തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ആര്യ. നിരവധി ആരാധികമാർ ഉള്ള നടൻ ഇപ്പോൾ ജീവിതപങ്കാളിയെ തേടുകയാണ്. അതും അലപ്പം വ്യത്യസ്തമായാണ് നടന്റെ വിവാഹാലോചന. എന്തായാലും നടന്റെ ജീവിതപങ്കാളികളാകാൻ പെൺകുട്ടികൾ അപേക്ഷകളുമായി കാത്ത് നില്ക്കുകയാണ്.ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പെൺകുട്ടിയെ തേടുന്ന കാര്യം നടൻ അറിയിച്ചത്.

കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സംസാരിക്കുന്ന വിഡിയോ ലീക്ക് ചെയ്ത് പുറത്തുവന്നിരുന്നു. ജിമ്മിൽ ആയിരുന്ന സമയത്ത് കൂട്ടുകാരോട് സംസാരിക്കുന്ന വിഡിയോ ആണ് ലീക്ക് ആയി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ആര്യ തന്നെ വിവാഹ കാര്യത്തെ കുറിച്ച് വ്യക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ആര്യയുടെ വാക്കുകളിലേക്ക്...
''താൻ അറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെങ്കിലും അതിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്. 'പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാർ, ബന്ധുക്കൾ അല്ലെങ്കിൽ മാട്രിമോണിയൽ സൈറ്റ് എന്നിവയിലൂടെ യൊക്കെയാവും കണ്ടെത്താൻ ശ്രമിക്കുക. എന്നാൽ ഞാൻ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കൂ. ഇതൊരു പ്രാങ്ക് വിഡിയോ അല്ല, ആരെയും പറ്റിക്കാനും ചെയ്യുന്നതല്ല. ഇതെന്റെ ജീവിതപ്രശ്‌നമാണ്. നിങ്ങളുടെ വിളിക്കായി ഞാൻ കാത്തിരിക്കുന്നു''.- ആര്യ പറയുന്നു

വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുമ്പോൾ //www.mapillaiarya.com/ എന്ന വെബ്സൈറ്റ് വിലാസം ലഭിക്കും. പേര്, വിലാസം, പഠനയോഗ്യത, പാസ്‌പോർട്ട് നമ്പർ തുടങ്ങിയവക്ക് പുറമെ ഫോട്ടോയും ഒരുമിനിറ്റ് വീഡിയോയും പോസ്റ്റ് ചെയ്യണം. അപേക്ഷ നൽകിയവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ വെച്ച് ഓഡീഷൻ നടത്തും. ഇവർക്ക് പ്രത്യേക ടാസ്‌കും നൽകും. ഇതിൽ വിജയികളാകുന്നവരിൽ നിന്നാകും ആര്യ വധുവിനെ തെരഞ്ഞെടുക്കുക. കടമ്പകൾ കടന്ന് ആരാകും യുവതാരത്തിന്റെ വധുവാകുക എന്ന ആകാംക്ഷയിലാണ് സിനിമാലോകം. കാസർകോഡ് തൃക്കരിപ്പൂരിലാണ് ജംഷാദ് എന്ന ആര്യയുടെ ജനനം. 36കാരനായ ആര്യയുടെ കുടുംബം ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.