തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. രണ്ട് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ ഉമ്മൻ ചാണ്ടി സർക്കാർ നാലര വർഷം തികയ്ക്കുന്നിതിനിടെ നേരിടേണ്ടി വന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു അരുവിക്കരയിലേത്. പിറവവും നെയ്യാറ്റിൻകരയും കൈപ്പിടിയിൽ ഒതുക്കിയ ശേഷമാണ് അരുവിക്കരയിൽ യുഡിഎഫ് വജിയം നേടിയത്. ഇതാകട്ടെ അഴിമതി ആരോപണങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും പാർട്ടിയിൽ ഗ്രൂപ്പിസം ശക്തമായ വേളയിലുമായിരുന്നു. എന്നാൽ, കെ എസ് ശബരിനാഥിന്റെ വിജയത്തോടെ പ്രതിപക്ഷത്തെ അപ്രസക്തമാക്കി മുന്നേറാൻ യുഡിഎഫിന് സാധിച്ചു. പരസ്പരം ഇടഞ്ഞു നിന്ന നേതാക്കളെ ഒരേ ചരടിൽ കോർത്ത് പ്രചരണത്തെ ഏകോപിപ്പിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരനും കൂടി അവകാശപ്പെട്ടതാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പ് വിജയം.

തെരഞ്ഞെടുപ്പിന് ഒരുങ്ങും മുമ്പ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ശീതയുദ്ധമായിരുന്നു കോൺഗ്രസിൽ. ബാർകോഴ അന്വേഷണത്തിന്റെ പേരിൽ രമേശിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. ഇങ്ങനെ വിവാദം കൊഴുക്കുന്ന വേളയിലാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. എടുത്തുപറയാൻ വികസന നേട്ടങ്ങൾ ഇല്ലാത്തതിനാൽ കാർത്തികേയന്റെ പേരിലായിരുന്നു യുഡിഎഫ് വോട്ടു പിടിത്തം. കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ ഇതുപോലെ പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്നു എന്ന തോന്നലായിരുന്നു മണ്ഡലത്തിൽ. സംഘടനാ സംവിധാനങ്ങളെ ഒരുപോലെ ചലിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുന്നോട്ടു നീങ്ങിയത്. രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രിയെയും ഒരു ചലടിൽ കോർത്തുകൊണ്ട് സുധീരൻ മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് നയിച്ചു.

ബാർകോഴ വിവാദം ഉയരുമ്പോഴും മദ്യനിരോധനവും അരുവിക്കരയിൽ ചർച്ചയായി. മദ്യനിരോധനത്തിന് കാരണക്കാരനായത് കെപിസിസി പ്രസിഡന്റ് സുധീരൻ തന്നെയായിരുന്നു. കുടുംബയോഗങ്ങൾക്ക് മുൻതൂക്കം നൽകിയായിരുന്നു കോൺഗ്രസിന്റെ പ്രചരണങ്ങൾ. ശബരിനാഥിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന ശബ്ദങ്ങളെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ മുന്നിൽ നിന്നത് സുധീരനായിരുന്നു. ഗ്രൂപ്പിസത്തിന് തടയിട്ടു എന്നതും അദ്ദേഹത്തിന്റെ നേട്ടമായി.

ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന് സുധീരൻ തെരഞ്ഞെടുപ്പ് വേദിയിൽ സജീവമായതോടെ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും കൈമെയ് മറന്ന് രംഗത്തെത്തുകയായിരുന്നു. കാർത്തികേയനുമായി രമേശ് ചെന്നിത്തലയ്ക്കുണ്ടായിരുന്ന ആത്മബന്ധമായിരുന്നു ഇതിന് കാരണം. കൂടാതെ ശബരിനാഥ് പരാജയപ്പെട്ടാൽ അത് ഐ ഗ്രൂപ്പിന്റെ മേൽ കെട്ടിവെക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ടായി. ഇതോടെ കോൺഗ്രസിന്റെ തലമുതിർന്ന മൂന്ന് നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണം വിജയം കാണുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിലും കെപിസിസി പ്രസിഡന്റിന്റെ കരങ്ങളുണ്ടായിരുന്നു. അന്ന് വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന വേളയിലായിരുന്നു സുധീരനെ എഐസിസി നേതൃത്വം കെപിസിസി പ്രസിഡന്റായി നിയോഗിച്ചത്. ഇതോടെ കോൺഗ്രസിന് ഒരു പുതിയ മുഖവും ലഭിച്ചു. വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായക്ക് പകരം വെക്കാൻ സുധീരനിലൂടെ അന്ന് കോൺഗ്രസിന് സാധിച്ചു. എഐസിസി നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസം കാക്കാൻ അരുവിക്കരയിലെ വിജയത്തിലൂടെ ഒരിക്കൽ കൂടി അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് മറ്റൊരു കാര്യം.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേതാക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോകുക എന്ന ദൗത്യമാണ് ഇനി സുധീരനിൽ നിക്ഷിപ്തമായിരിക്കുന്നത്. ഈ വിജയത്തോടെ കെപിസിസി പ്രസിഡന്റ് പദവിയിൽ കുറച്ചുകൂടി ഉറച്ചിരിക്കാനും സുധീരന് സാധിക്കും. ഗ്രൂപ്പിസത്തെ ഇല്ലാതാക്കിയാൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ സാധിക്കുകയുള്ളൂവെന്ന സുധീരന്റെ വാക്കുകളെ ശരിവെക്കുന്നതു കൂടിയാണ് ഈ വിജയം. എന്തായാലും ഇപ്പോഴത്തെ ഒത്തൊരുമയോടെ കോൺഗ്രസ മുന്നോട്ടു നീങ്ങിയാൽ അത് ഒരു ഭരണ തുടർച്ചക്ക് കാരണകമാകുകയും ചെയ്യും.