മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ചോദ്യം ചെയ്യലിന് എത്താൻ സാധിക്കില്ലെന്ന് നടൻ ഷാരൂഖ് ഖാന്റ മകൻ ആര്യൻ ഖാൻ അന്വേഷണ സംഘത്തെ അറിയിച്ചതായി റിപ്പോർട്ട്. കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനാൽ ചോദ്യം ചെയ്യലിന് എത്താൻ സാധിക്കില്ലെന്ന് ആര്യൻ ഖാൻ അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ, ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ പുതിയ അന്വേഷണ സംഘം, ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് ആര്യന് നോട്ടീസ് നൽകിയിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ചോദ്യം ചെയ്തേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സഞ്ജയ് സിങ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനെയും കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, ആചിത് കുമാർ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നിരുന്നു. കേസ് ബിജെപിയുടെയും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച് എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, എൻസിപി നേതാക്കൾക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.

ആര്യൻ ഖാനെ കുടുക്കിയതാണെന്നും ഷാരൂഖ് ഖാനിൽനിന്ന് പണംതട്ടാൻ സമീർ വാങ്കഡെ ശ്രമിച്ചിരുന്നെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയാൻ കൂടിയാണ് ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യാൻ പുതിയ അന്വേഷണ സംഘം തീരുമാനിച്ചത്.