ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രാജിവെക്കണമെന്ന് ബിജെപി. പാർട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തിൽ കേജ്രിവാൾ രാജിവെച്ചൊഴിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു.

ഡൽഹിയിലെ ജനങ്ങളുടെ പിന്തുണ നേടുന്നതിൽ എഎപി പരാജയപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തെ അവഗണിച്ചു കഴിഞ്ഞു. ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിനാൽ തന്നെ കേജ്രിവാൾ രാജിവെക്കണം. ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു.

നാല് മാസത്തിനുള്ളിൽ ഡൽഹിയെ സമ്പൂർണ ശുചിത്വ നഗരമാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. അഴുക്കും രോഗങ്ങളുമില്ലാത്ത നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ വിജയം സുക്മയിൽ മാവേയിസ്റ്റ് ഏറ്റുമുട്ടലിൽ മരിച്ച സിആർപിഎഫ് ജവാന്മാർക്ക് സമർപ്പിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നില്ലെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രം മുന്നോട്ട് കുതിക്കുകയായണ്. ഇത് രാഷ്ട്ര തലസ്ഥാനത്ത് പുതിയ സൂര്യന്റെ ഉദയമാണെന്നും തിവാരി പറഞ്ഞു.