തിരുവനന്തപുരം: ഷോ ഡയറക്ടറെന്ന പേരിലെത്തി ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചയാൾക്കെതിരെ 'ബഡായി ബംഗ്ലാവി'ലെ അവതാരക ആര്യ രംഗത്ത്. ശ്യാം എന്ന ഷോ ഡയറക്ടർക്കെതിരെയാണ് ആര്യയുടെ ഗുരുതര ആരോപണങ്ങൾ. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

'ഹിറ്റ്മേക്കർ ദാദു' എന്നറിയപ്പെടുന്ന ശ്യാം എന്നയാൾക്കെതിരെയാണ് ആര്യയുടെ ആരോപണങ്ങൾ. ഷോ ഡയറക്ടർ എന്ന് സ്വയം പറഞ്ഞു നടക്കുന്ന ഇയാൾക്ക് ഒരു ഷോ പോലും സ്വന്തമായി സംവിധാനം ചെയ്യാൻ അറിയില്ലെന്നും ഒരു ഓസ്ട്രേലിയൻ ട്രിപ്പിന്റെ ഭാഗമായി തന്നെ ഫോണിൽ വിളിച്ച് ഇയാൾ മോശമായി സംസാരിച്ചുവെന്നും ആര്യ പറഞ്ഞു.

തുടർന്ന് ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്നും ആര്യ പറഞ്ഞു. അന്തസോടെ ജോലി ചെയ്യുന്നവർക്ക് ഇത്തരക്കാർ ഒരു ഭീഷണിയാണെന്നും അവരെ ഈ ഫീൽഡിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നും ആര്യ പറഞ്ഞു. മറ്റൊരാൾക്കും പ്രത്യേകിച്ച് തന്റെ സഹപ്രവർത്തകരിൽ ആർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് താൻ ഈ പോസ്റ്റിടുന്നതെന്നും ആര്യ ഫേസ്‌ബുക്കിൽ കുറിച്ചു.

ആര്യയുടെ പോസ്റ്റ് വന്നതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഇതേ ആൾക്കെതിരേ ആരോപണവുമായി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി. ശ്യാം എന്ന ആൾ പല പേരിലും അറിയപ്പെടാറുണ്ടെന്നും സ്വയം ഹിറ്റ് മേക്കർ എന്ന് വിശേഷിപ്പിക്കുന്ന ഇയാൾ നിരവധി ആർട്ടിസ്റ്റുകളിൽ നിന്നും പണം തട്ടിയിട്ടുണ്ട് എന്നും ഷാൻ പറഞ്ഞു. ശ്യാമിന്റെ ഫോട്ടോയും ഷാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.