ന്യൂഡൽഹി: ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിക്ക് വിദേശയാത്രക്ക് അനുമതി ലഭിക്കാൻ ഇടപെട്ടത് സുഷമ സ്വരാജാണെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ വിവാദം പുകയുന്നതിനിടെ മുള്ളിനെ കൊണ്ട് മുള്ളെടുപ്പിക്കുന്ന തന്ത്രവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തി. സുഷമക്കെതിരായ ആരോപണങ്ങൾ ഉയരാൻ കാരണം അരുൺ ജെയ്റ്റ്‌ലിയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ സുഷമയെ പിന്തുച്ചുകൊണ്ട് പ്രസ്താവന ഇറക്കി ജെയ്റ്റ്‌ലി തന്നെ രംഗത്തെത്തി. സുഷമ സ്വരാജിനെതിരായ ആരോപണങ്ങൽ അടിസ്ഥാന രഹിതമാണെന്നും, അവരുടെ നിലപാട് സദുദ്ദേശപരമാണെന്നും അരുൺ ജെയ്റ്റ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെയും സർക്കാറിന്റെയും പിന്തുണ സുഷമക്കുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.

ലളിത് മോദിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.  ലളിതിനെതിരെ ബ്ലൂ കോർണർ നോട്ടീസ് നിലവിലുണ്ട്. മാത്രമല്ല, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലളിത് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ അപ്പീൽ നൽകേണ്ട കാര്യം തീരുമാനിക്കേണ്ടത് പാസ്‌പോർട്ട് അഥോറിറ്റിയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഒരു മണിക്കൂറോളം രാജ്‌നാഥ് സിംഗിന്റെ ചേംബറിൽ രാജ്‌നാഥ് സിംഗും ജെയ്റ്റ്‌ലിയും സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുഷമയ്ക്ക് സർക്കാരിന്റെ പിന്തുണ ജെയ്റ്റ്‌ലി വാഗ്ദാനം ചെയ്തത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുഷമ രാജിസന്നദ്ധത അറിയിച്ചെല്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല, സുഷമയെ പിന്തുണക്കുന്നുവെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അരുൺ ജെയ്റ്റ്‌ലിയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് വിഷയത്തെ പ്രതിരോധിക്കാൻ ജെയ്റ്റിലിയെ തന്നെ ബിജെപി രംഗത്തിറക്കിയത്.

എൻഫോഴ്‌സ്‌മെന്റിന്റെയോ ധനമന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ നടത്തിയ ഇടപെടൽ വിവാദമാക്കിയതിനു പിന്നിൽ ധനമന്ത്രി അരുൺജെയ്റ്റലി ആണെന്ന് സുഷ്മയോട് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. സുഷ്മയ്‌ക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ ബിജെപിയിലെ തന്നെ മുതിർന്ന നേതാവാണെന്ന് അർഥമുള്ള ട്വീറ്റുമായി ബിജെപി എംപി കീർത്തി ആസാദ് രംഗത്തെത്തി.

ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അരുൺജെയ്റ്റ്‌ലിയും ആസാദും തമ്മിൽ നേരത്തെ കൊമ്പുകോർത്തിരുന്നു. ഈ സാഹചര്യത്തിൽ ജെയ്റ്റ്‌ലിക്കെതിരെയാണ് ആസാദിന്റെ ഒളിയമ്പെന്ന് വ്യക്തമായിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സുഷ്മ തിങ്കളാഴ്ച വിദേശമന്ത്രാലയത്തിൽ എത്തിയില്ല. മാനുഷിക പരിഗണന വച്ചാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് വിവാദ ഇ മെയിലുകൾ പുറത്തായ ഉടൻ മന്ത്രി പ്രതികരിച്ചത്.

മോദിയുടെ അർബുദരോഗിയായ ഭാര്യക്ക് പോർച്ചുഗലിൽ ശസ്ത്രക്രിയയുണ്ടെന്നും ആശുപത്രി രേഖകൾ ഒപ്പിട്ടുകൊടുക്കാൻ കൂടെപ്പോകേണ്ടതാണെന്നും അറിയിച്ചതിനെ തുടർന്നാണ് ഇടപെട്ടതെന്ന് സുഷ്മ അവകാശപ്പെട്ടിരുന്നു. എന്നാൽ, പോർച്ചുഗലിൽ ചികിത്സയ്‌ക്കോ ശസ്ത്രക്രിയക്കോ എഴുതിത്ത്ത്ത്ത്തയ്യാറാക്കിയ അനുമതിപത്രം ആവശ്യമില്ല. ചികിത്സയും ശസ്ത്രക്രിയയും ഉൾപ്പെടെ കാര്യങ്ങൾ വേണോ വേണ്ടയോ എന്ന് കാര്യത്തിൽ പൂർണാധികാരം രോഗിക്കാണെന്നും പോർച്ചുഗൽ നിയമം പറയുന്നു. അടിയന്തരഘട്ടങ്ങളിൽ അനുമതിയില്ലാതെ ശസ്ത്രക്രിയയോ ചികിത്സയോ നടത്തിയാൽ അത് കുറ്റവുമല്ല.

അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള നിലപാ്ട് കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. സുഷമയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സാന്പത്തിക തട്ടിപ്പു കേസിൽ ഇന്ത്യ തേടുന്ന കുറ്റവാളിയെയാണ് മന്ത്രിമാർ സംരംക്ഷിക്കാൻ ശ്രമിക്കുന്നത്. ലളിത് മോദിയെ സഹായിച്ചത് തന്നെ അനാവശ്യമായ നടപടിയാണ്. മോദിക്ക് യാത്രാ രേഖകൾ അനുവദിച്ചതു മാത്രമല്ല പ്രശ്‌നം. മറിച്ച് അദ്ദേഹത്തെ സംരക്ഷിക്കുക കൂടി ചെയ്തതാണ്. തട്ടിപ്പു കേസിൽ പ്രതിയായ ഒരാളെ എംപിയായിരുന്നയാൾ സഹായിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആനന്ദ് ശർമ പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. സത്യസന്ധതയെ കുറിച്ച് തോരാതെ സംസാരിക്കുന്നവർക്ക് മറ്റൊരു നിയമമാണോ ഉള്ളതെന്നും ശർമ ചോദിച്ചു. പാപ്പരായെന്ന് ലളിത് മോദി തന്നെ പ്രഖ്യാപിച്ചതാണ്. എന്നാൽ, അതിനിടയിലും അദ്ദേഹം അവധിക്കാലം ആഘോഷിക്കുന്നു. മോദിയെ അറസ്റ്റു ചെയ്യുന്നതിന് എൻഫോഴ്‌സ്‌മെന്റും മറ്റ് സർക്കാർ ഏജൻസികളും ഇതുവരെ എന്ത് ചെയ്തു എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും ശർമ പറഞ്ഞു.

അതേസമയം, കേന്ദ്രത്തിനെതിരെ ഉയർത്താൻ ഒന്നുമില്ലാത്തതിനാലാണ് ലളിത് മോദിക്കൊപ്പം നരേന്ദ്ര മോദിയും സുഷമയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും നിൽക്കുന്ന ചിത്രങ്ങൾ കൊണ്ടുവന്ന് വിവാദമാക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. മോദി മുഖ്യമന്ത്രിയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന സമയത്തുള്ള ചിത്രമാണതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പല നേതാക്കളും ലളിത് മോദിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും ജാവഡേക്കർ തിരിച്ചടിച്ചു.