- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയം എന്നാൽ രാഷ്ട്ര നന്മ മാത്രം ഉദ്ദേശിച്ചുള്ളതു കൊണ്ട് എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നമുക്ക് പ്രിയകരം; ആ കുട്ടി തൊട്ടയൽവാസി; വിശദീകരണവുമായി സ്വാമി സൂര്യനാരായൺ ഗുരുജി; സ്വാമിയെ അറിയില്ലെന്ന് മുടവന്മുകൾവാസികളും; പാർട്ടിയാണ് ജീവ ശ്വാസമെന്ന് പറഞ്ഞ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പുലിവാല് പിടിക്കുമ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അനുഗ്രഹം തേടി സന്യാസിയുടെ മുന്നിലെത്തിയത് സിപിഎമ്മിന് തലവേദന. ഭദ്രകാളി ഉപാസകനായ ശ്രീ സൂര്യനാരായണൻ ഗുരുജിയുടെ അനുഗ്രഹത്തിനായിട്ടാണ് ആര്യ, അച്ഛൻ രാജേന്ദ്രനൊപ്പം എത്തിയത്. സമീപഭാവിയിൽ മന്ത്രി ആകട്ടെ എന്ന് അനുഗ്രഹം ചൊരിഞ്ഞാണ് സ്വാമി പറഞ്ഞയച്ചത്. ആൾദൈവങ്ങളോട് വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സിപിഎമ്മിന്റേത്. അതുകൊണ്ട് തന്നെ സ്വാമിയെ മേയർ അനുഗ്രഹത്തിനായി കണ്ടത് വിവാദമാകുകയാണ്.
മേയർ സന്ദർശിച്ച കാര്യം സൂര്യനാരായണൻ ഗുരുജി തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. 'ചുറുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവനന്തപുരം മേയർ അച്ഛനൊപ്പം എന്നെ കാണാനെത്തി. ഭാവിയിലെ എല്ലാ ലക്ഷ്യങ്ങളും സാധ്യമാകട്ടെ എന്ന് അനുഗ്രഹിച്ചു. അടുത്ത വർഷങ്ങളിൽ മന്ത്രി പദവി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ' സ്വാമി എഴുതി. ഇതോടെയാണ് വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സ്വാമിയാണോ മേയറാക്കിയത് എന്ന ചോദ്യവും സജീവമാണ്. ഇതിനിടെ സ്വാമി പുതിയ വിശദീകരണവും ഫെയ്‌സ് ബുക്കിൽ ഇട്ടു. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.
ഞാൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ തൊട്ടയൽവാസിയായ കുട്ടി മേയാറായപ്പോൾഒരു കൂടിക്കാഴ്ച നടന്നു, അയൽവാസിയാവുമ്പോൾ അത് സ്വഭാവീകം. ജനസേവന താല്പര്യവും ഇത്രയും ആർജ്ജവവും ഇത്ര ചെറുപ്പത്തിലേ ഉണ്ടായ ഭരണ നൈപ്പുണ്യവും വിലയിരുത്തി ആ കുട്ടിയെ നാം ഇതിലും വലിയ വലിയ തലങ്ങളിൽ ജന സേവനം ചെയ്യട്ടെ എന്ന് മനസ്സറിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു.ഒരു ആചാര്യ സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് നാം അങ്ങനെ ചെയ്തതിൽ യാതൊരു വീഴ്ചയുമില്ലല്ലോ...-ഇതാണ് വിവാദമാകുന്നത്.
അതിനു ചില മാധ്യമങ്ങൾ ആവശ്യമില്ലാത്ത രീതിയിൽ അത് വാർത്ത ആക്കുകയും ആ ജന സേവനാ തൽപ്പര മുകുളത്തെ തല്ലി കെടുത്തുന്നത് വളരെ ഖേതകരമായ കാര്യമാണ്.... പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ഇപ്പോഴത്തെ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും പ്രധാന അജണ്ടയാണല്ലോ.. രാഷ്ട്രീയം എന്നാൽ രാഷ്ട്ര നന്മ മാത്രം ഉദ്ദേശിച്ചുള്ളതുകൊണ്ട് എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നമുക്ക് പ്രിയകരം തന്നെ...
#ഓംബലോകാഃബസമസ്താഃബസുഖിനോബഭവന്തു. ദയവായി ഇത് എല്ലാവരിലും എത്തും വരെ ഷെയർ ചെയ്യുക.......-സ്വാമി വിശദീകരിക്കുന്നത്. എന്നാൽ മേയർ താമസിക്കുന്നത് തിരുവനന്തപുരത്ത് മുടവന്മുകളിലാണ്. ഇവിടെ ആർക്കും ഇങ്ങനെ ഒരു സ്വാമിയെ അറിയത്തുമില്ല.
അനുഗ്രഹം തേടി മേയർ സ്വാമിയെ കണ്ടത് സിപിഎമ്മിൽ ചർച്ചയായിട്ടുണ്ട്. പാർട്ടിയുടെ ഭാവി മുഖങ്ങളായി ഉയർത്തിക്കാട്ടുന്നവരുടെ ഇത്തരം നടപടികൾ ശരിയല്ലന്നാണ് പരമ്പരാഗത വാദികളുടെ നിലപാട്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനോപ്പം ആര്യാ രാജേന്ദ്രൻ എൻ എസ് എസ് കരയോഗത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയതും സിപിഎമ്മിൽ ചർച്ചയായിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ആര്യാ രാജേന്ദ്രൻ. അതുകൊണ്ട് തന്നെ ഭാവിയിൽ ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് ആര്യയെ സിപിഎം മേയറാക്കിയത്.
എൻ എസ് എസ് സ്വീകരണം പക്ഷേ പാർട്ടി വിവാദമാക്കിയില്ല. പാർട്ടിയാണ് ജീവ ശ്വാസമെന്നും പാർട്ടി തീരുമാനമാണ് തന്റേതെന്നും ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന മേയറുടെ നിശ്ചല ഛായാചിത്രം സോഷ്യൽ മീഡിയയിൽ മുമ്പ് വൈറലായിരുന്നു. എന്നാൽ ഈ മേയർ എന്തിന് പാർട്ടി കീഴ് വഴക്കം ലംഘിച്ചു വെന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത് .
അതേ സമയം ആര്യയുടെ സന്ദർശനം പാർട്ടിക്ക് തലവേദനയാവുകയാണ് . മേയർ പാർട്ടിയെ അപമാനിച്ചതായും വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമാണ് . വിശ്വാസികളും വിശ്വാസങ്ങളും ഇല്ലാത്ത പാർട്ടിക്ക് ആര്യ രാജേന്ദ്രന്റെ നടപടിയിൽ കടുത്ത അതൃപ്തി ഉണ്ട് . മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് മേയറിന് അന്ത്യശാസനം നൽകുമെന്നാണ് അറിയുന്നത് . കൈയിൽ വന്ന അവസരം മുതലാക്കി മേയർ ആര്യയെ ട്രോളർമാരും വലിച്ചു കീറുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ