തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ നടക്കുന്നത് മൂന്ന് തലമുറകൾ തമ്മിലുള്ള പോരാട്ടമാണെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായ ഒ രാജഗോപാലാണ് ബിജെപിയുടെ സ്ഥാനാർത്ഥി. നിയമസഭാ രാഷ്ടീയത്തിൽ ശോഭിച്ച എം വിജയകുമാർ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയും. കൂട്ടത്തിൽ രാഷ്ട്രീയ പരിചയവും പ്രായവും ഏറ്റവും കുറവാണ് യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന്. ഇങ്ങനെ മൂന്ന് തലമുറകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. ശക്തമായ ത്രികോണ് മത്സരമാണ് മണ്ഡലത്തിൽ നടക്കുക എന്നകാര്യം ഉറപ്പായി. എന്നാൽ, പരസ്പ്പരം ചെളിവാരിയെറിഞ്ഞ് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണ ശൈലി അരുവിക്കരയിൽ കാണാനില്ലെന്നത് നല്ല രാഷ്ട്രീയത്തിന്റെ ലക്ഷണമാണ്.

കേരള രാഷ്ട്രീയത്തിൽ ചില മൂല്യങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെന്ന തെളിവാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിൽ. നേതാക്കളും അണികളും തമ്മിൽ പരസ്പരം വാക്കുകകൾ കൊണ്ട് കൊമ്പുകോർക്കുമ്പോഴും മാന്യതയുടെ ഭാഷയാണ് സ്ഥാനാർത്ഥികൾക്ക്. കൂട്ടത്തിൽ ചെറുപ്പക്കാരനായ ശബരിനാഥ് രാജഗോപാലിനെയോ വിജയകുമാറിനെയും വാക്കുകൾ കൊണ്ട് ആക്രമിക്കാനും വിലകുറച്ചു കാണാനോ താൽപ്പര്യമില്ലാത്ത വ്യക്തിയാണ്. രാഷ്ട്രീയവും വികസനവും പറയുമ്പോഴും വ്യക്തിപരമായി ആരെയും ആക്രമിക്കില്ലെന്ന നിലപാടിലാണ് ശബരിനാഥ്. ഇതേ നിലപാട് തന്നെയാണ് രാജഗോപാലും എം വിജയകുമാറും സ്വീകരിക്കുന്നത്.

സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്ന് കോൺഗ്രസിൽ എതിർശബ്ദങ്ങൾ ഉയർന്നപ്പോഴും അതിനെ ആയുധമാക്കാൻ ഇടതുപക്ഷ സ്ഥാനാർത്ഥി ശ്രമിച്ചിരുന്നില്ല. ശബരിനാഥ് യോഗ്യനായ ചെറുപ്പക്കാരനാണ് എന്നായിരുന്നു വിജയകുമാർ പ്രതികരിച്ചത്. അതുപോലെ ജി കാർത്തികേയനെന്ന നേതാവിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്താതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. മണ്ഡലത്തിൽ പ്രചരണ രംഗത്ത് ഓടു നടക്കുകയാണ് വിജയകുമാർ. എല്ലാവരെയും കൈയിലെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ.

ശബരിനാഥിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രാഷ്ട്രീയ എതിരാളികളെ അർഹിക്കുന്ന ബഹുമാനം നൽകികൊണ്ടാണ് ശബരിനാഥിന്റെ വോട്ടഭ്യർഥന. ബിജെപി സ്ഥാനാർത്ഥി രാജഗോപാലിനെ നേരിൽ കണ്ടപ്പോൾ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനും ശബരിനാഥ് മറന്നില്ല. തുടർന്ന് ഈ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ തന്റെ മകനെതിരെ മത്സരിക്കുന്ന എതിരാളി മാന്യനാണെന്നായിരുന്നു വിജയകുമാറിനെക്കുറിച്ച് സുലേഖ പ്രതികരിച്ചത്.

രാജഗോപാൽ മണ്ഡലത്തിൽ സജീവ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. മറ്റ് പാർട്ടികളേക്കാൾ വൈകിയാണ് രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. എന്നാൽ രാജഗോപാൽ കളത്തിലിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ മാന്യനായ രാഷ്ട്രീയക്കാരിൽ ഒരാളായ രാജഗോപാലിനെ അനാവശ്യമായി വിമർശിക്കാൻ മറ്റ് രണ്ട് സ്ഥാനാർത്ഥികളും തയ്യാറല്ല താനും. ടെലിവിഷൻ ചർച്ചകളിലും സ്ഥാനാർത്ഥികൾ വ്യക്തിഹത്യ നടത്താൻ തയ്യാറാകുന്നില്ലെന്നത് നല്ല കാര്യമാണ് താനും.

ബഹുമാന്യനായ ശ്രീ രാജഗോപാലിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ, വാത്സല്യത്തോടെ നല്കിയ അനുഗ്രഹാശംസകൾക്ക് നന്ദി...!!

Posted by Sabarinathan KS on Tuesday, June 2, 2015

സ്ഥാനാർത്ഥി എത്ര സത്‌സ്വഭാവിയാണെങ്കിലും അവരെ പരമാവധി അധിക്ഷേപിക്കലാണ് തെരഞ്ഞെടുപ്പ് വേദിയിലെ സ്ഥിരം ശൈലി. അതിന് വിപരീതമായി എതിരാളികളെ അംഗീകരിക്കുന്ന വാക്കുകൾ അരുവിക്കരയിലെ സ്ഥാനാർത്ഥികളിൽ നിന്നും കേൾക്കുന്നത്. അതേസമയം സ്ഥാനാർത്ഥികൾ മാന്യമായി പെരുമാറുമ്പോഴും സൈബർ ലോകത്ത് അണികൾ അത്ര സൗമ്യമായല്ലെ പെരുമാറുന്നത്. മുൻതൂക്കം നേടാൻ വേണ്ടി ഇവിടെ മുന്നണികൾ തമ്മിൽ കടുത്ത മത്സരമാണ് നടത്തുന്നത്.