- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ആര്യാടൻ; ഗാന്ധിയുടെ സ്ഥാനാർത്ഥിയ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായതെന്ന് ചരിത്രം; കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്ന സുധാകരന്റെയും സതീശന്റെയും പ്രഖ്യാപനങ്ങളെ കോൺഗ്രസ് ചരിത്രം ഉയർത്തി തള്ളി ആര്യാടൻ; ചടങ്ങിനെത്താതെ വെടിപൊട്ടിച്ച് ആര്യാടൻ
മലപ്പുറം: മലപ്പുറം ഡി.സി.സി പ്രസിഡന്റായി വി എസ് ജോയി ചുമതലയേറ്റ ചടങ്ങിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ജോയിക്ക് ആശംസയറിച്ചുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ തർക്കങ്ങൾ പരിഹരിക്കാൻ സംഘടനാതെരഞ്ഞെടുപ്പുവേണമെന്ന നിലപാട് ആര്യാടൻ മുന്നോട്ടുവെച്ചത്.
കോൺഗ്രസിൽ മഹാതാമാഗാന്ധിയുടെ കാലം മുതൽതന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മഹാത്മാഗാന്ധിയുടെ സ്ഥാനാർത്ഥിയ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് അധ്യക്ഷനായതെന്ന ചരിത്രവും ആര്യാടൻ ഓർമ്മിപ്പിച്ചു. ജനാധിപത്യപാർട്ടിയായ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ പൂർണമായും ഇല്ലാത്തപാർട്ടിയാക്കി കോൺഗ്രസിനെ മാറ്റാനാവില്ല. പാർട്ടി ആദർശത്തിന്റെ പേരിലാണ് യോജിപ്പുണ്ടാക്കേണ്ടതെന്നും അതിന് സംഘടനാതെരഞ്ഞെടുപ്പാണ് വേണ്ടതെന്നുമാണ് ആര്യാടൻ വ്യക്തമാക്കിയത്. ഇന്നലെ വൈകുന്നേരം വി എസ് ജോയിക്ക് നിലമ്പൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണയോഗത്തിലും ആര്യാടൻ ഈ നിലപാട് ആവർത്തിച്ചു.
ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചതിൽ ഉമ്മൻ ചാണ്ടിയുടെ അഭിപ്രായങ്ങൾ പരിഗണിക്കാതിരുന്നതിലെ അതൃപ്തികൂടിയാണ് സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യം ഉയർത്തി ആര്യാടൻ പ്രകടിപ്പിച്ചത്. കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെയും പ്രഖ്യാപനങ്ങളെയും കോൺഗ്രസിന്റെ ചരിത്രം ഉയർത്തികാട്ടി ആര്യാടൻ തള്ളിക്കളയുന്നു.
1992ൽ എ.കെ ആന്റണിയും വയലാർരവിയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിനും എ.കെ ആന്റണിക്കുമൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം. മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെ വെട്ടിയാണ് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയെ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ വി.വി പ്രകാശിന് സീറ്റ് നൽകിയപ്പോൾ പകരം ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയ ഫോർമുലയാണ് നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 20 ദിവസത്തിനകം ആര്യാടൻ ഷൗക്കത്തിനെ മാറ്റി പകരം വി.വി പ്രകാശിനെ തന്നെ ഡി.സി.സി പ്രസിഡന്റാക്കി.
ഈ മാറ്റങ്ങളൊന്നും ആര്യാടൻ മുഹമ്മദിനോട് ചർച്ചചെയ്യുകപോലും ചെയ്തിരുന്നില്ല. ഏറ്റവും ഒടുവിൽ എ ഗ്രൂപ്പും ജില്ലയിലെ ഭൂരിപക്ഷം ഡി.സി.സി ഭാരവാഹികളും ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന ആവശ്യം ഉയർത്തിയിട്ടും വി എസ് ജോയിയെ നിയമിച്ചതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്. എഗ്രൂപ്പിനൊപ്പം കെപിസിസി സെക്രട്ടറി പി.ടി അജയ്മോഹന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. എ ഗ്രൂപ്പിന് ശക്തമായ മേധാവിത്വമുള്ള മലപ്പുറം ജില്ലയിൽ എ.പി അനിൽകുമാർ എംഎൽഎ കെ.സി വേണുഗോപാലിന്റെ സ്വാധീനം ഉപയോഗിച്ച് വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗം.
ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വം എ.പി അനിൽകുമാർ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ കൈപ്പിടിയിലൊതുക്കാൻ നടത്തുന്ന നീക്കമാണ് മലപ്പുറത്ത് കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നത്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുമായെല്ലാം ആത്മബന്ധമുള്ള നേതാവാണ് മലപ്പുറത്തെ ആദ്യ ഡി.സി.സി പ്രസിഡന്റായിരുന്ന ആര്യാടൻ മുഹമ്മദ്. എ.കെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ സംഘടനാചുമതലയും കെപിസിസി ഓഫീസ് ചുമതലയുമുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു ആര്യാടൻ. നാലു തവണ മന്ത്രിയും 34 വർഷം നിലമ്പൂരിൽ നിന്നും എംഎൽഎയുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതര നിലപാടുയർത്തിയാണ് മലപ്പുറത്ത് കോൺഗ്രസിനെ കെട്ടിപ്പടുത്തത്.
മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്താണ് ആര്യാടൻ കോൺഗ്രസിന്റെ വ്യക്തിത്വം ഉയർത്തിപ്പിടിച്ചിരുന്നത്. സംഘടനാതെരഞ്ഞെടുപ്പെന്ന ആര്യാടന്റെ ആവശ്യത്തോട് കോൺഗ്രസ് നേതൃത്വത്തിന് മുഖംതിരിക്കാനാവില്ല. അംഗീകൃതരാഷ്ട്രീയ പാർട്ടികൾ സംഘടനാതെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന് ഭാരവാഹികളുടെ പട്ടിക കൈമാറേണ്ടതുണ്ട്. കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തകസമിതിയോഗം തീരുമാനിച്ചതുമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പടക്കമുള്ളവ ചൂണ്ടികാട്ടിയാണ് കേരളത്തിൽ സംഘടനാതെരഞ്ഞെടുപ്പ് നടത്താതിരുന്നത്. കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പ് വേണമെന്ന നിലപാടാണ് രാഹുൽഗാന്ധിക്കുമുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്