന്നെ നാട്ടിലുള്ള സകല ഫുഡ് സേഫ്റ്റി സംവിധാനങ്ങളുടെയും മൂക്കിന്റെ താഴെക്കൂടി വേണം കടത്തി കൊണ്ടുവന്ന് ഒരു വിപണന ശൃംഖല ഉണ്ടാക്കാൻ. നമ്മുടെ നാട്ടിലെ ഈ വക സംവിധാനങ്ങൾക്ക് എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും നാല് കാശ് കിട്ടാൻ വകുപ്പുള്ള ഒരു കാര്യവും അവർ അറിയാതെ വരില്ല. അപ്പോൾ അന്പതു പൈസയെങ്കിലും അവരുടെ അക്കൗണ്ടിലും പെടുത്തണം.

ഇനി നമുക്ക് ചൈനയിലേക്ക് ചെല്ലാം. കാര്യം കമ്മൂണിസമൊക്കെ ആണെങ്കിലും കാര്യങ്ങൾ നമ്മളുടേത് പോലെ തന്നെയാണ് അവിടെയും. വ്യാജൻ ഉണ്ടാക്കി കണ്ടെയ്‌നർ കണക്കിന് ലോകത്ത് എവിടെയും എത്തിക്കണമെങ്കിൽ അവിടുത്തെ സംവിധാനത്തിനും കുറച്ചു കാശൊക്കെ കൊടുക്കേണ്ടി വരും. ഇതൊക്കെ കഴിഞ്ഞിട്ട് വേണം ഈ വ്യാജൻ ഉണ്ടാക്കുന്നവർക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കാൻ.

എന്നാൽ ഈ മുട്ടയാണെങ്കിലോ ഒടുക്കത്തെ പെർഫെക്ഷൻ ഉള്ള സൃഷ്ടിയും ആണ്. കൃത്രിമമായി ഉണ്ടാക്കി എടുക്കുക എളുപ്പമല്ല. നന്നായി 3ഉ പ്രിന്റ് ചെയ്യണമെങ്കിൽ ഒരു മുട്ടക്ക് ഒരു അയ്യായിരം രൂപയെങ്കിലും വരും. അയ്യായിരം രൂപക്ക് ഒരു മുട്ടയുണ്ടാക്കി അഞ്ചു രൂപക്ക് ഇടുക്കിയിൽ എത്തിക്കുന്നതിന്റെ ബിസിനസ്സ് മോഡൽ ഇപ്പോൾ ചൈനയിൽ ഇല്ല. അതെ സമയം മാസ്സ് പ്രൊഡൂസ് ചെയ്യാനുള്ള സംവിധാനങ്ങൾ അതീവ സങ്കീർണ്ണമായിരിക്കും അതുകൊണ്ടു തന്നെ ചെലവേറിയതും. ഒരു നല്ല ഫാക്ടറി തന്നെ വേണം. അതിനു ലൈസൻസ് വേണം, ആധുനിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന പോളി ടെക്‌നിക്കിൽ പഠിച്ച ആളുകൾ വേണം. ചുരുക്കത്തിൽ സർക്കാർ അറിയാതെ നടക്കുന്ന കാര്യം അല്ല. കുടിൽ വ്യവസായം പോലെ കോഴി മുട്ട ഉണ്ടാക്കാൻ പോയാൽ കൊഴുക്കട്ട പോലെ ഇരിക്കും.

നാട്ടിലെ കോഴിക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല. നെല്ലോ തവിടോ മറ്റു കോഴിത്തീറ്റയോ തട്ടി വിടുക, ദിവസവും ആസനം തുറന്ന് ഒരു മുട്ടയിടുക. ഫാക്ടറിയും വേണ്ട, രാസവസ്തുവും വേണ്ട, കൈക്കൂലിയും വേണ്ട.

കോഴിയോട് മുട്ടയുടെ കാര്യത്തിൽ മത്സരിക്കാൻ പറ്റിയ ഫാക്ടറിയൊന്നും തൽക്കാലം ലോകത്ത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വ്യാജ മുട്ടയുടെ വാർത്ത വ്യാജമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം.  ഇത് ഞാൻ ചുമ്മാ പറയുന്നതല്ല. കേരളത്തിലെ ആദ്യത്തെ വ്യാജ മുട്ട കണ്ടെത്തുന്‌പോൾ അഞ്ച് രൂപ വിലയുള്ള മുട്ട ആയിരം രൂപക്ക് വാങ്ങാൻ ഞാൻ തയ്യാറാണ്. തമിഴ് നാട്ടിൽ വ്യാപകമായും, ഇടുക്കിയിൽ കുറച്ചൊക്കെയും ഉണ്ടെന്നാണല്ലോ വാർത്ത. ആരെങ്കിലുമൊക്കെ ഈ ചലഞ്ച് ഒന്ന് ഏറ്റെടുക്കൂ, പ്ലീസ്.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യകതിപരം ആണ്.)