തിരുവനന്തപുരം: കനത്ത മഴയെ അതിജീവിച്ചും 77 ശതമാനത്തിൽ അധികം പേർ വോട്ടുചെയ്യാൻ എത്തിയതാണ് അരുവിക്കര തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. മഴ ഉണ്ടായിരുന്നില്ലെങ്കിൽ അത് 80 ശതമാനം കടക്കുമായിരുന്നു എന്നാണു വിലയിരുത്തൽ.

രാവിലത്തെ പോളിങ് ശതമാനം സൂചിപ്പിച്ചതും അതുതന്നെയാണ്. കാർത്തികേയൻ മത്സരിച്ചപ്പോൾ രേഖപ്പെടുത്താത്തതിനേക്കാൾ 23,582ലേറെ വോട്ടുകളാണ് ഇക്കുറി പുതിയതായി രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ട 20,000 പേരായിരിക്കില്ല അതെന്നാണു കണക്കുകൂട്ടൽ. അവർ ആർക്കു വോട്ടു ചെയ്യും എന്നതാണ് ഫലനിർണയത്തിന്റെ പ്രധാന കാതൽ.

കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് 77.35% പേർ വോട്ടു രേഖപ്പെടുത്തിയത്. 2011ൽ ജി കാർത്തികേയൻ ജയിച്ച തിരഞ്ഞെടുപ്പിൽ 70.28 ശതമാനമായിരുന്നു പോളിങ്. ഏഴുശതമാനത്തിലേറെ പേരാണ് ഇത്തവണ കൂടുതലായി വോട്ടു ചെയ്തത്. 1960 ലാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയ മണ്ഡലത്തിലെ റെക്കോർഡ് പോളിങ്. 82.83% ആണ് അന്ന രേഖപ്പെടുത്തിയത്. എൽഡിഎഫ്‌യുഡിഎഫ് മത്സരം രൂപപ്പെട്ടശേഷം കനത്ത പോളിങ് നടന്നത് 1987ലാണ്. 77.3 %. അതു മറികടക്കുന്ന തരത്തിലായിരുന്നു ഇന്നലെ ബൂത്തുകളിലേക്ക് ജനങ്ങൾ ഒഴുകി എത്തിയത്.

മത്സരിച്ച പ്രധാന സ്ഥാനാർത്ഥികളായ മൂന്നുപേരും വിജയപ്രതീക്ഷയിൽ തന്നെയാണ്. എന്നാൽ 50,000 വോട്ടെങ്കിലും ഇല്ലാതെ വിജയം ഉറപ്പിക്കാൻ സാധിക്കില്ല എന്നത് ബിജെപിക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തിയിട്ടുണ്ട്. 30,000 35,000 വോട്ടുകളിൽ ഒതുങ്ങി നിർക്കും പ്രകടനമെന്നാണ് ബിജെപി തന്നെ വിലയിരുത്തുന്നത്. വി എസ് ഇറക്കി വിട്ട ആവേശവും കാർത്തികേയൻ തരംഗവും ഇടതുവലത് മുന്നണികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ വോട്ടിങ്ങ് ദിനത്തിൽ പെരുന്നയിൽനിന്നും അപമാനിക്കപ്പെട്ട് പുറത്തായ സുരേഷ് ഗോപിയുടെ അവസ്ഥ ബിജെപിക്ക് ഗുണം ചെയ്‌തേക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. സുകുമാരൻ നായരുടെ അഹന്തയോടുള്ള എതിർപ്പുമായി നായർ വോട്ടുകൾ ബിജെപിക്ക് വീഴുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.

ഇത്തവണ വൻ പോളിങ്ങ് നടന്നത് ആരെ തുണയ്ക്കുമെന്ന കാര്യം ഉറപ്പിച്ചു പറയാൻ ഒരുമുന്നണിയും തയ്യാറാകുന്നില്ല. 1987 ൽ 77% പോളിങ് നടന്നപ്പോൾ ജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ. പങ്കജാക്ഷനാണ്. ഇക്കാര്യം മാറ്റി നിർത്തിയാൽ താഴ്ന്ന പോളിങ്ങാണു അരുവിക്കരയ്ക്കുള്ളത്. 70നു താഴേക്കും പോളിങ് എത്തിയിരുന്നു. എന്നാൽ, ഇത്തവണ ഉച്ചയോടെതന്നെ 50% വോട്ട് രേഖപ്പെടുത്തിയിരുന്നു. ആ നില തുടർന്നിരുന്നുവെങ്കിൽ പോളിങ് എൺപതിനു മുകളിൽ എത്തിയേനെ. പക്ഷേ, കനത്ത മഴ അതിനു തടസ്സമായി. എന്നാൽ മഴയെ വകവയ്ക്കാതെയും വോട്ടർമാരെത്തി.

ഇക്കുറി വോട്ടു ചെയ്തത് 1.40 ലക്ഷം പേരാണ്. ത്രികോണ മൽസരമായതിനാൽത്തിൽ ജയിക്കാൻ കുറഞ്ഞത് 46,000 വോട്ട് എങ്കിലും വേണം. എന്നാൽ ബിജെപിക്ക് വേണ്ടത്ര വോട്ടു കിട്ടുമെന്ന് അവർ പോലും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇടതു വലതു മുന്നണികൾ ആരോപിക്കുന്നത്. 30,000 വോട്ടിൽ കൂടുതൽ ബിജെപി പിടിക്കുമെന്ന് അവർ വിലയിരുത്തുന്നില്ല. 22,000 മുതൽ 25,000 വരെ വോട്ടുകൾ മാത്രമാകും ബിജെപി പിടിക്കുക എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. അഴിമതിവിരുദ്ധ മുന്നണിയുടെ കെ. ദാസും പിഡിപിയുടെ പൂന്തുറ സിറാജും മറ്റു 11 സ്ഥാനാർത്ഥികളും ചേർന്നു പരമാവധി 8000 വോട്ടു പിടിച്ചേക്കാം. അങ്ങനെ വരുമ്പോൾ ജയിക്കാൻ 52,000 വോട്ടെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ അത് ഉറപ്പായും വന്നുചേരും എന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാൽ, ഘടകകക്ഷികളാണ് നേരത്തെ ഇവിടെ മത്സരിച്ചിരുന്നത് എന്ന വാദമാണ് സിപിഐ(എം) ഉയർത്തുന്നത്. ഇത്തവണ പാർട്ടി നേരിട്ട് രംഗത്തിറങ്ങിയതിനാൽ കൂടുതൽ പഴയ സ്ഥിതിയാകില്ല ഇവിടെയെന്നും സിപിഐ(എം) ഉറപ്പിക്കുന്നു. നാടാർ, മുസ്‌ലിം വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട് എന്നതു യുഡിഎഫിനു പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. ഈഴവ വോട്ടുകൾ കൂടുതൽ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോയത് എന്ന കാര്യത്തിൽ തർക്കവുമുണ്ട്. നായർ വോട്ടുകൾ വിഭജിക്കപ്പെട്ടിട്ടുണ്ട്.

ആര്യനാട്ടാണ് ഏറ്റവും കൂടുതൽ പോളിങ് എന്നത് എൽഡിഎഫിന് പ്രതീക്ഷയാണ്. എൽഡിഎഫ് ഇവിടെ മുന്നിലെത്തും എന്നുതന്നെയാണ് വിലയിരുത്തൽ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പൂവച്ചലും വെള്ളനാടും തൊട്ടുപിന്നാലെയുണ്ട്. യുഡിഎഫ് മുന്നിലെത്തുമെന്നു കരുതുകയും എൽഡിഎഫിന്റെ എം. വിജയകുമാറിന്റെ നാടായ പനയ്‌ക്കോട് ഉൾപ്പെടുകയും ചെയ്യുന്ന തൊളിക്കോടാണ് ഏറ്റവും കുറഞ്ഞ പോളിങ്. മൂന്നു കൂട്ടർക്കും പ്രതീക്ഷയുള്ള കുറ്റിച്ചൽ പിന്നിൽ നിന്നു രണ്ടാമതും. എട്ടു പഞ്ചായത്തുകളിലും ശരാശരി 75% പോളിങ് നടന്നിട്ടുണ്ട്.

എട്ടു പഞ്ചായത്തുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കനത്ത പോളിങ്ങാണ് ഉണ്ടായത്. തൊളിക്കോടു ഒഴിച്ച് ഏഴു പഞ്ചായത്തുകളിലും 75% കടന്നു. കൂടുതൽ ആര്യനാട്ടാണ്. 79.07%. ആകെയുള്ള 154 ബൂത്തുകളിൽ അപൂർവം ഇടത്ത് വോട്ടിങ് യന്ത്രം കേടായത് ചെറുതായി ബാധിച്ചത് ഒഴിച്ചാൽ വോട്ടെടുപ്പു സുഗമമായിരുന്നു. ചില്ലറ തർക്കങ്ങൾ മാറ്റിവച്ചാൽ സമാധാനപരവും. ഉഴമലയ്ക്കലിൽ മൂന്നു മണിക്കൂറോളം ക്യൂ നിൽക്കേണ്ടിവന്നതിൽ പ്രതിഷേധിച്ച് ചിലർ ബൂത്ത് വിടാൻ ഒരുങ്ങിയിരുന്നു. അരുവിക്കര ഗവ. എച്ച്എസ്എസിൽ പോളിങ് സമയം അവസാനിക്കുംമുമ്പെത്തിയ വനിതാ വോട്ടർക്ക് അവസരം നിഷേധിച്ചതിൽ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. 113-ാംനമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ വട്ടകുളം അജിത മൻസിലിൽ സിയയ്ക്കാണ് അവസരം നിഷേധിച്ചത്. 4.55ന് ഗേറ്റ് കടന്ന് ഉള്ളിൽ കയറിയ സിയയ്ക്ക് ബൂത്ത് ലെവൽ ഓഫീസർ സ്ലിപ്പ് നൽകി. എന്നാൽ, ബൂത്തിനുള്ളിൽ കയറിയപ്പോൾ സ്ലിപ്പ് വാങ്ങിയെങ്കിലും പ്രിസൈഡിങ് ഓഫീസർ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് വോട്ടുചെയ്യാൻ അനുവദിച്ചില്ല. സിയ സ്ലിപ്പ് വാങ്ങുന്ന സമയം ഗേറ്റ് കടന്നുവന്ന മൂന്നുപേർ തൊട്ടടുത്ത മുറിയിലെ 112ാംനമ്പർ ബൂത്തിൽ കയറി വോട്ടുചെയ്യുന്നത് ദൃശ്യമാദ്ധ്യമങ്ങൾ മുഴുവൻ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുൾപ്പെടെ കലക്ടറെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രവർത്തകർ സ്‌കൂൾ ഗേറ്റിനുമുന്നിൽ പ്രതിഷേധിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ എത്തി പ്രിസൈഡിങ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയശേഷമാണ് സമരം നിർത്തിയത്.

അഞ്ചു മണി വരെയായിരുന്നു പോളിങ് എങ്കിലും അതിനു മുൻപ് എത്തിയ മുഴുവൻ പേരെയും വോട്ടു ചെയ്യാൻ അനുവദിച്ചതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് സമാപിച്ചത് ആറു മണിയും കഴിഞ്ഞാണ്. 80 ശതമാനം കടക്കും എന്നു കരുതിയ പോളിങ് അതിലേക്ക് ഉയരാത്തത് ആരെയാകും ബാധിക്കുക എന്ന ചർച്ച മുന്നണികളിൽ ആരംഭിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും പോളിങ് ശതമാനത്തെ ഉപതെരഞ്ഞെടുപ്പ് പിന്നിലാക്കി. 2011ൽ 70.29 ശതമാനവും 2014ൽ 69.25 ശതമാനവുമായിരുന്നു പോളിങ്. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അറിയാം. തിരുവനന്തപുരം സംഗീത കോളജിൽ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. ആദ്യസൂചനകൾ എട്ടരയോടെ ലഭ്യമാകും. ഏതെങ്കിലും ബൂത്തിലെ വോട്ട് വീണ്ടും എണ്ണേണ്ടിവന്നാൽ പ്രഖ്യാപനം നീളും. വിവിധ പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്:

ആര്യനാട് 79.07
അരുവിക്കര 78.22
വെള്ളനാട് 78.83
പൂവച്ചൽ 76.98
വിതുര 75.82
ഉഴമലയ്ക്കൽ 78.45
കുറ്റിച്ചൽ 75.44
തൊളിക്കോട് 74.83