തിരുവനന്തപുരം: ഗായത്രി ബാബുവിനെ മറകിടന്നാണ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അങ്ങനെ അല്ല സീനിയർ മോസ്റ്റിനെ വെട്ടിയാണ് കൗൺസിലിലെ ജൂനിയറെ മേയറാക്കുന്നതെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. നായർ സമുദായാംഗമായതാണ് ആര്യയ്ക്ക് തുണയായതെന്ന വിലയിരുത്തലുമുണ്ട്.

സീനിയർ മോസ്റ്റ് നോക്കിയാൽ ഇവരാണ് മേയർ ആകേണ്ടിയിരുന്നത്. 'പത്മനാഭന്റെ മണ്ണിൽ ' പർദ്ദയിട്ട ഒരാളെ മേയർ ആക്കുമോ? അപ്പോൾ പിന്നെ ഒന്നും നോക്കിയില്ലാ. നേരെ ഡടേൺ അടിച്ച് ജൂനിയർ മോസ്റ്റിനെ ആക്കി. അത് പുരോഗമനത്തിന്റെ പറ്റ് ബുക്കിലെഴുതി. അത്ര തന്നെ. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..-ഇതാണ് സോഷ്യൽ മീഡിയയിലെ ചർച്ച. 21 കാരിയാണ് ആര്യാ രാജേന്ദ്രൻ. ആര്യ മേയറാകുന്നതോടെ ലോകത്തെ തന്നെ ഏറ്റവും പ്രയം കുറഞ്ഞ മേയറായി മാറും. അങ്ങനെ ചരിത്രം കുറിക്കാനാണ് സിപിഎം നീക്കം. ഇതിനിടെയാണ് മറ്റ് ചില സോഷ്യൽ മീഡിയാ ചർച്ചകളും.

വള്ളക്കടവിൽ നിന്ന് ജയിച്ച ഷാജിതാ നാസറിനെ മേയറാക്കാത്തതാണ് സോഷ്യൽ മീഡിയയിലെ എതിർ വികാര പ്രകടനത്തിന് കാരണം. എസ് ഡിപി ഐ ഉയർത്തിയ ശക്തമായ മത്സരത്തെ അതിജീവിച്ചാണ് തുടർച്ചയായി നാലാം തവണയും എൽഡിഎഫിലെ ഷാജിത നാസർ വള്ളക്കടവിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കിയത് ആഘോഷമാക്കുന്നതിലൂടെ, തുടർച്ചയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷാജിതാ നാസറിനെ എന്തുകൊണ്ട് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തെ അതിജീവിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന വിമർശനവും സോഷ്യൽ മീഡിയയിലുണ്ട്.

ഹസീബ് കോക്കൂർ എഴുതിയ മറ്റൊരു കുറിപ്പ് ഇങ്ങനെ. 96ൽ അച്യുതാനന്ദൻ മാരാരികുളത്തു തോറ്റപ്പോൾ തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന നേതാവായ പാലോളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി ആക്കാതെ ഋഗ നായനാരെ മുഖ്യമന്ത്രി ആക്കിയ പാർട്ടിയാണ് സിപിഎം, വി എസ് അച്യുതാനന്ദൻ ആദ്യമായി മുഖ്യമന്ത്രി ആയപ്പോൾ കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷത്തിൽ നിന്ന് ഉണ്ടായ ചീഫ് സെക്രട്ടറി റിയാസുദ്ധീനെ കാര്യക്ഷമത വാദം പറഞ്ഞ് തൽസ്ഥാനത്ത് നിന്ന് മാറ്റിയ പാർട്ടിയും ഇതുതന്നെയാണ്..

എന്നിരിക്കെ,മേയർ സ്ഥാനാർത്ഥിയും മേയർ ആക്കാൻ ഉദ്ദേശിച്ച കൂടുതൽ പ്രവർത്തന പരിചയം ഉള്ള മറ്റു പലരും തോറ്റ സാഹചര്യത്തിൽ തുടർച്ചയായി നാലാം തവണയും ജയിച്ച ആബിദ നാസർ മേയർ ആവുമെന്ന് നിഷ്‌കളങ്കരായ വല്ല പ്രവർത്തകരോ ആബിദ നാസറോ സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അത് അവരുടെ കുറ്റമാണ്.. ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും ചുണണാമ്പും അറിയില്ല എന്നതാണ് സത്യം. വാൽകുറിപ്പ്: ആഘോഷങ്ങൾ പൊടിപൊടിക്കട്ടെ, നാല് തവണ വിജയിച്ചു കൊണ്ട് കഴിവ് തെളിയിച്ച മേത്തച്ചിയെ മാറ്റി നിറുത്തി, 21 വയസ്സുള്ള നല്ല നായര് കുട്ടിക്ക് പരിഗണന നൽകിയ പാർട്ടിയുടെ വിപ്ലവകരമായ നീക്കത്തെ കുറിച്ച് ഇനിയും വാഴ്തലുകൾ തുടരട്ടെ..!- ഹസീബ് കോക്കൂർ പറയുന്നു.

തിരുവനന്തപുരത്ത് നായർ മേയർ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്യയെ മേയറാക്കുന്നതെന്ന വിമർശനവും സജീവമാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ നായർ പ്രസിഡന്റായി. ഇതോടെ കോർപ്പറേഷനിൽ ഈഴവ വിഭാഗത്തിൽ നിന്നുള്ള പ്രശാന്തും എത്തി. പ്രശാന്ത് എംഎൽഎയായപ്പോൾ ശ്രീകുമാർ എത്തി. ഈ സാമുദായിക സമവാക്യം ഇപ്പോഴും സിപിഎം തുടരുന്നു. ജില്ലാ പഞ്ചായത്തിൽ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. അതു കൊണ്ട് കോർപ്പറേഷനിൽ നായർ മേയർ എത്തുന്നുവെന്ന വിലയിരുത്തലും സജീവമാണ്.

മുടവന്മുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്. 21 വയസ്സാണ് പ്രായം. ചുമതല ഏൽക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആകും ആര്യ. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. നിലവിൽ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ആൾ സെയ്ന്റ്‌സ് കോളേജിൽ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വർഷ വിദ്യാർത്ഥി കൂടിയാണ് ആര്യ. യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചത്.

പേരൂർക്കട വാർഡിൽ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. വഞ്ചിയൂരിൽ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയിൽ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.