കോഴിക്കോട് കളക്ടറെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം മാത്രമാണ്. പലപ്പോഴും കളക്ടർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് കളക്ടർ ബ്രോ എന്ന വിളിപ്പേര് വന്നതും. എഴുത്തുകാരെ കോഴിക്കോട് ജില്ലാ കളക്ടർ വിളിച്ചുവരുത്തി അപമാനിച്ചെന്ന ആരോപണവുമായി യുവ കവയത്രി ആര്യാ ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണം 2016 എന്ന പരിപാടിയിൽ എഴുത്തുകാർക്ക് അപമാനിതരാകേണ്ടിവന്നെന്ന ആരോപണമാണ് ആര്യ ഉന്നയിക്കുന്നത്. കോഴിക്കോട് കളക്ടർ എൻ പ്രശാന്തിന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് ആര്യയുടെ ആരോപണം. നമുക്ക് ശരിക്കും കവികളേയും എഴുത്തുക്കാരെയുമൊക്കെ ആവശ്യമുണ്ടോ? മിമിക്രിക്കാരും സീരിയൽക്കാരും സിനിമക്കാരും ഗാനമേളക്കാരുമൊക്കെ പോരേ.. എന്നു ആര്യ ചോദിക്കുന്നു.

ആര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

എത്രയും ബഹുമാനപ്പെട്ട കലക്ടർ ബ്രോ അറിയുന്നതിന്,
ഇന്നലെ കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്ത ഒരു കവിയാണ് ഞാൻ. ഒരു സംശയം, നമുക്ക് ശരിക്കും കവികളേയും എഴുത്തുക്കാരെയുമൊക്കെ ആവശ്യമുണ്ടോ? മിമിക്രിക്കാരും സീരിയൽക്കാരും സിനിമക്കാരും ഗാനമേളക്കാരുമൊക്കെ പോരേ... ജില്ലാ ഭരണകൂടത്തിന്റയും നിലപാട് ഇതാണോ? അല്ലെങ്കിൽ എന്തിനായിരുന്നു ആരും വരില്ലായെന്നുറപ്പുള്ള ഇൻഡോർ സ്റ്റേഡിയത്തിലെ വായുവും വെളിച്ചവും കയറാത്ത, ശബ്ദത്തേക്കാൾ മുഴക്കമുള്ള, പ്രത്യേകിച്ചൊരാകൃതിയുമില്ലാത്ത, ഉയരം ശരിയാക്കാൻ പോലും ആകാത്ത ഒരു മൈക്കു മാത്രമുള്ള ഓഡിറ്റോറിയത്തിൽ ഓണം സാഹിത്യോത്സവം കൊണ്ടു വന്നു വച്ചത്.

താങ്ങൾക്കറിയാമെന്നു ഞങ്ങൾക്കുറപ്പുണ്ട്. മുമ്പൊക്കെ, ടൗൺഹാളിലെ നിറഞ്ഞ സദസിനു മുന്നിലാണ് കോഴിക്കോട്ടെ കവികൾ ഓണത്തിനു കവിത ചൊല്ലിയിരുന്നത്. അന്നൊക്കെ അതു കേൾക്കാൻ ആളുകൾ വന്നിട്ടുണ്ട്. കവിത കേട്ടാനന്ദിച്ച് കൈയടിച്ചിട്ടുണ്ട്, പ്രതിഷേധിച്ച് കൂവിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. ഇനിയിതൊന്നും വേണ്ടായെന്നു ജില്ലാഭരണകൂടം തീരുമാനിച്ചതാണോ? കോഴിക്കോട്ടുക്കാരൻ കവിതയും നല്ല സംസാരവും കേൾക്കേണ്ടായെന്ന് ഭരണകൂടം തീരുമാനിക്കുന്നത് തന്നെയല്ലേ ഭരണകൂടഫാസിസം.കവിതയും സാഹിത്യവുമൊന്നും ഒരു കാലത്തും ജനകീയ കലയായിരുന്നില്ല. എന്നാൽ, അതു കാലത്തേ അതിജീവിക്കുന്ന ജീവൽ സന്ദേശമാണ്. ഇന്നലെ ഉദ്ഘാടനം നടത്തി ശ്രീ ടി പി രാജിവൻ സാർ (TP Rajeevan -Thachompoyil Rajeevan) പറഞ്ഞതു പോലെ തോൽപ്പിക്കപ്പെടുന്നവന്റെ അവസാനത്തെ നിലവിളിയാണ്. ഇതൊന്നുമില്ലെങ്കിൽ കാലം കെട്ടുപ്പോകും.

ഏതെങ്കിലും ഒരു കോമഡി ഷോയിൽ മുഖം കാണിച്ചവരെ കൂട്ടിക്കൊണ്ടു വരാൻ കാറയ്ക്കുകയും വഴിയിൽ കാത്തു നിൽക്കുകയും ചെയ്യുന്ന ഭരണകൂടം കവികൾ നടന്നും ഓട്ടോയിലും വരുമെന്നു കരുതുന്നതെന്തു മനോഭാവം കൊണ്ടാണ്? ഓണം ഇന്നും ഒരു മതേതര ആഘോഷമായി നിൽക്കുന്നുണ്ടെങ്കിൽ അതിൽ കവികൾക്കു വലിയ പങ്കുണ്ട്. മാവേലി നാടു വാണിടും കാലം മനുഷ്യരെല്ലാരുമൊന്നു പോലെ... എന്നു ഇപ്പോഴും പേരറിയാത്ത കവിയെഴുതിയിരുന്നില്ലെങ്കിൽ ഓണത്തെ നിർവചിക്കുവാൻ വല്ലാതെ ബുദ്ധിമുട്ടാകുമായിരുന്നു. പിന്നെ പറഞ്ഞ പണം കൈയിൽ കിട്ടാതെ സ്റ്റേജിൽ കയറാത്ത സിനിമാക്കാരെയും പാട്ടുക്കാരെയും കോമഡിക്കാരെയും പോലെ ഞങ്ങൾ പണം ഗൗനിക്കാതെ വരുന്നുണ്ടെങ്കിൽ അതു കവിത പണത്തിനു മേലെയാണെന്ന ഉറച്ച വിശ്വാസം കൊണ്ടു മാത്രമാണ്.
ഇങ്ങനെ അപമാനിക്കാനാണെങ്കിൽ ഇനിയുമിതു നടത്തണമെന്ന് ഞങ്ങൾക്കു യാതൊരു നിർബന്ധവുമില്ല. നാലാളു കൂടുന്നിടത്തു ഉച്ചത്തിൽ കവിതചൊല്ലാൻ ഞങ്ങൾക്കു മടിയില്ല. ഭരണകൂടം അനുവദിച്ചു തന്ന ഔദാര്യംകൊണ്ടല്ല കവിത ജീവിക്കുന്നത്. അവസാനത്തെ മനുഷ്യൻ മരിക്കുന്നിടത്തോളം കാലം അതു ജീവിക്കും. അദ്ധ്യക്ഷൻ പി കെ ഗോപി (P.k. Gopi) പറഞ്ഞതു പോലെ കൂടുതൽ ശക്തമായി തിരിച്ചു വരാൻ ഒന്നു പിൻവലിഞ്ഞെന്നിരിക്കാം, അത്രമാത്രം.

കലക്ടർ ബ്രോ, സാഹിത്യത്തെ ആദരിക്കണമെന്ന് പറയുന്നില്ല, ഇങ്ങനെ അപമാനിക്കരുത്...പ്ലീസ്.... ഞങ്ങൾ കവിത ചൊല്ലിയും മനുഷ്യനെ കുറിച്ചു ചിന്തിച്ചും ജീവിതത്തിന്റ ഓരം പറ്റിയിങ്ങനെ ജീവിച്ചു പോയിക്കൊള്ളട്ടെ...
എന്ന്
സ്നേഹത്തോടെ,
കോഴിക്കോട്ടെ കവികൾക്കും സാഹിത്യാസ്വാദകർക്കും വേണ്ടി
ആര്യാഗോപി.

എന്നാൽ ആര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ചുവടെ കമന്റ് ബോക്‌സിൽ ഒഫിഷ്യൽ പേജിലൂടെ കലക്ടർ മറുപടിയും നൽകിയിരിക്കുന്നു.

പ്രിയപ്പെട്ട ആര്യ,
താങ്കളുടെ വികാരം പൂണ്ണമായും ഉൾക്കൊള്ളുന്നു. പരിപാടികളുടെ വേദിയും മറ്റും കലക്ടർ നേരിട്ടാണ് തീരുമാനിക്കുന്നതെന്ന ധ്വനി കണ്ടു. തുടക്കക്കാരി ആയതുകൊണ്ടായിരിക്കം. അറിവിലേക്ക് പറയട്ടെ, കലാകാർൻന്മാരുടെ തന്നെ കൂട്ടായ്മയാണ് ഇതൊക്കെ സംഘടിപ്പിക്കുന്ന കമ്മിറ്റികൾ. പ്രോഗ്രാം കമ്മിറ്റിക്കും വിവിധ മേഖലകൾക്കുള്ള കമ്മിറ്റികൾക്കും പൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചാണ് സബ്കലക്ടരുടെ നേതൃത്വത്തിൽ ഇത്തവണ ഡി.ടി.പി.സി. ഓണം വാരാഘോഷം സംഘടിപ്പിച്ചത്. സാഹിത്യം, ശാസ്ത്രീയ സംഗീതം, നാടകം തുടങ്ങിയ കമ്മിറ്റികൾ ടൗൺ ഹാൾ ഉൾപ്പെടെയുള്ള വേദികൾക്കായി ശക്തമായി ഡിമാണ്ട് വച്ചിരുന്നു. ടൗൺ ഹാൾ നാടകത്തിനോ ശാസ്ത്രീയസംഗീതത്തിനോ അനുവദിക്കുമ്പോൾ സംഘാടകർ അത് administrative convenience കൊണ്ട് ചെയ്യുന്നതാവാനേ തരമുള്ളൂ. ഊണും ഉറക്കവും ഇല്ലാതെ ഓണം അവധിക്കാലത്ത് ഇതെല്ലാം സംഘടിപ്പിച്ച് നടക്കുന്ന ആ പാവം സബ് കലക്ടർ ഭരണകൂട ഫാസിസം നടപ്പാക്കുന്നു എന്നൊക്കെ പറയുന്നത് കുറച്ച് കഷ്ടമാണ്. ഏതായാലും മറ്റ് കലാരൂപങ്ങളെയും കലാകാരെയും ചെറുതായി കാണേണ്ടതില്ല. അതിനി മിമ്മിക്രി ആയാലും ശരി. ഒരു കൂട്ടരുടെ കാര്യം മാത്രം നന്നായാൽ മതി എന്നല്ല, ഉള്ള സൗകര്യങ്ങളിൽ നിന്ന് പരമാവധി നന്നാക്കാനാണ് ശ്രമം. ഇത് കൂട്ടായ്മയാണ്. കമിറ്റികളിൽ സജീവമായ കലാകാരന്മാർക്ക് അറിയാം. മാറി നിന്ന് കുറ്റപ്പെടുത്താനുള്ളവർക്ക് അതാവാം. ക്രിയാത്മകമായി നന്നാക്കാനുള്ള ആശയങ്ങൾ ഉള്ളവർക്ക് സബ് കലക്ടറുമായി ബന്ധപ്പെടാം.
സ്‌നേഹപൂർവം
പ്രശാന്ത്