ന്യൂഡൽഹി: ആംആദ്മി പാർട്ടി നടത്തിയ കർഷക റാലിയിൽ രാജസ്ഥാനിൽ നിന്നുള്ള കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമ്പോൾ രംഗം ശാന്തമാക്കാൻ ഖേദപ്രകടനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. തന്റെ കൺമുമ്പിൽ വച്ച് കർഷകൻ ആത്മഹത്യ ചെയ്തിട്ടും റാലി തുടർന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നാണ് കെജ്രിവാൾ ഇന്ന് പറഞ്ഞത്. ഇത് തന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവാണെന്നും ഇതിൽ ആർക്കെങ്കിലും ദുഃഖമുണ്ടായെങ്കിൽ അതിൽ താൻ മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കർഷകന്റെ ആത്മഹത്യയിൽ ബിജെപിയും കോൺഗ്രസും ഡൽഹി പൊലീസും എഎപിയെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ഖേദപ്രകടനം. സംഭവത്തിൽ ആം ആംദ്മി പാർട്ടിക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

റാലിക്കിടെ ഉണ്ടായ സംഭവത്തിന് സംഭവത്തിന് കാരണക്കാരൻ താനാണെന്നും തെറ്റ് അംഗീകരിക്കുന്നതായും കെജ്രിവാൾ പറഞ്ഞു. എന്നാൽ ഇനിയുള്ള ചർച്ചകൾ കർഷക താത്പര്യങ്ങൾക്ക് വേണ്ടിയാകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ഇതുപോലൊരും അനുഭവം ഇതിനു മുമ്പ് തനിക്ക് ഉണ്ടായിട്ടില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കർഷകൻ തൂങ്ങിമരിച്ച മരം വേദിയിൽ നിന്നും അകലെയായിരുന്നു. മരത്തിലെ ബാനറുകൾ കാരണം ഒന്നും വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല. മരത്തിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടശേഷമാണ് ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് കെജ്രിവാൾ വിശദീകരിച്ചു.

മരത്തിന്റെ അടിയിൽ എഎപി പ്രവർത്തകരും പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ കർഷകൻ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. അത്തരമൊരു ചിന്ത പോയിരുന്നെങ്കിൽ തീർച്ചയായും ആരെങ്കിലും എന്തെങ്കിലും ചെയ്ത് തടഞ്ഞേനേ. അയാളെ താഴെ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും ജീവനുണ്ടെന്നാണ് തങ്ങൾ കരുതിയിരുന്നതെന്നും കെജ്രിവാൾ വിശദീകരിച്ചു.

സംഭവത്തിന് ശേഷം താൻ പ്രസംഗിച്ചെങ്കിലും ഒരു മണിക്കൂർ പ്രസംഗത്തിന് പകരം പത്ത് മിനിട്ട് മാത്രമാണ് സംസാരിച്ചതെന്നും കെജ്രിവാൾ ന്യായീകരിച്ചു. പക്ഷേ ചെയ്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. താൻ പ്രസംഗിക്കാൻ പാടില്ലായിരുന്നു. തന്റെ പ്രവൃത്തിയിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മൂന്ന് ദിവസങ്ങളായി നടക്കുന്ന നാടകം തെറ്റാണെന്നും കെജ്രിവാൾ പറഞ്ഞു. കർഷകൻ എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് നാം ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കൻ ആവശ്യപ്പെട്ടു. കർഷക ആത്മഹത്യ രാഷ്ട്രീയവത്കരിക്കുകയെന്നത് കോൺഗ്രസ്സിന്റെ ലക്ഷ്യമല്ല. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ആശുപത്രിയിൽ എത്തി ഗജേന്ദർ സിങ്ങിന്റെ മൃതദേഹം സന്ദർശിച്ചതും അതിനല്ല. ആത്മഹത്യ ഒട്ടേറെ വിഷയങ്ങൾ ഉയർത്തിവിടുന്നുണ്ട്. കർഷകൻ ആത്മഹത്യ ചെയ്തിട്ടും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ കെജ്രിവാൾ പ്രസംഗം തുടർന്നത് നിർദയമായ നടപടിയായെന്നും അജയ് മാക്കൻ കുറ്റപ്പെടുത്തി.

കർഷകറാലി നടത്തുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികളെടുക്കാൻ ആം ആദ്മി പാർട്ടി തയ്യാറായില്ല. അയ്യായിരത്തിലേറെ പേർ പങ്കെടുക്കുന്ന റാലിക്ക് ചുരുങ്ങിയത് ഒരു അഗ്‌നിശമന സേനാ വാഹനമോ ആംബുലൻസോ ലഭ്യമാക്കാൻ നടപടിയെടുത്തില്ല. ഉണ്ടെങ്കിൽ കർഷകന്റെ ആത്മഹത്യ തടയാമായിരുന്നു മാക്കൻ പറഞ്ഞു.

ഇതിനിടെ മരിച്ച കർഷകന്റെ കുടുംബാംഗങ്ങളും പാർട്ടിക്കെതിരെ രംഗത്തെത്തിയത് ആപ്പിനെ പ്രതിരോധത്തിലാക്കി. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കൃഷിനാശമൊന്നും ഇയാൾക്കുണ്ടായിരുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിലേത് ഗജേന്ദ്രസിംഗിന്റെ കയ്യക്ഷരമായി കരുതുന്നില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.