ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 33 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് അരുണാചൽ പ്രദേശിൽ രാഷ്ട്രീയ നാടകം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പേമാ ഖണ്ഡുവിനെയും മറ്റ് ആറ് പേരെയും ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശി(പിപിഎ)ൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് പേമ ഖണ്ഡു ഇന്ന് രാവിലെ എംഎൽഎമാരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്ത ശേഷമാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം എടുത്തത്.

ജനാധിപത്യം തീരെയില്ലാത്ത പാർട്ടിയാണ് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശ്. അതിനാലാണ് ബിജെപിയിൽ ചേരുന്നതെന്ന് ഖണ്ഡു മാദ്ധ്യമങ്ങളെ അറിയിച്ചു. നേരത്തെ തന്നെ ബിജെപിയിൽ ചേരാൻ ആലോചിച്ചിരുന്നു. തങ്ങളെ പുറത്താക്കിയതോടെ ആ തീരുമനം എത്രയും പെട്ടെന്ന് നടപ്പാക്കുകയായിരുന്നുവെന്നും ഖണ്ഡു പറഞ്ഞു.

ബിജെപിയുടെ രണ്ട് എംഎൽഎമാരുടെയും രണ്ട് സ്വതന്ത്ര എംഎൽഎമാരുടെയും ഉൾപ്പടെ 37 എംഎൽഎമാരുടെ പിന്തുണ പേമ ഖണ്ഡുവിനുണ്ട്. അതിനാൽ മുഖ്യമന്ത്രിയായി പെമാഖണ്ഡു തന്നെ തുടരാനാണ് സാധ്യത.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഖണ്ഡുവിന്റെ നേതൃത്വത്തിൽ 42 എംഎൽഎമാർ കോൺഗ്രസ് വിട്ട് പിപിഎയിൽ ചേർന്നത്. മുഖ്യമന്ത്രിയായിരിക്കെയാണ് ഖണ്ഡു കോൺഗ്രസ് വിട്ടത്. മുൻ മുഖ്യമന്ത്രി നബാം തൂക്കി ഒഴികെയുള്ള എല്ലാ എംഎൽഎമാരും ഇക്കൂട്ടത്തിൽ കോൺഗ്രസ് വിട്ടിരുന്നു. ഇതോടെയാണ് മൂന്ന് എംഎൽഎമാർ മാത്രമുണ്ടായിരുന്ന പിപിഎ 45 പേരുടെ പിന്തുണയോടെ അധികാരത്തിലെത്തിയത്.