മുംബൈ: ലഹരികേസിൽ മകൻ പിടിയിലാകുമ്പോൾ വിമർശനങ്ങൾ ഉയരുന്നത് ഷാരൂഖ് ഖാന് നേരെ. സിനിമയിലെ നേരിന്റെ മുഖമായ ഷാരൂഖ് ജീവിതത്തിൽ അങ്ങനെ ആയിരുന്നില്ലെന്നാണ് വിമർശനം. അതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് വിമർശനം. കഴിഞ്ഞ നാലുവർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യൻ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനിടെ എൻ.സി.ബി. ഉദ്യോഗസ്ഥർക്ക് മുന്നിൽ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെയാണ് എൻ.സി.ബി. അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് കൊക്കെയ്നും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. ആര്യനും അർബാസും തമ്മിൽ 15 വർഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്. ആര്യൻ ഖാന്റെ ലെൻസ് കെയ്സിൽ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എൻ.സി.ബി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്ന് പെട്ടികളിൽനിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്.

ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും വർഷങ്ങൾക്കു മുൻപു പങ്കെടുത്ത അഭിമുഖം ഇന്റർനെറ്റിൽ പ്രചരിക്കുകയാണിപ്പോൾ. നർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന വാക്കിനെ ഒരിക്കലും കിങ് ഖാൻ അംഗീകരിച്ചിരുന്നില്ലെന്നതാണ് വിമർശനം. വലിക്കാം, കുടിക്കാം, പെൺകുട്ടികളുടെ പിന്നാലെ പോകാം, സെക്‌സ് ആസ്വദിക്കാം, ഡ്രഗ്‌സ് ഉപയോഗിക്കാം എന്നെല്ലാം രണ്ടു വയസ്സുള്ളപ്പോൾതന്നെ മകനു 'പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന്' സ്‌റ്റൈലിഷായി പറയുന്ന ഷാരൂഖിന്റെ അഭിമുഖമാണ് വൈറലാകുന്നത്. ഭാര്യയും ആ ഷോയിൽ ഒപ്പമുണ്ടായിരുന്നു. മുൻകാല നടി സിമി ഗെയർവാളിന്റെ 'റൊൺഡിവു' ഷോയായിരുന്നു അത്. എനിക്കുറപ്പാണ്, താങ്കൾ മകനെ ലാളിച്ചു വഷളാക്കുമെന്ന് എന്ന സിമിയുടെ വാക്കുകൾക്കുള്ള മറുപടിയായാണു ഷാരൂഖ് മകനു കൊടുക്കുന്ന 'അതിരില്ലാ സ്വാതന്ത്ര്യ'ത്തെക്കുറിച്ചു പറയുന്നത്.

'ഇപ്പോൾ അദ്ദേഹത്തിന് അഭിമാനമായിക്കാണും' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോയ്ക്കു താഴെ താരമക്കളുടെ ലഹരിപ്പാർട്ടികളെക്കുറിച്ചു കമന്റുകളും നിറയുന്നു. മുമ്പും ഷാരൂഖിന്റെ കുടുംബം വിവാദത്തിൽ പെട്ടിട്ടുണ്ട്. ബെർലിൻ വിമാനത്താവളത്തിൽ മരിജുവാനയുമായി ഗൗരി ഖാനെ (ആര്യന്റെ അമ്മ) തടഞ്ഞുവച്ചതായി വാർത്തകളുണ്ടായിരുന്നു. ഋത്വിക് റോഷന്റെ മുൻ ഭാര്യ സുസാൻ ഖാനും സംഘവും ഒപ്പമുണ്ടായിരുന്നത്രേ. ലഹരിപ്പാർട്ടികളും ലഹരിയുടെ പേരിലുള്ള കസ്റ്റഡിയുമെല്ലാം വ്യാജറിപ്പോർട്ടുകളാണെന്നു ഗൗരി വിശദീകരിച്ചു. എന്നിട്ടും ഗോസിപ്പുകൾ പിന്തുടർന്നു.

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ സിനിമാഭിനയ മോഹം തുറന്നു പറഞ്ഞിട്ടുള്ളപ്പോൾ, ആര്യന് അഭിനയത്തോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. തയ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റും മഹാരാഷ്ട്ര സംസ്ഥാന ഗോൾഡ് മെഡലുമുള്ള, ബോഡി ബിൽഡിങ്ങിൽ അതീവ താൽപര്യമുള്ള ആര്യനു സിനിമാ സംവിധാനമായിരുന്നു മനസ്സിൽ മോഹിച്ചത്. മദ്യപിച്ച് ഉന്മത്തനായതിന്റെ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ആര്യന്റെ ഹോബിയായിരുന്നു.

അമിതാഭ് ബച്ചന്റെ മകളുടെ മകൾ നവ്യ നവേലിയുമായുള്ള വ്യാജ വിഡിയോയും ഇതിനിടെ പ്രചരിച്ചു. നവ്യയുടെയും ആര്യയുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള വിഡിയോ ആയിരുന്നു അതെന്നു പിന്നീടു തെളിഞ്ഞു. വല്ലാത്തൊരു ഗോസിപ്പ് ആര്യനെതിരെ പ്രചരിച്ചതു തന്നെയും കുടുംബത്തെയും മാനസികമായി തളർത്തിക്കളഞ്ഞെന്നു ഷാരുഖ് പറഞ്ഞിട്ടുണ്ട്. ഷാരുഖിന്റെ ഇളയമകൻ അബ്റാം യഥാർഥത്തിൽ ആര്യനു വിദേശ കാമുകിയിൽ ഉണ്ടായതാണെന്നതായിരുന്നു അടിസ്ഥാനരഹിതമായ ആ വാർത്ത. ഇതിനോടൊന്നും ആര്യൻ പ്രതികരിച്ചില്ല.

ആര്യനെ അറസ്റ്റ് ചെയ്ത നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ പറയുന്നതു പോലെ, കഴിഞ്ഞദിവസങ്ങളിൽ കോടികളുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത് പലരും റിപ്പോർട്ട് പോലും ചെയ്തില്ല. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും ഇന്ത്യയുടെ ലഹരി തലസ്ഥാനമായ പഞ്ചാബിലും ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ദിവസവും വിൽക്കുന്ന ലഹരി ശത കോടികളുടേതാണ്. ബോളിവുഡിലെ ഗ്ലാമർ സാന്നിധ്യം കച്ചവടം പൊടിപൊടിപ്പിക്കുന്നു.

'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം പറഞ്ഞതാണ് 'നർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന സൂപ്പർ ഹിറ്റ് ഡയലോഗ്. ലൂസിഫർ സിനിമയിൽ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി ഈ വാചകം വീണ്ടും പറഞ്ഞു. പക്ഷേ ബോളിവുഡിന് ഈ ലഹരി ആവേശമാണ്. ഇതാണ് ഷാരൂഖിന്റെ മകനേയും കുടുക്കുന്നത്. ഇനിയും ബോളിവുഡുകാർ സംശയ നിഴലിലാണ്. ഏത് സമയവും അവരും പിടിയിലാകും. യുവനടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹമരണത്തിനു ശേഷമാണ് ബോളിവുഡിനെതിരെ കേന്ദ്ര ഏജൻസികൾ കാര്യമായ ഇടപെടൽ നടത്തുന്നത്.

സുശാന്തിന്റെ മരണത്തിലെ ദുരൂഹതകൾ തെളിയിക്കാൻ അന്വേഷണ സംഘത്തിനായില്ലെങ്കിലും മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ എൻസിബി ഏറെ മുന്നോട്ടുപോയി. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി, കന്നഡ, തെലുങ്ക് സിനിമകളിലെ നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ അറസ്റ്റിലായി.ഏറ്റവും ഒടുവിൽ പിടിയിലായത് നടൻ അർജുൻ രാംപാലിന്റെ കാമുകിയുടെ സഹോദരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ്.