ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ച് മുഖ്യമന്ത്രിയടക്കമുള്ളവരെ പാർട്ടിയിൽനിന്നു പുറത്താക്കി. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയ്ൻ എന്നിവരടക്കം അഞ്ച് എംഎൽഎമാരെയാണ് ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പി.പി.എ) സസ്പെൻഡ് ചെയ്തത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണു നടപടി.

മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തുവീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറിയിരിക്കുന്നത്. ഖണ്ഡുവിന് പകരം മുതിർന്ന നേതാവ് തക്കാം പൈറോയെ മുഖ്യമന്ത്രിയാക്കാനാണു നീക്കമെന്നറിയുന്നു.

ഖണ്ഡുവിനെ നിയമസഭയിലെ പാർട്ടി നേതൃത്വത്തിൽ നിന്ന് നീക്കിയതായും ഇനി മുതൽ അത്തരം ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കിയതായും പിപിഎ അധ്യക്ഷൻ കാഫിയ ബെങിയ അറിയിച്ചു. ഖണ്ഡു വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കരുതെന്നും പാർട്ടി നിയമസഭാംഗങ്ങൾക്ക് നിർദ്ദേശം നൽകി. പാർട്ടിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഉടൻ തെരഞ്ഞെടുക്കുമെന്നും കാഫിയ ബെങിയ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഖണ്ഡുവിന്റെ നേതൃത്വത്തിൽ 42 എംഎൽഎമാർ കോൺഗ്രസ് വിട്ട് പിപിഎയിൽ ചേർന്നത്. മുഖ്യമന്ത്രിയായിരിക്കെയാണ് ഖണ്ഡു കോൺഗ്രസ് വിട്ടത്. മുൻ മുഖ്യമന്ത്രി നബാം തൂക്കി ഒഴികെയുള്ള എല്ലാ എംഎ‍ൽഎമാരും ഇക്കൂട്ടത്തിൽ കോൺഗ്രസ് വിട്ടിരുന്നു. ഇതോടെയാണ് മൂന്ന് എംഎ‍ൽഎമാർ മാത്രമുണ്ടായിരുന്ന പിപിഎ 45 പേരുടെ പിന്തുണയോടെ അധികാരത്തിലെത്തിയത്.