- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യ തകർത്തത് ദേവേന്ദ്ര ഫഡ്നാവിസിന്റെ റെക്കോഡ്; തിരുവനന്തപുരം മേയർ ഇടതുപക്ഷത്തിന് ഇരട്ടിമധുരമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി 21കാരി ആര്യാ രാജേന്ദ്രൻ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാനത്തെ ഇടതുപക്ഷ പ്രവർത്തകർ. ആര്യ തകർത്തത് ബിജെപി നേതാവും മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ റെക്കോർഡാണ് എന്നത് സിപിഎം പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കുന്നു. ആര്യ തിരുവനന്തപുരം മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മേയറായി എന്ന ഫഡ്നാവിസിന്റെ വിശേഷണം ആണ് ഇല്ലാതാകുന്നത്.
ഫഡ്നാവിസ് നാഗ്പുർ കോർപ്പറേഷൻ മേയറായി ഇരുപത്തിയേഴാം വയസ്സിലാണ് സ്ഥാനമേറ്റത്. ഇരുപത്തിയൊന്നാം വയസ്സിൽ കോർപ്പറേഷൻ കൗൺസിലർ ആയിട്ടുണ്ട്, ഫഡ്നാവിസ്. അന്ന് അതും റെക്കോർഡ് ആയിരുന്നു. കൗൺസിലർ ആയ ശേഷം ഫഡ്നാവിസിന് മേയർ പദത്തിൽ എത്താൻ ആറു വർഷം കാത്തിരിക്കേണ്ടി വന്നു. ആര്യ പക്ഷേ, ഇരുപത്തിയൊന്നാം വയസ്സിൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം മേയർ പദവിയിൽ എത്തും.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയാണ് ആര്യ തിങ്കളാഴ്ച സ്ഥാനമേൽക്കാനൊരുങ്ങുന്നത്. മേയർ ആയി ആര്യയെ നിയോഗിക്കാനുള്ള നിർദ്ദേശത്തിന് ഇന്നലെ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിരുന്നു. മുടവന്മുകളിൽനിന്ന് 549 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ആര്യ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പൊതു പ്രവർത്തനവും പഠനവും ഒന്നിച്ചുകൊണ്ടുപോവാനാണ് താത്പര്യപ്പെടുന്നതെന്ന് ആര്യ പറഞ്ഞു. പാർട്ടിയാണ് സ്ഥാനാർത്ഥിയാക്കിയത്, പാർട്ടി തരുന്ന ഏതു ചുമതലയും ഏറ്റെടുക്കും. പക്വതയായില്ലെന്ന വിമർശനങ്ങളിലൊന്നും കാര്യമില്ല, പ്രായമല്ല ഒരാളുടെ പക്വത നിശ്ചയിക്കുന്നത്- ആര്യ പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ബഹുമതിയാണ് ആര്യയെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയം മറന്ന് ആര്യക്ക് കൈയടി ലഭിക്കുന്നത്. യുഡിഎഫ് നേതാക്കളും അണികളും അടക്കമുള്ളവർ ആര്യയെ മേയറാക്കിയ തീരുമാനത്തിന് കൈയടി നൽകി. അടുത്തകാലത്തായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം യുവാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകാനാണ് സിപിഎം ശ്രമം. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യവും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് സിപിഎമ്മിന് ഉയർത്തിക്കാട്ടാനുള്ള നേട്ടമാകും.യഥാർഥ നവോഥാനം എന്നു നിരവധി പേർ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ചിലർ യുഡിഎഫ് പഠിക്കേണ്ട കാര്യമാണെന്നാണ് പൊതുവേ ചൂണ്ടിക്കാട്ടിയത്.
21 വയസ്സുകാരി ആര്യ രാജേന്ദ്രൻ മേയറാകുമ്പോൾ യുഡിഎഫ് പാളയത്തിൽ ചർച്ചകൾ കൊഴുക്കുമെന്നും ഉറപ്പാണ്. തലമുറമാറ്റം, യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം എന്നിങ്ങനെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരാറുള്ള സ്ഥിരം മുറവിളികൾ ശക്തമാകാനും ഇത് ഇടയാക്കും. 'ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം. 21 വയസാണ്, എസ്എഫ്ഐ നേതാവാണ്, പക്വതയെത്താത്ത കുട്ടിയാണ് എന്നൊക്കെ പറയലാണ് എളുപ്പം. പക്ഷെ എന്തു ചെയ്യാം. ഈ പാർട്ടി ഇപ്പോ ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങൾ വന്നോട്ടെ, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്നായിരിക്കുന്നു. സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ.' ചിത്രം പങ്കുവച്ച് ഫേസ്ബുക്കിൽ ഇത്തരത്തിലുള്ള അഭിനന്ദനകുറിപ്പുകൾ നീളുകയാണ്.
അതേസമയം വ്യക്തിക്കപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നതിനപ്പുറം സംഘടനാഭാരവാഹി എന്ന വലിയൊരു ഉത്തരവാദിത്തമുണ്ട്. വാർഡിലെ കാര്യവും പഠനവും ഒരുമിച്ച് കൊണ്ടു പോകും. സഹപാഠികളും അദ്ധ്യാപകരും സഹായിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പാർട്ടി പറഞ്ഞാണ്. പാർട്ടിയെ അംഗീകരിക്കാൻ പഠിക്കുക എന്നുപറഞ്ഞാണ് അച്ഛൻ വളർത്തിയിട്ടുള്ളത്. വ്യക്തി എന്നതിനപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്നും ആര്യ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ മാതൃകയാണെന്നും ആര്യ പറഞ്ഞു.
തിരുവനന്തപുരം മനോഹരമായ നഗരമാണ്. അതിനെ അങ്ങനെ നിലനിർത്താൻ നഗരം മാലിന്യമുക്തമാവേണ്ടതുണ്ട്. പൊതുസ്ഥലത്ത് മാലിന്യമിടുന്നവർ ഇപ്പോഴുമുണ്ട്. അവരെ കുടുതൽ ബോധവത്കരിക്കണം. മാലിന്യമുക്തവും സ്ത്രീസുരക്ഷിതവുമായ തിരുവനന്തപുരം തന്റെ മുൻഗണനകളാണെന്ന് ആര്യ പറയുന്നു.
മറുനാടന് ഡെസ്ക്