തിരുവനന്തപുരം: ലോക റിക്കോർഡ് ഇട്ട് തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രന് നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പ്രത്യേക പാർട്ടി സംവിധാനം. മുൻ മേയർമാരായ വി ശിവവൻ കുട്ടിയും ജയൻബാബുവും ആര്യയ്ക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകും. എല്ലാ നയപരമായ തീരുമാനവും പാർട്ടി അറിവോടെ മാത്രമേ ആര്യയ്ക്ക് എടുക്കാനാകൂ. പരിചയക്കുറവിൽ ചതിക്കുഴികളിൽ വീഴാതിരിക്കാനാണ് ഇത്. ഫലത്തിൽ ആര്യയെ മേയറാക്കി പാർട്ടിയാകും കോർപ്പറേഷൻ ഭരിക്കുക.

21 വയസ്സു മാത്രമാണ് ആര്യയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ഭരണ പരമായോ രാഷ്ട്രീയ അറിവോ കുറവാണ്. അതുകൊണ്ട് കൂടിയാണ് ഈ ജാഗ്രത. ആര്യയ്ക്ക് ഉപദേശങ്ങൾ കൊടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു തന്നെയാണ് ഈ രാഷ്ട്രീയ ദൗത്യം ആര്യയെ ഏൽപ്പിച്ചത്. സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥികളെല്ലാം തോറ്റ സാഹചര്യത്തിലാണ് ഇത്. വഞ്ചിയൂരിൽ നിന്ന് ജയിച്ച ഗായത്രി ബാബുവിനേയും പരിഗണിച്ചു. മുൻ കൗൺസിലറും സിപിഎം നേതാവുമായ ബാബുവിന്റെ മകളാണ് ഗായത്രി. അമ്മ സാക്ഷരതാ മിഷൻ ഡയറക്ടറായ പ്രൊഫ ശ്രീലതയും. അതുകൊണ്ട് തന്നെ പാർട്ടിക്ക് ഗായത്രിയെ നിയന്ത്രിക്കുക എളുപ്പമാകില്ല. ഈ തിരിച്ചറിവാണ് ആര്യാ രാജേന്ദ്രനെ മേയാറാക്കിയതിന് പിന്നിലെ കാരണം.

സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ നിരീക്ഷണവും ആര്യയ്ക്ക് മേലുണ്ടാകും. മുൻ മേയർമാരെന്ന നിലയിൽ ശിവൻകുട്ടിയും ജയൻബാബുവുമാകും ആര്യയ്ക്ക് പ്രധാനപ്പെട്ട വസ്തുതകളിൽ ഉപദേശം നൽകുക. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഔദ്യോഗിക തിരക്കുകൾക്കിടയിൽ തിരുവനന്തപുരം കോർപ്പേറഷൻ കാര്യങ്ങളിൽ ഇടപെടും. മികച്ച മേയറെന്ന പേര് ആര്യ എടുക്കണമെന്നതാണ് സിപിഎം ആഗ്രഹം. ഇതിലൂടെ ഭാവിയിലെ വനിതാ നേതാവിനെയാണ് അവർ മുന്നിൽ കാണുന്നത്. നേമത്ത് ബിജെപിയെ ചെറുക്കാനുള്ള രാഷ്ട്രീയ മുഖമായി ഭാവിയിൽ ആര്യ മാറുകയും ചെയ്യും.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് ആര്യയെ മേയറാക്കുന്നതിന് പിന്നിലെ പ്രധാന ശക്തികൾ. എല്ലാ കാര്യവും അതുകൊണ്ട് തന്നെ ആനാവൂർ പ്രത്യേകം ശ്രദ്ധിക്കും. മേയർ ആര്യ രാജേന്ദ്രന് ഗൺമാന്റെ സേവനം ഏർപ്പാടാക്കിയിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗൺമാന്റെ സേവനം നൽകുന്നത്. ഈ ആഴ്ച തന്നെ ഗൺമാന്റെ സേവനം ലഭ്യമാകും. മുൻപുള്ള വനിതാമേയർമാർക്ക് നൽകാതിരുന്ന സൗകര്യമാണ് ഇപ്പോൾ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

പാർട്ടിയോട് കൂറു പുലർത്തുന്ന പൊലീസുകാരാകും മേയറുടെ ഗൺമാൻ. പധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കർശന നിർദേശമാണ് പാർട്ടി മേയർക്ക് നൽകിയിരിക്കുന്നത്. ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാൻ പാർട്ടിയുടെ മുൻകൂർ അനുമതിയും വാങ്ങണം. പൊലീസ് ഇന്റലിജൻസിന്റെ ക്ലിയറൻസ് വാങ്ങിയാകും മേയറെ പരിപാടികളിൽ പങ്കെടുപ്പിക്കുക.

ഔദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. പങ്കെടുക്കുന്നെങ്കിൽ തന്നെ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയർക്ക് സിപിഎമ്മിന്റെ നിർദ്ദേശം. ഇതെല്ലാം പരിശോധിച്ചാകും തീരുമാനം. മുടവന്മുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വർഷഗണിത വിദ്യാർത്ഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

52 വാർഡുകളിൽ വിജയിച്ച് കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് കോർപറേഷനിൽ എൽഡിഎഫ് അധികാരം നിലനിർത്തിയത്. ഒരു സ്വതന്ത്രയുടെ പിന്തുണയുമുണ്ട്. എൻഡിഎ 35, യുഡിഎഫ് പത്ത്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് നില. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി കെ പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44മത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യയെ കാത്തിരുന്നത്. തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും.

2000-2005ൽ കോർപ്പറേഷൻ മേയറായ പ്രഫ. ജെ ചന്ദ്രയും 2010-2015 കാലയളവിൽ മേയറായ അഡ്വ. കെ ചന്ദ്രികയുമാണ് തിരുവനന്തപുരത്തെ വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഐ എം പ്രതിനിധികളായിരുന്നു.