ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി മന്ത്രിസഭാംഗങ്ങളിൽ ഏറ്റവും ധനികനായ വ്യക്തി പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലി. മന്ത്രിമാരിലെ പാവത്താൻ ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡുവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്.

72.10 കോടിരൂപയാണ് അരുൺ ജെയ്റ്റ്‌ലിയുടെ സമ്പാദ്യം. വെങ്കയ്യ നായിഡുവിന് 20.45 ലക്ഷമാണ് കൈയിലുള്ളതെന്നും വെബ്‌സൈറ്റ് പറയുന്നു. 44 അംഗ കൗൺസിൽ മന്ത്രിമാരുടെ സ്വത്തുവിവരമാണ് സൈറ്റിലുള്ളത്. പ്രധാനമന്ത്രി ഉൾപ്പെടെ 17 പേരാണ് 22 അംഗ ക്യാബിനറ്റിലെ കോടിപതികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പാദ്യം 1.26 കോടി രൂപയാണ്. ഒരുലക്ഷം രൂപയുടെ സ്വർണവും അദ്ദേഹത്തിന്റെ പേരിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ആസ്തി 1.66 കോടി രൂപയായിരുന്നു. 40 ലക്ഷത്തിന്റെ കുറവാണ് അദ്ദേഹത്തിന്റെ സ്വത്തിൽ ഉണ്ടായത്. പ്രധാനമന്ത്രിയായ ശേഷം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് മോദി 40 ലക്ഷം രൂപ സംഭാവന നൽകുകയായിരുന്നു. ഈ വർഷം മെയ് മാസത്തിലായിരുന്നു വിവാഹം.

വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിക്ക് 37.68 കോടിയുടെ ആസ്തിയുണ്ട്. കൽക്കരിവൈദ്യുതി വകുപ്പ് മന്ത്രി പീയുഷ് ഗോയലിന് 31.67 കോടിയും ന്യൂനപക്ഷ മന്ത്രി നജ്മ ഹെപ്തുള്ളയ്ക്ക് 29.70 കോടിയും സമ്പാദ്യമുണ്ട്.

വെങ്കയ്യ നായിഡുവിനുപുറമെ ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാൻ, തൊഴിൽ മന്ത്രി നരേന്ദ്ര സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ, ആനന്ദ് കുമാർ എന്നിവരാണ് കോടിപതികളല്ലാത്ത മന്ത്രിമാർ. പാസ്വാന് 39.88 ലക്ഷവും നരേന്ദ്ര സിങിന് 44.90 ലക്ഷവും ഹർഷവർധന് 48.54 ലക്ഷവും ആനന്ദ് കുമാറിന് 60.62 ലക്ഷവുമാണ് സമ്പാദ്യം.