ന്യുഡൽഹി: രാജ്യമെമ്പാടും സ്വച്ഭ ഭാരതം യജ്ഞത്തിനായി ആഹ്വാനം ചെയ്ത് ചൂലടെുത്ത് തെരുവ് ശുചീകരിച്ച് മാതൃക കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പാർട്ടി ഓഫീസിൽ കക്കൂസില്ലാത്തതറിഞ്ഞില്ലെന്ന ആരോപണവുമായി ആം ആദ്മി നേതാവ് കെജ്‌രിവാൾ രംഗത്തെത്തി. തന്റെ മണ്ഡലത്തിലാണ് ബിജെപിയുടെ ഡൽഹി ഓഫീസ് സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ തന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് അവിടെ ശൗചാലയം നിർമ്മിക്കുന്നതിൽ സന്തോഷമെയുള്ളുവെന്നും ഡൽഹി മുന്മുഖ്യമന്ത്രി കൂടിയായ കെജ്രിവാൾ വെളിപ്പെടുത്തി.

പണ്ഡിറ്റ് പന്ത് മാർഗ് റോഡിൽ സ്ഥിതി ചെയ്യുന്ന ബിജെപി കാര്യാലയത്തിൽ സ്ത്രീകൾക്ക് ശൗചാലയ സൗകര്യമില്ലെന്നാണ് കെജ്രിവാളിന്റെ ആരോപണം. വെറുതെ പറയുകയല്ല തന്റെ എംഎൽഎ ഫണ്ടിൽ നിന്ന് ശൗചാലയം പണിതുകൊടുക്കാമെന്ന് കാണിച്ച് കെജ്‌രിവാൾ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ചെയർപഴ്‌സണിന് കത്ത് നൽകുകയും ചെയ്തു.

ബിജെപിയുടെ ഓഫീസിൽ നിലവിൽ കക്കൂസുണ്ടെങ്കിലും അത് വൃത്തിഹീനവും സ്ഥലപപരിമിതിയുള്ളതുമാണ്. അതിനാൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശമിപ്പിക്കാൻ നാല് യൂണിറ്റുകളുള്ള ശൗചാലയം നിർമ്മിക്കണമെന്നാണ് കെജ്‌രിവാളിന്റെ അഭിപ്രായം. ഗാന്ധിജയന്തി സ്വച്ഛ്ഭാരത് എന്ന പേരിൽ രാജ്യമെമ്പാടും ശുചിത്വ സന്ദേശം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിനൽകുകയാണ് പുതിയ നീക്കത്തിലൂടെ കെജ്‌രിവാൾ ഉദ്ദേശിക്കുന്നത്.

എന്നാൽ കെജ്രിവാൾ സ്‌കോർ ചെയ്യുന്നത് കേട്ട് മിണ്ടാതിരിക്കാനൊന്നും ബിജെപി തയ്യാറായിട്ടില്ല. മറ്റു പാർട്ടികളുടെ കാര്യം ആലോചിക്കാതെ കെജ്‌രിവാൾ സ്വന്തം പാർട്ടിക്കാരെ കുറിച്ച് ആലോചിക്കണമെന്നാണ് ബിജെപി മീഡിയ കോർ കൺവീനർ പ്രവീൺ ശങ്കർ കപൂർ ഇതിനെതിരെ ആഞ്ഞടിച്ചത്. ഇത്രയും കാലമായിട്ടും ആംആദ്മിക്കാർക്ക് സ്വന്തമായി ഒരു ഓഫീസ് പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കെജ്രിവാളിനെ പരിഹസിച്ചു. കക്കൂസ് വിവാദം കൊഴുക്കുന്നതിനിടെ ബിജെപി ഓഫീസിൽ കക്കൂസ് നിർമ്മാണം ഇന്നാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.