- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകൾ അരിഞ്ഞുകളഞ്ഞവനെ..ഞാനിന്നു ആ പഴയ പെൺകുട്ടിയല്ല; പകയല്ല പകരം പുച്ഛമാണ് ഇനി ഭയപ്പെടുകയുമില്ല; നീയെന്നിൽ കുത്തിനിറച്ച പേടിയും അപകർഷതയുമെല്ലാം ഞാൻ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു; മീറ്റു എന്ന് മാത്രം എഴുതിയിട്ട് പോകാതെ അതിജീവനത്തിന്റെ കഥ പറയുന്നു മാധ്യമ പ്രവർത്തക അരുണിമ ജയലക്ഷ്മി
തിരുവനന്തരപുരം: മീ ടൂ ക്യാമ്പെയിനിലൂടെ സോഷ്യൽ മീഡിയയിൽ ദുരനുഭവങ്ങൾ തുറന്ന് പറയുന്ന 'പെണ്ണിര'കളുടെ എണ്ണമേറുകയാണ്. സ്‌കൂൾ പഠനകാലത്ത് തന്നെയാകെ പിടിച്ചുലച്ച, തകർത്തുകളഞ്ഞ മാനഭംഗത്തോളം പോന്ന ദുരനുഭവം തുറന്ന് പറയുന്ന്ു മാധ്യമ പ്രവർത്തകയായ അരുണിമജയലക്ഷ്മി. എസ്എസ്എൽസി പരീക്ഷ പോലും എഴുതാനാവാത്ത വിധം തീവ്രവിഷാദത്തിലേക്ക് തന്നെ തള്ളിവിട്ട അതിക്രമത്തിൽ നിന്ന് മനസിനെയും, ഹൃദയത്തെയും സ്വതന്ത്രമാക്കിയെടുത്ത രചനാത്മകമായ കാലത്തെയും ഓർത്തെടുക്കുന്നു അരുണിമ.അഭിശപ്തമായ ആ കാലത്തെ അതിജീവിച്ച യുവതിയുടെ ആത്മധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു പോസ്റ്റ് വായിച്ചവരിലേറെയും. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ്#Metoo എന്നു മാത്രം എഴുതിയിട്ടിട്ടു പോകാൻ മനസ്സ് സമ്മതിക്കുന്നില്ല. വർഷങ്ങൾക്കു മുമ്പ് ഞാൻ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓർമ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകിൽ.. സംഭവിച്ചതെല്ലാം അ
തിരുവനന്തരപുരം: മീ ടൂ ക്യാമ്പെയിനിലൂടെ സോഷ്യൽ മീഡിയയിൽ ദുരനുഭവങ്ങൾ തുറന്ന് പറയുന്ന 'പെണ്ണിര'കളുടെ എണ്ണമേറുകയാണ്. സ്‌കൂൾ പഠനകാലത്ത് തന്നെയാകെ പിടിച്ചുലച്ച, തകർത്തുകളഞ്ഞ മാനഭംഗത്തോളം പോന്ന ദുരനുഭവം തുറന്ന് പറയുന്ന്ു മാധ്യമ പ്രവർത്തകയായ അരുണിമജയലക്ഷ്മി. എസ്എസ്എൽസി പരീക്ഷ പോലും എഴുതാനാവാത്ത വിധം തീവ്രവിഷാദത്തിലേക്ക് തന്നെ തള്ളിവിട്ട അതിക്രമത്തിൽ നിന്ന് മനസിനെയും, ഹൃദയത്തെയും സ്വതന്ത്രമാക്കിയെടുത്ത രചനാത്മകമായ കാലത്തെയും ഓർത്തെടുക്കുന്നു അരുണിമ.അഭിശപ്തമായ ആ കാലത്തെ അതിജീവിച്ച യുവതിയുടെ ആത്മധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു പോസ്റ്റ് വായിച്ചവരിലേറെയും.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
്#Metoo എന്നു മാത്രം എഴുതിയിട്ടിട്ടു പോകാൻ മനസ്സ് സമ്മതിക്കുന്നില്ല. വർഷങ്ങൾക്കു മുമ്പ് ഞാൻ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓർമ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകിൽ.. സംഭവിച്ചതെല്ലാം അതിന്റെ തീവ്രതയിൽ തുറന്നു പറയാൻ കഴിയാതെ ഒരു പുഴുത്ത വ്രണം പോലെ മനസ്സിലിട്ടു നീറ്റി നടന്ന ഒരു പെൺകുട്ടിയുണ്ട് പിറകിൽ ..
എന്റെ ഒമ്പതാം ക്ലാസ്സ് കാലം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിൽ ഇന്നുള്ളതിനേക്കാൾ കട്ടികൂടിയ കാടുണ്ടായിരുന്നു അന്ന് .. സ്‌കൂൾ ഗ്രൗണ്ടിനെ ചുറ്റിയുള്ള കാട്ടിലൂടെ സ്‌കൂളിലേക്ക് ചെറിയ വെട്ടുവഴികളുണ്ട്. വീട്ടിൽ നിന്നും വൈകിയിറങ്ങിയ ഒരുദിവസം ആ വഴികളിലൊന്നിലൂടെ ഓടിയിറങ്ങുന്ന എന്നെ ഒരാൾ തടഞ്ഞു നിർത്തുന്നു.. വായ് പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുന്നു .. എനിക്ക് ആർത്തവം ആരംഭിച്ച കാലമായിരുന്നു അത് . ശരീരത്തെ കുറിച്ചും അത് നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും വലിയ ധാരണയില്ലാത്ത പെൺകുട്ടി, ഒരാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന ബോധത്തിൽ നിന്നുകൊണ്ട് അവൾക്കാവുംപോലെ ചെറുത്തു.. ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പിൽ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു. പ്രണയിക്കുന്ന പുരുഷന്റെയല്ലാതുള്ള ഒരു ലിംഗം എത്രത്തോളം വലിയ വൃത്തികേടാണെന്നു ഇപ്പോഴെനിക്കറിയാം . അന്ന് ജീവിതത്തിലാദ്യമായി ഒരു പുരുഷ ലിംഗം കണ്ട്, അതിന്റെ സ്പർശത്തെ ഭയന്ന് അറപ്പോടെ പിന്നോട്ട് മറിഞ്ഞു വീണു.. മുടിക്ക് കുത്തിപ്പിടിച്ച് അയാൾ എന്നെ എഴുന്നേൽക്കാൻ സഹായിച്ചു.. പിടിവലിക്കിടയിൽ യൂണിഫോമിന്റെ തുന്നലുകൾ വിടുന്നതും പിന്നിപ്പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ കഴുത്തിൽ പിടി മുറുകുകയാണ്.. അയാളുടെ കൈകൾ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് ( ഇതു വായിക്കുന്നവരിൽ ആർക്കെങ്കിലും ഏതെങ്കിലും രീതിയിൽ പ്രകോപനം ഉണ്ടാവുന്നെങ്കിൽ ക്ഷമിക്കുക . എനിക്കിതു പറയാതെ വയ്യ. പറയാനുള്ള ആർജ്ജവത്തിലേക്കു ഞാനെത്തിയത് ഇപ്പോഴാണ് )
അയാളുടെ മുതുകിൽ ദുർബലതയുടെ അങ്ങേയറ്റത്തു നിന്നുകൊണ്ടുതന്നെ ഞാൻ ആഞ്ഞു കടിച്ചു. ഒരു നിമിഷം അയാൾ പിടിവിട്ടതും ഞാനോടി ... പിടഞ്ഞോടി രക്ഷപ്പെടുകയായിരുന്നു .. ശരീരം മുഴുവൻ നൊന്തിരുന്നു.. രക്തം പൊടിഞ്ഞിരുന്നു..
ആരോടെങ്കിലും പറയാവുന്ന ഒരു കാര്യമല്ലെന്ന് ധരിച്ച് മനസ്സിലിട്ടു കൊണ്ടുനടന്നു... ഭീകരമായ ഇൻസെക്യൂരിറ്റി അനുഭവിച്ച കാലം. ഉണർവ്വിലും ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരുന്ന ദിവസങ്ങൾ. ചിരിയും വർത്തമാനവും മുറിഞ്ഞും മാഞ്ഞും പോയി. മനുഷ്യരെ മുഴുവൻ പേടിയായി. ഒറ്റയ്ക്കിരിക്കാൻ മാത്രം ഇഷ്ട്‌പ്പെടുന്ന കുട്ടിയായി... പത്താം ക്ലാസ്സിന്റെ കാൽ ഭാഗം വരെയെ സ്‌കൂളിൽ തുടരാനായുള്ളൂ. സഹപാഠികൾക്കിടയിൽ പോലും ഇരിക്കാൻ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോയി. കൂട്ടുകാർ ഇല്ലാണ്ടായി. തീർത്തും ഒറ്റയായി.. എന്റെ ക്ലാസ്സിന്റെ മുൻവാതിൽ കടന്ന് എന്റെ ബെഞ്ച് വരെ കുട്ടികൾക്കിടയിലൂടെ നടന്നെത്താൻ എനിക്ക് പറ്റുമായിരുന്നില്ല. അപകർഷതയും ഭയവും വിഷാദവും. ആ കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയില്ല . ഡിപ്രഷന്റെ ഏറ്റവും മാരകമായ ഒരു വേർഷൻ അനുഭവിച്ചുകൊണ്ട് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞാൻ .
പിന്നീട് നിരന്തരമായ കൗൺസിലിംഗുകൾ.. മരുന്നുകൾ .. എന്നെ മറികടന്നു പോകുന്നവരിൽ ആ മനുഷ്യന്റെ മുഖം മാത്രം തിരഞ്ഞുകൊണ്ടേയിരുന്നു.കോളേജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. സഭാകമ്പവും ആൾക്കൂട്ടത്തോടുള്ള ഭയവും ഒരു മാറാ വ്യാധിപോലെ ഈയടുത്ത കാലം വരെയും എനിക്കൊപ്പം ഉണ്ടായിരുന്നു.
പിജി ചെയ്യാൻ വീണ്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിൽ എത്തിയപ്പോൾ ആ പഴയ വഴികളിലൂടെ ഞാൻ നടന്നുകൊണ്ടിരുന്നു . ഇപ്പോഴും ഞാൻ തിരഞ്ഞെടുക്കാറ് ആ വഴിയാണ്. ആ വഴിയിൽ അയാളെ വെട്ടിനുറുക്കുന്ന ചിലപ്പോൾ വെടിവെച്ചു വീഴ്‌ത്തുന്ന എന്നെ ഇതിനകം എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു ...
ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികൾ എന്നിൽ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകൾ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെൺകുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നിൽ കുത്തിനിറച്ച പേടിയും അപകർഷതയുമെല്ലാം ഞാൻ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേർത്ത് നിർത്തിയ ചുരുക്കം പേരുണ്ട് .. അച്ഛൻ , അമ്മ , ചേച്ചി , ബാലകൃഷ്ണൻ ഡോക്ടർ, എന്റെ സഭാകമ്പം പൊടിക്കൈ മരുന്ന് തന്നു മാറ്റിയ രാജൻ ഡോക്ടർ ... സ്‌നേഹത്തിന്റെ ആ കൈകൾക്കു ഒരു നൂറുമ്മകൾ .. ????