ന്യൂഡൽഹി: രാംലീല മൈതാനത്ത് ആയിരങ്ങൾ ഭാരത് മാതാകീ ജയ് വിളികൾ മുഴക്കിയതിന് ഇടയിൽ ഡൽഹിയിലെ സാധാരണക്കാരുടെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞവർഷം അധികാരം ഉപേക്ഷിച്ച അതേ ദിവസം തന്നെയാണ് ഡൽഹിയിലെ ജനകീയ മുഖ്യനായി കേജ്രിവാൾ അധികാരമേറ്റത്. ഡൽഹിയിലെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാൾ.

ഇന്ന് ഉച്ചയ്ക്ക്് 12 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ നജീബ് ജംഗ് ചൊല്ലിക്കൊടുത്ത സത്യവാചകം കേജ്‌രിവാൾ ഏറ്റുചൊല്ലി. മൂന്ന് ദിവസമായി കടുത്ത പനിയായിരുന്നു കെജ്രിവാളിന് അതുകൊണ്ട് തന്നെ അധികസമയം അദ്ദേഹം രാംലീല മൈതാനിയിൽ നിന്നല്ല. ആഭ്യന്തരം, ധനം, വൈദ്യുതി വകുപ്പുകളുടെ ചുമതല കേജ്‌രിവാളായിരിക്കും കൈകാര്യം ചെയ്യുക. കെജ്രിവാളിനൊപ്പം ഉപ മുഖ്യമന്ത്രിയായി മനീഷ് സിസോഡിയയും സത്യപ്രതിജ്ഞ ചെയ്തു. ഡൽഹിയുടെ ആദ്യ ഉപമുഖ്യമന്ത്രിയാണ് സിസോഡിയ. നഗരവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളായിരിക്കും സിസോഡിയയുടെ ചുമതലയിലുള്ളത്.

അസിം അഹമ്മദ് ഖാൻ(ഭക്ഷ്യ പൊതുവിതരണം), സന്ദീപ് കുമാർ(വനിത ശിശുക്ഷേമം), സത്യേന്ദ്ര ജെയിൻ(ആരോഗ്യം), ഗോപാൽ റായ്(ഗതാഗതം, തൊഴിൽ), ജിതേന്ദ്ര സിങ് തോമർ (നിയമം) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം മന്ത്രിസഭയിൽ വനിതകളാരും ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഒന്നാം കേജ്‌രിവാൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നവരിൽ മനീഷ് സിസോഡിയയും സത്യന്ദ്ര ജെയിനും മാത്രമാണ് പുതിയ സർക്കാരിൽ ഉള്ളത്. നാല് പുതുമുഖങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്.

ഡൽഹിയിൽ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളെയും അപ്രസക്തമാക്കിയ വിജയം കൈവരിച്ച കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരിന്റെ സത്യപ്രതിജ്ഞ നാട്ടുകാർ ജനകീയ ഉത്സവമായി കൊണ്ടാടി. ജനങ്ങൾ അധികാരത്തിലേറുന്ന ദിനമായതിനാൽ എല്ലാവരും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തണമെന്ന് കേജ്‌രിവാൾ റേഡിയോയിലൂടെ ക്ഷണിച്ചിരുന്നു. അഭൂതപൂർവമായ തിരക്കാണ് രാംലീല മൈതാനിയിൽ കാണാനായത്. ചടങ്ങുകൾ കാണാനായി മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ സ്‌ക്രീനുകളും സുരക്ഷ ശക്തമാക്കാനായി നാൽപതോളം സി.സി.ടി.വികളും ഇവിടെ സ്ഥാപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ കേന്ദ്രമന്ത്രിമാരെയും ഡൽഹിയിലെ മുഴുവൻ എംപിമാരെയും ചടങ്ങിലേക്ക് കേജ്‌രിവാൾ ക്ഷണിച്ചിരുന്നു. മഹാരാഷ്ട്രയിൽ മൂൻകൂട്ടി ഏറ്റ പരിപാടിയുള്ളതിനാൽ ചടങ്ങിൽ മോദി പങ്കെടുത്തില്ല. കേന്ദ്രമന്ത്രിമാരടക്കം നിരവധി വിശിഷ്ടാതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

കഴിഞ്ഞ തവണ ജനങ്ങൾക്കൊപ്പം മെട്രോയിൽ സഞ്ചരിച്ചാണ് കേജ്‌രിവാൾ രാംലീലാ മൈതാനത്തെ സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. ഇക്കുറി ഇന്നോവ കാറിലാണ് കെജ്രിവാൾ എത്തിയത്. കേജ്‌രിവാളിന്റെ ഭാര്യയും മക്കളും മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആരംഭിച്ച അഴിമിത കേസുകൽ പുനഃരാരംഭിക്കുമെന്ന സൂചന ആം ആദ്മി പാർട്ടി ഇതിനകം നൽകി കഴിഞ്ഞിട്ടുണ്ട്.

റിലയൻസ് മേധാവി മുകേഷ് അംബാനി, ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് എന്നിവർക്കെതിരെയായിരുന്നു കേസുകൾ. അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ആന്റി കറപ്ഷൻ ബ്യൂറോ ചീഫായി സഞ്ജയ് ചതുർവേദിയെ നിയമിക്കാനാണ് കേജ്‌റിവാൾ ശ്രമിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസയൻസിലെ അഴിമതി വിരുദ്ധ സെല്ലിന്റെ തലവനായിരുന്നു സഞ്ജയ് ചതുർവേദി. ഇദ്ദേഹത്തെ പിന്നീട് അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നു.

ബിജെപി നേതാവ് ജെ പി നഡ്ഡയുടെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ വിജിലൻസ് തലവന്റെ സ്ഥാനത്തു നിന്ന് നീക്കിയതെന്നായിരുന്നു ആരോപണം. അന്ന് ഹർഷ് വർധനായിരുന്നു ആരോഗ്യമന്ത്രി. പിന്നീട് ജെ പി നഡ്ഡ ആരോഗ്യമന്ത്രിയാകുകയും ചെയ്തു. സഞ്ജയ് ചതുർവേദിയെ നീക്കിയതിനെതിരെ വ്യാപകമായി പ്രതിഷേധം അന്നുയർന്നിരുന്നു. ഇദ്ദേഹത്തെ അഴിമതി വിരുദ്ധ സെല്ലിന്റെ തലവനാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.