ന്യൂഡൽഹി: ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും ബിജെപിക്ക് തിരിച്ചടി. നിലവിലെ സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. സർക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിളിച്ച ഗവർണറുടെ നടപടി കോടതി റദ്ദാക്കി. കൂടാതെ മുൻ കോൺഗ്രസ് സർക്കാറിനെ കോടതി പുനഃസ്ഥാപിച്ചു. ബിജെപി പിന്തുണയോടെയുള്ള ഇപ്പോഴത്തെ സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രിസഭയുടെ അനുമതിയില്ലാതെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയ ഗവർണറുടെ നടപടി തെറ്റാണെന്നും ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. ഗവർണറുടെ ഈ നടപടി ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി നബാം തുക്കി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ രാഷ്ട്രീയചലനമുണ്ടാക്കാവുന്ന വിധി വന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായ ഒരു വിധിയായാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിന്യായത്തെ നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്. ജസ്റ്റിസ് എ എസ് കഹാർ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അരുണാചൽ പ്രദേശ് വിഷയത്തിൽ വിധി പുറപ്പെടുവിച്ചത്. പുതിയ വിധിയോടെ നിലവിലുള്ള കലിഖോ പുൽ സർക്കാർ അസാധുവായി. കഴിഞ്ഞ ഫെബ്രുവരി 25നാണ് കലിഖോ പുൽ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് തേടി അധികാരമേറ്റത്. പുതിയ വിധി കേന്ദ്രസർക്കാരിനും ബിജെപിക്കും കനത്ത തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കഴിഞ്ഞ ഡിസമ്പർ 16ന് 21 കോൺഗ്രസ് എംഎൽഎമാർ കൂറുമാറി 11 ബിജെപി എംപിമാർക്കും രണ്ടു സ്വതന്ത്രന്മാർക്കുമൊപ്പം ചേർന്ന് സ്പീക്കറെ ഇംപീച് ചെയ്തതാണ് അരുണാചലിൽ പ്രതിസന്ധിയുണ്ടാക്കിയത്. സ്പീക്കറുടെ അനുമതിയില്ലായെ ഗവർണർ ഇതിനായി നിയമസഭക്ക് പുറത്ത് ഒരു ഹോട്ടലിൽ നിയമസഭാസമ്മേളനം വിളിച്ചുചേർക്കുകയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയും 27 കോൺഗ്രസ് എംഎൽഎമാരും ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി നടപടി ബഹിഷ്‌കരിച്ചു. നബാംതുക്കിയുടെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ച കോൺഗ്രസ് സർക്കാരിനെതിരെ പാർട്ടിയിലെ ചില വിമതർ രംഗത്തുവന്നതോടെയാണ് നാടകീയ രാഷ് ട്രീയ സംഭവങ്ങൾ തുടങ്ങിയത്. 19 വിമത എംഎ‍ൽഎമാരിൽ 14 പേരെ സ്പീക്കർ അയോഗ്യരാക്കി.

സ്പീക്കറുടെ നടപടി ഗുവാഹാട്ടി ഹൈക്കോടതിയും ശരിവച്ചു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് മന്ത്രിസഭയുടെ അനുമതിയില്ലാതെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവർണർ ഉത്തരവിട്ടു. തുടർന്ന് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവർണർ റിപ്പോർട്ട് നൽകി. ഈ വർഷം ജനവരി 26 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഫെബ്രുവരി 20 ന് രാഷ് ട്രപതി ഭരണം പിൻവലിച്ച് കോൺഗ്രസ് വിമതനായ കലിഹോ പുൽ ബിജെപി പിന്തുണയോടെ സർക്കാർ രൂപവത്കരിച്ചു. 2015 ഡിസംബർ 15 ലെ സ്ഥിതി പുനഃസ്ഥാപിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഡിസംബർ 9ന് ശേഷമുള്ള ഗവർണറുടെ നടപടികളെല്ലാം കോടതി അസാധുവാക്കി. ജനവരി 16 നും 17 നും നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയ നടപടിയാണ് റദ്ദാക്കിയത്.

കേന്ദ്രംഭരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. അരുണാചൽ മാതൃകയിൽ ഉത്തരാഖണ്ഡിലും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നെങ്കിലും സുപ്രീംകോടതിയുടെ പിന്തുണയോടെ അവിടെ ഹരീഷ് റാവത്ത് സർക്കാർ സഭയിൽ വിശ്വാസം തെളിയിച്ചത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അരുണാചലിൽ നിന്നും തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിനിടെ സുപ്രീംകോടതിയിൽ നിന്ന് തങ്ങൾക്ക് നീതികിട്ടിയെന്ന് പുറത്താക്കപ്പെട്ട മുൻ അരുണാചൽ മുഖ്യമന്ത്രി നബാം തുക്കി പ്രതികരിച്ചു.

കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്ന ചരിത്രപരമായ ഉത്തരവാണുണ്ടായിരിക്കുന്നത്. പരമോന്നതനീതിപീഠവും രാജ്യത്തേയും ഭരണഘടനയേയും രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.