കൊച്ചി: ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുങ്ങിയതോടെ രാമലീല ഉൾപ്പടെയുള്ള സിനിമകൾ പ്രതിസന്ധിയിലായി . വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ട സിനിമയുടെ റിലീസ് ജൂലൈ 21 ലേക്ക് നീട്ടിവച്ചു. ഡബ്ബിങ് ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവച്ചത് എന്ന് സംവിധായകൻ അരുൺ ഗോപി വിശദീകരണം നൽകുകയും ചെയ്തു.

ഇതിന് തൊട്ട്പിന്നാലെ അദ്ദേഹത്തിന്റെ പേരിൽ ഒരു വോയ്സ് ക്ലിപ്പും പ്രചരിച്ചു.
എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. മനസ്സ് ബ്ലാങ്കായി ഇരിക്കുകയാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായൻ പറഞ്ഞിരിക്കുന്നത് സിനിമ 21 ന് തന്നെ ഇറക്കണം.ഇതായിരുന്നു വോയ്സ് ക്ലിപ്പിലെ ചുരുക്കം. 

ഇതിനെക്കുറിച്ച് സംവിധായകൻ തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്.ഫേസ്‌ബുക്കിലാണ് രാമലീലയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലിട്ട വോയിസ് ക്ലിപ്പാണെന്ന് അരുൺ പറയുന്നത്. 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ജോലികൾ ജാഗ്രതയോടെ തീർക്കാനാണ് താൻ ഇത്തരത്തിൽ ചെയ്തതെന്ന് അരുൺ പറയുന്നു. രാമലീലയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റ്
എന്റെ ഒരു വോയിസ് ക്ലിപ്പ് എല്ലായിടെത്തേക്കും പ്രചരിക്കുന്നുണ്ട് , അത് ഞാൻ രാമലീല ടീമിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ഒരു വോയിസ് ക്ലിപ്പ് ആണ്. അത് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്, 21 ന് റിലീസ് ചെയ്യണം ഇനിയും വർക്കുകൾ തീർന്നിട്ടില്ല, 'എല്ലാവരും അലെർട്ട് ആകുക'' എന്ന ഉദ്ദേശത്തിൽ പറഞ്ഞതാണ്. അതിനു ദയവു ചെയ്തു മറ്റു അർഥങ്ങൾ നൽകരുത്... അപേക്ഷയാണ് ഉപേക്ഷ വിചാരിക്കരുത്. പ്രേക്ഷകരിലും രാമലീലയിലും നമ്മുടെ ടീമിലും എനിക്ക് വിശ്വാസമുണ്ട്-നന്ദി