- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പിൽ സംസാരിച്ചത് എല്ലാം ഫുട്ബോളിനെ കുറിച്ച്; ഫുട്ബോൾ എന്നാൽ കാൽപ്പന്തുകളിയല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നെ്നും വാങ്കഡേയുടെ കണ്ടെത്തൽ; കസബും സഞ്ജയ് ദത്തും കിടന്ന ആതർ ജയിലിലെ കൊതുകു കടി കൊള്ളാൻ വിധി; അമ്മയുടെ ജന്മദിനവും ഷാരൂഖിന്റെ മകന് കറുത്ത രാത്രി
മുംബൈ: വാങ്കഡെ വഴങ്ങുന്നില്ല. ഷാരൂഖ് ഖാന്റെ മകന് ജയിലിലെ കൊതുകു കടി ഇനിയും കൊള്ളേണ്ടി വരും. ബോളിവുഡിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനാണ് അന്വേഷണത്തെ നയിക്കുന്ന സമീർ വാങ്കഡെയുടെ തീരുമാനം. അങ്ങനെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ അഴിക്കുള്ളിൽ കിടക്കുകയാണ്. രാഷ്ട്രീയ തീരുമാനങ്ങൾ ഷാരൂഖിന് അനുകൂലമാണെന്ന വാർത്തകൾ എത്തുമ്പോഴും നിലപാട് കടുപ്പിക്കുകയാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ.
ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസിൽ നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 8 പേരെ ജയിലിലേക്കു മാറ്റിയതും എൻ സി ബിയുടെ തീരുമാനം കൂടിയാണ്. ആര്യൻ അമ്മ ഗൗരി ഖാന്റെ 51-ാം പിറന്നാൾദിനമായ ഇന്നലെ ജാമ്യം ലഭിച്ച് വീട്ടിലെത്തുമെന്നു കുടുംബാഗങ്ങൾ പ്രതീക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. ഇതിന് വേണ്ടി ചില രാഷ്ട്രീയ ഇടപെടലുകളും നടന്നു. പക്ഷേ സമീർ വാങ്കഡെ ഒന്നിനും വഴങ്ങിയില്ല. ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാസ് മെർച്ചെന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവരുടെ അപേക്ഷകളും നിരസിച്ചു.
മുംബൈയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ സെൻട്രൽ ജയിലാണ് ആർതർ റോഡ് ജയിൽ. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ പാക്ക് ഭീകരൻ അജ്മൽ കസബ് ഉൾപ്പെടെയുള്ളവരെ ഇവിടെയാണു പാർപ്പിച്ചിരുന്നത്. ആയുധക്കേസിൽ നടൻ സഞ്ജയ് ദത്ത് തുടങ്ങിയവരും ഇവിടെയാണു കഴിഞ്ഞത്. ഇവിടെയാണ് ഷാരൂഖിന്റെ മകനും എത്തുന്നത്.
ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതിക്ക് പരിഗണിക്കാനാകില്ലെന്നും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിഭാഷകൻ വാദിച്ചു. ആര്യന്റെ പക്കൽ നിന്നു ലഹരിമരുന്നു പിടിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചു. ഇരുഭാഗവും കേട്ടശേഷം ജാമ്യാപേക്ഷ ഇവിടെ പരിഗണിക്കില്ലെന്ന് മജിസ്‌ട്രേട്ട് കോടതി അറിയിക്കുകയായിരുന്നു.
ഇനി ലഹരിക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകും. ആര്യനടക്കം 6 പേർ ആർതർ റോഡ് ജയിലിലും മുൺമുൺ അടക്കം 2 സ്ത്രീകൾ ബൈക്കുള വനിതാ ജയിലിലുമാണ്. കോവിഡ് പരിശോധനാഫലം നെഗറ്റീവായ ഇവരെയെല്ലാം ആദ്യ 5 ദിവസം ജയിലിൽ ക്വാറന്റൈൻ കേന്ദ്രത്തിലാണു പാർപ്പിക്കുക. ഇതിനിടെ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം. ഇല്ലെങ്കിൽ തടവുകാരുടെ സെല്ലിലേക്കു മാറ്റും. ഇത് ബോളിവുഡ് സൂപ്പർതാരത്തിന്റെ മകന് കൂടുതൽ ഉറക്കമില്ലാ രാത്രികൾ നൽകും.
ആര്യന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂ. ആവശ്യമെങ്കിൽ പണമടച്ച് അധികഭക്ഷണം വാങ്ങാം. വ്യാഴാഴ്ചയാണു 14 ദിവസത്തേക്ക് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വിധി വന്നതു രാത്രിയായതിനാൽ അന്ന് എൻസിബി ഓഫിസിൽ കഴിഞ്ഞ ഇവരെ ഇന്നലെ രാവിലെയാണു ജയിലിലേക്കു മാറ്റിയത്. തൊട്ടുപിന്നാലെ ജാമ്യാപേക്ഷ പരിഗണിച്ചു. അത് തള്ളിയതോടെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.
ആര്യൻ ഖാന്റെ പക്കൽ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ ആര്യന് കഴിയുമെന്നാണ് എൻസിബി കോടതിയിൽ അറിയിച്ചത്. അതിനാൽ ആര്യന് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കി. അറസ്റ്റിലായ മറ്റുള്ളവർക്കൊപ്പമിരുത്തി ആര്യനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന എൻസിബിയുടെ ആവശ്യവും കോടതി തള്ളി. പകരം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
'വാട്സാപ് സംഭാഷണം യാദൃച്ഛികമായി നടന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവങ്ങൾ മുഴുവൻ പുറത്ത് വന്നത്. ആര്യാനും അർബാസും ആര്യന്റെ വീട്ടിൽ കണ്ടു. ഇരുവരും ഒരു കാറിലാണ് പോയത്. ഇതും യാദൃച്ഛികമല്ല. ഞങ്ങൾ കപ്പലിൽ പാർട്ടി നടത്തിയ സംഘാടകരെയും വിതരണക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം മയക്കമരുന്ന് പതിവായി ഉപയോഗിക്കുന്നവരാണ്. ഇതൊന്നും യാദൃച്ഛികമല്ല,' നേരത്തെ നർകോട്ടിക് കൺട്രോൾ ബ്യൂറോയെ(എൻസിബി) പ്രതിനിധാനം ചെയ്ത എഎസ്ജി അനിൽ സിങ് കോടതിയിൽ വാദിച്ചു. 'എന്തായാലും വാട്സാപ് ചാറ്റ് തീർച്ചയായും പ്രതികളുടെ ഗൂഢാലോചന പുറത്തുകാണിക്കുന്നതായിരുന്നു,' അദ്ദേഹം വിശദീകരിച്ചു.
'ശനിയാഴ്ച 17 പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തു. ഇവരുടെ വാട്സാപ് സംഭാഷണങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം ഫുട്ബാളിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഫുട്ബോൾ എന്നാൽ വലിയ അളവിലുള്ള മയക്കമരുന്ന് എന്നാണർത്ഥം. ആചിതും ആര്യനും ഫുട്ബോൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വലിയ അളവിലുള്ള മയക്കമരുന്നിനെയാണ്'- എഎസ്ജി അനിൽ സിങ് വാദിച്ചു. എന്നാൽ നേരത്തെ ചില കേസുകളിൽ ലഹരി മരുന്നോടെ പിടിക്കപ്പെട്ട സാഹചര്യത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ആര്യന്റെ അഭിഭാഷകൻ കോടിതിയിൽ വാദിച്ചു.
ആര്യൻഖാൻ വെറുമൊരു സാധാരണ കുടുംബത്തിലെ ആളല്ലാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളോ രാജ്യം വിട്ടുപോകുന്ന നടപടികളോ ഉണ്ടാകില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ആര്യൻഖാന് കഴിയുമെന്നും എൻസിബി അഭിഭാഷകൻ അനിൽ സിങ് വാദിച്ചു. ഇതാണ് കോടതി അംഗീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ