തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. വൈകിട്ട് അഞ്ചോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ പാർട്ടികളെല്ലാം കൊട്ടിക്കലാശം ഗംഭീരമാക്കി. അരുവിക്കര, ആര്യനാട്, കുറ്റിച്ചൽ, വിതുര, വെള്ളനാട്, പൂവച്ചൽ എന്നിവടങ്ങളിൽ ആവേശം വാനോളം ഉയർത്തിയാണ് അണികൾ രംഗത്തുണ്ടായിരുന്നത്. വിതുരയിലും ആര്യനാട്ടും മഴയെത്തിയെങ്കിലും കൊട്ടിക്കലാശത്തിന്റെ ആവേശം ഒട്ടും ചോർന്നില്ല.

വെള്ളിയാഴ്ച നിശബ്ദ പ്രചാരണം നടക്കും. ശനിയാഴ്ചയാണ് അരുവിക്കരയിലെ വിധിയെഴുത്ത്. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും. ഇടതു മുന്നണിക്ക് വേണ്ടി വി എസും ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയും ഇന്നു മണ്ഡലത്തിൽ റോഡ് ഷോ നടത്തി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം മന്ത്രിമാരുടെ പട തന്നെ ശബരീനാഥന് വേണ്ടി രംഗത്തുണ്ടായിരുന്നു.

മണ്ഡലത്തിന് പുറത്തുള്ളവർ ഇന്നു വൈകിട്ടോടെ മടങ്ങും. കേന്ദ്ര സേന തെരഞ്ഞെടുപ്പിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കും. ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. അരുവിക്കരയുടേയോ ആര്യനാടിന്റേയോ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്ര കനത്തൊരു മത്സരം ആദ്യമായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മതം.

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഐ(എം) മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നാണ് രാവിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്.പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്. ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അരുവിക്കരയിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വിമർശനവുമായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്ത് വന്നു.

കോൺഗ്രസിനേയും മുഖ്യമന്ത്രിയേയും ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചാണ് പിണറായി വാർത്താ സമ്മേളനം നടത്തിയത്. അരുവിക്കര തെരഞ്ഞെടുപ്പിനിടെ ആദ്യമായാണ് പിണറായി രാഷ്ട്രീയം പറഞ്ഞ് പൊതുവേദിയിൽ എത്തിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ രണ്ട് കാര്യങ്ങൾ സംഭവിക്കുമെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യുഡിഎഫ് ഫലം ഇല്ലാതാകും. യുഡിഎഫ് ശിഥിലമാവുകയും ചെയ്യും. അതായിരിക്കും അരുവിക്കര കേരളത്തിന് നൽകുന്നതെന്നും പിണറായി വിശദീകരിച്ചു.

വി എസ് അച്യുതാനന്ദൻ തലമുതിർന്ന നേതാവാണ്. അദ്ദേഹം തന്റെ രാഷ്ട്രീയ ജോലി അരുവിക്കരയിൽ നിർവ്വഹിക്കുമ്പോൾ ആന്റണിയെ പോലൊരാൾ ചോദിക്കേണ്ട ചോദ്യമല്ല ചോദിച്ചത്. അവർക്ക് കാര്യങ്ങളിൽ നിരാശയുണ്ടാകുമെന്നും പിണറായി വിശദീകരിച്ചു.

എന്നാൽ കഴിഞ്ഞ നാല് വർഷത്തെ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അരുവിക്കരയിലെ വിശദീകരണം. വികസനവും കരുതലുമെന്ന സർക്കാരിന്റെ നയങ്ങൾക്ക് അരുവിക്കരയിലെ വോട്ടർമാരിൽ നിന്നും അംഗീകാരം കിട്ടുമെന്ന് ഉറപ്പുണ്ട്. സർക്കാരിന്റെ നാല് വർഷത്തെ പ്രവർത്തനങ്ങളിലുണ്ടായ തെറ്റുകൾ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്നാണ് താൻ കരുതിയത്. എന്നാൽ എൽ.ഡി.എഫിന് ഒന്നും പറയാൻ സാധിച്ചില്ല.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അവർ ആവർത്തിച്ച ആരോപണങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുക മാത്രമാണ് അവർ ചെയ്തത്. നിയമസഭയ്ക്ക് അകത്തും പുറത്തും മാദ്ധ്യമങ്ങൾക്ക് മുന്നിലും പല തവണ ചർച്ച ചെയ്തതും ജനങ്ങൾ തള്ളിക്കളഞ്ഞതുമായ ആരോപണങ്ങളായിരുന്നു ഇവിടെയും അവർ ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ ഇത്തരം പ്രചരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന സോളാർ കേസിന്റെ വിധി.

സർക്കാരിനെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. സോളാർ കേസിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം നടത്തിയപ്പോൾ ആരോപണങ്ങളുടെ രാഷ്ട്രീയലക്ഷ്യം വ്യക്തമായി. കേസിന്റെ ഉത്ഭവകേന്ദ്രം വഞ്ചനാകുറ്റമാണെന്ന് പൂർണമായി ബോദ്ധ്യമാവുകയും ചെയ്തു. കേസിൽ തനിക്കോ തന്റെ ഓഫീസിനോ വീഴ്ച വന്നിട്ടില്ല. ആക്ഷേപങ്ങളെ സർക്കാർ തന്റേടത്തോടെ നേരിട്ടു. തെറ്റ് ചെയ്തിട്ടില്ലെന്ന തന്റേടത്തിന്റെ ഫലമാണ് അന്വേഷണത്തിന് തങ്ങൾ തയ്യാറായത്. നാഷണൽ ഗെയിംസ് നടത്തിപ്പിലെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തുടർന്ന് സിബിഐ അന്വേഷണം നടത്തിയപ്പോൾ യാതൊന്നും നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്.

ധനമന്ത്രിക്കെതിരെയുള്ള ആരോപണവും അന്വേഷിച്ചു. എന്നാൽ അതും ശരിയാണെന്ന് കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെയുണ്ടായ ആക്ഷേപങ്ങൾക്കെതിരെ അന്വേഷണം നടത്താൻ തന്റേടമുള്ള കാലഘട്ടം ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വി.എസിന്റെ മകനെതിരെ വന്ന കേസുകൾ അന്വേഷിച്ചിട്ടില്ല. മുൻ വ്യവസായ മന്ത്രിക്കെതിരെ ആരോപണം വന്നപ്പോൾ അതിൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് അന്ന് ഭരണപക്ഷം പറഞ്ഞത്. കൊല്ലത്ത് പിണറായിക്ക് കിട്ടയത് അരുവിക്കരയിൽ വിഎസിന് ജനം തിരിച്ചടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം പറഞ്ഞ് പിണറായി വിജയൻ

ഒരു കാലത്തും ഇത്രഅധമന്മാരായ മന്ത്രിസംഘത്തെ കണ്ടിട്ടില്ലെന്ന് പിണറായി വിജയനും പറഞ്ഞു. മന്ത്രിമാർക്ക് വേശ്യാലയ സംസ്‌കാരമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ അപമാനഭാരം വലിച്ചെറിയുന്ന തെരഞ്ഞെടുപ്പാകും ഇതും. കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി കോഴ കൊടുക്കുന്നത് ഇത് ആദ്യമായാണ്. ബാർ കോഴയിലും സോളാറിലും പുതിയ ആരോപണങ്ങൾ ഉയർന്ന ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പിൽ ജനം മറുപടി പറയുമെന്നും വ്യക്തമാക്കി. സോളാർ കേസിലെ തെളിവുകൾ പുറത്തുവരുന്നത് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എത്ര ഭീകരമാണ് നാട്ടിലെ സ്ഥിതിയെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തെറ്റ് മറച്ചു വയ്ക്കാനും കുറ്റകൃത്യങ്ങൾ മറച്ചിവയ്ക്കാനും ഏതറ്റംവരേയും പോകുമെന്നാണ് അട്ടക്കുളങ്ങര ജയിലിലെ നാടകം തെളിയിക്കുന്നത്. കേരളം അധോലോക സംഘത്തിന്റെ പിടിയിലാണെന്നും പിണറായി പറഞ്ഞു.

അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ രണ്ട് കാര്യങ്ങൾ സംഭവിക്കും. ഒന്ന് യു.ഡി.എഫ് ഭരണം ഇല്ലാതാകും. യു.ഡി.എഫ് ശിഥിലമാകുമെന്നും പിണറായി പറഞ്ഞു. അരുവിക്കരയിലെ ജനവിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഒരു കുതന്ത്രവും ഫലിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനേയും ബിജെപിയേയും ഒരുപോലെ വിമർശിച്ചുകൊണ്ടായിരുന്നു ഒരുമണിക്കൂറോളം നീണ്ട പിണറായിയുടെ വാർത്താസമ്മേളനം. കേരളം ഭരിക്കുന്നത് അധോലോകസംഘമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർ കൂട്ടത്തോടെ അഴിമതി നടത്തുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് കാര്യങ്ങളാണ് ചെയ്തുവരുന്നത്. ഒന്ന് അതിഭീകരമായ തോതിൽ അഴിമതി നടത്താൻ. രണ്ടാമത്തേത് തെളിവില്ലാതാക്കി തേച്ചുമാച്ചുകളയാൻ.

ഇതിനെല്ലാം എതിരായ ജനവികാരമാണ് അരുവിക്കരയിൽ പ്രതിഫലിക്കാൻ പോകുന്നത്. മുഖ്യമന്ത്രി തന്നെ കോഴകൊടുത്ത് കേസിൽ നിന്ന് രക്ഷപെടുന്നുവെന്നാണ് പുറത്തുവന്നത്. ധനമന്ത്രി തന്നെ കോഴ ചോദിച്ച് വാങ്ങുന്നു. മന്ത്രിസഭ സെക്‌സ് റാക്കറ്റായി അധ:പതിച്ചു. സോളാർ കേസിലെ വിധിയോടെ സർക്കാർ പറഞ്ഞത് തെറ്റാണെന്നും പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നും തെളിഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കാൻ ജനത്തിന് അവസരം ലഭിച്ചിരിക്കുന്നു. അഭിമാനം രക്ഷിക്കാനാകണം ജനവിധി. മന്ത്രിമാർക്ക് വേശ്യാലയ സംസ്‌കാരമാണ്. ഇത്ര അധമന്മാരായ മന്ത്രിസംഘത്തെ കേരളം കണ്ടിട്ടില്ല. സോളാർ കമ്മീഷനിൽ തന്നെ ചില കാര്യങ്ങൾ വെളിപ്പെട്ടിരിക്കുന്നു. ജയിലിൽ ഒക്കെ ഒത്തുതീർപ്പ് ചർച്ചക്കാർ കയറിയിറങ്ങുകയാണ്. ജയിൽരേഖ തിരുത്തിയത് കമ്മീഷന് വരെ ബോധ്യപ്പെട്ടു. കുറ്റകൃത്യം മറച്ചുവെക്കാൻ ഏതറ്റം വരെയും പോകുന്നു എന്നതിന്റെ തെളിവാണ് അട്ടക്കുളങ്ങര ജയിലിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെ രേഖയിൽ സന്ദർശകരുടെ പേര് കൃത്യമായി എഴുതിയയാളെ ചീമേനിയിലേക്ക് സ്ഥലംമാറ്റി.

എകെ ആന്റണി ഒരാഴ്ചയ്ക്കുള്ളിൽ അഭിപ്രായം മാറ്റി പറഞ്ഞു. കേരള ഭരണത്തിൽ സാവത്രികമായ അഴിമതിയെന്ന് ഒരാഴ്ച മുമ്പ് പറഞ്ഞു. അതേ അഴിമതിക്ക് വോട്ട് ചോദിക്കുകയാണ് ആന്റണി. ഇതേ ആന്റണിയാണ് യുപിഎ സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ ചെയ്തത് എന്താണെന്ന് അറിയാം. മന്മോഹൻ സിംഗിന് സംഭവിച്ചത് ഇവിടെ ഉമ്മൻ ചാണ്ടിക്കും സംഭവിക്കും. മന്ത്രിസഭയിലെ മൂന്നാമനായ കെഎം മാണിയെ മുന്നിൽ നിർത്താൻ യുഡിഎഫിനാകുന്നില്ല. ഒ രാജഗോപാൽ സ്ഥാനാർത്ഥിയായതിന് പിന്നിൽ ഉമൻചാണ്ടി. ഇതിന് പ്രത്യേക ലക്ഷ്യമുണ്ട്. ബിജെപിയെ മെല്ലെ പൊക്കി കാണിക്കുകയാണ് ലക്ഷ്യം. അരുവിക്കരയിൽ ബിജെപി ഒന്നുമല്ല. രാജഗോപാലിനെ സ്ഥാനാർത്ഥിയായി നിറുത്തി രാജഗോപാൽ ജയിക്കാൻ പോകുന്നു. അതുകൊണ്ട് ഞങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. ആർഎസ്എസുമായി ഒത്തുകളിക്കുന്നവരാണ് ബിജെപിക്കാർ. വടകരയും ബേപ്പൂരും ആരും മറന്നിട്ടില്ല.

ഞങ്ങൾ മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒന്നാം സ്ഥാനം ബിജെപിയ്‌ക്കോ കോൺഗ്രസിനോ എന്ന് മനസ്സിൽ കരുതുന്നു. അത് പറഞ്ഞില്ല. ബിജെപി ജയിച്ചാലും കുഴപ്പമില്ലെന്ന് കരുതുന്നു. താൽക്കാലിക ലാഭത്തിനായി വർഗ്ഗീയതയെ കെട്ടിപുണരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ഇത്തരമൊരു പ്രചരണം അഴിച്ചുവിടുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾ തന്നെ അവരോട് പറയുന്നു. വിജയുകമാർ തന്നെ മുന്നിൽ. അതിന് പിന്നിൽ കോൺഗ്രസുകാരനുണ്ട്. ബിജെപി ഏറെ പിന്നിലാണെന്ന് ന്യൂനപക്ഷങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി പറഞ്ഞു.


വി എസ്സിന് നിലവാരത്തകർച്ച: സുധീരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലവാരത്തകർച്ചയുടെ പ്രതിഫലനമാണ് ആന്റണിക്കെതിരായ അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. വി.എസിന്റേത് തരംതാണ പരാമർശമായി. വളരെ തെറ്റായ പദപ്രയോഗം പിൻവലിച്ച് പൊതുവേദിയിൽ അദ്ദേഹം മാപ്പ് പറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

വി എസ്സിന്റെ വാക്കുകൾക്ക് അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുത്ത് യു.ഡി.എഫ് ഒരിക്കലും മറുപടി നൽകിയിട്ടില്ല. കൊല്ലത്ത് പിണറായിക്ക് എന്നതു പോലെ അരുവിക്കരയിൽ വി എസ്സിനും ജനം മറുപടി നൽകുമെന്ന് സുധീരൻ പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം സർക്കാരിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷനിരയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.