ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ നടപടിയെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. സാമ്പത്തിക മേഖലയിൽ പുത്തനുണർവു കൈവന്നെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചു. ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിലുള്ള നീണ്ട വരി അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരായെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ടുനിരോധനത്തിന്റെ ഗുണഫലങ്ങൾ വിവരിച്ചാണ് ജയ്റ്റ്‌ലിയുടെ പോസ്റ്റ്. ഇതോടൊപ്പം മോദി സർക്കാരിന്റെ മറ്റു നടപടികളെയും പുകഴ്‌ത്തുന്നു. നോട്ടുനിരോധനത്തെ എതിർത്തതിന്റെ പേരിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരേ നിശതമായ വിമർശനവും അദ്ദേഹം നടത്തുന്നു.

നിരോധനത്തെത്തുടർന്ന് രാജ്യത്തുണ്ടായ നോട്ടുദുരിതത്തിന് ശമനമായി. തീവ്രവാദ പ്രവർത്തനങ്ങൾക്കും അഴിമതിക്കും കനത്ത തിരിച്ചടിയാണ് നോട്ടുനിരോധനമെന്നും അദ്ദേഹം ആവർത്തിച്ചു. നൂതന സാങ്കേതികവിദ്യയെയും പരിഷ്‌കരണങ്ങളെയും തള്ളിപ്പറയുന്ന കോൺഗ്രസിന്റെ നിലപാട് ദുരന്തമാണെന്ന് ജയ്റ്റ്‌ലി കുറിച്ചു. പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ എങ്ങനെ പാർലമെന്റ് തടസപ്പെടുത്താം എന്നതിനെക്കുറിച്ചാണു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചിന്തിക്കുന്നത്.

കള്ളപ്പണത്തിനും സമ്പദ്വ്യവസ്ഥയ്ക്ക് എതിരായി പ്രവർത്തിക്കുന്നവരെ നേരിടാനും ഉറച്ചാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. ഇന്നുവരെ ആ കാര്യത്തിൽ ചെയ്തതെല്ലാം ഫലവത്തായെന്നു ജെയ്റ്റി ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തുമുതൽ മോദി രാജ്യാന്തര തലത്തിൽ കള്ളപ്പണത്തിനെതിരെ പോരാടി പിന്തുണ നേടി. യുഎസ്, സ്വിറ്റ്‌സർലാൻഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി കള്ളപ്പണത്തെ നേരിടാനുള്ള കരാറുണ്ടാക്കി.

സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ബെനാമി നിയമം പ്രധാനമന്ത്രി കൊണ്ടുവന്നു. ഈ വർഷം പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി, നികുതി ഭരണനിർവഹണത്തിൽ കൃത്യത കൊണ്ടുവരും. നികുതി വെട്ടിപ്പിനെതിരായ ശക്തമായ നിയമമായിരിക്കും അത്. 1000, 500 നോട്ടുകളുടെ പിൻവലിക്കലും സുരക്ഷയേറിയ പുതിയ നോട്ടുകൾ കൊണ്ടുവന്നതും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേർത്തു.