തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം സമാപിച്ച് നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ഇരുമുന്നണികളും ബിജെപിയും വിജയപ്രതീക്ഷയിലാണ്. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിൽ ഉപരിയായി സംസ്ഥാന രാഷ്ട്രീയം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ബലപരീക്ഷണം കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ്. സ്പീക്കറായിരുന്ന ജി കാർത്തികേയൻ രണ്ട് പതിറ്റാണ്ടായി പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് തെരഞ്ഞെടുപ്പ് വന്നത്. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള അധിക ചർച്ചകൾക്ക് ഇടം നർകാതെ കോൺഗ്രസ് ശബരിനാഥിനെയും സിപിഐ(എം) വിജയകുമാറിനെയും സ്ഥാനാർത്ഥിയാക്കിയത് കടുത്ത രാഷ്ട്രീയ മത്സരം നടക്കുന്നു എന്നതു കൊണ്ടാണ്. തങ്ങളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കൂട്ടത്തിൽ ഏറ്റവും കരുത്തനായ രാജഗോപീലിനെയും രംഗത്തിറക്കി.

കാടിളക്കിയും അണുവിടകീറിയുമാണ് ഇരു മുന്നണികളും പ്രചരണ രംഗത്ത് സജീവമായിരുന്നത്. ബാർകോഴയും സോളാറും വിഴിഞ്ഞവും വികസന രാഷ്ട്രീയവുമൊക്കെ ചർച്ചയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായി വിലയിരുത്തുന്ന ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ അതീവ നിർണ്ണമായകമാണ്. ഏത് സ്ഥാനാർത്ഥി വിജയിച്ചാലും അത് സംസ്ഥാന രാഷ്ട്രീയത്തിന്റെ വരാനിരിക്കുന്ന ഭാഗദേയം നിർണ്ണയിക്കലാകും. മണ്ഡലത്തിൽ സുപരിചിതനായി എം വിജയകുമാർ വിജയിച്ചാൽ വി എസ് - പിണറായി കൂട്ടുകെട്ട് ഒരു വിജയസഖ്യമായി മാറുന്നതിന്റെ തെളിവാകും.

ആക്ഷേപങ്ങൾ എല്ലാം മറന്ന് ഇരു സഖാക്കളും ഒരുമിക്കുന്ന കാഴ്‌ച്ചക്ക് കേരളം സാക്ഷിയാകുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്. പ്രചരണ രംഗത്തെ ക്രൗഡ് പുള്ളറായി വി എസ് രംഗത്തെത്തിയപ്പോൾ സംഘടനയെ ചലിപ്പിച്ച് ഓരോ ബൂത്തിലും പാഞ്ഞെത്തിയത് പിണറായി ആയിരുന്നു. ഒരേ സമയം രണ്ട് വിധത്തിലുള്ള പ്രചരണ തന്ത്രമായിരുന്നു ഇടതുപക്ഷത്തിന്റെത്. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന നേതാക്കളെ ഒരുമിപ്പിച്ച് നിർത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒരു മധ്യസ്ഥന്റെ റോളിലായിരുന്നു.

മറുവശത്ത് ഉമ്മൻ ചാണ്ടിയാണ് സ്ഥാനാർത്ഥി എന്ന വിധത്തിലായിരുന്നു യുഡിഎഫിന്റെ പ്രചരണങ്ങൾ. ശബരിനാഥിന് വേണ്ടി ഗ്രൂപ്പും, മറ്റ് പരിഗണനകളുമെല്ലാം മറന്നാണ് കോൺഗ്രസ് രംഗത്തെത്തിയത്. കൂടാതെ സഖ്യകക്ഷികളും എല്ലാ സഹായങ്ങളുമായി എത്തി. അഴിമതി ആരോപണങ്ങളുടെ നിറുകയിൽ നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ശബരിനാഥ് വിജയിച്ചാൽ അത് ഉമ്മൻ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങളുടെ വിജയമായി മാറും. പ്രചരണ രംഗത്ത് പണവും നേതാക്കളെയും ഇറക്കിയാണ് യുഡിഎഫ് സജീവമായിരുന്നത്. കുടുംബ യോഗങ്ങളിലൂടെയും മറ്റും കാർത്തികേയന്റെ മകന് വോട്ടഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇങ്ങനെ നടത്തിയ പ്രചരണ ഗുണം ചെയ്യുമെന്നാണ് ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും പ്രതീക്ഷ. അരുവിക്കരയിൽ വിജയിച്ചാൽ ഉമ്മൻ ചാണ്ടിക്ക് ഇനി ആരെയും പേടിക്കാതെ മുന്നോട്ടു പോകാം. മറിച്ചാണെങ്കിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യങ്ങൾ ശക്തമാകുകയും ചെയ്യും. കൂടാതെ ലീഗ് പോലുള്ള ഘടകകക്ഷികൾ മുന്നണിയിൽ കൂടുതൽ ശക്തരാകുകയും ചെയ്യും.

അതേസമയം ബിജെപി അട്ടിമറി വിജയം നേടിയാൽ കേരളത്തിൽ താമര കത്തിപ്പടരുന്നതിന്റെ സൂചനയാകും അത്. ഇപ്പോൾ മേൽക്കൈയുള്ള മണ്ഡലങ്ങളിൽ വിജയം കൊയ്ത് അടുത്ത തെരഞ്ഞെുപ്പുകളിൽ ബിജെപി ഏഴ് സീറ്റ് വരെ നേടിയാലും അതിൽ അത്ഭുതപ്പെടാനില്ല. ഒ രാജഗോപാലിന്റെ വ്യക്തിഗത മികവിലാണ് ബിജെപിയുടെ പ്രതീക്ഷ. ഫലത്തിൽ അരുവിക്കരയിൽ ആര് ജയിച്ചാലും തോറ്റാലും വോട്ടു കൂടിയാലും കുറഞ്ഞാലും അത് മുന്നണികൾക്കും പാർട്ടികൾക്കും മാത്രമല്ല, നേതാക്കൾക്കുതന്നെയും നിർണായകം. വിധി ദേശീയതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടും.

ഇന്നലെ രാവിലെ നേതാക്കളുടെ വാക്യുദ്ധത്തോടെയും പിണറായി വിജയന്റെ വാർത്താസമ്മേളനത്തോടെയും വൈകീട്ട് സ്ഥാനാർത്ഥികളുടെ റോഡ് ഷോയോടെയുമാണ് പരസ്യപ്രചാരണത്തിന് അവസാനമായത്. യു.ഡി.എഫിലെ കെ.എസ്. ശബരീനാഥൻെയും ബിജെപിയിലെ ഒ. രാജഗോപാലിന്റെയും റോഡ് ഷോക്ക് പുറമെ, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വിജയകുമാറിനൊപ്പം നടത്തിയ അപ്രതീക്ഷിത റോഡ് ഷോ സൃഷ്ടിച്ച ആവേശം യു.ഡി.എഫിനെയും ബിജെപിയേയും അമ്പരപ്പിച്ചു. തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ച വി എസ് അവസാന നിമിഷവും ഈ ഷോയിലൂടെ അത് തുടർന്നു. വിഎസിലൂടെ മുന്നിലെത്തിയെന്നാണ് ഇപ്പോൾ ഇടതുമുന്നണിയുടെ വിലയിരുത്തൽ.

ശബരീനാഥൻ സഹതാപത്തിലൂടെ വിജയം ഉറപ്പിക്കുമെന്നായിരുന്നു തുടക്കത്തിൽ യു.ഡി.എഫ് കരുതിയത്. എന്നാൽ, സർക്കാറിനെതിരായ അഴിമതി ആരോപണങ്ങളും വിവാദങ്ങളും മൂലം അവർക്ക് നന്നായി വിയർക്കേണ്ടിവന്നു. വി എസ്. അച്യുതാനന്ദൻ അഴിമതി വിഷയമാക്കിയതും അദ്ദേഹത്തിന്റെ യോഗങ്ങൾക്കത്തെുന്ന ജനക്കൂട്ടവും യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നു. ഇതിനെ മറികടക്കാനായിരുന്നു മുഖ്യമന്ത്രി നടത്തിയ കുടുംബ യോഗങ്ങൾ. ഇതുമൂലം അഴിമതിയടക്കമുള്ള വിഷയങ്ങളിൽ മറുപടി പറയാതെ ഒഴിഞ്ഞുനിൽക്കാനും അദ്ദേഹത്തിനായി.

യു.ഡി.എഫിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത് ഉമ്മൻ ചാണ്ടിയാണെന്നത് എൽ.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്. നാമമാത്ര ഭൂരിപക്ഷത്തിൽ ആരംഭിക്കുകയും ഒരു സിപിഐ(എം) അംഗത്തെതന്നെ കൂറുമാറ്റി ഭരണം ഉറപ്പിക്കുകയും ചെയ്ത അദ്ദേഹം തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയിക്കാൻ എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

സിപിഎമ്മിന് സഹതാപത്തെ നിഷ്പ്രഭമാക്കാൻ കഴിയുന്ന വിഷയങ്ങൾ കൈയിലുണ്ട്. എം. വിജയകുമാർ നല്ല സ്ഥാനാർത്ഥിയും. അത് പ്രയോജനപ്പെടുത്താനായോ എന്നതാണ് വിഷയം. വിജയപ്രതീക്ഷയിലൊന്നുമല്ല ബിജെപി തുടങ്ങിയത്. എന്നാൽ, രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ചിത്രം മാറ്റി. സിപിഐ(എം) മൂന്നാം സ്ഥാനത്ത് പോയാലും അദ്ഭുതമില്‌ളെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കാനുമായി.
പി.സി. ജോർജിന്റെ അഴിമതി വിരുദ്ധമുന്നണിയുടെ കെ. ദാസ്, പി.ഡി.പിയുടെ പൂന്തുറ സിറാജ് എന്നിവർ പിടിക്കുന്ന വോട്ടുകൾ വിജയത്തെ സ്വാധീനിക്കും എന്നത് ഉറപ്പ്.

അപരന്മാരെയും തള്ളിക്കളയാനാവില്ല. സാമുദായിക ഘടകങ്ങളും പ്രധാനം. സിപിഐ(എം) വോട്ടിൽ ഈഴവ സമുദായത്തിലൂടെ ചോർച്ചയുണ്ടാക്കാൻ ബിജെപിക്കാവുമെന്ന് അവരും യു.ഡി.എഫും. നാടാർ വിഭാഗം ദാസിലൂടെ വോട്ട് മറിക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷ.