ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയ ബഡായി ബംഗ്ലാവ് ചാനലിൽ നിന്ന് പിൻവലിക്കുന്നതായി ഷോയുടെ അവതാരകനായ രമേഷ് പിഷാരടി ഫേസ്‌ബുക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഷോയിൽ രമേഷിന്റെ ഭാര്യയായെത്തുന്ന ആര്യയും ഇതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തി.

ഷോ നിർത്തുകയാണെന്ന് പോലും ചാനൽ അധികൃതർ അറിയിച്ചില്ലെന്നും ഷൂട്ട് ചെയ്തു വെച്ചിരിക്കുന്ന രണ്ടു മൂന്നു എപ്പിസോഡുകൾ പുറത്തുവരുമോ എന്നറിയില്ലെന്നുമാണ് ആര്യ ഏഷ്യനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ ഷോ നിർത്താനുള്ള തീരുമാനം പിൻവലിച്ചെന്ന വാർത്തയുമായി ഫേസ്‌ബുക് ലൈവിലെത്തിയിരിക്കുകയാണ് ആര്യ.

ഇന്നലത്തെ എന്റെ പോസ്റ്റും സംഭാഷണവും എല്ലാവരെയും വിഷമിപ്പിച്ചു എന്നറിയാം. ഇപ്പോൾ ഒരു സന്തോഷ വാർത്ത അറിയിക്കാനാണ് ഞാനെത്തിയത്. ഷോ തുടരാനാണ് ചാനലിന്റെ തീരുമാനം. താമസിക്കാതെ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും ആര്യ പറഞ്ഞു. അഞ്ചു വർഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ളാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ ഡയാന സിൽവസ്റ്ററാണ്. മുകേഷ്, ആര്യ, ധർമ്മജൻ, പ്രസീദ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.