കോഴിക്കോട്: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം വിജയകുമാറിന് നേരിയ മുൻതൂക്കമെന്ന് തിരുവനന്തപുരം സെന്റർഫോർ ഇലക്ടറൽ സ്റ്റഡീസ് (സി.ഇ.എസ്) സർവേ. വിജയകുമാറിന് 37.65 ശതമാനം വോട്ടുകിട്ടുമ്പോൾ, ശബരീനാഥ് 37.25 ശതമാനം വോട്ടുമായി തൊട്ടുപിറകിലുണ്ട്. അതാതത് ഇപ്പോഴത്തെ പോളിങ്ങ് ശതമാനം വച്ചുനോക്കുമ്പോൾ അറുനൂറോളം വോട്ടിന് വിജയകുമാറിന് മുൻതൂക്കം കിട്ടും. ബിജെപി ചിത്രത്തിലേ ഇല്ല. വെറും 12.9 ശതമാനം വോട്ട് മാത്രമാണ് രാജഗോപാലിന് കിട്ടുക. മറ്റുള്ളവർക്ക് 5.3 ശതമാനം വോട്ട് ലഭിക്കും. സർവേയിൽ മൂന്നു ശതമാനം വരെ പിശകുണ്ടാവാൻ സാധ്യതയുള്ളതിനാൽ ഈ കണക്കുവച്ച് ആരു ജയിക്കുമെന്ന് പറയാനാവില്ലെന്നും, ഫലങ്ങൾ കൈരളി പീപ്പിൾ ടിവിയിലൂടെ പുറത്തുവിട്ടു കൊണ്ട് സെൻട്രൽ ഫോർ ഇലക്ടറൽ സ്റ്റഡീസ് അധികൃതർ വ്യക്തമാക്കി. അതുകൊണ്ട് മൽസരം ഫോട്ടോ ഫിനിഷാണെന്നാണ് അവർ പറയുന്നത്.

ഇതിൽ തങ്ങൾ ഒരു ചോദ്യം പോലും ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാം പൂർണമായും സിഇഎസിന്റെ ശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായിട്ട് ആണെന്നും ഫലം പീപ്പിൾ ടിവിയിലുടെ പുറത്തുവിട്ട് അവതാരനും കൈരളി ടി വി എം ഡിയുമായ ജോൺ ബ്രിട്ടാസ് അറിയിച്ചു. ജൂൺ 20,21,22 തീയതികളിലായി റാൻഡം സാമ്പിൾ അനുസരിച്ച്, അരുവിക്കര മണ്ഡലത്തിലെ 24 പോളിങ്ങ് സ്‌റ്റേഷനുകളിലായി അറുപതുപേർ വീതം ആകെ 1440 പേരാണ് സർവേയിൽ പങ്കെടുത്തത്. സാധാരണ ദേശീയ തലത്തിലും മറ്റും നടത്തുന്ന സാമ്പിൾ സർവേകളിലേക്കാൾ എത്രയോ അധികമാണ് പങ്കെടുത്തവരുടെ എണ്ണമെന്ന് സിഇഎസ് അവകാശപ്പെട്ടു.

[BLURB#1-VL]എന്നാൽ സർവേ നടന്ന ദിവസങ്ങൾക്കു ശേഷം അഴിമതി ക്കേസുകളിൽ ഒരുപാട് വെളിപ്പെടുത്തലുകൾ ഉണ്ടായെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്നുമാണ്‌ ഇടതു ക്യാമ്പിന്റെ പ്രതീക്ഷ. സർവേയിൽ ഭരണ വിരുദ്ധ വികാരവും അഴിമതിക്കെതിരായ പ്രതികരണവും കൃത്യമായി കണ്ടത്തെിയിട്ടുണ്ടെങ്കിലും അത് വോട്ടിങ്ങിൽ കാര്യമായി പ്രതിഫലിക്കുന്നില്ല. മണ്ഡലത്തിന്റെ പൊതു പിന്നോക്കാവസ്ഥ ആവരണം ചെയ്യാൻ ദൃശ്യ-പത്ര മാദ്ധ്യമങ്ങൾക്ക് വലിയ റീച്ച് ഇല്ലാത്തതാണ് ഇതിന് കാരണമായി ചർച്ചയിൽ പങ്കെടുത്ത പ്രമുഖർ ചൂണ്ടിക്കാട്ടിയത്.

സഹതാപമില്ല; വിജയകുമാർ മികച്ച സ്ഥാനാർത്ഥി

ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ മകനെ മൽസരിപ്പിച്ചാൽ സഹതാപ തരംഗം ഉണ്ടാകുമെന്ന യുഡിഎഫിന്റെ നിഗമനം തെറ്റാണെന്ന് സർവേ തെളിയിക്കുന്നു. മണ്ഡലത്തിൽ സഹതാപ തരംഗമില്ലെന്ന് വിലയിരുത്തിയ വോട്ടർമാർ, ശബരീനാഥിനേക്കാൾ മികച്ച സ്ഥാർഥിയായി കണ്ടെത്തിയത് വിജയകുമാറിനെയാണ് (നേരത്തെ ടൈംസ് ഓഫ് ഇന്ത്യ നേരത്തെ നടത്തിയ സർവേയിലും ഇതേ ഫലമാണ് കിട്ടിയത്.). 49.1 ശതമാനംപേർ വിജയകുമാർ മികച്ച സ്ഥാനാർത്ഥിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ, ശബരീനാഥ് മികച്ച സ്ഥാനാർത്ഥിയാണെന്ന് 42.6 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. സുലേഖ മൽസരിച്ചിരുന്നെങ്കിൽ യുഡിഎഫിന്റെ സ്ഥിതി ഇതിലും മോശമാവുമെന്നായിരുന്നു സർവേയുടെ കണ്ടത്തെൽ.

രാജഗോപാൽ ചിത്രത്തിലില്ല

അരുവിക്കരയിൽ ത്രികോണ മൽസരമെന്നത് ബിജെപിയുടെയും അതിനൊത്ത് തുള്ളുന്ന ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരുടെയും വ്യാജസൃഷ്ടിയാണെന്ന് ഈ സർവേയും അടിവരയിടുന്നു. രാജഗോപാലിന് വെറും 12.9 ശതമാനം വോട്ട് മാത്രമാണ് സർവേ പ്രവചിക്കുന്നത്. അതായത് ഇപ്പോഴത്തെ പോളിങ്ങ് ശതമാനം അനുസരിച്ച് ഏതാണ്ട് ഇരുപതിനായിരത്തോളം വോട്ടുകൾ. അവസാന റൗണ്ടിൽ സുരേഷ് ഗോപി അടക്കമുള്ളവർ നടത്തിയ പ്രചാരണത്തിന്റെ ഫലമായി ഈ വോട്ട് മുപ്പതിനായിരം വരെ ആവാമെങ്കിലും രാജഗോപാൽ ജയിക്കാനുള്ള സാധ്യത തീരെയില്ല. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും വെറും ഇരുപതു ശതമാനം വോട്ടാണ് രാജഗോപാലിനായി മാറ്റിവച്ചത്. അതായത് നിലവിലെ പോളിങ്ങ് ശതമാനം അനുസരിച്ച് മുപ്പതിനായിരത്തോളം വോട്ടുകൾ.

വി എസ് തന്നെ താരം

സർവേയിൽ ഏറ്റവും സ്വാധീനിച്ച നേതാവായി ജനം ചൂണ്ടിക്കാട്ടിയത് വി എസ് അച്യുതാനന്ദനെ തന്നെയാണ്. വി എസിന്റെ പരിപാടികളിൽ ഉണ്ടായ വൻ പങ്കാളിത്തം വോട്ടാകുമെന്ന് ചുരുക്കം. ഉമ്മൻ ചാണ്ടിയേക്കാളും, എ കെ ആന്റണിയേക്കാളം ബഹുദൂരം മുന്നിലാണ് വി എസിന്റെ ഗ്രാഫ്.

അഴിമതി യുഡിഎഫിന് ബാധ്യത

[BLURB#2-VR]സോളാറും, ബാർകോഴയുമെല്ലാം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരച്ചടിയായെന്ന് സർവേ വ്യക്തമാക്കുന്നു. മാണിയെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കയാണെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. സോളാർ അടക്കമുള്ള അഴിമതി തന്നെയാണ് യുഡിഎഫിന്റെ ഏറ്റവും വലിയ പ്രശ്‌നമായി സർവേ കാണുന്നത്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ശക്തമാണ്. വിലക്കയറ്റം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് 57.9 ശതമാനം വോട്ടർമാരും, വിദ്യാഭ്യാസ മേഖലയിൽ സർക്കാർ പരാജയമാണെന്ന് 43.7 ശതമാനം വോട്ടർമാരും അഭിപായപ്പെട്ടു. വിഴിഞ്ഞം പദ്ധതി വോട്ടിങ്ങിനെ സ്വാധീനിക്കില്ലെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. ജാതി-മത ചിന്തകൾ സ്വാധീനിക്കില്ലെന്ന് 57.2 ശതമാനംപേർ അഭിപായപ്പെട്ടു. എന്നാൽ അന്തിമമായ വോട്ടിങ്ങിൽ ഈ ഭരണവിരുദ്ധ വികാരത്തിന് ആനുപാതികമായ തിരച്ചടി യുഡിഎഫിന് കിട്ടിയിട്ടില്ല. ഇത് പ്രതിപക്ഷത്തന്റെ മോശം പ്രകടനം കൊണ്ട് കൂടിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

വിഭാഗീയത സിപിഎമ്മിന് തിരച്ചടി

അതേസമയം എൽഡിഎഫിനെ ആശങ്കയിൽ പെടുത്തുന്ന ചില കണക്കുകളും സർവേ പുറത്തുവിടുന്നുണ്ട്. കോൺഗ്രസിലേക്കാൾ വിഭാഗീയത സിപിഎമ്മിലാണെന്നാണ് സർവേയിൽ പങ്കെടുത്തവർ വിശ്വസിക്കുന്നത്. എൽഡിഎഫിനേക്കാൾ വികസനം കൊണ്ടുവരാൻ കഴിയുക യുഡിഎഫിനാണെന്നും അരുവിക്കരയിലെ വോട്ടർമാർ കരുതുന്നു. ഇടതുമുന്നണി തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് കരുതിയ പി സി ജോർജ് ഫാക്ടർ അരുവിക്കരയിൽ കാര്യമായി എശിയിട്ടില്ലെന്നും സർവേ വ്യക്തമാക്കുന്നു.

അരുവിക്കര അവികസിതം; കാർത്തികേയൻ മരിച്ചതുപോലും അറിയാതെ ചില വോട്ടർമാർ!

[BLURB#3-VL] സർവേയിലെ ഏറ്റവും രസകരമായ ചല വിവരങ്ങൾ അരുവിക്കരയുടെ സാംസ്കാരികവും സാമൂഹ്യവും വികസനപരവുമായ പിന്നോക്കാവസ്ഥയാണ്. ഭൂരിഭാഗവും ഇടത്തരക്കാർ താമസിക്കുന്ന ഈ മണ്ഡലത്തിലെ ആദിവാസി മേഖലകളൊക്കെ തീർത്തും പിന്നോക്കമാണ്. വെറും 65 ശതമാനം മാത്രമാണ് അവിടെ പത്രമാദ്ധ്യമങ്ങളുടെ പ്രചാരം. അതുകാണ്ടുതന്നെ കാർത്തികേയൻ മരിച്ച വിവരം പോലും സർവേയിൽ പങ്കെടുത്ത രണ്ടു ശതമാനത്തോളം പേർ അറിഞ്ഞിട്ടില്ലെന്ന് അവതാരകൻ ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി! വികസനം തീരെ എത്തിയിട്ടില്ലാത്ത, കുണ്ടും കുഴിയും നിറഞ്ഞ റോഡുള്ള ഈ മണ്ഡലത്തിൽ ഇത്രയും കാലം യുഡിഎഫ് ജയിച്ചു എന്നതുതന്നെ അത്ഭുതമാണെന്ന് ഉഴവൂർ വിജയനെപ്പോലുള്ള എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ ഏറ്റവും അവികസിതമാണ് അരുവിക്കരയെന്ന് മാദ്ധ്യമ പ്രവർത്തകൻ അജിത്ത് കുമാറൊക്കെ ചർച്ചയിൽ തുറന്നടിച്ചു. ഇത്രയും കാടിളക്കിയിട്ടും പോളിങ്ങ് 80 ശതമാനമൊന്നും എത്താത്തതും അരുവിക്കരക്കാരുടെ നിസ്സംഗതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.