- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60,000 വോട്ടും 5000 ഭൂരിപക്ഷവും ഉറപ്പിച്ച് സിപിഐ(എം); 58,000 വോട്ടും 10,000 ഭൂരിപക്ഷവും ഉറപ്പിച്ച് കോൺഗ്രസ്; 45,000 വോട്ടും അട്ടിമറി വിജയവുംപ്രതീക്ഷിച്ച് ബിജെപി; ഫലം അറിയാൻ ഒരു ദിവസം ബാക്കി ആകവേ എങ്ങും കൂട്ടലും കുറക്കലും
തിരുവനന്തപുരം: അരുവിക്കരയിൽ ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. വിജയകുമാറിന്റെ വിജയം പ്രതീക്ഷിച്ച് എൽഡിഎഫ് കണക്കുകൾ കൂട്ടുമ്പോൾ ശബരീനാഥൻ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. അതേസമയം ചരിത്രത്തിൽ ആദ്യമായി സ്വന്തം നിലയ്ക്ക് അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ റെക്ക
തിരുവനന്തപുരം: അരുവിക്കരയിൽ ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. വിജയകുമാറിന്റെ വിജയം പ്രതീക്ഷിച്ച് എൽഡിഎഫ് കണക്കുകൾ കൂട്ടുമ്പോൾ ശബരീനാഥൻ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. അതേസമയം ചരിത്രത്തിൽ ആദ്യമായി സ്വന്തം നിലയ്ക്ക് അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 76.3 ശതമാനം പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2011ലെ തെരഞ്ഞെടുപ്പിൽ ഇത് 70.61 ശതമാനമായിരുന്നു. ആര്യനാട് പഞ്ചായത്തിലാണ് കൂടുതൽ പോളിങ്(78.90) രേഖപ്പെടുത്തിയത്. അരുവിക്കര 77.34, കുറ്റിച്ചൽ 74.29, വിതുര 75.88, പൂവച്ചൽ 76.28, ഉഴമലയ്ക്കൽ 75.54, വെള്ളനാട് 76.73, തെളിക്കോട് 74.12 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ പോളിങ് ശതമാനം. നാളെയാണ് വോട്ടെണ്ണൽ. അതിന് മുന്നോടിയായാണ് കണക്കെടുപ്പ് മുന്നണികൾ തുടരുന്നത്. ഫലം പ്രവചനാതീതമാണെന്നതാണ് യാഥാർത്ഥ്യവും. ആകെ 1,42,496 വോട്ടുകളാണു പോൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ പോൾ ചെയ്ത 1,16,436 വോട്ടുകളെക്കാൾ 26,060 വോട്ടുകൾ കൂടുതൽ.
ഏതായാലും നാളത്തെ ഫലം ഇടത്-വലത് മുന്നണികൾക്ക് നിർണ്ണായകമാണ്. നിയമസഭ നടക്കുന്നതിനാൽ ഫല പ്രഖ്യാപനമുണ്ടാകുമ്പോൾ നേതാക്കളെല്ലാം സഭയ്ക്കുള്ളിലാകും. അപ്പോൾ മുതൽ കേരളത്തിലെ രാഷ്ട്രീയം മാറി മറിയും. ശബരിനാഥൻ ജയിച്ചാൽ എല്ലാം ഭരണ നേട്ടമായി മുഖ്യമന്ത്രി ഉയർത്തിക്കാട്ടും. ബാർ കോഴയും സോളാറും എല്ലാം ജനം തള്ളിയെന്ന് വിശദീകരിക്കും. പ്രതിപക്ഷം പ്രതിരോധത്തിലുമാകും. എന്നാൽ ജയം വിജയകുമാറിനായാൽ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും. സമരങ്ങളും ശക്തമാകും. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സർക്കാരുണ്ടാകില്ലെന്ന സിപിഐ(എം) നേതാക്കളുടെ പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണ്.
അഴിമതിവിരുദ്ധ മുന്നണിയുടെ കെ. ദാസോ പിഡിപിയുടെ പൂന്തുറ സിറാജോ വലിയ ചലനങ്ങൾ ഉണ്ടാക്കിയതായി ഇപ്പോൾ മുന്നണികളുടെ വിലയിരുത്തൽ ഇല്ല. അങ്ങനെ വരുമ്പോൾ ബിജെപി അടക്കമുള്ള സ്ഥാനാർത്ഥികൾക്ക് 36,000 വോട്ടുകളോളമാണ് ഇടത്-വലത് മുന്നണികൾ കണക്കുകൂട്ടലുകളിൽ നൽകുന്നത്. ബാക്കിയുള്ളത് 1.06 ലക്ഷം വോട്ടുകളാണ്. അതായത് ജയിക്കുന്ന സ്ഥാനാർത്ഥിക്കു കുറഞ്ഞത് 54,000 വോട്ടു വേണമെന്നാണ് രണ്ട് കൂട്ടരുടേയും വിലയിരുത്തൽ. ഇത് ലഭിക്കുമെന്ന ഉറച്ച വിശ്വാസവും ഉണ്ട്. എന്നാൽ കണക്കു കൂട്ടലുകൾ കാറ്റിൽപ്പറത്തുന്ന മുന്നേറ്റം രാജഗോപാൽ നടത്തുമെന്നാണ് ബിജെപി പക്ഷം.
വിജയകുമാർ വിജയിക്കുമെന്ന് സിപിഐ(എം) വിലയിരുത്തുന്നു. എം. വിജയകുമാറിന് 60,000 വോട്ടുകൾ വരെ ലഭിച്ചേക്കുമെന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി ശബരീനാഥന് 55,000 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിന് 25,000 വോട്ടുകളും ലഭിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ബൂത്തുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ നിഗമനം. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വി എസ് അച്യുതാനന്ദന്റെ പ്രചരണവും പിണറായി വിജയന്റെ സംഘടനാ പ്രവർത്തനവും വിജയത്തിലേക്ക് വഴിയൊരുക്കിയെന്നാണ് സിപിഐ(എം) പ്രതീക്ഷ. ബിജെപിക്ക് 25, 000 വോട്ട് മാത്രമേ കിട്ടൂ എന്നാണ് കണക്ക് കൂട്ടൽ.
പോളിങ് ശതമാനം കൂടുതലുള്ള ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിൽനിന്നു മാത്രം 4000 വോട്ടിന്റെ എങ്കിലും മുന്നേറ്റം എൽഡിഎഫ് കണക്കാക്കുന്നു. വിതുരയും കുറ്റിച്ചലും 2000 കൂടി വർധിപ്പിക്കും. മറ്റു നാലിടത്തും യുഡിഎഫ് മുന്നേറിയാലും അതു 3000 വോട്ടിന്റെ ലീഡിൽ കൂടുതൽ പോകില്ല എന്നാണ് അവരുടെ അനുമാനം. വിജയം തങ്ങൾക്ക് തന്നെയെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിനും. 6,000 മുതൽ 10,000 വോട്ടിന് ശബരീനാഥൻ ജയിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ഉഴമലയ്ക്കൽ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും ശബരീനാഥന് വ്യക്തമായ ലീഡ് ലഭിക്കുമെന്നും നാടാർ, മുസ്ലിം വോട്ട് കേന്ദ്രീകരണം അനുകൂലമായെന്നും വിലയിരുത്തി. എട്ടു പഞ്ചായത്തുകളിൽ വെള്ളനാട്, പൂവച്ചൽ, അരുവിക്കര, തൊളിക്കോട് എന്നിവിടങ്ങളിൽനിന്ന് എത്ര കുറച്ചാലും 4000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് കണക്കാക്കുന്നു. ഉഴമലയ്ക്കൽ, ആര്യനാട് എന്നീ രണ്ടു പഞ്ചായത്തുകളിലും കൂടിയായി 2000 വോട്ടിനു പിന്നിലായേക്കാം. വിതുരയിലും കുറ്റിച്ചലിലും 800 വോട്ടു കുറഞ്ഞേക്കാം.
ബിജെപിയും വിജയപ്രതീക്ഷയിലാണ്. കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി പ്രവർത്തകർ. 45, 000 വോട്ടാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ ത്രികോണ ചൂടിൽ 45,000 വോട്ടിലൂടെ ജയിച്ച് കയറാമെന്നാണ് പ്രതീക്ഷ. വെള്ളനാട്, അരുവിക്കര, വിതുര, വീരണകാവ് മേഖല എന്നിവിടങ്ങളിൽനിന്നു കാര്യമായി വോട്ടു പിടിക്കും എന്ന ആത്മവിശ്വാസമാണ് അവർക്ക്. ഇത് എത്രവരെ എന്ന ചോദ്യത്തിനുള്ള ഉത്തരം ജനവിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.