ന്യൂഡൽഹി: ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സൂറത്തിൽ ആം ആദ്മി പാർട്ടി നേടിയ 27 സീറ്റുകൾ പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 125 വർഷം പഴക്കമുള്ള കോൺഗ്രസ് പാർട്ടിയെ മറികടന്ന് സൂറത്തിൽ പ്രധാന പ്രതിപക്ഷമാകാൻ എഎപിക്ക് സാധിച്ചു.

ഗുജറാത്തിലെ വിജയം സംസ്ഥാനത്ത് പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് തുടക്കമിടും. അത് സത്യസന്ധതയുടെ രാഷ്ട്രീയമായിരിക്കും. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും 24 മണിക്കൂറും കുറഞ്ഞ ചെലവിൽ വൈദ്യുതിയുടെയും രാഷ്ട്രീയമായിരിക്കും. ഗുജറാത്തിനെ മികച്ചതാക്കുന്നതിൽ ഞങ്ങൾ ജനങ്ങളുടെ പങ്കാളിയായിരിക്കുമെന്നും അരവിന്ദ് കെജ്രിവാൾ ഉറപ്പു നൽകി.

വിജയിച്ച ഒരോ എഎപി സ്ഥാനാർത്ഥിയും തങ്ങളുടെ ഉത്തരവാദിത്തം സത്യസന്ധമായി നിറവേറ്റും എന്ന് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ്, ഭാവനഗർ, ജംനഗർ, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലെ 576 സീറ്റുകളിലേക്കായി ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപി 483 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 55 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. സംസ്ഥാനത്ത് എഎപി നേടിയ 27 സീറ്റുകളും സൂറത്ത് മുനിസിപ്പൽ കോർപറേഷനിലാണ്. കോൺഗ്രസിന് ഇവിടെ ഒറ്റ സീറ്റ് പോലും നേടാനായില്ല.