- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നത്തെ തലമുറ രാജ്ഞിയുടെ ഇംഗ്ലീഷ് അല്ല ഉപയോഗിക്കുന്നത്; യുവാക്കൾ ആശയവിനിമയം നടത്തുന്ന രീതി വളരെ വ്യത്യസ്തം; ചാറ്റുകൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം; താരപുത്രനെ രക്ഷിക്കാൻ പുതിയ വാദം; അഞ്ചു ദിവസം കൂടി ജയിൽ വാസം ഉറപ്പായി; ഷാരൂഖ് തീർത്തും നിരാശൻ; രണ്ടും കൽപ്പിച്ച് എൻസിബിയും
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന് ജയിലിൽ ദുരിതകാലം. അതിനിടെ ആര്യൻ ഖാന് ജാമ്യം കിട്ടാൻ പുതിയ തന്ത്രങ്ങളും വാദങ്ങളും സജീവമാക്കുകയാണ് അഭിഭാഷകർ. യുവാക്കൾ ഇന്ന് ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കാരണം സുഹൃത്തുക്കൾ തമ്മിലുള്ള വാട്‌സാപ് സംഭാഷണങ്ങൾ പലപ്പോഴും സംശയാസ്പദമായി തോന്നാറുണ്ടെന്നാ്ണ് വാദം. ചാറ്റുകളിലാണ് ആര്യൻ ഖാനെതിരെ തെളിവുള്ളത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ മകനെ അഴിക്കുള്ളിൽ നിന്ന് രക്ഷിക്കാൻ പുതിയ പ്രതിരോധം തീർക്കുന്നത്.
ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായിയാണ് പുതിയ വാദങ്ങളുമായി കോടതിയിൽ എത്തിയത്. വ്യാഴാഴ്ച മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ചാറ്റുകൾക്ക് പുതിയ ഭാഷ്യം നൽകിയത്. 'ദയവായി മറ്റൊരു യാഥാർഥ്യം കൂടി ഓർക്കുക. ഇന്നത്തെ തലമുറയ്ക്ക് ആശയവിനിമയത്തിനുള്ള മാർഗമുണ്ട്. അത് ഇംഗ്ലീഷ് ആണ്. എന്നാൽ രാജ്ഞിയുടെ ഇംഗ്ലീഷ് അല്ല. യുവാക്കൾ ആശയവിനിമയം നടത്തുന്ന രീതി വളരെ വ്യത്യസ്തമാണ്. ചാറ്റുകളിലെ സംഭാഷണങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാമെന്ന് അഭിഭാഷകൻ പറയുന്നു.
വാട്‌സാപ് ചാറ്റുകൾ സ്വകാര്യ സംഭാഷണങ്ങളാണെന്ന് കരുതപ്പെടുന്നു. വാട്‌സാപ്പിലെ സുഹൃത്തുക്കൾ തമ്മിലുള്ള സാധാരണ സംഭാഷണങ്ങൾ സംശയാസ്പദമായി തോന്നാനുള്ള സാധ്യത ഉണ്ട്. ആര്യൻ ഖാന്റെ മൊബൈലിൽ ലഹരിപ്പാർട്ടിയെക്കുറിച്ച് സംഭാഷണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് രഹസ്യ കോഡിലുള്ളതിനെ പാർട്ടിയുമായി കൂട്ടിച്ചേർക്കരുതെന്ന വാദമാണ് ഉയർത്തുന്നത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും.
അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്. ഇത് ആര്യൻ ഖാന് തിരിച്ചടിയാണ്. നവരാത്രിക്കാലം മുഴുവൻ ആര്യന് ജയിലിൽ കഴിയേണ്ടി വരും. അതിന് മുമ്പ് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഷാരൂഖ്. എന്നാൽ എൻസിബിയുടെ വാദങ്ങൾ അതിശക്തമാണ്. അതുകൊണ്ട് തന്നെ കീഴ് കോടതയിൽ നിന്ന് ജാമ്യം കിട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞാൽ മാത്രമേ അപ്പീൽ സാധ്യതയുമുള്ളൂ. അഴിക്കുള്ളിൽ തീർത്തും നിരാശനാണ് ആര്യൻ ഖാൻ.
ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻസിബിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കോടതിയിൽ അവകാശപ്പെട്ടു.
'ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നു. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, തന്റെ ഷൂസിൽ ലഹരിമരുന്ന് ഉണ്ടെന്ന് അർബാസ് പറഞ്ഞു. ക്രൂസിൽ ആര്യനൊപ്പം ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് അർബാസ് സമ്മതിച്ചു.' അനിൽ സിങ് പറഞ്ഞു.
ആര്യൻ ഖാന് ജാമ്യം നൽകുന്നതിനെതിരെ വാദിച്ച അദ്ദേഹം, ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും കോടതിയെ അറിയിച്ചു. 'നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മനസ്സിൽ ഇതൊന്നുമില്ല. ഇത് മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണാണ്. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം നൽകുന്നതിനുള്ള ഘട്ടമല്ല.' അദ്ദേഹം പറഞ്ഞു. 'ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവർ കോളജിൽ പോകുന്ന കുട്ടികളാണ്. പക്ഷേ അതു ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചിരിക്കുന്നു.' അനിൽ സിങ് കൂട്ടിച്ചേർത്തു.
അതേസമയം, ആര്യനെതിരായ അനധികൃത ലഹരി കടത്ത് ആരോപണം അസംബന്ധമാണെന്നും ആര്യൻ കപ്പലിൽ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ