ആര്യനാട്: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും വിജയിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ് നേതാക്കൾ. മന്ത്രിമാരുടെ പട തന്നെയാണ് മണ്ഡലത്തിൽ ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തമ്പടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എല്ലായിടത്തും ഓടി നടക്കുന്നു. ഇതിനിടെയാണ് വോട്ടുപിടിക്കാൻ ഉത്തരേന്ത്യൻ മോഡൽ തന്ത്രവുമായി ചില കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയത്. സാരി വിതരണം ചെയ്തായിരുന്നു കോൺഗ്രസ് വോട്ടുപിടിക്കാനായി രംഗത്തിറങ്ങിയത്. ഇതിനെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് എൽഡിഎഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി ജനറൽ കൺവീനർ ആനാവൂർ നാഗപ്പൻ പരാതി നൽകി.

സ്ത്രീവോട്ടർമാരെ സ്വാധീനിക്കാനായി ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട് വാർഡിൽ യുഡിഎഫ് ബൂത്ത് കൺവൻഷന്റെ മറവിൽ വ്യാപകമായി സാരിവിതരണം നടത്തി. ഇതിനെതിരെ പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ സാരിവിതരണം ചെയ്തതിലൂടെ അരുവിക്കരയിൽ യുഡിഎഫിന്റെ പരാജയഭീതിയാണ് തുറന്നുകാട്ടപ്പെട്ടതെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

വഴിവിട്ട മാർഗങ്ങളിലൂടെ വോട്ടു സമ്പാദിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ എന്തും ചെയ്യാൻ യുഡിഎഫിനു മടിയില്ലെന്നും സാരിവിതരണം തെളിവുസഹിതം പുറത്തുവന്നതോടെ വ്യക്തമായിക്കഴിഞ്ഞു. പ്രചാരണം മുന്നേറുമ്പോൾ മണ്ഡലത്തിലെ എല്ലാ മേഖലയിലും തങ്ങൾ പിന്നിലാണെന്ന തിരിച്ചറിവാണ് യുഡഎഫിന്റെ ഇത്തരം വഴിവിട്ട നീക്കങ്ങൾക്കുപിന്നിൽ.

ജാതിയുടെയും മതത്തിന്റെയും മറവിൽ വോട്ടു സമാഹരിക്കാനുള്ള ശ്രമങ്ങളും അവർ ഇടവേളയില്ലാതെ നടത്തുന്നുണ്ട്.പാവപ്പെട്ട ജനങ്ങളെ സ്വാധീനിക്കാൻ പരസ്യമായി സാരിവിതരണം ചെയ്തുവെങ്കിൽ, രഹസ്യമായി എന്തൊക്കെ നടക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പിനെ പണത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും കളിയാക്കി മാറ്റുകയാണ് യുഡിഎഫ്. കുറുക്കുവഴിയിലൂടെ രക്ഷപ്പെടാമെന്നത് ഉമ്മൻ ചാണ്ടിയുടെ വ്യാമോഹം മാത്രമാണെന്നും പിണറായി പഞ്ഞു.

സാരിവിതരണത്തിന്റെ ചിത്രങ്ങൾ ഇത് പത്രദൃശ്യമാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പുരുഷവോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകാനും യുഡിഎഫ് ശ്രമിക്കുന്നു. ജൂൺ ഒമ്പതിന് പൂവച്ചൽ പഞ്ചായത്തിലെ കുറക്കോണത്ത് ആരാധനാലയത്തിൽ വോട്ടർമാരെ വിളിച്ചുവരുത്തി മന്ത്രി കെ സി ജോസഫ്, ആർ സെൽവരാജ് എംഎൽഎ എന്നിവർ പ്രസംഗിച്ചു. ഇതിനുപുറമെ മുഖ്യമന്ത്രി പങ്കെടുത്ത് യുഡിഎഫ് നേതാക്കൾ മുഖേന വോട്ടർമാരിൽനിന്ന് പരാതി സ്വീകരിക്കുന്ന പരിപാടിയും മണ്ഡലത്തിൽ ആരംഭിച്ചു.

മുഖ്യമന്ത്രിപദവി വിനിയോഗിച്ച് ഇത്തരത്തിൽ ഇടപെടുന്നത് തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനമായതിനാൽ സംസ്ഥാന ഇലക്ടറൽ ഓഫീസർ അടിയന്തരമായി ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. കലക്ടർ, അരുവിക്കരയിലെ റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എന്നിവർക്കും പരാതിയുടെ പകർപ്പുകൾ കൈമാറി.