ആം ആദ്മി പാർട്ടി ഉന്നയിച്ച ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) അഴിമതിയെ ചൊല്ലി ബിജെപിയിൽ ഭിന്നത. ബി.ജെപി എംപി കീർത്തി ആസാദാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കതിരെ ഉയർന്ന ആരോപണത്തിന് പിന്നിലെന്ന സൂചനയുമായാണ് ജയ്റ്റ്‌ലി മുന്നോട്ട് പോവുന്നത്. കീർത്തി ആസാദിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജയ്റ്റ്‌ലിയുടെ വിമർശനം. യു.പി.എ സർക്കാരിന്റെ കാലത്ത് ഒരു എംപി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനെ തുടർന്നാണ് തനിയ്‌ക്കെതിരായ ആരോപണം ആസൂത്രണം ചെയ്യപ്പെട്ടതെന്ന് ജയ്റ്റ്‌ലി ആരോപിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അരുൺ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ജയറ്റ്‌ലിയ്‌ക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന കീർത്തി ആസാദ് ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം വിളിക്കാനിരിയ്‌ക്കെയാണ് ജയറ്റ്്‌ലിയുടെ ആരോപണം.

തന്നെ കുടുക്കിലാക്കാൻ കോൺഗ്രസ് സർക്കാരിന് ഒരു എംപി കത്തയച്ചിരുന്നു. അദ്ദേഹം സോണിയ ഗാന്ധിയെ സന്ദർശിക്കുകയും തന്നെ കുടുക്കിലാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നുവെന്ന് അരുൺ ജയ്റ്റ്‌ലി പറഞ്ഞു. കീർത്തി ആസാദിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജയ്റ്റ്‌ലിയുടെ പരാമർശം. തന്റെ കുടുംബാംഗങ്ങൾക്കും അഴിമതിയിൽ പങ്കുണ്ടെന്ന എഎപിയുടെ ആരോപണവും ജയ്റ്റ്‌ലി നിഷേധിച്ചു. എന്റെ കുടുംബാംഗങ്ങളിൽ ഒരാൾ പോലും ബിസിനസിൽ നിന്നും ഒരു രൂപ പോലും നേടുന്നില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

ഡൽഹി സെക്രട്ടേറിയറ്റിലെ സിബിഐ റെയ്ഡുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ് ജയ്റ്റ്‌ലിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഉൾപ്പെട്ട അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഡിസിഎയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി വെളിപ്പെടുത്തിയ കാര്യങ്ങൾ യാഥാർഥ്യത്തിന്റെ 15 ശതമാനം പോലുമില്ലെന്ന് കീർത്തി ആസാദ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ആരെയും താൻ ഭയക്കുന്നില്ല. സസ്‌പെൻഷനെയും പേടിക്കുന്നില്ല. ഞായറാഴ്ച പത്രസമ്മേളനം വിളിച്ച് അഴിമതിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും കീർത്തി ആസാദ് അറിയിച്ചിരുന്നു. പാർട്ടിയിലെ ഒരു ഉന്നത നേതാവിനെതിരെ പ്രസ്താവന നടത്തിയതിന് കീർത്തി ആസാദിനെ ദേശീയ അധ്യക്ഷൻ അമിത് ഷാ വിളിച്ചുവരുത്തി ശാസിച്ചിരുന്നു.

ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട് ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള എംപിയായ കീർത്തി ആസാദിന്റെ ആരോപണങ്ങൾ കോൺഗ്രസും എ.എ.പിയും നിരന്തരം എടുത്തുകാട്ടുന്നുമുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് മുന്നിൽ ഡി.ഡി.സി.എ വിഷയം എത്തിയത് ആസാദ് സോണിയയുമായി നടത്തിയ ഗൂഢാലോചനയെ തുടർന്നാണെന്നാണ് ജയ്റ്റ്‌ലിയുടെ ആരോപണം. തന്നെ വ്യക്തിഹത്യ ചെയ്യാനായി എ.എ.പി ഉയർത്തുന്ന ആരോപണം ട്വന്റി ട്വിന്റി ലോക ചാമ്പ്യൻഷിപ്പിൽ ഡൽഹിക്ക് വേദി നഷ്ടമാകാൻ ഇടയാക്കിയേക്കുമെന്നും അരുൺ ജയ്റ്റ്‌ലി പറഞ്ഞു. ഇത്തരം അന്വേഷണം സംസ്ഥാന സർക്കാരുകൾക്ക് നടത്താൻ കഴിയില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. അഴിമതിയോ ക്രമക്കേടോ കണ്ടാൽ സിബിഐ അന്വേഷണം നടത്തും. സർക്കാർ സ്ഥാപനമായ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡിന്റെ ചില രേഖകൾ ചോർന്നതായി വ്യക്തമായപ്പോൾ താൻ ധനമന്ത്രിയായിരിയ്‌ക്കെ മന്ത്രാലയത്തിൽ സി.ബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്. അതിന് എന്റെ ഓഫീസ് റെയ്ഡ് ചെയ്തു എന്ന് ഞാൻ പറയുന്നതിൽ അർത്ഥമുണ്ടോ എന്നും ജയ്റ്റ്‌ലി ചോദിച്ചു.

പ്രസിഡന്റ് എന്ന നിലയിൽ അരുൺ ജയ്റ്റ്‌ലി ഡിഡിസിഎയിലെ അഴിമതികൾക്കു കൂട്ടുനിൽക്കുകയും പങ്കാളിയാകുകയും ചെയ്തതായി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ മാദ്ധ്യമ സമ്മേളനത്തിൽ ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഫിറോസ്ഷാ കോട്‌ല മൈതാനത്തിന്റെ പുനരുദ്ധാരണത്തിനു 90 കോടി കൂടുതൽ ചെലവഴിച്ചു, ഡിഡിസിഎ ഭാരവാഹികളുടെ പേരിൽ രൂപീകരിച്ച കമ്പനികൾ പണം പങ്കിട്ടെടുത്തു, അഞ്ചിലേറെ കമ്പനികൾക്ക് അനർഹമായ ലാഭമുണ്ടാക്കുന്നതിനു ടെൻഡർപോലുമില്ലാതെ കരാർ നൽകി, കോർപറേറ്റ് ബോക്‌സുകൾ വാടകയ്ക്കു നൽകുന്നതിൽ വൻ ക്രമക്കേടു നടത്തി എന്നിവയാണ് ആരോപണങ്ങൾ.