- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്രവേഗം അവസാനിക്കേണ്ടത് ആണോ ആ സ്വപ്നം? സംഘർഷം വർധിച്ചപ്പോൾ കെജ്രിവാളിന്റെ ഷുഗർ ലെവലും കുത്തനെ ഉയർന്നു; ആകെ തകർന്ന ഡൽഹി മുഖ്യമന്ത്രി നിരാശയുടെ പടുകുഴിയിൽ; മനംനൊന്ത് ഡൽഹിക്കാർ
ഇതുവരെ കണ്ടുമടുത്ത പാർട്ടികളുടെ അഴിമതിയും കുതികാൽവെട്ടും ഗ്രൂപ്പു വഴക്കും കണ്ടു മടുത്തിട്ടാണ് പുതിയ നയങ്ങളും പ്രവർത്തപദ്ധതികളുമായെത്തിയ ആം ആദ്മി പാർട്ടിയെ ഡൽഹിക്കാർ 2013ൽ തന്നെ അധികാരത്തിലേറ്റിയത്. എന്നാൽ അന്ന് കാലാവധി തികയ്ക്കാതെ ഇറങ്ങിപ്പോയ കെജ്രിവാളിലുള്ള പ്രതീക്ഷ കൈവിടാത്തതുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വ

ഇതുവരെ കണ്ടുമടുത്ത പാർട്ടികളുടെ അഴിമതിയും കുതികാൽവെട്ടും ഗ്രൂപ്പു വഴക്കും കണ്ടു മടുത്തിട്ടാണ് പുതിയ നയങ്ങളും പ്രവർത്തപദ്ധതികളുമായെത്തിയ ആം ആദ്മി പാർട്ടിയെ ഡൽഹിക്കാർ 2013ൽ തന്നെ അധികാരത്തിലേറ്റിയത്. എന്നാൽ അന്ന് കാലാവധി തികയ്ക്കാതെ ഇറങ്ങിപ്പോയ കെജ്രിവാളിലുള്ള പ്രതീക്ഷ കൈവിടാത്തതുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വമ്പിച്ച ഭൂരിപക്ഷം നൽകി പ്രതിപക്ഷം പോലുമില്ലാതെ ആം ആദ്മിക്ക് രണ്ടാവട്ടവും ഡൽഹിക്കാർ അവസരം നൽകിയത്. എന്നാൽ അധികാരത്തിലേറി ദിവസങ്ങൾക്കകം ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ള പടലപ്പിണക്കങ്ങളാണ് ആം ആദ്മിയിൽ നിന്നുയരുന്നത്. അഴിമതിയില്ലാത്ത ഭരണമെന്ന സ്വപ്നത്തിന്റെ സഫലീകരണത്തിനായാണ് ഡൽഹിക്കാർ കെജ്രിവാളിനെ വീണ്ടും അവരോധിച്ചിരിക്കുന്നത്. ഇത്തരം ഗ്രൂപ്പ് വഴക്കുകളിലൂടെ അവരുടെ ആ സ്വപ്നത്തെ അത്രവേഗം തല്ലിക്കെടുത്താൻ പാടുണ്ടോയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. പാർട്ടിയിലെയും സർക്കാരിലെയും ഗ്രൂപ്പ് വഴക്കുകളിൽ കെജ്രിവാൾ ആകെ തകർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഷുഗർ ലെവൽ പരിധി വിട്ട് ഉയർന്നിരിക്കുകയാണ്. നിരാശയുടെ പടുകുഴിയിലായ അദ്ദേഹം ചികിത്സാർത്ഥം ഡൽഹി വിടുകയുമാണ്. ഒത്തുപോകാൻ സാധിക്കാത്തവിധം ആം ആദ്മിയിലെ നേതാക്കൾ പരസ്പരം അകന്നുവെന്ന റിപ്പോർട്ടുകളെ ഡൽഹിക്കാർ അത്യധികമായ വേദനയോടെയാണ് ശ്രവിക്കുന്നത്.
പാർട്ടി കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ഇന്ന് നടക്കുന്ന നിർണായകമായ നാഷണൽ എക്‌സിക്യൂട്ടീവിൽ കെജ്രിവാൾ പങ്കെടുക്കില്ല. ചികിത്സാർത്ഥം ബംഗളുരുവിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം വിട്ട് നിൽക്കുന്നത്. കെജ്രിവാളിന്റെ രക്തത്തിലെ ഷുഗർ ലെവൽ 300 ആയി ഉയർന്നുവെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻസുലിൻ അളവ് മൂന്നു മടങ്ങാക്കി ഉയർത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. സാധാരണ ലെവൽ 180ന് താഴെയായതിനാൽ അടിയന്തിര ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം പ്രകൃതിചികിത്സക്കായി ബംഗളുരുവിലേക്ക് പോകുന്നത്. 10 ദിവസത്തെ ചികിത്സക്കായി മുഖ്യമന്ത്രി വിട്ടു നിൽക്കുന്നുവെന്നാണ് ഔദ്യോഗികവിശദീകരണം പുറത്ത് വന്നിരിക്കുന്നത്.
പ്രമേഹവും ചുമയും പരിധി വിട്ടതോടെയാണ് പ്രകൃതി ചികിൽസ ചെയ്യാൻ ഇപ്പോൾ കെജ്രിവാൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ചുമതല ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കായിരിക്കും. കെജ്രിവാളിന് 2013ലെ തിരഞ്ഞെടുപ്പു കാലം മുതലാണ് ചുമയാരംഭിച്ചിരുന്നത്. അതിപ്പോഴും ഭേദമായിട്ടില്ല. അലർജിയെത്തുടർന്നാണീ ചുമയെന്നാണ് ഡോക്ടർമാരുടെ പക്ഷം.
പാർട്ടി സ്ഥാപിക്കുന്നതിലും തെരഞ്ഞെടുപ്പ് കാലത്തും കെജ്രിവാളിന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് ആം ആദ്മിയിലെ മുൻനിര നേതാക്കൾ പരസ്പരം പോരടിക്കുന്നതിനിടയിലാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) നിർണായക ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേരുന്നത്. കെജ്രിവാളിനെതിരെ രംഗത്തെത്തിയ പാർട്ടിയുടെ സ്ഥാപകരമായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ രാഷ്ട്രീയ ഉപദേശക സമിതിയിൽ നിന്ന് ഒഴിവാക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നവെങ്കിലും ഇത്തരം നടപടികളുണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ സൂചന.
പ്രസ്തുത യോഗത്തിൽ യാദവും ഭൂഷണും പങ്കെടുക്കുമോ എന്നു വ്യക്തമല്ല. ഡൽഹി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ ദിനപത്രത്തിൽ വന്ന വാർത്തയ്ക്കു പുറകിൽ യോഗേന്ദ്ര യാദവാണെന്ന് ഇന്നലെ തെളിഞ്ഞിരുന്നു. തുടർന്ന് യാദവിനെ നിശിതമായി വിമർശിച്ച് കൊണ്ട് മറ്റു നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ആം ആദ്മി പാർട്ടിക്കായുള്ള കത്തിൽ യാദവും ഭൂഷണും കേജ്‌രിവാളിനെ നിശിതമായി വിമർശിച്ചു കൊണ്ട് എഴുതിയിരുന്നു. പ്രസ്തുത കത്തിന്റെ ഭാഗങ്ങളും ഇന്നലെ വെളിച്ചത്തായതോടെ സ്ഥിതിഗതികൾ വഷളാവുകായിരുന്നു. മാസങ്ങളോളമായി കെജ്രിവാളുമായി നല്ല ബന്ധമല്ല ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പാർട്ടി ഒരു കൂട്ടായ്മയാണെന്നിരിക്കെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തോട് യോജിക്കാൻ സാധിക്കില്ലെന്നാണ് ഭൂഷണും യാദവും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ പരസ്യമായല്ല മറിച്ച് പാർട്ടിയോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞാണ് മറുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

ആം ആദ്മിയുടെ സ്ഥാപകനേതാവായ ശാന്തി ഭൂഷൺ എല്ലാവരും കേജ്‌രിവാളിന് പിന്തുണയേകണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് എഎപിയെ വിമർശിക്കുകയും ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി കിരൺ ബേദിയെ പിന്തുണയ്ക്കുകയും ചെയ്ത ശാന്തി ഭൂഷന്റെ ഈ മനംമാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഘടകങ്ങളെ തങ്ങളുടെ വരുതിയിലാക്കാനാണ് ശാന്തി ഭൂഷണും മക്കളായ പ്രശാന്ത്, ശാലിനി എന്നിവരും ശ്രമിക്കുന്നതെന്നാണ് കേജ്‌രിവാൾ പക്ഷക്കാരനായ ആശിഷ് ഖേതൻ ഇതിനോട് പ്രതികരിക്കുന്നത്.
ആം ആദ്മിയിൽ ഭിന്നതയുണ്ടാകുന്നത് ഇതാദ്യമായൊന്നുമല്ല. പാർട്ടി രൂപീകരണ സമയത്തുണ്ടായിരുന്ന പലരും സ്ഥാനമോഹികളായി മറ്റ് പാർട്ടികളിലേക്ക് കാലു മാറിയിട്ടുണ്ട്. മറ്റ് ചിലരാകട്ടെ ആം ആദ്മിയുടെ രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറഞ്ഞ് മിണ്ടാതിരിക്കുകയാണ്. എന്നാൽ കോൺഗ്രസ് പോലുള്ള പാർട്ടികളിൽ പതിവുണ്ടാകുന്നത് പോലെ വ്യക്തമായ രണ്ട് ഗ്രൂപ്പുകളായി വേർതിരിഞ്ഞുള്ള ഭിന്നതയെ പാർട്ടി ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നത്. ആം ആദ്മിയുടെ പല പ്രമുഖ സ്ഥാപകനേതാക്കളും ഇന്ന് കെജ്രിവാൾ വിരുദ്ധ ഗ്രൂപ്പിലാണുള്ളത്. എന്നാൽ ആൾബലത്തിന്റെ കാര്യത്തിൽ കെജ്രിവാളാണ് മുന്നിട്ട് നിൽക്കുന്നത്.
ഇപ്പോൾ കെജ്രിവാളിന്റെ മുഖ്യവിമർശനകനായിത്തീർന്ന് യോഗേന്ദ്ര യാദവ് ആം ആദ്മിയുടെ ബുദ്ധികേന്ദ്രവും സ്ഥാപകാംഗവുമാണ്. പാർ്ട്ടിയിൽ രണ്ടാംസ്ഥാനമുള്ള നേതാവുമാണ്. ഇപ്പോൾ വിമവിഭാഗത്തിന് ചുക്കാൻ പിടിക്കുന്നതും ഇദ്ദേഹമാണ്. പാർട്ടിയിലെ വൺമാൻഷോയ്‌ക്കെതിരെ രംഗത്തെത്തിയ സ്ഥാപകാംഗമാണ് പ്രശാന്ത് ഭൂഷൺ. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഇദ്ദേഹം വിട്ട് നിന്നിരുന്നു. കെജ്രിവാൾ വിരുദ്ധരിൽ പ്രധാനിയാണ് ഏറ്റവും മുതിർന്ന സ്ഥാപകാംഗമായ ശാന്തി ഭൂഷൺ. എന്നാൽ കെജ്രിവാളിനെ പിന്തുണയ്ക്കണമെന്നും പാർട്ടിയിൽ ഭിന്നത പാടില്ലെന്നുമാവശ്യപ്പെട്ടു കൊണ്ടുള്ള കത്തുമായി ഇപ്പോൾ ഇദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാൾ ദേശീയ കൺവീനറായി വാഴുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത വിമതനാണ് അഡ്‌മിറൽ രാംദാസ്. പാർട്ടിയുടെ അഭ്യന്തര ലോക്പാൽ അംഗമാണ് ഇദ്ദേഹം. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവിയെന്ന ചർച്ച ആരംഭിച്ചത് രാംദാസാണ്. ഇതിലൂടെ കെജ്രിവാളിന്റെ കൺവീനർ സ്ഥാനം ഇല്ലാതാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

എന്നാൽ കെജ്രിവാളിന്റെ ക്യാമ്പും ശക്തമാണെന്ന് കാണാം. ശാന്തിഭൂഷണും മക്കൾക്കുമെതിരെ തിരിച്ചടിച്ച് കെജ്രിവാളിന് ബലമേകുന്ന പ്രമുഖനാണ് ആശിഖ് ഖേതൻ. സംസ്ഥാനഭരണത്തിൽ നിർണായകസ്വാധീനം ഇദ്ദേഹത്തിനുണ്ട്. ആം ആദ്മിയുടെ ഡൽഹി ഘടകം കൺവീനറായ അശുതോഷും കെജ്രിവാളിന്റെ വലംകൈയാണ്. പാർട്ടി പിളർപ്പ് ഭീഷണി നേരിടുന്നുവെന്ന് ഇദ്ദേഹം അടുത്തിടെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന നേതാവാണ് മനീഷ് സിസോദിയ. അക്കാരണത്താലാണ് മനീഷിന് കെജ്രിവാൾ ഉപമുഖ്യമന്ത്രി സ്ഥാനം കൊടുത്തിരിക്കുന്നത്. ഇതിന് പുറമെ വൈഭവ് കുമാറും കെജ്രിവാളിനെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖനാണ്. കെജ്രിവാളിനെ കുറ്റംപറഞ്ഞു കൊണ്ടുള്ള വാർത്തയുടെ സൂത്രധാരൻ യോഗേന്ദ്ര യാദവാണെന്ന തെളിവ് കണ്ടെത്തിയത് വൈഭവാണ്. ഇതിനു പുറമെ ഇരുപക്ഷത്തിനും പ്രിയപ്പെട്ട ഒരു നേതാവും ആം ആദ്മിയിലുണ്ട്. സഞ്ജയ് സിംഗാണത്. പാർട്ടി വക്താവായ ഇദ്ദേഹത്തിന് കെജ്രിവാളുമായി കൂടുതൽ ബന്ധമുണ്ട്.
എന്നാൽ ആം ആദ്മിയിലെ നിലവാരമില്ലാത്ത വഴക്കിൽ ഭാഗഭാക്കാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് കെ്ജ്രിവാൾ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പൊരുത്തക്കേടുകൾ തന്നെ ദുഃഖത്തിലാഴ്‌ത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനായാണീ ഗ്രൂപ്പ് വഴക്കെന്നും ഇതിൽ കക്ഷി ചേരാതെ ഭരണത്തിൽ മുഴുകാനാണ് താനിഷ്ടപ്പെടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

