അരുവിക്കര: സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതി തന്നെ നിർണ്ണയിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് സമാപിക്കും. വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ, ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൊ്ട്ടിക്കലാശം ഗംഭീരമാക്കി ജയിച്ചു കയറുകയാണ് ലക്ഷ്യം.

പരസ്യപ്രചാരണത്തിനു വൈകിട്ട് അഞ്ചിനു തിരശീല വീഴും. അവസാനവട്ട കണക്കെടുപ്പിലും ശബ്ദവിന്യാസത്തിന്റെ മായാശക്തിയിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ വോട്ടർമാരുടെ മനസിൽ പ്രതിഷ്ഠിക്കാനുമുള്ള പ്രയത്‌നത്തിലായിരുന്നു ഇന്നലെ മുന്നണികളും സ്ഥാനാർത്ഥികളുമെല്ലാം. ജാതിമതസംഘടകളെല്ലാം മനസാക്ഷി വോട്ട് ചെയ്യാൻ നിർദേശിച്ച അരുവിക്കരയിൽ ത്രികോണ മത്സരത്തിന്റെ വിധിയെഴുത്ത് 27 ന് നടക്കും. കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികൾ നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ മണ്ഡലത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രചരണമാണ് നടക്കുന്നത്. വാഹനറാലികളും കൂട്ടഓട്ടവും എന്നുവേണ്ട കൊട്ടുംകുരവയും ഫ്ളാഷ്‌മോബും കലാജാഥകളും നാടൻ പാട്ടുസംഘങ്ങളുമൊക്കെ പ്രചാരണരംഗം കൊഴുപ്പിച്ചു.

1,77,594 വോട്ടർമാരാണ് അരുവിക്കരയിലുള്ളത്. ഇതിൽ 1,35,000ത്തിലധികം വോട്ടുകൾ പോൾ ചെയ്യുമെന്ന് മുന്നണികൾ പ്രതീക്ഷിക്കുന്നു. ഇതിൽ 50,000 കടന്നാൽ വിജയിക്കാമെന്നാണ് കണക്ക്. കഴിഞ്ഞ തവണ ജി.കാർത്തികേയന് 10,674 ആയിരുന്നു ഭൂരിപക്ഷം. ദുർബലനായ എതിരാളിയായിരുന്നു അന്ന്. ഇത്തവണ സിപിഐ(എം) നേരിട്ട് മത്സരിക്കുകയാണ്. നാട്ടുകരൻ തന്നെയായ എം.വിജയകുമാറാണ് സ്ഥാനാർത്ഥി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി ഒ.രാജഗോപാൽ എത്തിയതോടെ രംഗം മാറി. അങ്ങനെ ത്രികോണ ചൂടെത്തി. ഇതോടെ പ്രചരണവും വാശിപിടിച്ചു. കാർത്തികേയന്റെ മരണമുയർത്തുന്ന സഹതാപ തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന്റെ ശബരിനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 7694 വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14000 വോട്ടും നേടിയെങ്കിൽ ഇത്തവണ അത് ഇരുപതിനായിരവും കടന്നു പോവും എന്ന് ഇരുമുന്നണി നേതാക്കളും പറയുന്നു. ചില പഞ്ചായത്തുകളിലെങ്കിലും അവർ ഒന്നാമതോ, രണ്ടാമതോ വന്നു കൂടായ്കയുമില്ല. ബിജെപി രണ്ടു മുന്നണികളിൽ നിന്നും വോട്ടു പിടിക്കും. അവരുടെ വോട്ട് ഇരുപതിനായിരത്തിനടുത്താണെങ്കിൽ യു.ഡി.എഫിനായിരിക്കും കൂടുതൽ ദോഷം എന്നാണ് ഒരു നിരീക്ഷണം. അതിനും മുകളിലേക്ക് പോയാൽ ഇടതുമുന്നണി പേടിക്കണം. ബിജെപിയാകട്ടെ ഇടതു മുന്നണിയുടെ വോട്ടുകൾ അടർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.

അഴിമതി വിരുദ്ധ മുന്നണിയുടെ കെ.ദാസ് എത്ര വോട്ട് പിടിക്കുമെന്ന് വ്യക്തമല്ല. 2000 5000 വോട്ടാണ് ഇരു മുന്നണികളുടെയും നേതാക്കൾ കാണുന്നത്. അത് യു.ഡി.എഫിനെയാവും വലയ്ക്കുക. വിവാദങ്ങളിലേക്ക് കടക്കാതെ വികസനവും ജനങ്ങളോടുള്ള പ്രതിബദ്ധതയും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും മുൻ നിർത്തിയുള്ള പ്രചാരണത്തിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഊന്നൽ നൽകിയത്. നൂറു കണക്കിന് കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനായിരുന്നു ഇടതു മുന്നണിയുടെ തുറുപ്പ് ചീട്ട്. വി.എസിന്റെ വരവോടെ മണ്ഡലം ഇളകി മറിഞ്ഞു. അഴിമതിയാണ് അദ്ദേഹം എടുത്ത് വീശിയത്. സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ നേതാവായ പിണറായി വിജയൻ പൊതു രംഗത്ത് വരാതെ അണിയറയിൽ ഒതുങ്ങിയാണ് കരുക്കൾ നീക്കിയത്. വി.എസിന്റെ കടന്നാക്രമണത്തിന് എ.കെ.ആന്റണി ആണ് മറുപടി നൽകിയത്. ആന്റണിയുടെ വരവോടെ തങ്ങളുടെ നില മെച്ചപ്പെട്ടതായി യു.ഡി.എഫ് അവകാശപ്പെടുന്നു.

അമ്പതിനായിരം വോട്ടെങ്കിലും നേടാത്തയാൾ അരുവിക്കരയിൽ ജയിക്കില്ലെന്നാണ് വിലയിരുത്തൽ. അതുപോലും മതിയാകില്ല എന്നാണു സൂചന. കണക്കുകൾ പരിശോധിച്ച എൽഡിഎഫ് നേതൃയോഗം 50 വരെ എത്താമെന്ന ശുഭപ്രതീക്ഷ പുലർത്തുന്നു. താഴേത്തട്ടിൽ നിന്നു സിപിഎമ്മിനു ലഭിച്ച കണക്ക് പ്രകാരം 60,000 വോട്ടുവരെ ലഭിക്കാം. അരുവിക്കരയിൽ ഇതുവരെ എൽഡിഎഫ് ഏറ്റവും കൂടുതൽ വോട്ടുനേടിയത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലാണ്. 46,497. പക്ഷേ അപ്പോഴും ജി. കാർത്തികേയനോടു പതിനായിരത്തിൽപ്പരം വോട്ടിനു മുന്നണി പരാജയപ്പെടുകയാണ് ഉണ്ടായത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എ. സമ്പത്ത് വിജയിച്ചപ്പോൾ അരുവിക്കരയിൽ നേടിയ 52,000 വോട്ടാണ് ആശ്വാസം. കുറഞ്ഞത് അയ്യായിരം വോട്ടിനെങ്കിലും എം. വിജയകുമാറിനു ജയിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി.

താഴേത്തട്ടിൽ നിന്നു സമാഹരിച്ച കണക്കുപ്രകാരം ഒൻപതിനായിരത്തിനും പതിനാലായിരത്തിനും ഇടയിൽ ഭൂരിപക്ഷം കെ.എസ്. ശബരീനാഥനു കിട്ടണമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ആകെ പോൾ ചെയ്യുന്ന വോട്ടുകളിൽ 48% എങ്കിലും യുഡിഎഫ് ഇവിടെ നേടിവരുന്നതാണ് ചരിത്രം. 2001 ലും 2011 ലും 2014 ലും അത് 50% കടന്നു. മൂന്നു തിരഞ്ഞെടുപ്പുകളിൽ നിർണായകമായ അൻപതിനായിരം മാർക്കും പിന്നിട്ടു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ എ. സമ്പത്തിനോട് തോറ്റപ്പോഴും ബിന്ദുകൃഷ്ണയ്ക്ക് അരുവിക്കരയിൽ 47,837 വോട്ടു സമാഹരിക്കാനായി. അങ്ങനെ നോക്കുമ്പോൾ എത്ര വോട്ടു പോൾ ചെയ്യുന്നു എന്നതും നിർണായകമാകും. 80% വരെ പോളിങ് ഉണ്ടാകാം എന്ന അനുമാനമാണ് എൽഡിഎഫ് നേതൃയോഗത്തിലുണ്ടായത്. പിറവം (86.38%), നെയ്യാറ്റിൻകര (80.01) ഉപതിരഞ്ഞെടുപ്പുകളിലെ വൻപോളിങ് യുഡിഎഫിനു ഗുണം ചെയ്തു. എന്നാൽ അരുവിക്കരയിൽ കഴിഞ്ഞതവണ 70.29% മാത്രമായിരുന്നു പോളിങ്. ഏറ്റവും കൂടുതൽ ഉണ്ടായത് 87 ലും 77.30%.

ആകെ വോട്ടുകൾ 1,84,223 ആണ്. സ്ത്രീകൾ 97,535, പുരുഷന്മാർ 86,688. ഇതിൽ മുപ്പതിനായിരത്തോളം വോട്ടുകൾ ഇരുമുന്നണികൾക്കു പുറത്തുള്ളവർ വീതിച്ചെടുത്തേക്കും എന്നതു പൊതുധാരണയാണ്. അപ്പോൾ 80% പോളിങ് എന്നാൽ 1,47,378 വോട്ടാണ്. അതിൽ നിന്നു മുപ്പതിനായിരം പോയാൽ 1,17,378. അതായത് 59,000 എങ്കിലും വേണം ജയിക്കാനായി. ഇനി പോളിങ് 75% (1,38,167) ആയാൽ ഇതരകക്ഷികൾ പിടിക്കാനിടയുള്ള മുപ്പതിനായിരം കഴിഞ്ഞു ബാക്കിയുള്ളത് 1,08,167 വോട്ടാണ്. അപ്പോൾ ജയമുറപ്പിക്കാൻ 55,000 വോട്ടു വേണം. ബിജെപി അടക്കമുള്ള കക്ഷികളുടെ വോട്ട് 35,000 ആയാൽ 80% പോളിങ് നടക്കുന്ന വേളയിൽ 56,500 വോട്ടും 75% നടന്നാൽ 52,000 വോട്ടും ജയിക്കാൻ വേണം. വിജയം ഉറപ്പിക്കാൻ പോന്ന സുരക്ഷിത മാർക്ക് എന്നത് 53,000- 57,000 വോട്ടാണ് എന്നാണ് വിലയിരുത്തൽ

അരുവിക്കര പിടിക്കാൻ മത്സരിക്കുന്ന പാർട്ടികൾ ഇന്നലെ റോഡ് ഷോയും കൂട്ടയോട്ടവും ഫ്‌ലാഷ് മോബും സ്‌ക്വാഡ് പടയുമൊക്കെയായി പ്രചരണം കൊഴുപ്പിച്ചു. ഇടത്, വലത്, ബിജെപി കക്ഷികൾ മത്സരിച്ച് മണ്ഡലം കിടുക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ റോഡ് ഷോ നടത്തി. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കെൽട്രോൺ ജംഗ്ഷനിൽ നിന്ന് ആര്യനാട്ടേക്കും മന്ത്രി രമേശ് ചെന്നിത്തല വീരണകാവിൽ നിന്ന് വിതുരയിലേക്കും തുറന്ന ജീപ്പിൽ സഞ്ചരിച്ചു. ഇരുവരുടെയും കൂടെ ശബരീനാഥ് അല്പനേരം അനുഗമിച്ചു. കുറ്റിച്ചലിൽ എൽ. ഡി.എഫിന് വേണ്ടി കണ്ണൂരിൽ നിന്നുള്ള വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് നടത്തി. എം വിജയകുമാറിന്റെ ചിത്രമുള്ള ടീഷർട്ടുകളിട്ട് ചടുലമായി ചുവടുവച്ച അവർക്കിടയിലേക്ക് വിജയകുമാർ നേരിട്ടെത്തി.

പൊടുന്നനെ അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നാലെ തുറന്ന ജീപ്പിൽ വി. എസ്. സുനിൽകുമാർ എംഎൽഎക്കൊപ്പം ഇന്നസെന്റ് എത്തി. വിജയകുമാറിനെയും ഇന്നസെന്റിനെയും ഒരുമിച്ചു കണ്ടതോടെ ജംഗ്ഷൻ ജനസാഗരമായി.