- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂട്ടുകാരനെ തകർത്ത് കരുത്ത് കൂട്ടി ബിജെപി; അരുണാചലിൽ നിതീഷ് കുമാറിന് നേരിട്ടത് രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ചതി പ്രയോഗം; ബിഹാറിലെ സഖ്യകക്ഷിയെ പിളർത്തി അമിത് ഷായുടെ പുത്തൻ ചാണക്യ നീക്കം; അരുണാചലിൽ ജെഡിയുവിന്റെ ഏഴ് എംഎൽഎമാരിൽ ആറു പേരും ബിജെപിയിൽ; പേമാ ഖണ്ഡു സർക്കാർ മൃഗീയ ഭൂരിപക്ഷം നേടുമ്പോൾ
പട്ന: സ്വന്തം സഖ്യകക്ഷിയെ പിളർത്തി ദേശീയ രാഷ്ട്രീയത്തിൽ പുതു മാതൃക തീർത്ത് ബിജെപി. ബിഹാറിലെ സഖ്യകക്ഷിയായ ബിജെപിയിൽ നിന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന് അരുണാചൽ പ്രദേശിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. നിതീഷിന്റെ ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ഏഴ് എംഎൽഎമാരിൽ ആറു പേരും ബിജെപിക്കൊപ്പം ചേർന്നു. അമിത് ഷായുടെ ഇടപെടലാണ് നിർണ്ണായകമായത്. ഇതോടെ അരുണാചലിൽ ബിജെപി അതിനിർണ്ണായക ശക്തിയായി മാറി.
ബിജെപിയുടെ നടപടി കടുത്ത വഞ്ചനയാണെന്നു നിതീഷ് ക്യാംപ് കുറ്റപ്പെടുത്തി. അരുണാചലിലെ 60 അംഗ നിയമസഭയിൽ ജെഡിയുവിന് ഒറ്റ എംഎൽഎ മാത്രമായി. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ ഒരു എംഎൽഎ ഉൾപ്പെടെ എൻഡിഎയുടെ അംഗസംഖ്യ 48. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിൽ വിശ്വാസമർപ്പിച്ചാണ് എംഎൽഎമാർ ബിജെപിയിലേക്ക് എത്തുന്നതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിയുറാം വാഗെ പറഞ്ഞു.
ഉടൻ നടക്കാനിരിക്കുന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയാകും. ഏഴു സീറ്റുകൾ നേടിയ ജെഡിയുവിന് കഴിഞ്ഞ വർഷമാണ് അരുണാചലിൽ സംസ്ഥാന പാർട്ടി പദവി ലഭിച്ചത്. ജെഡിയു എംഎൽഎമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോർജീ വാമ്ങ്ഡി ഖർമ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാർട്ടി നേതാവിനെ തിരഞ്ഞെടുത്തതിനേ തുടർന്ന് ഇവരിൽ മൂന്ന് പേരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഡ് ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതാണ് പാർട്ടി മാറ്റത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ അവസരം ബിജെപി മുതലെടുക്കുകയായിരുന്നു. ഈ നീക്കം ബിഹാറിൽ പ്രതിഫലിക്കില്ലെന്നാണ് ബിജെപി പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലും ജനങ്ങൾക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബിയുറാം വാഹെ പറഞ്ഞു. എംഎൽഎമാരുടെ നീക്കത്തിൽ നിതീഷ് കുമാർ അസ്വസ്ഥനാണ്.
അരുണാചലിൽ ജെ.ഡി.യു പ്രതിപക്ഷത്താണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. 41 സീറ്റുകൾ നേടിയ ബിജെപിക്ക് പിന്നിൽ ഏഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു പാർട്ടി.
മറുനാടന് മലയാളി ബ്യൂറോ